Image

വെയിൽത്തുമ്പികൾ ( കഥ: രമണി അമ്മാൾ )

Published on 10 July, 2020
വെയിൽത്തുമ്പികൾ ( കഥ: രമണി അമ്മാൾ )
മാസങ്ങളായി അടുക്കിവച്ചിരിക്കുന്ന
പത്രക്കടലാസുകളെല്ലാമെടുത്ത്  കാറിന്റെ  ഡിക്കിയിൽ  കൊണ്ടിട്ടു.
പുറത്തുപോകുമ്പോൾ  ആക്രിക്കടയിൽ കൊടുക്കാൻ.
ചില ദിവസങ്ങളിലെ 
പത്രം തുറന്നുപോലും നോക്കിയിട്ടില്ല. പത്രക്കാരൻ കൊണ്ടിട്ടതങ്ങനെതന്നെ  അടുക്കിലെടുത്തുവയ്ക്കും..

രാവിലെ പത്രവായന 
നടന്നില്ലെങ്കിൽ  അന്നത്തെ വായന തഥൈവ..

കയ്യിൽനിന്നൂർന്നുവീണ പത്രം കുനിഞ്ഞെടുത്തു വെറുതേ ഒന്നു നിവർത്തി..
ഉൾപ്പേജിലെ വലിയഫോട്ടോയിൽ കണ്ണുകൾ ഒരുനിമിഷം തറഞ്ഞു നിന്നു.

"വിനോദ് കുര്യൻ 
സംസ്കാരം ഇന്ന്...

വർഷങ്ങൾക്കു
പിന്നിലേക്കുളള  മനസ്സിന്റെ സഞ്ചാരം...

വിനോദ് കുര്യൻ.., 

ഒത്ത ഉയരത്തിൽ ഇരുനിറമുളള, സുമുഖനായ ചെറുപ്പക്കാരൻ..
ട്രാൻസ്ഫർ  ഓർഡറിൽ പേരു കണ്ടപ്പോൾ ഇത്ര ചെറുപ്പമായിരിക്കുമെന്നു വിപാരിച്ചില്ല.. 

"വീടു കൊല്ലം.
വിവാഹം കഴിഞ്ഞിട്ടധികമായിട്ടില്ല.
വൈഫ് 
സർക്കാർ സർവീസിൽ,
ബ്രദർ ഇവിടെ കോളേജദ്ധ്യാപകൻ,
അയാളോടൊപ്പംകൂടി വീക്കെൻഡിൽ നാട്ടിൽ പോയിവരാമെന്നു
വിചാരിക്കുന്നു.
അടുത്ത ജനറൽ ട്രാൻസ്ഫർ വരെ.."

വളരെനല്ല പെരുമാറ്റം.
സഹപ്രവർത്തകരോടെല്ലാം
സൗഹൃദ മനോഭാവം.
അറിവിന്റെ അക്ഷയഖനിയെന്നു തോന്നിക്കും..ആകാശത്തിനുതാഴെയുളള എന്തിനേക്കുറിച്ചും വ്യക്തമായ അറിവുളളയാൾ..

ഞങ്ങൾ തമ്മിൽ വേറിട്ടൊരു സൗഹൃദം ഉടലെടുക്കാൻ തുടങ്ങിയത് ഓഫീസ് 
സംബന്ധമായ കാര്യങ്ങൾക്ക്  ഒന്നിച്ചു യാത്ര നാളു മുതല്ക്കായിരുന്നു.

അതിരാവിലത്തെ  സൂപ്പർ ഫാസ്റ്റിൽ തലസ്ഥാന നഗരിയിലേക്ക്...  മുന്നിലും പിന്നിലുമായുളള സീറ്റുകളിൽ ഞങ്ങൾ  ഇരുപ്പുറപ്പിച്ചു.

അങ്ങോട്ടുളള ആദ്യത്തെ ബസ്സായതുകൊണ്ടാവും നിറയെ യാത്രക്കാർ ..
പുറത്തുനിന്നുളള തണുത്തകാറ്റിനെ
പ്രതിരോധിക്കാൻ
സൈഡിലെ ഷട്ടർ താഴ്ത്തിയിട്ടിട്ടു മൊബൈലിൽ പാട്ടും കേട്ടിരിക്കെ 
അടുത്തിരുന്ന സ്ത്രീയുടെ ഓക്കാനം..
 ഒപ്പം  ഛർദ്ദിയും..
അവരുടെ മടിയിലേക്കും താഴേക്കും...
സീറ്റിൽനിന്നു പെട്ടെന്നെഴുന്നേറ്റല്പം
മാറി കമ്പിയിൽ പിടിച്ചുനിന്നു.....

മൂന്നുപേരിരിക്കുന്ന സീറ്റിൽ ഒതുങ്ങിയിരുന്ന് നാലാമതൊരാൾക്കുംകൂടി  ഇടമുണ്ടാക്കിത്തന്നു വിനോദ്..
ചേർന്നിരിക്കാൻ അല്പം സങ്കോചം തോന്നി.
ഏതോ മുന്തിയതരം  പെർഫ്യൂമിന്റെ സുഖമുളള ഗന്ധം ...

ഔദ്യോഗിക കാര്യങ്ങൾ ഉച്ചയ്ക്കു മുന്പ് തീർന്നു...
ഇനി തിരിച്ചുപോക്ക്.

വിനോദിന്റ ഭാര്യവീട് അധികം ദൂരത്തല്ല, 
അവർ ജോലിചെയ്യുന്ന ഓഫീസും അടുത്ത്... 
വിനോദ് തന്നോടൊപ്പം തിരിച്ചുപോരുന്നില്ലായിരിക്കും.

"ഞാനൊരോട്ടോ വിളിച്ചു സ്റ്റാൻഡിലേക്കു പൊയ്ക്കോളാം.
വിനോദിവിടെ വൈഫു ഹൗസിലേക്കല്ലേ.. 
നാളത്തെ ഒരു ദിവസം ലീവെടുത്താൽ അടുപ്പിച്ചു  മൂന്നുദിവസം കിട്ടും..."

"ഞാനും ഒപ്പം പോരുകയാണ് ..
അവിടെ വന്നിട്ടത്യാവശ്യമുണ്ട്." 

ഇന്ത്യൻ കോഫീഹൗസിൽ നിന്നു ഭക്ഷണം കഴിച്ചിറങ്ങുമ്പോൾ ഞങ്ങൾക്കുളള
ബസ്സ് പുറപ്പെടാൻ  തയ്യാറെടുത്തു നിൽക്കുന്നു.
അടുത്തടുത്ത സീറ്റുകളിലാണിരുന്നത്. 

"എന്താ ഇത്രടംവരെ വന്നിട്ടു
വൈഫിനെ കാണാതെ പോന്നത്...?"

മറുപടി ഒരു ചിരിയിലൊതുക്കി..

പിന്നീടെപ്പോഴോ ഞാൻ മനസ്സിലാക്കി അവരുതമ്മിൽ
എന്തോ ചില പ്രശ്നങ്ങളുണ്ടെന്ന്..

വായിച്ചുകൊണ്ടിരിക്കുന്ന പുസ്തകത്തെപ്പറ്റി, അടുത്തുകണ്ട സിനിമയെപ്പറ്റി...
ഇഷ്ടമുളള പാട്ടുകളെപ്പറ്റി...
ഞങ്ങൾ സംസാരിച്ചു
കൊണ്ടേയിരുന്നു. മണിക്കൂറുകൾ 
പിന്നിട്ടതും യാത്രയുടെ അവസാന സ്റ്റോപ്പെത്തിയതും അറിഞ്ഞതേയില്ല.

മിക്ക ദിവസങ്ങളിലും ആദ്യം ഓഫീസിലെത്തുന്നതു ഞാനായിരിക്കും..
അതു കഴിഞ്ഞ്  വിനോദും...
എന്തെങ്കിലുമൊക്കെ സംസാരിച്ചങ്ങനെയിരിക്കും.
തമ്മിലറിയാത്തതും  പറയാത്തതും ഒന്നുമില്ലെന്നായി...

നാട്ടിലേക്കു പോകുന്നയാഴ്ചകളിൽ, തിങ്കളാഴ്ച പത്തരവരെ ആളിന്റെ തലവെട്ടം ഓഫീസ് വാതിൽക്കൽ കണ്ടില്ലെങ്കിൽ
അസ്വസ്ഥമാകുന്ന  മനസ്സ്...
ഒരു വിവാഹിതനോട്  അവിവാഹിതയ്ക്കു തോന്നാൻ പാടില്ലാത്ത ഇഷ്ടം,   അടുപ്പം, സ്നേഹം.
സംസാരത്തിനിടയിലെപ്പൊഴോ വിനോദ് പറഞ്ഞു.
"ഒരു വർഷത്തിനു മുന്നേ നമ്മൾ കണ്ടുമുട്ടിയിരുന്നെങ്കിൽ"..
എങ്കിൽ,...?താനാകുമായിരുന്നു എന്റെ ജീവിത പങ്കാളി."

"കണ്ടുമുട്ടിയതിപ്പോഴല്ലേ.
ഇനി പറഞ്ഞിട്ട് കാര്യമില്ല..
എന്നും ആ മനസ്സിൽ എനിക്കും ഒരിടമുണ്ടായിരുന്നാൽ മതി"

മദ്ധ്യതിരുവിതാംകൂറിലെ  ഇടത്തരം കുടുംബത്തിലെ പയ്യന് സിറ്റിയുടെ  
ധാടിയിലും മോടിയിലും  വളർന്ന, അച്ഛന്റെയും അമ്മയുടേയും ഒറ്റ മകളായ പെൺകുട്ടി വധുവായി...
കൂട്ടുകുടുംബ സംസ്ക്കാരമുളള  വിനോദിന്റെ വീടുമായി    പൊരുത്തപ്പെടുവാൻ ആ കുട്ടിക്കു കഴിയുന്നില്ല..
കടുംപിടുത്തങ്ങൾ മുറുക്കിക്കൊണ്ട് അതിന്റെ വീട്ടുകാരും...

ഇന്നലെ ജീവതത്തിലേക്കു കടന്നുവന്ന ഒരു പെണ്ണിനുവേണ്ടി പ്രായമായ മാതാപിതാക്കളെ കാണാതെയും കേൾക്കാതെയും സംരക്ഷിക്കാതെയുമിരിക്കാൻ കഴിയുമോ...
വഴങ്ങാൻ വിനോദ് മടികാണിച്ചു...
ഭാര്യവീട്ടിൽ
ദത്തുനിൽക്കേണ്ടിവരുമെന്ന ഒരു സൂചനപോലും വിവാഹമുറപ്പിക്കുമ്പോൾ
കിട്ടിയിരുന്നില്ല.

മാസത്തിലെ ഒന്നോ രണ്ടോ ഞായറാഴ്ചകളിൽ  ഒരഥിതികണക്കെ വിനോദ് ഭാര്യവീട്ടിലെത്തും . 
പിറ്റേന്നു  രാവിലെ ജോലിസ്ഥലത്തേക്കു തിരിക്കും.
വിനോദിനെ
ഭാര്യ വീട്ടിലേക്കു  സ്ഥിരമായി  പറിച്ചു നടാനുളള ശ്രമങ്ങൾ   തുടർന്നുപോരുന്നു... 

കൊല്ലത്തു നിന്നു നേരെ പത്തനംതിട്ടയിലേക്കു ചോദിച്ചു വാങ്ങിയ ട്രാൻസ്ഫർ ഈ അവസരത്തിൽ  ആശ്വാസമാവുന്നുവത്രേ..

അന്യോന്യം പൊരുത്തപ്പെട്ടുപോകാൻ കഴിയുമോയെന്ന സന്ദേഹത്തിന്റെ നാളുകളിൽ.. ...
ഒട്ടും പ്രതീക്ഷിക്കാതെയാണ്  താനൊരച്ഛനാവാൻ പോകുന്ന  സത്യം  വിനോദറിയുന്നത്.
സന്തോഷവും സങ്കടവും ഒരേ അളവിലുണ്ടാക്കുന്നതായിരുന്നുപോലും ആ അറിവ്.

കാക്കയുടെ ചുണ്ടിൽ നിന്നും തേങ്ങാപ്പൂളു താഴത്തുവീഴാൻ കാത്തുനിൽക്കുന്ന കുറുക്കനായിരുന്നില്ലേ അതുവരെ എന്റെ മനസ്സ്..

ഇനി....വിനോദിനെ എന്നിലേക്കു വലിച്ചടുപ്പിക്കുന്നതു ശരിയല്ല...

ജീവിതത്തിന്റെ
ചിട്ടവട്ടങ്ങൾ മാറിയേക്കും..
ആസ്വാരസ്യങ്ങളും അസ്വസ്ഥതയും മാത്രം സമ്മാനിച്ച വിനോദിന്റെ ദാമ്പ്യത്യം ഇനി ദിശമാറി ഒഴുകിയേക്കും. 
സുഖവും സന്തോഷവും എവിടെയായിരുന്നാലും ഉണ്ടാവട്ടെ..

ഭാര്യ വീട്ടുകാരുടെ 
രാഷ്ട്രീയ ബലം,
തലസ്ഥാന നഗരിയിലേക്കു
വിനോദിനു  ട്രാൻസ്ഫർ... 

സാരമില്ല...വിഷമമില്ല...
എല്ലാം നല്ലതിനാവട്ടെ..
സമാധാനിക്കാൻ ശ്രമിച്ചു.

വേർപിരിയൽ എന്നായാലും  അനിവാര്യമായിരുന്നു.
പക്ഷേ..ഉൾക്കൊളളാൻ കഴിയുന്നില്ല....

"ഇനി തമ്മിൽ കാണലുണ്ടാവില്ലേ..."

റിലീവു ചെയ്യുന്നതിനുമുൻപു
തീർപ്പുകല്പിക്കേണ്ട
ഫയലുകളിലാണു വിനോദിന്റെ മുഴുവൻ ശ്രദ്ധയും..

" കുറച്ചു സംസാരിക്കണം..ഞാൻ നേരത്തെയിറങ്ങും...ലൈബ്രറിയിൽ കാണും" 
ഞാൻ 
മെസ്സേജ് അയച്ചു...

റീഡിംഗ് റൂമിലെ ആളൊഴിഞ്ഞ കോണിൽ അപ്പുറവും ഇപ്പുറവുമായി ഞങ്ങളിരുന്നു...മിക്കപ്പോഴും അവിടെ അങ്ങനെ  ഇരിക്കാറു പതിവുളളതാ..

"എന്നെയിട്ടിട്ടു പോകുവാണല്ലേ"....
കയ്യുകൾ തമ്മിൽ  തെരുകിപ്പിടിക്കുമ്പോൾ നനുത്ത ചൂട് ..

"എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ എനിക്കു കുറച്ചു നിമിഷങ്ങൾ വേണം..
ഇനിയുളളകാലം ആ ഓർമ്മകളിൽ മുന്നോട്ടുളള പ്രയാണത്തിന്  ഇന്ധനം നിറയ്ക്കണം..."
അടുത്തിടപഴകാൻ അവസരങ്ങളുണ്ടായിരുന്നു...
ഒന്നുവിളിച്ചാൽ കൂടെവരാൻ ഞാൻ  തയാറുമായിരുന്നു..
ഒരു ചുംബനത്തിനായി ദാഹിച്ചിട്ടുണ്ട്.
നീ നല്ലവനായിരുന്നു...
മുതലെടുപ്പുകൾക്കൊന്നും തുനിഞ്ഞില്ല..
ഒന്നിച്ചു ജീവിക്കാനായില്ലെങ്കിലും
ഒന്നിച്ചു മരിക്കാനും അവിവേകിയായ എന്റെ മനസ്സു തയ്യാറായിരുന്ന നാളുകൾ..
ഒരുപാടു ദൂരെയൊരു ദിക്കിൽ,
അറിയാവുന്നവരുടെ കൺവെട്ടത്തുനിന്നുമകന്നുമാറി ഒരുദിവസമെങ്കിൽ ഒരു ദിവസം  വിനോദിന്റെ ഭാര്യയായിട്ടെനിക്കു ജീവിക്കണം....
വിനോദിന്റെ കയ്യുകളിൾ മുഖമമർത്തി ഞാൻ  തേങ്ങി..

"അങ്ങനെയൊന്നും ചിന്തിക്കാതെ...ഞാനെന്നും കൂടെയുണ്ടാവും...
പക്ഷെ, നിനക്കൊരു ജീവിതം, ഞാൻ നിമിത്തം ഇല്ലാതാവരുത്...നീ പറയാറില്ലേ നമ്മുടെ ആത്മാവുകൾ തമ്മിലാണടുപ്പമെന്ന്...
അതുമതി..
മറ്റൊരാളിന്റെ ഭാര്യയായി ജീവിക്കേണ്ട നിന്റെ ശരീരത്തെ ഞാൻ കളങ്കപ്പടുത്തില്ല.
എല്ലാം ഒരു സ്വപ്നംപോലെ
മാഞ്ഞുപോകും...
ഈ വിഷമം താല്ക്കാലികമാണ്..

ആദ്യമൊക്കെ ആഴ്ചയിൽ പലപ്രാവശ്യം വിളിക്കുമായിരുന്നു..
കുഞ്ഞിന്റെ വളർച്ചയുടെ
വിവധ ഘട്ടങ്ങളിലെ ഫോട്ടോകൾ അയച്ചുതരും...

ഒരിക്കൽ വിളിച്ചപ്പോൾ പറഞ്ഞു,
പുറത്ത് ഷോൾഡറിനു താഴെ 
ഒരു ചെറിയ മുഴയുണ്ടായിരുന്നത്..എടുത്തു കളയേണ്ടിവന്നെന്നും, കുഴപ്പമൊന്നുമില്ലെന്നും..

വല്ലപ്പോഴുമുളള  വിളിയും പറച്ചിലും..കുറച്ചുനാൾ കൂടി.തുടർന്നുപോന്നു...
ഇടയ്ക്കെപ്പോഴോ അഞ്ചു വർഷത്തെ ലീവെടുത്ത് 
വിദേശത്തു ജോലിക്കുപോകാൻ ശ്രമിക്കുന്നകാര്യവും സൂചിപ്പിച്ചു..
പിന്നീടങ്ങോട്ട് ഫോൺവിളി 
തീരെയില്ലാതായി. 

വിനോദിനെ കുറിച്ചുളള ഓർമ്മകളുടെ പിടിവളളിയിൽ നിന്നും പ്രായം കൈവരിച്ച പക്വത എന്നിൽ നിന്നും  പതുക്കെ പിടിവിടുവിച്ചു കഴിഞ്ഞിരുന്നു...
കുടുംബം, കുട്ടികൾ, എല്ലാം എനിക്കും പ്രാപ്തമായി...
ജീവിതം തലങ്ങും വിലങ്ങും തടയണകളിലൂടെ ഒഴുകിനീങ്ങിക്കൊണ്ടിരുന്നു.

ഒരിക്കൽ,  സർവ്വീസ് സംഘടന സംഘടിപ്പിച്ച  രാജ്ഭവൻ മാർച്ചിൽ പങ്കെടുത്തു തിരിച്ചുപോരാനൊരുങ്ങവെ...

വിനോദിനെ  അവസാനമായി കണ്ടത് അന്നാണ്...

ദൃരനിന്നും അടുത്തുകേട്ട ഒരു പിൻവിളി...
ആൾത്തിരക്കിലൂടെ..
നുഴഞ്ഞു കയറി വിനോദ്  പിന്നിൽ. 
"താൻ വന്നേക്കുമെന്നു തോന്നി... കാണണമെന്നു തോന്നി...സുഖമല്ലേ.....
വിശേഷങ്ങളൊക്കെ അറിയുന്നുണ്ടായിരുന്നു."

ഒരു രോഗിയേപ്പോലെ തോന്നിച്ചു....
കണ്ണുകളുടെ ആഴങ്ങളിൽ എന്നെ നിഴലിച്ചുകണ്ടു.
ഒന്നോ രണ്ടോ വാക്കുകളിലൊതുങ്ങി ജന്മാന്തരങ്ങൾ പിന്തുടരുമെന്നു ഒരിക്കൽ പ്രവചിച്ച  സ്വപ്നങ്ങൾ...

ഒപ്പം പോന്നവർ വണ്ടിയിൽ 
കയറിക്കഴിഞ്ഞിരുന്നു.. 
വിനോദിനോടു യാത്ര പറഞ്ഞു ഞാനും..

കുറച്ചു നാളുകൾക്കുശേഷം
ഓഫീസിൽ ഓഡിറ്റിംഗിനു വന്ന ജയരാജിൽ നിന്നാണറിഞ്ഞത്..
വിനോദിന്റെ അസുഖത്തെപ്പറ്റി...
കാൻസറിനു ട്രീറ്റുമെന്റിലാണെന്ന്....
അന്ന് മുറിച്ചുമാറ്റിയെന്നു പറഞ്ഞ
പുറത്തെ മുഴ അസുഖത്തിന്റെ
മുന്നറിയിപ്പായിരുന്നിരിക്കണം.

കയ്യിലിരിക്കുന്ന ദിനപ്പത്രം...
മാർച്ചു രണ്ടാം തീയതിയിലേതാണ്...
ഇന്ന് ജൂൺ പതിനേഴ്..
.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക