Image

പാടുന്നു പാഴ്മുളം തണ്ടു പോലെ ! (അനുഭവക്കുറിപ്പുകള്‍ 94 : ജയന്‍ വര്‍ഗീസ് )

ജയന്‍ വര്‍ഗീസ് Published on 10 July, 2020
പാടുന്നു പാഴ്മുളം തണ്ടു പോലെ !  (അനുഭവക്കുറിപ്പുകള്‍  94 :    ജയന്‍ വര്‍ഗീസ് )
അമേരിക്കയിലെ മലയാള പത്രങ്ങള്‍ ഒന്നൊന്നായി നിന്ന് പോയതാണ് കഴിഞ്ഞ ദശകങ്ങളിലെ ദയനീയകാഴ്ച്ചയായി സംഭവിച്ചത്. ഭൗതിക സന്പന്നതയുടെ ഒറ്റത്തുരുത്തുകളില്‍ അകപ്പെട്ടു പോയ കുടിയേറ്റക്കാരുടെജീവിത പരിസരങ്ങളാണ് അമേരിക്കന്‍ മണ്ണില്‍ രൂപപ്പെട്ടു വന്ന പുത്തന്‍ സാമൂഹ്യാവസ്ഥ എന്നതിനാല്‍, ബഹുമാന്യനായ ശ്രീ. ഇ. എം. കോവൂരിന്റെ വസ്തു നിഷ്ഠമായ നിരീക്ഷണം പോലെ ' ഗുഹാ ജീവികളുടെ ' താവളങ്ങളായി മാറിപ്പോയ പ്രവാസി മലയാളികളുടെ മനസ്സില്‍ നിന്ന് വായന കുടിയിറങ്ങിപ്പോയതാവാം ഇതിനുകാരണം.

പ്രതിസന്ധികളെ അതിജീവിച്ചു കൊണ്ട് ' ജനനി ', ' കേരളാ എക്‌സ്പ്രസ് ' ' മലയാളം വാര്‍ത്ത 'മുതലായ പത്രമാസികകള്‍  നില്‍ക്കുന്നുന്നുണ്ടെങ്കിലും, അവര്‍ക്കുള്‍ക്കൊള്ളാന്‍ ആവുന്നതിനേക്കാള്‍ വളരെ കൂടുതലാണ്ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സാഹിത്യ രചനകള്‍. പരസ്യങ്ങളില്‍ മാത്രം കണ്ണ് വച്ച് കൊണ്ട് പ്രവര്‍ത്തിക്കുന്ന ചിലപ്രസിദ്ധീകരണങ്ങള്‍ ഉണ്ടെങ്കിലും അവയൊന്നും മനുഷ്യന്റെ മനസ്സില്‍ കൂടു വയ്ക്കുന്നില്ലാ എന്നറിയുന്‌പോളാണ്, നഷ്ടപ്പെട്ടു പോയ കൈരളിയും, മലയാളം പത്രവും ഉള്‍പ്പടെയുള്ള മുന്‍കാലപ്രസിദ്ധീകരണങ്ങളുടെ പ്രസക്തി വേദനയോടെ മലയാളി ഓര്‍ത്ത് വയ്ക്കുന്നത്. 

കേരളത്തിലെ സാമൂഹ്യ ജീവിത പരിച്ഛേദങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമാണ് ഇവിടുത്തെ ജീവിത പരിസരം. എന്തിനും, ഏതിനും മണിക്കൂര്‍ കണക്കില്‍ കൂലി കിട്ടുകയും, ആ കൂലികൊണ്ട് ഏതൊരു ദരിദ്ര വാസിക്കുംഅമേരിക്കന്‍ സ്റ്റാന്‍ഡേര്‍ഡില്‍ ജീവിച്ചു പോകുവാന്‍ സാധിക്കുകയും ചെയ്യുന്ന ഈ സാമൂഹ്യാവസ്ഥയില്‍ ജോലിഒന്നാം സ്ഥാനത്തു വരികയും, മറ്റെല്ലാം അതിനു പിന്നിലാവുകയും ചെയ്തപ്പോള്‍ വായിക്കുന്ന നേരം കൊണ്ട് ഒരുമണിക്കൂര്‍ കൂടി ജോലി ചെയ്താല്‍ അത് സന്പാദ്യമാക്കി മാറ്റാം എന്ന മലയാളിയുടെ കാഞ്ഞ ബുദ്ധിയുടെകണ്ടെത്തല്‍ മലയാളിയെ ഒരു തികഞ്ഞ സ്വാര്‍ത്ഥമതി ആക്കിത്തീര്‍ത്തു. 

കഠിനാധ്വാനം കൊണ്ട് കൊയ്തെടുത്ത ഡോളറിന്റെ കതിര്‍ക്കുലകള്‍ അസാമാന്യ അളവില്‍ കുന്നുകൂടിയപ്പോളാണ് ' ചെമ്മീനി ' ലെ ചെന്പന്‍ കുഞ്ഞിനെപ്പോലെ ' ഇനി നാമാക്കൊന്ന് സുഖിക്കണം ' എന്നബോധോദയം അമേരിക്കയിലെ അച്ചായന്മാര്‍ക്ക് സ്വാഭാവികമായും ഉണ്ടായി വന്നത്. ആദ്യ പടിയായി നല്ലസോയന്പന്‍ സാധനം അളവില്ലാതെ അടിച്ചു തുടങ്ങുകയും സമാന മാനസരുടെ ബേസ്മെന്റ് ബാറുകളില്‍ഉടലെടുത്ത ചങ്ങാത്തങ്ങള്‍ സംഘടനകളുടെയും, സമാജങ്ങളുടെയും രൂപീകരണങ്ങളില്‍ കലാശിക്കുകയുംചെയ്തതോടെയാണ്, പണ്ട് നാട്ടിലെ ഇല്ലായ്മകളില്‍ മനസ്സില്‍ പൂട്ടിയിട്ട ആളാവല്‍ നാടകങ്ങള്‍ സമൃദ്ധമായിഇവിടെ അരങ്ങിലെത്തിയതും, പല പാവം പത്രോസുമാരും മഹാന്മാരെപ്പോലെ സ്വയം അഭിനയിച്ചു തുടങ്ങിയതും. 



കലയും, സാഹിത്യവുമാണ് ആളെ ആകര്‍ഷിക്കാന്‍ ഏറ്റവും പറ്റിയ കുറുക്കു വഴികള്‍ എന്ന് കണ്ടെത്തിയ നമ്മുടെസുഹൃത്തുക്കള്‍ അതിന്റെ പല ശാഖകളിലും ഒന്ന് പയറ്റി നോക്കി. നാടക അവതരണങ്ങളായിരുന്നു ആദ്യത്തെഅറ്റംപ്റ്റ്. പലരും നല്ല നടനും, നല്ല നടിയുമായി എങ്കിലും നീണ്ടു നിന്നില്ല. ജോലിക്കു പോകാതെ നാടകം കളിച്ചുനടന്നാല്‍ വീട് ബാങ്കുകാര് കൊണ്ട് പോകും എന്ന് തിരിച്ചറിഞ്ഞതോടെ അത് വിട്ടു. രണ്ടു ജോലി ചെയ്യുന്നഭാര്യക്ക് തടസമാവാതെ ഭര്‍ത്താവിന്റെ 'ബിവറേജ് കം ബേബി സിറ്റിങ്ങിന് ' വേദിയാകാന്‍ കഴിയുന്ന  ഒരു പുത്തന്‍മേച്ചില്‍പ്പുറം കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിന് അവസാനമായിട്ടാണ് മിക്കവരും  തൂലികകയ്യിലെടുക്കുന്നത്.  



ഉദാരമായ ഒരു മനോഭാവത്തോടെ ആണ് മിക്ക പത്രങ്ങളും എഴുത്തുകാരെ സ്വീകരിച്ചത്. ആര്‍ക്കും പ്രതിഫലംലഭിച്ചില്ലെന്ന് മാത്രമല്ലാ, അവസരം തരുന്നവര്‍ക്ക് അല്‍പ്പം അങ്ങോട്ട് കൊടുക്കാനും തയാറായി പലരും മുന്നോട്ടുവന്നു. നാട്ടിലെ അത്താഴപ്പട്ടിണിക്കാരായ എഴുത്തുകാരെക്കൊണ്ട് എഴുതിച്ച് ഇവിടെ അവാര്‍ഡുകള്‍ വരെതരപ്പെടുത്തിയവര്‍ ഉണ്ടെന്നു കേള്‍ക്കുന്നു, തെളിവൊന്നുമില്ല. കവിതയിലായിരുന്നു മിക്കവരുടെയും കളി. വെറുതെ കുറെ വാക്കുകള്‍ പെറുക്കിക്കൂട്ടി ' കവിത ' എന്ന മേലെഴുത്തും ചാര്‍ത്തി പത്രത്തിന് അയക്കുക, ' നമ്മടെ അച്ചായന്റെ ഒരു സാധനം വരുന്നുണ്ട്, ഒന്ന് വിട്ടേക്കണേ 'എന്ന് പിറകേ വേണ്ടപ്പെട്ടവന്റെ ഒരു വിളിയും. പലരുംകവികളായി മാറി. പല സുഖിപ്പിക്കല്‍ നിരൂപകരുടെയും പരിശ്രമ ഫലമായി പലരും ഷെല്ലിയും, കീറ്റ്‌സും ഒക്കെആയി അറിയപ്പെട്ടു തുടങ്ങി. 



അവിടെയും അടിസ്ഥാന പ്രശ്‌നം തലയുയര്‍ത്തി നിന്നു ; വായനക്കാരില്ല. ' ഇരുന്നൂറ് എഴുത്തുകാരും, ഏഴുവായനക്കാരും '  എന്ന് ബഹുമാന്യനായ ശ്രീ സുധീര്‍ പണിക്കവീട്ടില്‍ തമാശയായി വിലയിരുത്തി. തങ്ങളുടെസന്പല്‍ സമൃദ്ധിയില്‍ നിന്ന് വാരി വിതറി പല ( കപട ) മിടുക്കന്മാരും പൊന്നാടകളും, പുരസ്‌കാരങ്ങളും ഏറ്റു  വാങ്ങി. അമേരിക്കയിലേക്ക് ആണെന്ന് കേട്ടാല്‍ ഏതെങ്കിലും ചത്തു പോയ സാധുവിന്റെ പേരില്‍ ഒരവാര്‍ഡോ, അംഗീകാരമോ ഒക്കെ തരപ്പെടുത്തി കൊടുക്കാന്‍ വേണ്ട ചട്ടവട്ടങ്ങള്‍ ഒക്കെ ഒരുക്കി കാത്തിരിക്കുന്ന ചിലറിട്ടയാര്‍ഡ് ജഡ്ജിമാര്‍ വരെ അംഗങ്ങളായിട്ടുള്ള തരികിട സംഘടനകള്‍ കേരളത്തിലുണ്ട്. അവരുടെകോപ്രായങ്ങള്‍ ഒപ്പിയെടുത്ത് പ്രസിദ്ധീകരിക്കാന്‍ ചക്രം നക്കി മാധ്യമങ്ങള്‍ വേറെയുണ്ട്. ഒരു കൃതിയും, നിശ്ചിതഡോളര്‍ എമൗണ്ടും ഏജന്റിന്റെ പേരില്‍ മുന്‍കൂറായി എത്തിയിരിക്കണം എന്നേയുള്ളു. പിന്നെയൊന്നുംഅറിയണ്ട. അവാര്‍ഡ് സ്വീകരിക്കാന്‍ സമയത്ത് എത്തിച്ചേര്‍ന്നാല്‍ മതി. അവിടെ ആനയുണ്ടാവും, അന്പാരിയുണ്ടാവും, മന്ത്രിയുണ്ടാവും, മറ്റു പലതുമുണ്ടാവും. വിജയശ്രീ ലാളിതനായി തിരിച്ചെത്തുന്‌പോള്‍ സ്വീകരിക്കാന്‍ ഇവിടെ ബേസ്‌മെന്റ് ബേസിഡ് സാഹിത്യ ചര്‍ച്ചാ കൂട്ടായ്മകളുമുണ്ടാവും. 



ഇത്തരം സംഘടിപ്പിക്കലുകളുടെ ആസൂത്രകര്‍  ആറു മാസം ജീവിക്കാനുള്ള കാശ് ഇതിലൂടെ ഒപ്പിച്ചെടുക്കും. ' കാലണ കിട്ടില്ല തെണ്ടിയാല്‍ - രാത്രിയില്‍, നാലണ കിട്ടും കടക്കണ്ണനക്കിയാല്‍ ! ' എന്ന വയലാര്‍ക്കവിത പോലെഅവരങ്ങനെ ജീവിച്ചു പോകുന്നു. ഇക്കൂട്ടരുടെ ലക്ഷ്യം കേവലമായ വയറ്റില്‍പ്പിഴപ്പ് ആണെങ്കില്‍അമേരിക്കയിലേക്കുള്ള ഒരു വി. ഐ. പി. വിസിറ്റിങ്ങ് ആണ് മിക്ക വല്യേട്ടന്മാരുടെ അകത്തെ ആഗ്രഹം. ഏതെങ്കിലും ഒരു കടലാസ് പുലിയുടെ ക്ഷണം കിട്ടിയാല്‍ മതി, മുന്‍പിന്‍ നോക്കാതെ ഉടന്‍ചാടിപ്പുറപ്പെടുകയായി. 



ആരാണ് വിളിക്കുന്നതെന്നോ, എന്തിനു വേണ്ടിയാണ് വിളിക്കുന്നതെന്നോ ഒന്നും ചിന്തിക്കാതെ ഇവിടെ വന്ന്സ്ഥലകാല വിഭ്രമത്തോടെ നാണം കേട്ട് പോകുന്നവര്‍ വളരെയുണ്ട്. രാഷ്ട്രീയക്കാരും, കലാ കാരന്മാരുമായഇക്കൂട്ടര്‍ ' താന്‍ കുഴി കുത്തി  ഒരാനയെപ്പിടിച്ചു ' എന്ന ഭാവത്തില്‍ നാട്ടില്‍ ചെന്ന് തട്ടി വിടുന്നതും, അവര്‍കോര്‍ഡിനേറ്റു ചെയ്യുന്ന മിമിക്രിയന്‍ ഇളിപ്പുകളില്‍ ചിത്രീകരിക്കപ്പെടുന്നതും അമേരിക്കന്‍ മലയാളികള്‍ വെറുംകോമാളികള്‍ ആണെന്നാണ്. എന്നിട്ടും ഇവിടുത്തെ മിക്കവാറും അച്ചായന്മാര്‍ അവരുടൊപ്പം നിന്ന് ഒരുപടമെടുപ്പിക്കാന്‍ വേണ്ടി കള്ളും, കാശുമായി വമ്പന്‍ ക്യൂ സൃഷ്ടിച്ചു കാത്തു നില്‍ക്കുകയാണ്. 



കാളത്തോഴി ഡാന്‍സും, കാളികൂളി മിമിക്രിയുമായി വരുന്നവരെ അവഗണിക്കാം. അവര്‍ നാല് ചക്രമുണ്ടാക്കാന്‍വരുന്നു എന്ന് കരുതാം. അതല്ലല്ലോ സാമൂഹ്യ പ്രതിബദ്ധതയുള്ളവര്‍ എന്ന് നമ്മള്‍ വിലയിരുത്തുന്ന  ഹ്യുമാനിസ്റ്റുകളുടെ നിലവാരം ? ' ഇവര്‍ ഇത്രക്കേയുള്ളോ ? ' എന്ന് മൂക്കത്തു വിരല്‍ വയ്ക്കുന്ന സഹൃദയരുടെഒരു വലിയ കൂട്ടം ഇവിടെയുണെന്ന് ഇവര്‍ മനസിലാക്കണം. ആക്ടിവിസ്റ്റുകള്‍ എന്ന നാട്യത്തോടെ ഇവരെപൊക്കിക്കൊണ്ട് വരുന്നവര്‍ ആകെയുള്ള അമേരിക്കന്‍ മലയാളികളുടെ 0.1 ശതമാനത്തെ പോലുംപ്രധിനിധീകരിക്കുന്നില്ല  എന്ന സത്യം നില നില്‍ക്കുന്‌പോള്‍  ചില അവസ്ഥയിലുള്ളവരെ ചുമന്നാല്‍  ചുമന്നവരെയും നാറും എന്ന ചൊല്ല് ചുമക്കാന്‍ വരുന്നവര്‍ ഓര്‍ക്കുന്നത് കൊള്ളാം.  



അച്ചടി മാധ്യമങ്ങളുടെ തകര്‍ച്ചയോടെ അനാഥമായി പോകുമായിരുന്ന അമേരിക്കയിലെ മലയാള സാഹിത്യത്തെഇന്ന് താങ്ങി നിര്‍ത്തുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങളാണ്. ഇ മലയാളിയും, മലയാളം ഡെയിലി ന്യൂസും, ജോയിച്ചന്‍ പുതുക്കുളവും ഉള്‍പ്പടെ പ്രശസ്തവും, അപ്രശസ്തവുമായ ഡസന്‍ കണക്കിന് ഓണ്‍ ലൈന്‍മാധ്യമങ്ങള്‍ രംഗത്തു വന്നത് ഒന്നുകൊണ്ടു മാത്രമാണ് അമേരിക്കന്‍ മലയാള സാഹിത്യ ശാഖ മരിക്കാതെ പിടിച്ചുനില്‍ക്കുന്നത് എന്നതാണ് സത്യം. 



അതിരുകളുടെ പരിമിതികളെ അതിജീവിക്കാന്‍ സാധിക്കുന്നു എന്നത് ഓണ്‍ലൈന്‍ പത്രങ്ങളുടെ ആഗോളപ്രസക്തി അടിവരയിട്ട് ഉറപ്പിക്കുന്നു. ആവശ്യക്കാരന് ലോകത്തെവിടെയിരുന്നും അവനാവശ്യമുള്ളത് ചികഞ്ഞെടുക്കാന്‍ സാധിക്കുന്നു. ഈ വിശാല സാധ്യത ഉപയോഗപ്പെടുത്താന്‍ എഴുത്തുകാരന്‌സാധിക്കണമെങ്കില്‍ തങ്ങളുടെ രചനകളുടെ ക്വളിറ്റി ഉയര്‍ത്തി വയ്ക്കുവാന്‍ അയാള്‍ പരിശ്രമിക്കേണ്ടതുണ്ട്. മലയാളി ഉള്‍പ്പടെ ലോകത്തിന്റെ ഏതു ഭാഗത്തുമുള്ള വായനക്കാരനെ ഉണര്‍ത്തുവാന്‍ അവന്റെ രചനകള്‍ക്ക് സാധിക്കണം. ഇത് സാധിക്കുന്നില്ലെങ്കില്‍ തുഴഞ്ഞു, തുഴഞ്ഞു താഴോട്ടു പോകുന്ന മലയാള സിനിമ പോലെമലയാള സാഹിത്യ ശാഖയും താഴോട്ട് പൊയ്ക്കൊണ്ടിരിക്കും - ഇപ്പോള്‍ത്തന്നെ അത് സംഭവിച്ചുമിരിക്കുന്നു ! ( ചത്താലും ബന്ധപ്പെട്ടവര്‍ ഇത് സമ്മതിച്ചു തരില്ല എന്ന് അറിയാഞ്ഞല്ലാ; സത്യം സത്യമായിത്തന്നെ പറയണമല്ലോഎന്ന് കരുതിയിട്ടാണ് )  



നാട്ടില വലിയ താപ്പാനകള്‍ നിയന്ത്രിക്കുന്ന മാധ്യമ താവളങ്ങളില്‍ പ്രവാസി എഴുത്തുകാരന് ഇടം ലഭിക്കുവാന്‍വലിയ പ്രയാസമാണ്. അല്ലെങ്കില്‍ അതിനു വേണ്ടി ഇറക്കി കളിക്കുവാന്‍ എന്തെങ്കിലും ചരക്ക് കൈയില്‍ വേണം. ഇത് പണമാവാം, പ്രീണനം എന്ന കാലുനക്കല്‍ ആവാം, പറയാന്‍ പറ്റാത്ത പലതുമാവാം. ഇങ്ങനെയൊക്കെചെയ്തിട്ടായാലും ഒരവസരം കിട്ടിയാല്‍ പിന്നെ അതിന്റെ മഹത്വവും പറഞ്ഞു നടക്കാം ഒരു ജീവിത കാലം. മിക്കമാധ്യമങ്ങളും ഏതെങ്കിലും മതത്തിന്റെയോ, ഇസത്തിന്റെയോ, രാഷ്ട്രീയത്തിന്റെയോ എടുത്തുകൊടുപ്പുകാരായിട്ടാണ് പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ ആ പ്രസ്ഥാനങ്ങളുടെ ആരൂഢന്മാരും, ആളെമയക്കികളും ഒക്കെ വിളിച്ചു പറഞ്ഞാലും മതിയാവും. ഒരിക്കല്‍ കയറിപ്പറ്റിയവര്‍ മറ്റൊരുത്തനെ അങ്ങോട്ട്അടുപ്പിക്കാതെ നോക്കാനുള്ള കൂതറ വേലത്തരങ്ങളൊക്കെ  ഒപ്പിച്ചു വയ്ക്കുവാനും നമ്മുടെ മലയാളിഅച്ചായന്മാരും, അമ്മായിമാരും സമര്‍ത്ഥരാണ് എന്നതിനാല്‍ മുന്‍ വാതിലിലൂടെ അത്ര പെട്ടെന്ന് ആര്‍ക്കുംഅകത്തു കടക്കുവാന്‍ സാധിക്കുകയില്ല എന്നതായിരിക്കും പ്രായോഗിക പരിണാമം. 



 ( അമേരിക്കയിലെ പ്രമുഖര്‍ എന്ന് സ്വയം വിലയിരുത്തുന്ന ചില സാഹിത്യ ജീവികളും, സുന്ദരിക്കുട്ടിമാരും കൂടിഅമേരിക്കയിലുള്ള മലയാള സാഹിത്യ ജീനിയസുകളുടെ ഒരു ലിസ്റ്റ് ചില പ്രമുഖ പത്രങ്ങള്‍ക്ക്‌കൊടുത്തിട്ടുണ്ടെന്ന് കേള്‍ക്കുന്നു. ഈ ലിസ്റ്റിലില്ലാത്തവര്‍ എന്തെങ്കിലും എഴുതി അയച്ചാല്‍ പത്രക്കാര്‍അതെടുത്ത് ചവറ്റു കുട്ടയില്‍ എറിയും. പത്രങ്ങള്‍ക്കും വേണ്ടപ്പെട്ട നമ്മുടെ ആളുകളെക്കൊണ്ട് അന്വേഷിപ്പിച്ചാല്‍ ' അവന്മാരെയൊക്കെ ബാന്‍ ചെയ്തിരിക്കുകയാണ് ' എന്ന ഉത്തരം പത്ര പാര്‍ശ്വങ്ങളില്‍ നിന്ന് രഹസ്യമായികിട്ടുകയും ചെയ്യുമത്രേ ! ഒരിക്കല്‍ നാട്ടിലെത്തിയ ഒരവസരത്തില്‍ ഒരു ലേഖനവുമായി ' ദേശാഭിമാനി ' യില്‍എത്തിയ എന്നോട് ' ഇന്ന സഖാവിന്റെ ലെറ്ററുണ്ടോ ' എന്ന ചോദ്യമുയര്‍ത്തിയ ഓഫീസ് ജീവി എന്റെകൈയിലിരുന്ന കടലാസുകള്‍ വാങ്ങി നോക്കുവാന്‍ പോലും തയാറായില്ല എന്ന  നേരനുഭവവും എനിക്കുണ്ട്. ) 



തുറന്ന ആകാശം പോലെ തുറന്ന മനസുണ്ടായിരുന്ന കേരളത്തിലെ നിഷ്‌കളങ്കരായ മനുഷ്യരെ കേരളാഹൈക്കോടതിയുടെ പരാമര്‍ശനങ്ങളില്‍ പോലും ' പ്രതികരണ ശേഷി നഷ്ടപ്പെവര്‍ ' ( കൊച്ചി നഗരത്തിലെവെള്ളക്കെട്ടിനോട് അനുബന്ധിച്ചുണ്ടായ ഹൈക്കോടതി വിധി ഓര്‍മ്മിക്കുക.) എന്ന് വിശേഷിപ്പിക്കാനുണ്ടായസാഹചര്യം സൃഷ്ടിച്ചു വച്ചതിന് ഉത്തരവാദികള്‍ കേരളത്തിലെ സാംസ്‌കാരിക നായകന്മാര്‍ ആയിരുന്നുവെന്ന് ' ഭ്രാന്താലയത്തിലെ ഭ്രാന്തന്മാര്‍ ' എന്ന എന്റെ ലേഖനത്തില്‍ ഞാന്‍ എഴുതിയിരുന്നു. 



ജീവിത യാഥാര്‍ഥ്യങ്ങളെ ഗൗരവതരമായി സമീപിച്ചു കൊണ്ട് ധീരമായി അവയെ നേരിട്ട് പരാജയപ്പെടുത്തേണ്ടകര്‍മ്മ മാര്‍ഗ്ഗത്തിന് പ്രചോദനമരുളേണ്ട സാംസ്‌കാരിക പ്രവര്‍ത്തകര്‍ സ്വയം തരം താഴ്ന്നു കൊണ്ട് കാഴ്ച വച്ച  മിമിക്രി ഇളിപ്പുകളുടെ വളിപ്പുകളിലും, കാളത്തോഴി ഡാന്‍സിന്റ കാതടപ്പന്‍ പ്രകടനങ്ങളിലും അകപ്പെട്ട ജനതമസ്തിഷ്‌ക മരണത്തിന് വിധേയരായിപ്പോയതിനാലാവണം, ' പ്രതികരണ ശേഷിയുടെ വരിയുടച്ച കാളകള്‍ ' എന്ന എന്റെ പരാമര്‍ശനം ശരിയായിരുന്നുവെന്ന് എന്നെ പോലും ബോധ്യപ്പെടുത്തിക്കൊണ്ട് ഒരു ജനതയെക്കുറിച്ച്ഹൈക്കോടതിയുടെ ഈ നിരീക്ഷണം വന്നത് എന്ന് കരുതുന്നു. 



കേരളത്തില്‍ മാത്രമല്ലാ,  ഇന്ത്യയിലാകമാനം ചീഞ്ഞു നാറിയ സാംസ്‌കാരിക രംഗം പുറത്തേക്ക് തെറിപ്പിച്ചദുര്‍ഗന്ധത്തില്‍ നിന്നാണ് മുന്‍പൊരിക്കലും കേട്ടിട്ടില്ലാത്ത തരത്തില്‍ പിഞ്ചു കുഞ്ഞുങ്ങളെ വരെ കടിച്ചു കീറുന്നകാമക്കഴുകന്മാരും, ബീഫ് കഴിക്കുന്നവനെ തല്ലിക്കൊല്ലുന്ന മതമങ്കി രാക്ഷസന്മാരും   ചെടികള്‍ക്ക് വളമാകേണ്ടചാണകത്തില്‍ പൂക്കള്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്ന മന്ദ ബുദ്ധികളും, പോലീസ് തോക്കുകളുടെ ബയണറ്റുമുനകള്‍ക്ക് ധൂപക്കുറ്റി വീശി കുന്തിരിക്കം പുകക്കുന്ന സത്യക്രിത്യാനി ( ക്രിസ്ത്യാനിയല്ല, കൃത്യാനി ) കച്ചവടക്കത്തനാരന്മാരും ഉരുത്തിരിഞ്ഞു വന്നത് എന്ന ചരിത്ര സത്യം നമ്മള്‍ കണ്ണ് തുറന്നു കാണേണ്ടതുണ്ട്.



 ഫലമോ ? ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളില്‍ത്തന്നെ അമേരിക്കയെയും, ചൈനയെയും കടത്തിവെട്ടി, കടത്തി വെട്ടി, കവച്ചു വച്ച്, കവച്ചു വച്ച് മുന്നിലെത്തുമെന്ന് സര്‍ക്കാര്‍ ഖജനാവിലെ പണം മുടക്കിപ്രഖ്യാപിച്ച ലോകത്തിലെ ഏറ്റവും വലിയതെന്നു പറയുന്ന ജനാധിപത്യ ഇന്ത്യ പിന്നോട്ട്, പിന്നോട്ട് വളര്‍ന്ന്തളര്‍ന്ന് കണക്കെടുത്ത 117 രാജ്യങ്ങളില്‍ ഏറ്റവും പിന്നില്‍ 102 -ആം സ്ഥാനത്ത് നാണം കെട്ട് നടുവ് വളച്ചുനില്‍ക്കുന്നു. പട്ടാളം മുഖ്യ ഭരണാധികാരികളാണെന്ന് ആക്ഷേപിക്കപ്പെടുന്ന പാക്കിസ്ഥാന്‍ 94 - ആം സ്ഥാനത്ത്ഇന്ത്യക്കു മുകളില്‍ തലയുയര്‍ത്തി  നില്‍ക്കുന്‌പോള്‍, നാണം എന്നൊന്നുണ്ടെങ്കിലല്ലേ ഇതൊക്കെശ്രദ്ധിക്കേണ്ടതുള്ളൂ ? അവിടെ  ആല് മുളച്ചാല്‍ അതും അനുഗ്രഹമാണെങ്കില്‍ പിന്നെന്തു പ്രശ്‌നം ? 



ഒന്നേയുള്ളു : നൂറ്റാണ്ടുകളായി ഒട്ടിയ വയറില്‍ മുണ്ടു മുറുക്കുന്ന  കോടാനു കോടി ഇന്ത്യന്‍ ദരിദ്ര വാസികള്‍ക്ക്ഇന്നും വിശന്നു പൊരിഞ്ഞ് വീണു മരിക്കുവാനാണ് യോഗം ? ( അവന്റെ എണ്ണത്തെ വോട്ടുകളാക്കി അധികാരംഉറപ്പിക്കുന്ന മത - രാഷ്ട്രീയ ബൂര്‍ഷ്വാ യജമാന്മാര്‍ ഇറക്കുമതി ചെയ്ത  ആസ്ട്രേലിയന്‍ ആട്ടിന്‍ കരള്‍ അടിച്ച്ആഘോഷമായി ലഞ്ച് കഴിച്ചു സുഖിച്ചു കൊണ്ടിരിക്കുന്‌പോള്‍ ?) 



ഏതൊരു വിഷവും അമൃതാക്കാനുള്ള തന്ത്രമാണ് പരസ്യം. പരസ്യം ആകര്‍ഷകമാക്കാനുള്ള അടവാണ്മേനിക്കൊഴുപ്പുള്ളവരുടെ ആക്റ്റ്. ആക്റ്റ് അസത്യമാണെങ്കിലും എതിര്‍ ലിംഗ ആവേശം മനസ്സില്‍ തളച്ചിട്ടമനുഷ്യര്‍ അത് അംഗീകരിക്കുന്നു.  ഈ അംഗീകാരം പണം കൊയ്യുന്നതിനുള്ള അരിവാളായി രൂപം മാറുന്‌പോള്‍ചുക്കും, കുരുമുളകും, തിപ്പലിയും പൊടിച്ചു വില്‍ക്കുന്നവര്‍ മുതല്‍ അലക്കുകാരപ്പൊടി ചായം കലര്‍ത്തിവില്‍ക്കുന്നവര്‍ വരെ ശത കോടീശ്വരന്മാരായി മാറുകയും, അവര്‍ക്കെതിരേ ശബ്ദിക്കുന്നവരെ കൊട്ടേഷന്‍കൊടുത്ത് കൊല്ലിക്കുകയും ചെയ്യുന്നു. പരസ്യങ്ങള്‍ കട്ട് കവര്‍ന്നു കൊണ്ട് വരുന്ന ഈ ധനം പങ്കു വയ്ക്കുന്‌പോള്‍ആള്‍ക്കൂട്ടം രൂപം കൊള്ളുന്നു. ആള്‍ക്കൂട്ടത്തിന്റെ മൃഗീയ ഭൂരിപക്ഷം അധികാരം കയ്യാളുന്‌പോള്‍ സത്യവുംഅതിന്റെ പ്രയോക്താക്കളും എടുക്കാത്ത നാണയങ്ങളായി മാറിപ്പോകുന്നു. 



അധാര്‍മ്മികതയുടെ ഈ അധിനിവേശം ആഴത്തില്‍ വേര് പിടിച്ചു വളര്‍ന്ന ഇന്ത്യന്‍ സമൂഹത്തില്‍ കള്ളനാണയങ്ങള്‍ കമ്മട്ടങ്ങള്‍ കയ്യടക്കുന്നതാണ് കഴിഞ്ഞ ദശകങ്ങളില്‍ ഉരുത്തിരിഞ്ഞ ദുഃഖകരമായ സാമൂഹ്യപരിണാമം. ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കാല്‍ വരവോടെ ലോകത്താകമാനം നന്മയുടെ പുത്തന്‍ സൂര്യോദയംഅനുഭവപ്പെടുമെന്ന്  മനുഷ്യ സ്‌നേഹികളായ മനുഷ്യരോടൊപ്പം സ്വപ്നം കണ്ടു പോയ ഞാന്‍ അന്ന് അറിയാതെഎഴുതിപ്പോയി : 



ഉദയ ഗിരികളേ , ഉണരൂ, ഉണരൂ...

ഉഷസുണരുന്നൂ ദൂരേ ..!



ഒരു വര്‍ഗ്ഗ സ്വപ്നത്തിന്റെ, ചിറകുകള്‍ കുടയുന്നൂ, 

മനസ്സിന്റെ മയിലുകള്‍ ചാരേ ...!



ഇരുപതാം ശതകമേ, ഇനി യാത്ര പറയട്ടേ, 

ഇരുള്‍ നീങ്ങിയുണരുന്നൂ കാലം !



നവയുഗ പുലരിയെ വരവേല്‍ക്കാനൊരുങ്ങുന്‌പോള്‍, 

കരയുന്നെന്‍ കരളിലെ കിളികള്‍....?



പിടയുന്ന മനുഷ്യന്റെ മൃദു മാറിലുഷസ്സിന്റെ 

പുതു രശ്മി പോലും മുള്ളിന്‍ മുനയായ്...,



തറയുന്നു ! സിറിയകള്‍ കരയുന്നു, ഇറാക്കിന്റെ 

ഹൃദയത്തിലൊഴുകുന്നൂ മിഴി നീര്‍ ...!



ഒരു ജാതി, യൊരുമത, മുരുവിട്ട ഭാരതത്തില്‍, 

പല ജാതിപ്പരിഷകള്‍ വിഷമായ് ...,



പകലിന്റെ തിരുനെറ്റി - ത്തെളിമയി, ലിരുളിന്റെ - 

യൊരു കരി, ത്തിലകമായിരിപ്പൂ ...!



ഒരു കൂട്ടരിരുളിന്റെ, യടിമകള്‍ ദൈവത്തിനെ -

പ്പരിണാമച്ചുടലയില്‍ എറിഞ്ഞു ! 



മറു കൂട്ടര്‍ മതങ്ങളാ, ണവര്‍ നാളെ ലോകത്തിന്റെ -

യവസാന ശ്വാസം കാതോര്‍ത്തിരിപ്പൂ ...!



ഒരുവര്‍ക്കും വേണ്ടെങ്കിലു, മലറുന്നു ഞാന്‍, എന്‍ ലോകം 

ഇതുപോലെ വേണം എനിക്കെന്നും....?



ഒരുവേള ഞാനില്ലെങ്കില്‍ വിരിയുന്ന നിലാവിന്റെ - 

യഴകിലെന്‍ ആത്മാവുകള്‍ പാടും ...!



പുലരിയില്‍ വിടരുന്ന പുളകമാം മലരിന്റെ 

മധുവില്‍ ഞാന്‍ വരി വണ്ടായ് പുണരും...!



ഒരു കോടി യുഗങ്ങളെ, ത്തഴുകട്ടേ, ഇനിയുമൊ - 

ട്ടൊഴുകട്ടേ ദൈവത്തിന്റെ സ്‌നേഹം...!



ഉണരട്ടെ, യിവള്‍ ഭൂമി, യുഷസ്സിന്റെ തുടി താള -

പെരുമയി, ലുണരട്ടേ വീണ്ടും....!



ഉദയ ഗിരികളേ, ഉണരൂ, ഉണരൂ,

ഉഷസുനേരുന്നൂ ദൂരേ ....!



ഒരു വര്‍ഗ്ഗ സ്വപ്നത്തിന്റെ ചിറകുകള്‍ കുടയുന്നൂ...,

മനസ്സിന്റെ മയിലുകള്‍ ചാരേ ....



എല്ലാ സ്വപ്നങ്ങളെയും തകര്‍ത്തെറിഞ്ഞു കൊണ്ട് മനുഷ്യ നിര്‍മ്മിതിയുടെ മഹത്തായ ഗോപുരങ്ങള്‍ - വേള്‍ഡ്‌ട്രേഡ് സ് സെന്റര്‍ - എന്റെ കണ്മുന്നില്‍ തന്നെ തകര്‍ന്നടിയുകയും, 

ഐ. എസ് ഭീകരുടെ ചോരവാളുകള്‍ അറുത്തെടുത്ത മനുഷ്യ ശിരസ്സുകള്‍ പതാകകളായി നാട്ടി ആഘോഷിക്കപ്പെടുകകയും, ഏറ്റവും കൂടുതല്‍ കാലിമാംസം കയറ്റുമതി ചെയ്യുന്ന ഇന്ത്യയില്‍ ആ മാംസംതിന്നതിന്റെ പേരില്‍ മനുഷ്യനെ മനുഷ്യന്‍ തന്നെ തല്ലിക്കൊല്ലുകയും ഒക്കെ ചെയുന്നത് കണ്ടപ്പോള്‍ ഈ കവിതഎഴുതേണ്ടിയിരുന്നില്ലാ എന്ന് സ്വയം തോന്നിയെങ്കിലും, ' എന്നെ തല്ലേണ്ടമ്മാവാ, ഞാന്‍ നന്നാവില്ലാ ' എന്നപഴമൊഴി ഓര്‍ത്ത് കൊണ്ട്,  കൂര്‍ത്തു മൂര്‍ത്ത മുള്ളുകള്‍ക്കിടയിലാണല്ലോ അതി മൃദുലമായ റോസാ ദളങ്ങള്‍പിറവിയെടുക്കുന്നത് എന്ന ആശ്വാസത്തോടെ, എനിക്ക് ശേഷവും വിരിഞ്ഞിറങ്ങാനിരിക്കുന്ന ഒരായിരം  പുലരികള്‍ സ്വപ്നം കണ്ട് എന്റെ നിയോഗം നെഞ്ചിലേറ്റി ജീവിതം തുടരുകയാണ് ഞാന്‍.





പാടുന്നു പാഴ്മുളം തണ്ടു പോലെ !  (അനുഭവക്കുറിപ്പുകള്‍  94 :    ജയന്‍ വര്‍ഗീസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക