Image

എന്‍.ഐ.എ കുരുക്കില്‍ നിന്ന് സ്വപ്നയ്ക്കും കൂട്ടാളികള്‍ക്കും രക്ഷയില്ല (ശ്രീനി)

ശ്രീനി) Published on 11 July, 2020
  എന്‍.ഐ.എ കുരുക്കില്‍ നിന്ന് സ്വപ്നയ്ക്കും കൂട്ടാളികള്‍ക്കും രക്ഷയില്ല (ശ്രീനി)
ദേശീയ സുരക്ഷ സംബന്ധിച്ച സുപ്രധാനവും ഗൗരവതരവുമായ തലത്തിലേക്ക് സ്വപ്ന സുരേഷ് മുഖ്യ കണ്ണിയായ സ്വര്‍ണ്ണ കള്ളക്കടത്ത് കേസ് വളര്‍ന്നിരിക്കുന്നു. കോളിളക്കമുണ്ടാക്കിയ സ്വര്‍ണ്ണ കടത്തിന് ഭീകരപ്രവര്‍ത്തനവുമായി ബന്ധമുണ്ടെന്ന നിലപാടിലാണ് കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ). അതിനാലാണ് സ്വപ്നയ്ക്കും മറ്റുമെതിരെ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ) ചുമത്തിയിരിക്കുന്നത്. 

കേസില്‍ ഇപ്പോള്‍ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള, യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ പി.ആര്‍.ഒ ആയ പി.എസ് സരിത്തിനെ ഒന്നാം പ്രതിയായും സ്വപ്ന സുരേഷിനെ രണ്ടാം പ്രതിയായും വിദേശത്തുള്ള ഫൈസല്‍ ഫരീദിനെ മൂന്നാം പ്രതിയായും സ്വപ്നയുടെ ബിനാമി എന്നു കരുതപ്പെടുന്ന സന്ദീപ് നായരെ നാലാം പ്രതിയാക്കിയുമാണ് എന്‍.ഐ.എ ഹൈക്കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഭീകര പ്രവര്‍ത്തനത്തിനായി ആളുകളെ ചേര്‍ക്കുക, ഇതിനായി പണം ചെലവഴിക്കുക തുടങ്ങിയവയ്ക്കായി ചുമത്തുന്ന യു.എ.പി.എ നിയമത്തിലെ 16,17,18 വകുപ്പുകള്‍ ആണ് ഇവര്‍ക്കെതിരെ ചാര്‍ജ് ചെയ്തിരിക്കുന്നത്. 

യു.എ.പി.എ വകുപ്പ് 16 എന്നത് ദേശ സുരക്ഷയെ ബാധിക്കുന്ന ഭീകര പ്രവര്‍ത്തനമാണ്. ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് സഹായം നല്‍കുന്നതാണ് വകുപ്പ് 17. ദേശ വിരുദ്ധ പ്രവര്‍ത്തനത്തിനുള്ള ഗൂഢാലോചനയില്‍ പങ്കാളികളാകുന്നവര്‍ക്ക് ചുമത്തുന്ന വകുപ്പാണ് യു.എ.പി.എ 18. ഓരോ വകുപ്പിലും അഞ്ച് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവും പിഴയുമാണ് ശിക്ഷ. ഇതിനിടെ സ്വപ്ന സുരേഷ് കീഴടങ്ങില്ലെന്നും അവര്‍ ചെയ്ത രാജ്യദ്രോഹം എന്തെന്ന് അറിയില്ലെന്നും അഡ്വ. രാജേഷ് കുമാര്‍ പ്രതികരിച്ചു. സ്വപ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ സുപ്രീം കോടതിയില്‍ നിന്നുള്ള പ്രഗത്ഭ അഭിഭാഷകന്‍ ഉള്‍പ്പെടെയുള്ളവര്‍ അതിശക്തമായാണ് എതിര്‍ത്തിരിക്കുന്നത്. സ്വപ്നയുടെ അറസ്റ്റിനെ ഹൈക്കോടതി എതിര്‍ത്തിട്ടുമില്ല. 

കേസില്‍ പ്രതികള്‍ക്ക് വഴി വിട്ട് സഹായം നല്‍കുകയും കസ്റ്റംസിന് വിവരം നല്‍കാതിരിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്ത അഞ്ച് ഉന്നത ഉദ്യോഗസ്ഥരുടെ പങ്കും എന്‍.ഐ.എ അന്വേഷിക്കുന്നുണ്ട്. രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥരെയും ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെയും തിരുവനന്തപുരം എയര്‍പോര്‍ട്ടിലെ കാര്‍ഗോ കോംപ്ലക്‌സുമായി ബന്ധപ്പെട്ട രണ്ട് ഉന്നത ഉദ്യോഗസ്ഥരെയും ഉടന്‍ തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്യും. 

ഡിപ്ലോമാറ്റിക് ബാഗേജ് വിട്ടു കിട്ടുന്നതിനായി സ്വപ്ന തന്നെ കോണ്‍സുലേറ്റിന്റെ രേഖകള്‍ ഉപയോഗിച്ചതായി അവരുടെ ജാമ്യാപേക്ഷയില്‍ വ്യക്തമാണെന്നും കള്ളക്കടത്തു വന്ന ബാഗേജ് വിട്ടുകിട്ടാന്‍ താമസം വന്നപ്പോള്‍ സ്വപ്ന വിളിച്ചിരുന്നതായും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സ്വര്‍ണം പിടിച്ചെടുത്ത ഉടന്‍ തന്നെ സ്വപ്നയുടെ ഫോണ്‍ ഓഫായതില്‍ ദുരൂഹതയുണ്ടെന്ന് കേന്ദ്രം ഹൈക്കോടതിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.  അതിനാല്‍ സ്വപ്നയെ ഏതു നിമിഷവും അറസ്റ്റു ചെയ്യാന്‍ ഉള്ള സാഹചര്യമാണ് നിലവില്‍ ഉള്ളത്. 

സ്വര്‍ണ്ണ കടത്തു വഴി സ്വരൂപിച്ച പണം തീവ്രവാദത്തിനു വേണ്ടി ഉപയോഗിച്ചേക്കാമെന്നും ഇത് രാജ്യസുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്നുമുള്ള എന്‍.ഐ.എയുടെ നിലപാട് പ്രതികള്‍ക്കു മേല്‍ വീണിരിക്കുന്ന കുരുക്ക് മുറുക്കാന്‍ പര്യാപ്തമാണ്. സ്വപ്നയുടെ സ്വഭാവദൂഷ്യം അടിവരയിടുന്ന സംഭവങ്ങള്‍ അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സ്വപ്ന ഒരു യുവാവിനെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നുകഴിഞ്ഞു. സഹോദരന്‍ ബ്രൗണ്‍ സുരേഷിന്റെ വിവാഹ പാര്‍ട്ടിക്കിടെ സ്റ്റാര്‍ ഹോട്ടലിലായിരുന്നു സംഭവം. സഹോദരന്റെ വിവാഹം മുടക്കുന്നു എന്നാരോപിച്ചാണ് ബന്ധുവായ യുവാവിനെ അവര്‍ നിരവധി പേര്‍ നോക്കി നില്‍ക്കെ മര്‍ദ്ദിച്ചത്. സ്വപ്നയ്ക്ക് സ്വന്തമായി ഗുണ്ടാ സംഘമുണ്ടെന്ന് മര്‍ദ്ദനമേറ്റ യുവാവ് വെളിപ്പെടുത്തി.

മറ്റൊന്ന് സ്വപ്നയുടെ ബി.കോം ബിരുദ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ടതാണ്. ഈ സര്‍ട്ടിഫിക്കറ്റ് മഹാരാഷ്ട്രയിലെ ഡോ. ബാബാ സാഹിബ് അംബേദ്കര്‍ ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി വ്യാജമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യാ സാറ്റ്‌സിലെ ഒരു ഉദ്യോഗസ്ഥനെതിരെ വ്യാജ രേഖ ചമച്ചതുമായ ബന്ധപ്പെട്ട കേസില്‍ സ്വപ്നയുടെ സര്‍ട്ടിഫിക്കറ്റ് പോലീസ് പിടിച്ചെടുത്തിരുന്നു. കേരള സ്റ്റേറ്റ് ഐ.റ്റി ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ലിമിറ്റഡിലും (കെ.എസ്.ഐ.റ്റി.ഐ.എല്‍) ഇതേ ബിരുദമാണ് യോഗ്യതയായി കണക്കാക്കിയത്. സര്‍ട്ടിഫിക്കറ്റിലെ ഒപ്പും സീലും വ്യാജമാണെന്ന് മാത്രമല്ല, സുരക്ഷാ മുദ്രകളൊന്നും കാണുന്നുമില്ല. 

കനത്ത ശമ്പളമാണ് സ്വപ്ന സുരേഷിനു വേണ്ടി സംസ്ഥാന ഖജനാവില്‍ നിന്നും നല്‍കിക്കൊണ്ടിരുന്നത്. അതായത് പ്രതിമാസം 2,30,000 രൂപ. സ്വപ്നയുടെ സേവനത്തിന് കണ്‍സള്‍ട്ടന്‍സി കമ്പനിയായ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന്  കെ.എസ്.ഐ.റ്റി.ഐ.എല്‍ ഓരോ മാസം നല്‍കിയതാണ് ഈ തുക. ഇതില്‍ ഒരു ലക്ഷത്തിലേറെ രൂപയാണ് കമ്പനി സ്വപ്നയ്ക്ക് മാസം തോറും നല്‍കി വന്നത്. ഐ.ടി വകുപ്പിനു കീഴിലെ സ്‌പേസ് പാര്‍ക്കിന്റെ പേരില്‍ പ്രോജക്ട് മാനേജ്‌മെന്റ് രൂപീകരിച്ചായിരുന്നു പത്രപരസ്യമോ അപേക്ഷ ക്ഷണിക്കലോ ഒന്നുമില്ലാതെ സ്വപ്നയെ കരാര്‍ വ്യവസ്ഥയില്‍ നിയമിച്ചിത്. 

സ്വപ്നയുടെ സാന്നിധ്യമുള്ള, വിദേശികളടക്കം പങ്കെടുത്തിരുന്ന സര്‍ക്കാര്‍ പരിപാടികളെ കുറിച്ചും അന്വേഷണം ഉണ്ടാവും. രണ്ടു വര്‍ഷങ്ങള്‍ക്കിടെ നടന്ന പരിപാടികളെ കുറിച്ചാണ് അന്വേഷിക്കുന്നത്. ഈ പരിപാടികളുടെ മറവില്‍ കള്ളക്കടത്തു നടന്നതായി കസ്റ്റംസിന് സംശയം ഉണ്ട്. കൊച്ചിയില്‍ സ്വപ്ന പങ്കെടുത്ത മീറ്റിംഗുകളെ സംബന്ധിച്ച് കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. രണ്ട് പരിപാടികളുടെയും മുഖ്യ സംഘാടകന്‍ ഇപ്പോള്‍ സംശയത്തിന്റെ നിഴലിലുള്ള എം ശിവശങ്കറാണ്. ഇയാളെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ഐ.റ്റി സെക്രട്ടറി പദവിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. 

കൊച്ചിയിലെ പരിപാടിക്കെത്തിയ വിദേശ പ്രതിനിധികള്‍ വഴി സ്വപ്നയും സരിത്തും സ്വര്‍ണ്ണം കടത്തിയതായി കസ്റ്റംസ് കരുതുന്നു. എന്നാല്‍ സരിത്ത് ഇതുവരെ അന്വേഷണ സംഘത്തോട് ഒരു വിവരങ്ങളും വിട്ടു പറഞ്ഞിട്ടില്ല. സരിത്തിനെ സ്വന്തം ഫോണ്‍ കൊണ്ട് കുരുക്കാനാണ് കസ്റ്റംസിന്റെ പ്ലാന്‍. അറസ്റ്റിലായ ഉടനെ സരിത്ത് തന്റെ ഫോണ്‍ ഫോര്‍മാറ്റ് ചെയ്തിരുന്നു. എന്നാല്‍ സരിത്തിനെ കസ്റ്റഡിയില്‍ വാങ്ങും മുമ്പു തന്നെ മൊബൈല്‍ സര്‍വ്വീസ് പ്രൊവൈഡര്‍മാരില്‍ നിന്ന് ഫോണ്‍ സംഭാഷണ രേഖകളെല്ലാം തന്നെ കസ്റ്റംസ് ശേഖരിച്ചിരുന്നു. ഫോര്‍മാറ്റ് ചെയ്ത് കളഞ്ഞ വിവരങ്ങളും സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ തിരിച്ചു പിടിക്കും. 

സ്വപ്നയുടെ കൂട്ടാളികളിലൊരാളായ സന്ദീപ് നായര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണ്. 2014ല്‍ ഇയാള്‍ സ്വര്‍ണ്ണക്കടത്തു കേസില്‍ പിടിക്കപ്പെട്ടിരുന്നു. തിരുവനന്തപുരം പൂജപ്പുരയില്‍ താമസിച്ചിരുന്നപ്പോള്‍ അന്വേഷണ സംഘത്തെ വെട്ടിച്ച് സന്ദീപ് രക്ഷപ്പെടുകയായിരുന്നു. സന്ദീപിനു വേണ്ടി വ്യാപകമായ തിരച്ചില്‍ നടക്കുന്നുണ്ട്. സ്വര്‍ണ്ണ കടത്ത് സംബന്ധിച്ച് കസ്റ്റംസ് ക്ലിയറിങ്ങ് ഏജന്റ്‌സ് അസോസിയേഷന്‍ നേതാവ് ഹരിരാജും കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് വിധേയനായി. സ്വര്‍ണ്ണ കടത്തുമായി ബന്ധമില്ലെന്നും നയതന്ത്ര ബാഗ് വിട്ടുകിട്ടാന്‍ ആരെയും വിളിച്ചിട്ടില്ലെന്നുമാണ് ഇയാളുടെ മൊഴി. 

മൂന്നാം പ്രതിയായി ചേര്‍ക്കപ്പെട്ട ഫൈസല്‍ ഫരീദിനായി അന്വേഷണം ദുബായിലേക്ക് വ്യാപിച്ചിട്ടുണ്ട്. ഫൈസലിനു വേണ്ടിയാണ് സ്വര്‍ണ്ണം കടത്തിയതെന്ന സരിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പ്രതി ചേര്‍ത്തിരിക്കുന്നത്. ഫൈസലാണ് കോണ്‍സുലേറ്റിന്റെ പേരില്‍ ബാഗേജ് അയച്ചതെന്ന് സരിത്ത് കസ്റ്റംസിന് മൊഴി നല്‍കിയിരുന്നു. അതേ സമയം, കേസില്‍ സ്വന്തം പൗരന്മാരുടെയോ ഉദ്യോഗസ്ഥരുടെയോ പങ്ക് യു.എ.ഇയും അന്വേഷിക്കും. കേരളത്തിലേക്കയച്ച സ്വര്‍ണ്ണം തങ്ങളുടെ ഓഫീസിന്റെ അറിവോടെയല്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് യു.എ.ഇ.

ഏതായാലും അന്തര്‍ദേശീയ തലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുന്ന സ്വര്‍ണ്ണ കള്ളക്കടത്തു കേസിലെ തീവ്രവാദ ബന്ധത്തെ കുറിച്ചുള്ള എന്‍.ഐ.എയുടെ സൂചന വളരെ ഗൗരവമുള്ളതാണ്. സ്വര്‍ണ്ണക്കടത്തിലൂടെ സമ്പാദിച്ച പണം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിച്ചു എന്നു വ്യക്തമാകുമ്പോളാണ് യു.എ.പി.എ ചുമത്തുന്നത്. ആയതിനാല്‍ എന്‍.ഐ.എയ്ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ തെളിവു ലഭിച്ചു എന്നു വേണം മനസ്സിലാക്കാന്‍. ഡിപ്ലോമാറ്റിക് ബാഗേജിന്റെ മറവില്‍ നടന്നതായതിനാലാണ് സി.ബി.ഐയെ പോലും മറികടന്ന് അന്വേഷണം എന്‍.ഐ.എയുടെ കൈകളിലെത്തിയത്. മറ്റു രാജ്യങ്ങളില്‍ പോയി തെളിവെടുക്കാനും എന്‍.ഐ.എയ്ക്ക് സാധിക്കും.

  എന്‍.ഐ.എ കുരുക്കില്‍ നിന്ന് സ്വപ്നയ്ക്കും കൂട്ടാളികള്‍ക്കും രക്ഷയില്ല (ശ്രീനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക