Image

അമേരിക്കയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് താങ്ങായി യുവാക്കളുടെ കൂട്ടായ്മ

Published on 11 July, 2020
അമേരിക്കയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് താങ്ങായി യുവാക്കളുടെ കൂട്ടായ്മ
യുഎസ്എ ടു കേരള ട്രാവല്‍ ഗ്രൂപ്പിന്റെ പരിശ്രമം മൂലം നാട്ടിലെത്തിച്ചത് നൂറുകണക്കിന് മലയാളികളെ

കോവിഡ് വിതച്ച ദുരിതത്തിനിടയിലും ഒരുസംഘം യുവാക്കളുടെ കൂട്ടായ്മ അമേരിക്കയില്‍ കുടുങ്ങിക്കിടന്ന മലയാളികള്‍ക്ക് തണലായി. ആയിരത്തോളം മലയാളികളാണ് യു.എസ്.എ ടു കേരളാ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി അമേരിക്കയില്‍ നിന്ന് നാട്ടിലേക്കെത്തിയത്. കേരളത്തിലേക്ക് അമേരിക്കയില്‍ നിന്നു നേരിട്ടുള്ള വിമാന സര്‍വീസ് ലഭിച്ചുവെന്ന് മാത്രമല്ല, വന്ദേഭാരത് മിഷന്‍ നാലാം ഘട്ടത്തില്‍ ജൂലൈ 12 വരെ ആറു വിമാനങ്ങളാണ് കേരളത്തിലേക്ക് പറന്നെത്തിയത്. ലോക്ഡൗണിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിലച്ചതോടെ വിസാ കാലാവധി പൂര്‍ത്തിയായും, ജോലി നഷ്ടപ്പെട്ടും അമേരിക്കയില്‍ കുടുങ്ങിപ്പോയ നൂറുകണക്കിന് മലയാളികളേയാണ് ഒരുകൂട്ടം  ചെറുപ്പക്കാര്‍ വാട്‌സ്ആപ് ഗ്രൂപ്പിലൂടെ ഒന്നിപ്പിച്ചത്. മാര്‍ച്ച് 24-ന് അധികം മുന്നറിയിപ്പില്ലാതെ ഇന്ത്യ രാജ്യാന്തര അതിര്‍ത്തി അടച്ചപ്പോള്‍ വിവിധ ലോകരാജ്യങ്ങളില്‍ മാസങ്ങളോളമാണ് ഇന്ത്യന്‍ പൗരന്മാര്‍ കുടുങ്ങിയത്. ഈ സാഹചര്യത്തിലാണ് പൗരന്മാരെ എംബസികളുടേയും, എയര്‍ ഇന്ത്യയുടേയും സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് "വന്ദേഭാരത് മിഷന്‍' ഇന്ത്യ പ്രഖ്യാപിച്ചത്. ആയിരത്തിലധികം മലയാളികളാണ് നാട്ടിലേക്ക് പോകാനാകാതെ അമേരിക്കയില്‍ കുടുങ്ങിയിരുന്നത്. വന്ദേഭാരത് മിഷന്റെ പ്രഖ്യാപനം ഇവര്‍ക്ക് ആശ്വാസകരമായെങ്കിലും ആദ്യ ഘട്ടത്തില്‍ അമേരിക്കയില്‍നിന്ന് കേരളത്തിലേക്ക് വിമാനങ്ങളൊന്നും ഷെഡ്യൂള്‍ ചെയ്തില്ലെന്ന കാര്യം മലയാളികളെ നിരാശപ്പെടുത്തി. സാമ്പത്തികവും ആരോഗ്യപരവുമായ കാരണങ്ങളാല്‍ അന്യസംസ്ഥാനങ്ങളില്‍ എത്തി ക്വാറന്റൈന്‍ ചെയ്യേണ്ടിവരുന്ന അവസ്ഥ പലര്‍ക്കും സ്വീകാര്യമല്ലായിരുന്നു. പ്രത്യേകിച്ച് ഗര്‍ഭിണികള്‍ക്കും പ്രായമായവര്‍ക്കും.

ഈ സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരുന്ന മലയാളികളായ മുഹമ്മദ് ഫസല്‍ (അറ്റ്‌ലാന്റാ), മുരളി ദാസ് മോഹന്‍ (ചിക്കാഗോ), നിഷില്‍ മുഹമ്മദ് (അറ്റ്‌ലാന്റാ), പ്രശാന്ത് വേണുഗോപാലന്‍ (ഹൂസ്റ്റണ്‍), രാഹുല്‍ സോമന്‍ (സാന്‍ഫ്രാന്‍സിസ്‌കോ), വിശാല്‍ കുമാര്‍ (ന്യൂജേഴ്‌സി), ജിമ്മി ആന്റണി (ന്യൂജേഴ്‌സി) എന്നിവരുടെ നേതൃത്വത്തില്‍ "യു.എസ്.എ ടു. കേരള ട്രാവല്‍' എന്ന പേരില്‍ ഒരു വാട്‌സ്ആപ് കൂട്ടായ്മ രൂപീകരിച്ചത്. സമാനമായ കാരണങ്ങളാല്‍ ഒറ്റപ്പെട്ടുപോയ മറ്റു മലയാളികളേയും സഹായിക്കാന്‍ ഇവര്‍ മുന്നോട്ടുവന്നു. വാട്‌സ്ആപ്/ ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ ഗൂഗിള്‍ ഫോം വഴിയാത്രക്കാരുടെ വിശദാംശങ്ങള്‍ ഇവര്‍ ശേഖരിച്ചു. ഒരു ചെറിയ ഗ്രൂപ്പായി ഇവര്‍ ആരംഭിച്ചത് പതുക്കെ 600 അംഗങ്ങളിലേക്ക് വളര്‍ന്നു. യാത്രക്കാരുടെ ശേഖരിച്ച വിവരങ്ങള്‍ വിശകലനം ചെയ്തതിലൂടെ മിക്കവരും സാന്‍ഫ്രാന്‍സിസ്‌കോ, ചിക്കാദോ, ന്യൂയോര്‍ക്ക്, വാഷിംഗ്ടണ്‍ ഡിസി     ഭാഗങ്ങളില്‍ നിന്നുള്ളവരാണെന്ന് വ്യക്തമായി. കുടുങ്ങിക്കിടക്കുന്ന ആളുകളുടെ കൂട്ടത്തില്‍ ഗര്‍ഭിണികള്‍, വിവിധ അസുഖങ്ങള്‍ ബാധിച്ച മുതിര്‍ന്ന പൗരന്മാര്‍, തൊഴില്‍ നഷ്ടം/വിസ കാലഹരണപ്പെടല്‍ എന്നിവ നേരിടുന്ന താത്കാലിക തൊഴിലാളികള്‍, വിനോദസഞ്ചാരികള്‍, പാര്‍ട്ട് ടൈം ജോലി നഷ്ടപ്പെടുന്നതുമൂലം ഇവിടെ തുടരാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥികള്‍ എന്നിവരുണ്ടെന്നു ബോധ്യപ്പെട്ടു. ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് വിദേശകാര്യ വകുപ്പ്, വ്യോമയാന വകുപ്പ്, കേരള സര്‍ക്കാര്‍, കേരള സംസ്ഥാനത്തെ എം.പിമാര്‍, എം.എല്‍എമാര്‍, എന്നിവര്‍ക്കെല്ലാം നിവേദനങ്ങള്‍ നല്‍കി. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി നേരിട്ടുള്ള സൂം മീറ്റിംഗില്‍ പങ്കെടുത്ത് മലയാളികളുടെ സ്ഥിതിഗതികള്‍ അവതരിപ്പിപ്പാന്‍ ഈ യുവാക്കള്‍ക്ക് കഴിഞ്ഞു. ഇവരുടെ അവസ്ഥ മനസിലാക്കിയ അദ്ദേഹം സിവില്‍ ഏവിയേഷന്‍ മന്ത്രാലയവുമായി ചര്‍ച്ച് ചെയ്ത് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആവശ്യപ്പെടാമെന്നു സമ്മതിച്ചു. ഇതിന്റെ ഫലമായികൂടിയാണ് അമേരിക്കയില്‍ നിന്ന് കേരളത്തിലേക്കുള്ള 6 വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തത്. മാസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതാവസ്ഥയ്ക്ക് വിരാമമായപ്പോള്‍ കുടങ്ങിക്കിടക്കുന്ന നൂറുകണക്കിന് മലയാളികള്‍ക്ക് സുരക്ഷിതമായി വീട്ടിലെത്താനും സാധിച്ചു. യാത്രയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മന്ത്രിമാരേയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും ബോധ്യപ്പെടുത്തിയതിനു പുറമെ, യാത്രക്കാര്‍ക്ക് സഹായകരമായ ട്രാവല്‍ ഗൈഡുകള്‍ ഉണ്ടാക്കാനും യാത്രാസംഘത്തെ ഏകെപിപ്പിക്കാനും ഈ വാട്‌സ്ആപ് കൂട്ടായ്മയ്ക്ക് കഴിഞ്ഞു. ദിവസേനയെന്നോണം സൂം കോളുകള്‍ നടത്തി സംശയങ്ങള്‍ ദുരീകരിച്ചു. വന്ദേഭാരത് മിഷന്‍ മൂന്നാം ഘട്ടത്തിലേക്ക് മാറിയപ്പോള്‍ രണ്ട് വിമാനങ്ങള്‍ കേരളത്തിനു ലഭിച്ചു. പലര്‍ക്കും ടിക്കറ്റ് ലഭിച്ചെങ്കിലും മുതിര്‍ന്ന പൗരന്മാര്‍ക്കും ദുരിതം അനുഭവിക്കുന്ന മറ്റു ചിലര്‍ക്കും ടിക്കറ്റ് ബുക്കുചെയ്യാന്‍ കഴിഞ്ഞില്ല. ഇവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും, വിശദാംശങ്ങള്‍ എംബസിക്ക് നല്‍കുകയും വഴി നൂറിലധികം പേര്‍ക്ക് മൂന്നാംഘട്ടത്തില്‍ തന്നെ കേരളത്തിലേക്കുള്ള വി.ബി.എം വിമാനങ്ങളില്‍ യാത്ര ഉറപ്പുവരുത്തുകയും ചെയ്തു. ഒരുഘട്ടത്തില്‍ വിമാനങ്ങള്‍ വരില്ലെന്ന ആശങ്കയുണ്ടായപ്പോള്‍ ചാര്‍ട്ടര്‍ സര്‍വീസുകളെ ആശ്രയിക്കാനായി വേണ്ട നടപടികളും സ്വീകരിച്ചിരുന്നു. അഡ്മിനുകളടക്കം ഗ്രൂപ്പില്‍ സജീവമായ പല അംഗങ്ങളും നാട്ടിലേക്ക് സുരക്ഷിതമായി എത്തിയെങ്കിലും തുടര്‍ന്നുള്ള വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ പോകുന്ന മലയാളികള്‍ക്ക് സഹായങ്ങള്‍ നല്‍കിയും തങ്ങളുടെ യാത്രാനുഭവങ്ങള്‍ പങ്കുവെച്ചും ഇപ്പോഴും സജീവമാണ്. ടിക്കറ്റ് ബുക്കിംഗ്, യാത്ര, ക്വാറന്റൈന്‍ എന്നീ ഘട്ടങ്ങളിലെ അനുഭവങ്ങള്‍ ശേഖരിച്ച് ട്രാവല്‍ ടിപ്‌സ് ഡോക്യുമെന്ററും, ട്രാവല്‍ ഗൈഡ് ഡോക്യുമെന്റും ഉണ്ടാക്കി ഇനി യാത്ര ചെയ്യാനുള്ളവരുമായി പങ്കുവെച്ചത് പലര്‍ക്കും വലിയ സഹായമായി.

അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫോമയുടേയും, നോര്‍ക്ക ഹെല്‍പ് ഡെസ്ക്, ലോക കേരള സഭ, വേള്‍ഡ് മലയാളി കൗണ്‍സില്‍ എന്നിവയുടേയും ഇന്ത്യന്‍ എംബസി, കോണ്‍സുലേറ്റുകള്‍, എയര്‍ ഇന്ത്യ എന്നിവരുടെ ഉദ്യോഗസ്ഥരുടേയും മറ്റനേകം സംഘടനകളുടേയും പിന്തുണയും ഈ ദൗത്യത്തെ വിജയിപ്പിച്ചു. ഫോമയുടെ നേതാക്കളായ ജോസ് ഏബ്രഹാം (ന്യൂയോര്‍ക്ക്), ഉണ്ണികൃഷ്ണന്‍ (ഫ്‌ളോറിഡ), ജോര്‍ജ് (ന്യൂജേഴ്‌സി), സാജു ജോര്‍ജ് (കാലിഫോര്‍ണിയ), അനിയന്‍ ജോര്‍ജ് (ന്യൂയോര്‍ക്ക്) എന്നിവരുടെ ആത്മാര്‍ത്ഥമായ ശ്രമങ്ങളിലൂടെ മലയാളികളുടെ ആശങ്കകള്‍ വിദേശകാര്യവകുപ്പിനേയും, മന്ത്രിയേയും അറിയിക്കാനായി. നോര്‍ക്ക ഹെല്‍പ് ഡെസ്ക്, ലോക കേരള സഭ എന്നിവയുടെ അംഗങ്ങളായ അനുപമ വെങ്കിടേഷ്, ലിഷര്‍ ടി.പി, ഷിബു പിള്ള എന്നിവര്‍ ഈ ഗ്രൂപ്പുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ ദുരിതം പരിഹരിക്കാന്‍ തുടര്‍ച്ചയായി ഇടപെടല്‍ നടത്തുകയും, ഈ യാത്രാസംഘത്തെ കേന്ദ്ര- സംസ്ഥാന സംഘടനകളുമായി ബന്ധിപ്പിക്കുകയും ചെയ്തു. അപ്പപ്പോള്‍ പല വിഷയങ്ങളിലും വരുന്ന സംശയങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നു വിവരങ്ങളെടുത്ത് മറുപടി നല്‍കാനും നോര്‍ക്ക ഹെല്‍പ് ഡെസ്കിനു സാധിച്ചു. അറ്റ്‌ലാന്റാ കോണ്‍സുലേറ്റിലെ മിനി നായരാണ് യാത്രക്കാര്‍ക്ക് അളവറ്റ സഹായം നല്‍കിയ മറ്റൊരു വ്യക്തി. വി.ബി. എമ്മിനെക്കുറിച്ചുള്ള പ്രസക്തമായ എല്ലാ വിവരങ്ങളും പങ്കുവെയ്ക്കുകയും, എല്ലാ അടിന്തര  കേസുകളിലും ഇടപെടുകയും വേണ്ട ഉപദേശം അപ്പപ്പോള്‍ നല്‍കുകയും ചെയ്തത് ഈ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളെ അര്‍ത്ഥവത്താക്കി. ആദ്യ.ദിവസം മുതല്‍ ഈ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ താങ്ങായി നിന്ന് ബന്ധപ്പെട്ട എല്ലാ കക്ഷികളേയും യാത്രാഗ്രൂപ്പുമായി സഹകരിപ്പിച്ചത് ഈ ഗ്രൂപ്പിന്റെ നട്ടെല്ലായ മിഷിഗണില്‍ നിന്നുള്ള സലിം മുഹമ്മദാണ്. വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ വിബിഎം യാത്രക്കാര്‍ക്കായി സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തില്‍ അശ്രാന്ത പരിശ്രമംനടത്തി പലരുടേയും യാത്ര സാധ്യമാക്കിയത് എസ്.എസ്.ഒ കോണ്‍സുലേറ്റില്‍ നിന്നുള്ള വിന്‍സെന്റ് വര്‍ക്കിയാണ്. ഇതുകൂടാതെ ഷിക്കാഗോയിലെ ഫോമയുടെ ടാക്‌സ് ഫോഴ്‌സ് കോര്‍ഡിനേറ്ററായ സുഭാഷ് ജോര്‍ജും യാത്രക്കാര്‍ക്കായി വേണ്ടുവോളം ഇടപെടലുകള്‍ നടത്തി. കേരളത്തിലേക്കുള്ള വിമാന സര്‍വീസുകള്‍ വൈകുന്ന സാഹചര്യമുണ്ടായപ്പോള്‍ ചാര്‍ട്ടേഡ് സര്‍വീസുകള്‍ നടത്താനായി എല്ലാ ശ്രമങ്ങള്‍ക്കും കൂടെ നിന്നത് വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതാവ് തോമസ് മൊട്ടയ്ക്കലും ക്യാപ്റ്റന്‍ സാക്കിറുമാണ്.

വിവിധ സംഘടനകളുടേയും സ്ഥാപനങ്ങളുടേയും കൃത്യമായ ഏകോപനം എങ്ങനെയാണ് ഒരു വലിയ വിഭാഗം മലയാളികളെ ദുരിതദിനങ്ങളില്‍ നിന്ന് കരകയറ്റിയതിന് എന്നതിനു ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍. ജീവിതത്തില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തവരും ഭാവിയില്‍ കണ്ടുമുട്ടാനിടയില്ലാത്തവരുമായ ഒരുകൂട്ടം ആളുകള്‍ ഒത്തുചേര്‍ന്ന് സമാന സാഹചര്യത്തിലുള്ള നൂറുകണക്കിനാളുകളെ സ്വന്തം നാട്ടിലേക്ക് എത്തിക്കുന്നതിനു നടത്തിയ ഈ പ്രയത്‌നം കോവിഡ് കാലത്തിലെ വേറിട്ട കഥകളിലൊന്നുതന്നെയാണ്. "അനിശ്ചിതത്വത്തിന്റെ ഈ സമയങ്ങളില്‍ ഈ ഗ്രൂപ്പിനെ ഏകോപിപ്പിച്ച ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ച എല്ലാവര്‍ക്കും പ്രത്യേക നന്ദി. നിങ്ങള്‍ക്കെല്ലാവര്‍ക്കും പൂര്‍ണ്ണ ആരോഗ്യവും സന്തോഷവും നേരുന്നു.' എന്നു പറയുന്ന ഈ സംഘം ഇപ്പോള്‍ കരുതുന്നത് നാട്ടിലേക്ക് തിരിച്ചെത്തിയവരുടെ പുനരധിവാസത്തിനായും പ്രവര്‍ത്തിക്കണമെന്നതാണ്. ഇനിയും കേരളത്തിലേക്ക് വരാനുള്ളവര്‍ക്ക് ഏതു രീതിയിലുള്ള സഹായം നല്‍കാനും സന്നദ്ധരായി നില്‍ക്കുകയാണ് ചരിത്രം കുറിച്ച ഈ മലയാളികള്‍.

അമേരിക്കയില്‍ കുടുങ്ങിയ മലയാളികള്‍ക്ക് താങ്ങായി യുവാക്കളുടെ കൂട്ടായ്മ
Join WhatsApp News
രഞ്ജൻ 2020-07-13 20:51:55
July 19 ne vande bharat വഴി കൊച്ചിയിലേക്ക് ബുക്ക് ചെയ്തിട്ടുണ്ട്.newyork ‍ഡൽഹി കൊച്ചി ഒരേ ആണ് ‍ഡൽഹിയില് പ്രസ്നങ്ങൾ ഉണ്ടാകില്ല എന്ന് വിശ്വസിക്കുന്ന quarentine കൊച്ചിയിൽ ആണല്ലോ.any pecies of advise will be appreciated. Thanks
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക