Image

കോവിഡ് -19: അസ്ഥിരമായ കാലഘട്ടത്തിലേക്ക് യുഎസ് നീങ്ങുന്നുവെന്ന് വിദഗ്ദ്ധര്‍

അജു വാരിക്കാട് Published on 11 July, 2020
കോവിഡ് -19: അസ്ഥിരമായ  കാലഘട്ടത്തിലേക്ക് യുഎസ് നീങ്ങുന്നുവെന്ന് വിദഗ്ദ്ധര്‍
ഹ്യുസ്റ്റണ്‍: വര്‍ദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകളും ആശുപത്രിയിലാകുന്നവരുടെ എണ്ണം കൂടുന്നതും മൂലം പല സംസ്ഥാനങ്ങളും വീണ്ടും ഒരടച്ചു പൂട്ടേണ്ടി വന്നാല്‍ അത് 'നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും അസ്ഥിരമായ ഒരു കാലഘട്ടത്തിലേക്ക്' എത്തിക്കുമെന്നു ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ആശുപത്രികള്‍ക്ക് ഉള്‍ക്കൊള്ളാവുന്നതില്‍ കൂടുതല്‍ രോഗികളും ഐസിയു കിടക്കകളുടെ അഭാവവും മാത്രമല്ല അമിത ജോലി ചെയ്തു തളരുന്ന ആശുപത്രി ജീവനക്കാരും അവര്‍ രോഗികളായിത്തീരുന്നതും പ്രശ്‌നമാണ്. ഈ സാഹചര്യങ്ങളെ അതിജീവിക്കാന്‍ നമുക്ക് വേണ്ടത്ര മാനവവിഭവശേഷി ഇല്ല - ബെയ്ലര്‍ കോളേജ് ഓഫ് ട്രോപ്പിക്കല്‍ മെഡിസിന്‍ ഡീന്‍ ഡോ. പീറ്റര്‍ ഹോട്ടസ് പറഞ്ഞു.

അഞ്ച് സംസ്ഥാനങ്ങളില്‍ മാത്രമാണ് കഴിഞ്ഞ ആഴ്ചയില്‍ ശരാശരി പുതിയ ദൈനംദിന കേസുകളില്‍ 10% എങ്കിലും കുറവുണ്ടായത്.

ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം വെള്ളിയാഴ്ച 71,787 കേസുകളുണ്ടായി. ഇതൊരു റിക്കോര്‍ഡാണ്.

വൈറസിന്റെ വ്യാപനം മന്ദഗതിയിലാക്കാന്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ സ്വീകരിച്ച കരുതല്‍ നടപടികളിലേക്ക് നിരവധി പ്രാദേശിക അധിക്രുതര്‍ ചുവടു മാറുന്നു. കുറഞ്ഞത് 26 സംസ്ഥാനങ്ങളെങ്കിലും വീണ്ടും തുറക്കാനുള്ള പദ്ധതികള്‍ താല്‍ക്കാലികമായി നിര്‍ത്തുകയോ പിന്‍വലിക്കുകയോ ചെയ്തു.

'ഈ വൈറസുകളെക്കുറിച്ച് പഠിക്കുന്ന എല്ലാവരും, വേനല്‍ക്കാലമാണ് ശാന്തമായ സമയമെന്ന് കരുതുന്നു. ഇത് ശാന്തമായ സമയമാണെങ്കില്‍, ശൈത്യകാലം എങ്ങനെയായിരിക്കുമെന്ന് ചിന്തിക്കാനെ ആവുന്നില്ല - ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ മുന്‍ പ്രൊഫസര്‍ ഡോ. വില്യം ഹസെല്‍റ്റൈന്‍ പറയുന്നു

തണുപ്പു കാലത്ത് കോവിഡ് ശക്തമായ രണ്ടാം വരവ് നടത്താമെന്ന് ബ്രിട്ടീഷ് ശാസ്ത്രഞ്ജരും വ്യക്തമാക്കി. ചൂട് 39 ഡിഗ്രി ഫാരന്‍ഹൈറ്റില്‍ താഴുമ്പോള്‍ കോവിഡ് ശക്തമാകും. അത്തരമൊരവസ്ഥയില്‍ വീണ്ടും ലോക്ക് ഡൗണ്‍ ആവശ്യമായി വരും-അവര്‍ പറയുന്നു.

അമേരിക്കയില്‍ ഇന്നലത്തെ കണക്കനുസരിച്ചു ആകെ 3,29,000-ല്‍ പരം രോഗബാധയും 136,671 മരണങ്ങളുമാണ് ഉണ്ടായത്. ഇപ്പോള്‍ കുറഞ്ഞുവെങ്കിലും ഏറ്റവും കൂടുതല്‍ കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്തത് ന്യൂ യോര്‍ക്ക് സംസ്ഥാനത്തിലാണ്. 426,606 കേസുകളും 32,388 മരണങ്ങളും. രണ്ടാം സ്ഥാനത്ത് 15,595 മരണം ഉണ്ടായ ന്യൂജേഴ്സി. 318,941 കേസുകളും 7,021 മരണവുമായി കാലിഫോര്‍ണിയായും 4100-ല്‍ പരം മരണങ്ങളും 250,000-ല്‍ പരം കേസുകളുമായി ഫ്‌ലോറിഡയും 260,000 -ഓളം കേസുകളും 3,200-ല്‍ പരം മരണങ്ങളുമായി ടെക്‌സസും തൊട്ടു പിന്നില്‍.

ടെക്‌സസിലെ വരും ദിവസങ്ങളിലെ കടുത്ത ചൂട് മൂലം പല ടെസ്റ്റിംഗ് സൈറ്റുകളുടെയും സമയം മാറ്റി. 99/100 ഡിഗ്രി ചൂടാണ് കാലാവസ്ഥ പ്രവചനം. അതിനാല്‍ കാലത്തു ആറുമണിക്ക് ടെസ്റ്റിംഗ് ആരംഭിക്കും.

ഹ്യൂസ്റ്റണില്‍ കോവിഡ് നേരിടാന്‍ സൈന്യം മെഡിക്കല്‍ ടാസ്‌ക് ഫോഴ്സിനെ അയക്കും എന്ന് ഗവര്‍ണര്‍ ഗ്രെഗ് അബട്ട് വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. തിങ്കളാഴ്ച ഹ്യൂസ്റ്റണിലെത്തുന്ന സംഘത്തില്‍, യുഎസ് പ്രതിരോധ വകുപ്പില്‍ നിന്നുള്ള അര്‍ബന്‍ ഓഗ്മെന്റേഷന്‍ മെഡിക്കല്‍ ടാസ്‌ക് ഫോഴ്‌സും യുഎസ് ഹെല്ത്ത് ആന്റ് ഹ്യൂമന്‍ സര്‍വീസസില്‍ നിന്നുള്ള ദുരന്ത മെഡിക്കല്‍ സഹായ സംഘവും ഉള്‍പ്പെടുന്നു.

വൈറസ് എയറോസോള്‍ ഡ്രോപ്പുകള്‍ 16 മണിക്കൂര്‍ വരെ വായുവില്‍ തങ്ങി നില്‍ക്കാം എന്ന് ഗാല്‍വെസ്റ്റണ്‍ നാഷണല്‍ ലാബിന്റെ സയന്റിഫിക് ഡയറക്ടറും യുടിഎംബി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ ഇന്‍ഫെക്ഷന്‍ & ഇമ്മ്യൂണിറ്റിയുടെ ഡയറക്ടറുമായ ഡോ. സ്‌കോട്ട് വീവര്‍ പറഞ്ഞു. സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെയും മുഖത്തു മാസ്‌ക് ധരിക്കേണ്ടതിന്റെയും ആവശ്യകത ഇത് വീണ്ടും ഉറപ്പിക്കുന്നു. എന്നാല്‍ 10-15 മിനിട്ടു വരെ മാത്രം വായുവില്‍ തങ്ങി നില്‍ക്കും എന്നാണു ലോകാരോഗ്യ സംഘടന പറഞ്ഞത് (ചുമക്കുക, തുമ്മുക ഉറക്കെ സംസാരിക്കുക തുടങ്ങിയവ ചെയ്യുമ്പോള്‍ പുറത്തുവരുന്ന സ്രവകണങ്ങള്‍ വലുതായിരിക്കും. ഇവയ്ക്ക് രണ്ടുമീറ്ററുകള്‍ക്കപ്പുറത്തേക്ക് പോകാന്‍ സാധിക്കില്ല. ഭാരക്കൂടുതല്‍ ഉള്ളതിനാല്‍ താഴേക്ക് പതിക്കും. ഇതുകൊണ്ടാണ് ആളുകള്‍ അകലം പാലിച്ച് നില്‍ക്കണമെന്ന് നിര്‍ദ്ദേശിക്കുന്നത്.

എന്നാല്‍ അഞ്ച് മൈക്രോണില്‍ താഴെയുള്ള സ്രവകണങ്ങള്‍ ആണ് പുറത്തുവരുന്നതെങ്കില്‍ അവയെ എയ്‌റോ സോളുകള്‍ എന്നാണ് പറയുക. ഭാരക്കുറവ് കാരണം ഇവ വായുവില്‍ കൂടുതല്‍ നേരം തങ്ങിനില്‍ക്കും. 10 മുതല്‍ 15 മിനിറ്റുകള്‍ വരെ വായുവില്‍ ഇവ തങ്ങിനില്‍ക്കാന്‍ സാധ്യതയുണ്ട്. ചെറിയ കാറ്റോ മറ്റോ ഉണ്ടായാല്‍ അവ മറ്റൊരിടത്തേക്ക് മാറിപ്പോവുകയും ചെയ്യും. ഈ സമയത്തിനിടയില്‍ ഇവ ആരെങ്കിലും ശ്വസിക്കുന്നതിലൂടെ ഉള്ളിലെത്തിയാല്‍ അവര്‍ക്കും രോഗം വരാന്‍ സാധ്യതയുണ്ട്. അതുകൊണ്ടാണ് കോവിഡ്-19 വായുവില്‍കൂടി പകരുമെന്ന് പറയുന്നതെന്നും ലോകാരോഗ്യ സംഘടന പറയുന്നു.)

ടെക്‌സാസ് മെഡിക്കല്‍ സെന്ററില്‍ ഇന്നലെ 336 പുതിയ കോവിഡ് രോഗികളെ പ്രവേശിപ്പിച്ചു. ജൂലൈ 10 വരെയുള്ള കണക്കില്‍ തിവ്ര പരിചരണ വിഭാഗത്തില്‍ ഒന്നാം ഘട്ടത്തിലുള്ള എല്ലാ ബെഡ്ഡുകളും നിറഞ്ഞു. രണ്ടാം ഘട്ടത്തിലുള്ള ഐ.സി.യു ബെഡ്ഡുകള്‍ 24% മാത്രമേ ഇനി ഒഴിവുള്ളു. ഇതേ വളര്‍ച്ചാ നിരക്കില്‍ പോവുകയാണെങ്കില്‍ വരുന്ന 13 ദിവസത്തിനുള്ളില്‍ (7/23) മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കാം എന്ന് ടി.എം.സി വെബ്‌സൈറ്റ് സ്ഥിരീകരിച്ചു. 
കോവിഡ് -19: അസ്ഥിരമായ  കാലഘട്ടത്തിലേക്ക് യുഎസ് നീങ്ങുന്നുവെന്ന് വിദഗ്ദ്ധര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക