Image

പാമ്പും കോണിയും - നോവൽ - 2 - നിർമ്മല

Published on 11 July, 2020
പാമ്പും കോണിയും - നോവൽ - 2 - നിർമ്മല
ഒന്നും ഒരിക്കലും മാറുന്നില്ല .. ജീവിതം ആവർത്തനം മാത്രമാണ് '
ഒറ്റ മുറിയുണ്ടായിരുന്ന ഒന്നും ഒളിക്കാനിടമില്ലായിരുന്ന ബാല്യത്തിന്റെ വീട് വിട്ട് നാലായിരം ചതുരശ്രയടി വിസ്താരമേറിയ വീട്ടിൽ മധ്യവയസ്സിൽ കണ്ടെത്തിയ അറിവുമായി സാലിയിരുന്നു.
എന്നാൽ
എപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് അറിയാനേ പറ്റാത്തതാണു ജീവിതം തെയ്യാമ്മയ്ക്ക് ..
കഥ തുടരുന്നു..
പാമ്പും കോണിയും
                            ---        ---

എപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് അറിയാനേ പറ്റാത്തതാണു ജീവിതം.!
മുറിഞ്ഞുപോയ ഉറക്കത്തിനോടു പല്ല് കടിച്ച് പ്രയർ ഹാളിലേക്കു ഡ്രൈവ് ചെയ്യുമ്പോൾ തെയ്യാമ്മ ആധിയോടെ ഓർത്തു. അവളോർക്കുന്ന വഴിയിലൂടെയൊന്നുമല്ല ജീവിതം പായുന്നത്. ഈപ്പൻ വീട്ടിലുണ്ടാവില്ലെന്നും നന്നായിട്ട് ഒന്ന് ഉറങ്ങണമെന്നും കരുതിയാണ് തെയ്യാമ്മ ആശുപത്രിയിൽ നിന്നും ഇറങ്ങിയത്.
രാത്രിജോലി കഴിഞ്ഞു വന്ന അവൾ കുളിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു.
ഈയിടെയായി തെയ്യമ്മയുടെ ഉറക്കം സ്വപ്നങ്ങളുടെ ചതുപ്പാണ്. വാലും തുമ്പുമില്ലാതെ പരിചിതവും അപരിചിതവുമായ സ്ഥലങ്ങളിലൂടെ ഉറക്കം അവളെ വലിച്ചിഴയ്ക്കും. താഴ്ന്നും പൊങ്ങിയും നനഞ്ഞും ഉറക്കം ശ്രമകരമായ ഒരു അധ്വാനമായി മാറിയിരിക്കുന്നു തെയ്യാമ്മയ്ക്ക്. അതിനിടയിൽ ചെറിയൊരു ശബ്ദം മതി ഉണർന്നു പോവാൻ.ശബ്ദമുണ്ടാക്കാതെ തന്നെ മുറിയിലേക്ക് ആരെങ്കിലുമൊന്ന് കയറിയാലും തെയ്യാമ്മ ഉണരും. ചില നേരത്ത് വിയർപ്പിൽ നനഞ്ഞിരിക്കും. ഉണർന്നാൽപ്പിന്നെ തെയ്യാമ്മയുടെ ഉറക്കം വിളിച്ചാൽ വരാതെ പൊയ്ക്കളയും.പിന്നെയുള്ളത് ക്ഷീണം. അന്തമില്ലാത്ത ക്ഷീണം മാത്രം.
ഓർമ്മിച്ചെടുക്കാൻ പറ്റാത്തൊരു സ്വപ്നത്തിന്റെ തുമ്പിൽ ഭയന്നു കിതച്ച് ഉറക്കത്തിലേക്കു മടങ്ങാൻ മടിക്കുന്ന ശരീരവുമായി കിടക്കുമ്പോഴാണ് താഴെ ആരൊക്കെയോ വന്നിട്ടുണ്ടെന്ന് തെയ്യാമ്മ ശബ്ദം കൊണ്ടു തിരിച്ചറിഞ്ഞത്. വിജയനും ജോർജ്ജുമാവും - അവൾ മനസ്സിൽ കണക്കു കൂട്ടി.
അവരോടു കൂടിയാൽ ഈപ്പൻ ഉച്ചത്തിൽ സംസാരിക്കും. പ്രതിഷേധിക്കും.പരാതികൾ പറഞ്ഞു കൂട്ടും. ഇന്ന് എന്തിനെപ്പറ്റിയാവും ത്രിമൂർത്തികളുടെ പരാതി എന്നവൾ പല്ലിറുമ്മി .
തെയ്യാമ്മ കിടക്കയുടെ അരികിലെ ടേബിളിൽ വെച്ചിരിക്കുന്ന ക്ളോക്കിലേക്കു നോക്കി. സമയം പന്ത്രണ്ടായതേയുള്ളു. കഷ്ടിച്ച് മൂന്ന് മണിക്കൂർ ഉറക്കമാണ് ഇന്ന് അവൾക്കു കിട്ടിയിരിക്കുന്നത്. അവളെ നന്നായി വിയർക്കുന്നുണ്ടായിരുന്നു.
അവർക്ക് ഊണു കൊടുക്കണം !
ഉറക്കം തീരാത്തതിന്റെ അലോസരത്തോടെ തെയ്യാമ്മ എഴുന്നേറ്റു. കുളിമുറിയിൽ കയറി മൂത്രമൊഴിച്ചു.പിന്നെ ഉറക്കത്തെ മാറ്റി നിർത്താനായി മുഖം പല തവണ വെള്ളമൊഴിച്ചു കഴുകി.പോളിസ്റ്റർ നൈറ്റി മാറ്റി പാന്റും സ്വെറ്ററുമിട്ട് മുടി ചീകി വലിയൊരു ക്ളിപ്പുകൊണ്ട് ഒന്നിച്ചു ചേർത്തു കുത്തി.ഒരിക്കൽ കൂടി കോട്ടുവായിട്ട് തെയ്യാമ്മ അലങ്കോലപ്പെട്ട കിടക്കയെ നോക്കി. വിരിച്ചിടണോ എന്നു സംശയിച്ചു.
ഉറക്കം തീർന്നിട്ടില്ല. പക്ഷേ, എല്ലാവരുടെയും ഊണുകഴിയാൻ ഒരു മണിക്കൂറെങ്കിലും വേണ്ടേ? പിന്നെ പാത്രമൊക്കെ കഴുകിവച്ച് വന്നു കിടക്കുമ്പോഴേക്കും രണ്ടു മണി ആവും എന്നവൾ മനക്കണക്കു കൂട്ടി. കുറച്ചു നേരം മടിച്ചു നിന്നിട്ട് കിടക്ക വിരിക്കാതെ തന്നെ താഴേക്കു പോവാൻ തെയ്യാമ്മ തീരുമാനിച്ചു. ഉറക്കച്ചടവും ഉണർത്തിയതിന്റെ പ്രതിഷേധവും ഒളിപ്പിച്ച് മുഖത്തൊരു ചിരി വരുത്തി തെയ്യാമ്മ താഴത്തെ നിലയിലേക്കു പോയി.
തെയ്യാമ്മ ജോർജ്ജിനോടും വിജയനോടും ചിരിച്ചു.
- അയ്യോ ഞങ്ങളുണർത്തിയോ?
വിജയന്റെ ചോദ്യത്തിനു മര്യാദയ്ക്കു പര്യായമായി അവൾ നുണ പറഞ്ഞു.
- ഏയ് ഇല്ല. ഊണു വിളമ്പാൻ എന്തായാലും ഞാൻ എഴുന്നേൽക്കും.
അതു പറഞ്ഞ് അവർ ചുറ്റളവു കൂടി വരുന്ന നടുഭാഗം കുലുക്കി അടുക്കളയിലേക്കു നടന്നു. ഇപ്പോഴായി ശരീരം അവർക്കൊരു ഭാരമായി മാറിയിരിക്കുന്നു. പുറം വേദനിക്കുന്നു. കൈകാൽ കഴയ്ക്കുന്നു.
തെയ്യാമ്മ എപ്പോഴും ശരീരത്തെപ്പറ്റി ചിന്തിച്ചു.
_ വല്ലാത്ത ക്ഷീണം. ഒന്നു കിടക്കാൻ പറ്റിയെങ്കിൽ !
എത്ര ഉറങ്ങിയിട്ടും അവരുടെ ഉറക്കം തീർന്നതേയില്ല. ചിലപ്പോൾ തെയ്യാമ്മ വെറുതെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കും. എത്ര കഴിച്ചിട്ടും എന്തൊക്കെ കഴിച്ചിട്ടും അവൾക്ക്കു തൃപ്തി വന്നില്ല.
ഇവരൊന്നു ബഹളം നിർത്തിയിട്ടു പോയിരുന്നെങ്കിൽ കുറച്ചു കൂടി കിടക്കാമായിരുന്നു എന്നോർത്ത് തെയ്യാമ്മ ഊണുകഴിയാനായി അടുക്കളയിലെ കസേരയിൽ കാത്തിരുന്നു.
അതിഥികൾ പോയിക്കഴിഞ്ഞപ്പോൾ മൂന്നു മണിയായിരുന്നു. അത്താഴത്തിനും അടുത്ത നൈറ്റിനും ഇടയിൽ ഉറങ്ങാൻ സമയം തികയില്ല. അതു കൊണ്ട് തെയ്യാമ്മ പ്രയർ ഹാളിലേക്കു പോകാമെന്നു വെച്ചു.
ഹൈവേയിൽ നിന്നും അധികം അകലെയല്ലാതെ ഒറ്റപ്പെട്ടു നിൽക്കുന്നൊരു കെട്ടിടമായിരുന്നു മലയാളികളുടെ പ്രയർ ഹാൾ. കള്ളുഷാപ്പുകളുടെ മെടപോലെ സൈഡിങ്ങുകൾ ചേർത്തടിച്ച് കൂർത്ത മേൽക്കൂരയുമായി ഒരു വെളുത്ത കെട്ടിടം. വെള്ളിയാഴ്ചയും ഞായറാഴ്ചയും അതിൽ വിശ്വാസികളും ചൂടും വെളിച്ചവും നിറഞ്ഞു.മറ്റു സമയത്തൊക്കെ അത് തണുപ്പിൽ വിറച്ചു മൗനമായി നിന്നു.
ആ കെട്ടിടത്തിനു പ്രൗഢി കുറവായിരുന്നെങ്കിലും സ്വന്തമെന്നതിൽ മലയാളികൾ അഭിമാനിച്ചു. വേദപുസ്തകവും പാട്ടുപുസ്തകങ്ങളും സൂക്ഷിച്ചു വെക്കാം. അവർ കൂട്ടമായി ഉച്ചത്തിൽ പാട്ടുപാടി , പ്രാർത്ഥിച്ചു. വേദന കൊണ്ടും രോഗങ്ങൾ കൊണ്ടും വലഞ്ഞവർ. സ്വന്തം സങ്കടങ്ങളും വേദനകളും പുറത്തു പറയാതെ മറ്റുള്ളവരുടെ സങ്കടങ്ങളിൽ ഒന്നിച്ചു സഹതപിച്ചു.പരസ്പരം പറഞ്ഞാശ്വസിപ്പിച്ചു. ചിലരൊക്കെ ഭക്ഷണമുണ്ടാക്കി കൊണ്ടുവന്നു. നന്ദിയോടെ അധികം വന്ന ഭക്ഷണം വീട്ടിൽ കൊണ്ടുപോയി.
അവിടെ ആരും കുറ്റക്കാരായിരുന്നില്ല. കുറവുള്ളവരെ ദൈവം സ്നേഹിക്കുന്നു എന്ന മധുരതത്ത്വം അവരിൽ തൃപ്തിയും ആശ്വാസവും നിറച്ചു. അവർ ഏകാഗ്രതയോടെ പ്രാർത്ഥിച്ചു.ആ കെട്ടിടത്തെത്തന്നെ മറിച്ചിടുമെന്നു ഭീഷണിപ്പെടുത്തുന്ന കാറ്റും എല്ലു മരവിപ്പിക്കുന്ന തണുപ്പും ഷോപ്പിങ് മാളിലെ ആഡംബര സാധ്യതകളും മറന്ന് അവർ ഓരോ ആവശ്യങ്ങൾ ദൈവത്തിനു മുന്നിൽ വെച്ചു. രോഗമുള്ളയാളെ സുഖപ്പെടുത്തണം, ജോലിയില്ലാത്തയാൾക്കു ജോലി കൊടുക്കണം. വീടു വിൽക്കാൻ ശ്രമിക്കുന്നയാളുടെ വീട് നല്ല വിലയ്ക്കു വിറ്റുകൊടുക്കണം.കുട്ടികൾ പഠിച്ച് നല്ല നിലയിലെത്തണം. തിന്മകളിൽ നിന്നും അകറ്റണം.
എന്നാൽ അവർ ആദ്യം നന്ദിയോടെ തുടങ്ങി.
- കർത്താവേ, നിന്റെ എല്ലാ വിധമായ അനുഗ്രഹങ്ങൾക്കായിട്ടും നന്ദി.സ്തോത്രം കർത്താവേ സ്തോത്രം.
കൂടിയിരുന്നവർ ഒരേ ഹൃദയത്തോടെ ഏറ്റുപറഞ്ഞു.
- കർത്താവേ സ്തോത്രം... സ്തോത്രം...
മധുരമായ പാട്ടുകൾ ഹാളിന്റെ ഭിത്തിയും കടന്നിറങ്ങി.
രട്ടു പുതച്ച് വെണ്ണീറിലിരുന്ന് ഏറ്റു പറഞ്ഞ് ഇല്ലാതാക്കേണ്ട പാപങ്ങൾ ധാരാളമുണ്ടെന്ന് തെയ്യാമ്മയുടെ മനസ്സു നിരന്തരം കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു.
സന്ധ്യാനമസ്കാരത്തിന്റെ വഴികൾ അവരുടെ മനസ്സിൽ ചുട്ടുപഴുത്തു കിടന്നു.
- തന്റെ പെസഹാ യാ ലേ ...
പെസഹായുടെ കുഞ്ഞാടിനെയറുത്ത...
മുല്ലപ്പൂ വിരിയാൻ തുടങ്ങുന്ന നേരത്ത് നമസ്കാരത്തിനു പുറപ്പെട്ടാൽ മടങ്ങി വരുമ്പോഴേക്കും മുറ്റത്ത് മണം പരത്തി നിൽക്കാറുള്ള മുല്ലപ്പൂക്കളെ തെയ്യാമ്മ ഈസ്റ്റർ കാലത്ത് ഓർത്തു. അപ്പോൾ കാനഡയിൽ മഞ്ഞുവീഴുന്ന മാർച്ച് മാസം ആയിരുന്നു. വാതിലിനു പുറത്തേക്കു കടക്കുമ്പോൾ തണുത്ത വായു അകത്താക്കി കുത്തിക്കുത്തി ചുമച്ച് തെയ്യാമ്മയുടെ ശ്വാസകോശം പരിഭവിച്ചു.
- വയ്യ ഇനി വയ്യ, വയ്യാതായിരിക്കുന്നു.
വീട്ടിലെത്തുമ്പോൾ തെയ്യാമ്മയുടെ കാലിൽ വേരിക്കോസ് വെയിൻ പിടഞ്ഞു. വേദനിക്കുന്ന കാലുമായി അവൾ ഈപ്പനോടു ചേർന്നിരുന്നു. അയാൾ അകന്നിരുന്ന് പത്രം വായിക്കുവാൻ തുടങ്ങി.
ഈപ്പന് ഇഷ്ടമില്ലാതിരുന്നിട്ടും തെയ്യാമ്മ പതിവായി പ്രാർത്ഥനയ്ക്കു പോയി. ഒരു പക്ഷേ, കുറ്റബോധമില്ലാതെ അവൾ ചെയ്ത ഒരേയൊരു കാര്യം അതായിരുന്നിരിക്കാം. തെയ്യാമ്മയ്ക്ക് പ്രയർ ഹാളിലെ പ്രാർത്ഥനപ്പാട്ടുകൾ ഹരമായിരുന്നു.ഇരുപ്പിലും നടപ്പിലും പാട്ടു മൂളാത്തപ്പോൾ അവൾ പ്രാർത്ഥിച്ചുകൊണ്ടിരുന്നു.
ജോലിക്കിടയിൽ നോർമ്മ തെയ്യാമ്മയോടു ചോദിച്ചു.
- നീയെന്താ എപ്പോഴും ചുണ്ടനക്കുന്നത് ?
തെയ്യാമ്മയ്ക്കു നാണക്കേടു തോന്നി. എന്നിട്ടും അവൾ സത്യം പറഞ്ഞു.
- ഞാൻ പ്രാർത്ഥിക്കുകയാണ്.
- എന്താണു നീ എപ്പോഴും പ്രാർത്ഥിക്കുന്നത് ?
തെയ്യാമ്മ ഓർത്തുനോക്കി. എന്താണിപ്പോൾ പ്രാർത്ഥിച്ചത് ?
- ദൈവമേ തെറ്റുകളും കുറ്റങ്ങളും അഹങ്കാരങ്ങളും ക്ഷമിക്കണേ.
അതേ, എപ്പോഴും അതാണു സ്വയം പറഞ്ഞു കൊണ്ടിരിക്കുന്നത്.
- നീ എന്തു വലിയ തെറ്റാണു ചെയ്തത് ?
നോർമ്മ വിടാൻ ഭാവിച്ചിട്ടില്ലായിരുന്നു.'
എനിക്കറിയില്ല. അറിഞ്ഞോണ്ടു ചെയ്തിട്ടില്ല. അറിയാതെ നമ്മൾ എന്തൊക്കെ തെറ്റുകൾ ചെയ്യുന്നുണ്ടാവും
- അറിയാതെ ചെയ്യുന്നതു തെറ്റല്ല, അബദ്ധമാണ്. ഇന്ന് ഉണർന്നു കഴിഞ്ഞിട്ട് നീ എന്തൊക്കെ ചെയ്തു?
- ഉണർന്നു കഴിഞ്ഞിട്ട് വീട്ടിലെ കുറച്ചു പണികളൊക്കെ ചെയ്തു. ഒരുങ്ങി ജോലിക്കു വന്നു. ഇവിടെ വന്നു ജോലി ചെയ്യുന്നു. അല്ലാതെന്താ?
- അത് അത്രയ്ക്കു വലിയ തെറ്റാണോ?
തെയ്യാമ്മ പുഞ്ചിരിച്ചു.
പണ്ടൊക്കെ ചെയ്ത തെറ്റുകൾ കാണില്ലേ? അതിനുള്ള ശിക്ഷയായിരിക്കും ഇപ്പോൾ കിട്ടുന്നത്.
- എന്തു ശിക്ഷ ?എന്തു തെറ്റ്? നീ എന്തിനാണിങ്ങനെ കുറ്റബോധത്തിൽ ജീവിക്കുന്നത് ?
തെയ്യാമ്മ പല തവണ ആലോചിച്ചു നോക്കി. എപ്പോഴും ഉള്ളിൽ അപരാധ ബോധമാണ്. ചെയ്തതെന്നും ശരിയായിട്ടില്ലെന്ന തോന്നൽ. അതെന്താണ് അങ്ങനെ ? അങ്ങനെ തോന്നുന്നതു ശരിയല്ലെന്നല്ലേ നോർമ്മ പറയുന്നത്.
ശരിക്കും ഞാനൊരു തെറ്റുകാരിയാണോ?
തെയ്യാമ്മ തെറ്റുകളുടെ, ശരിയുടെ, വിധിയുടെ, ജീവിതത്തിന്റെ കുരുക്കഴിക്കാൻ ശ്രമിച്ചു നോക്കി. തെയ്യാമ്മയുടെ മക്കൾക്ക് അമ്മയോടു സംസാരിക്കാൻ ഒന്നുമില്ലായിരുന്നു. മക്കൾ തന്നോടു മിണ്ടാത്തത് സ്വന്തം തെറ്റല്ലേ? അവരെ ശരിക്കു വളർത്താതിരുന്നത് തെറ്റല്ലേ ?
എന്തായിരുന്നു ശരി ? ഇപ്പോഴും ഒന്നും തീർച്ചയില്ല തെറ്റാണെന്നറിഞ്ഞു കൊണ്ടാണോ അവരെ അങ്ങനെ വളർത്തിയത്? വളർത്തലിലെ ഏതു ഭാഗമായിരുന്നു തെറ്റെന്ന് തെയ്യാമ്മയ്ക്കു മനസ്സിലായില്ല. എന്നിട്ടും ചെയ്തതൊക്കെ തെറ്റായിപ്പോയെന്ന് തുടർച്ചയായി അവർക്കു തോന്നി.
                                        ----       ------        ------  ----


തുടക്കം വായിക്കാൻ...  https://www.emalayalee.com/varthaFull.php?newsId=215662  
പാമ്പും കോണിയും - നോവൽ - 2 - നിർമ്മല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക