Image

സ്വര്‍ണ്ണക്കടത്ത് കേസന്വേഷണം യുഎഇയിലേക്ക്; ഫാസില്‍ ഫരീദിനെ കൈമാറാന്‍ ഇന്ത്യ ആവശ്യപ്പെടും

Published on 12 July, 2020
സ്വര്‍ണ്ണക്കടത്ത് കേസന്വേഷണം യുഎഇയിലേക്ക്; ഫാസില്‍ ഫരീദിനെ കൈമാറാന്‍ ഇന്ത്യ ആവശ്യപ്പെടും

ഡല്‍ഹി: സ്വര്‍ണ്ണക്കടത്ത് കേസന്വേഷണം യുഎഇയിലേക്ക് നീളുന്നു. കേസിലെ മൂന്നാം പ്രതിയായ ഫാസില്‍ ഫരീദിനെ ഇന്ത്യക്ക് കൈമാറാന്‍ യുഎഇയോട് ആവശ്യപ്പെടുമെന്നാണ് സൂചന. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായും സൂചനയുണ്ട്.


ഫാസില്‍ നേരത്തെയും ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് സ്വര്‍ണ്ണം കടത്തിയതായി അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. സ്വര്‍ണ്ണക്കടത്തിലൂടെ സമാഹരിക്കുന്ന തുക ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നതായാണ് എന്‍ ഐ എക്ക് ലഭിച്ച വിവരം.


കള്ളക്കടത്ത് സ്വര്‍ണ്ണം വാങ്ങിയ വ്യക്തികള്‍ക്ക് ഭീകര പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധമുള്ളതായാണ് സൂചന. ഇവരെ ഉടനടി പിടികൂടാനുള്ള നടപടിക്രമങ്ങള്‍ ഊര്‍ജിതമായി മുന്നോട്ടുപോവുകയാണ്. വിദേശ രാജ്യങ്ങളില്‍ പോയി അന്വേഷണം നടത്താനുള്ള അധികാരം എന്‍ ഐ എയ്ക്ക് ഉണ്ട്. 


യു എ ഇ സര്‍ക്കാരുമായി നിലവിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ വിദേശത്തേക്ക് പോകാനും സാദ്ധ്യതയുണ്ട്.


യുഎഇയില്‍ നിന്നും സ്വര്‍ണമടങ്ങിയ നയതന്ത്ര ബാഗ് തയ്യാറാക്കി അയച്ചത് ഫാസിലാണെന്ന് കേസില്‍ നേരത്തെ പിടിയിലായ സരിത് മൊഴി നല്‍കിയിരുന്നു. ഫാസില്‍ ഫരീദെന്ന പേര് വ്യാജമാണെന്ന നിഗമനത്തിലായിരുന്നു


അന്വേഷണ സംഘം. എന്നാല്‍ അതിനിടെ ഫാസിലിന്റെ ദൃശ്യങ്ങള്‍ സ്വകാര്യ ചാനല്‍ പുറത്തു വിടുകയായിരുന്നു. ഫാസിലിനെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങളും ചാനല്‍ പുറത്തുവിടുന്നു.


എന്‍ഐഎ റജിസ്റ്റര്‍ ചെയ്ത് എഫ്‌ഐആറില്‍ മൂന്നാം പ്രതി. തൃശൂര്‍ കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയാണ് ഫാസില്‍. ദുബായിലെ ഖിസൈസില്‍ ജിംനേഷ്യം, ആഡംബര വാഹന വര്‍ക് ഷോപ് അടക്കമുള്ള സ്ഥാപനങ്ങള്‍ സ്വന്തമായുള്ള ബിസിനസുകാരനായ ഫാസില്‍ ദുബായ് നഗരപ്രദേശമായ റാഷിദിയ്യയിലാണ് താമസിക്കുന്നത്. 


ദുബായിലെത്തുന്ന സിനിമക്കാരുമായി അടുത്ത സൗഹൃദം സൂക്ഷിക്കുന്ന പ്രതി കോഴിക്കോട്ടെ സ്വര്‍ണക്കടത്തുകാരുമായി ബന്ധം പുലര്‍ത്തുന്നില്ലെന്നാണ് വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക