Image

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രഭരണത്തില്‍ രാജകുടുംബത്തിന് അവകാശം

Published on 13 July, 2020
ശ്രീ പദ്മനാഭസ്വാമി ക്ഷേത്രഭരണത്തില്‍ രാജകുടുംബത്തിന് അവകാശം
ന്യൂഡല്‍ഹി: ശ്രീ പദ്മനാഭസ്വാമി ക്ഷേത്രഭരണത്തില്‍ രാജകുടുംബത്തിന് അവകാശമില്ലെന്ന കേരള ഹൈക്കോടതി വിധി തെറ്റാണെന്ന് ചൂണ്ടിക്കാട്ടി രാജകുടുംബം നല്‍കിയ അപ്പീല്‍ സുപ്രീം കോടതി അംഗീകരിച്ചു. അതേസമയം ഭരണച്ചുമതല താല്‍ക്കാലിക ഭരണ സമിതിക്കെന്നും സുപ്രീം കോടതി വ്യക്തമാക്കി.

പുതിയ ഭരണസമിതി രൂപവത്കരിക്കുന്ന സമയം വരെ നിലവിലെ സമിതിക്ക് തുടരാം. ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സ്ഥിരം ഭരണസമിതിക്ക് തീരുമാനിക്കാം.

ജസ്റ്റിസുമാരായ യു.യു.ലളിതും, ഇന്ദു മല്‍ഹോത്രയും അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസ് യു.യു. ലളിതാണ് വിധി പ്രസ്താവം നടത്തിയത്.

ക്ഷേത്ര  സ്വത്തില്‍ ഒരു അവകാശവും രാജകുടുംബം ഉന്നയിക്കുന്നില്ല. ക്ഷേത്രത്തിന്റെ ആസ്തിയും സ്വത്തും പ്രതിഷ്ഠക്ക് അവകാശപ്പെട്ടതാണ്. അത് നോക്കിനടത്താനുള്ള ഭരണപരമായ അവകാശമാണ് രാജകുടുംബം കോടതിയില്‍ ആവശ്യപ്പെട്ടത്.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന 2011 ലെ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. ക്ഷേത്രത്തിന്റെ ഭരണവും ആസ്തിയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നായിരുന്നു ഹൈക്കോടതി വിധി.

ക്ഷേത്രത്തിലെ എല്ലാ നിലവറകളും തുറന്ന് ആസ്തിയും മൂല്യവും തിട്ടപ്പെടുത്തണം, നിധികള്‍ പ്രദര്‍ശിപ്പിക്കാന്‍ മ്യൂസിയമുണ്ടാക്കണം തുടങ്ങിയ നിര്‍ദേശങ്ങളും ജസ്റ്റിസുമാരായ സി.എന്‍. രാമചന്ദ്രന്‍ നായര്‍, കെ. സുരേന്ദ്രമോഹന്‍ എന്നിവരുടെ ബെഞ്ച് സര്‍ക്കാരിന് നല്‍കിയിരുന്നു.

തിരുവിതാംകൂറിലെ അവസാനത്തെ രാജാവിന് ശേഷമുള്ള ഭരണാധികാരി സംസ്ഥാന സര്‍ക്കാരാണെന്നും ക്ഷേത്രം രാജാവിന്റെ അനന്തരാവകാശിക്ക് കൈമാറാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ അത് സര്‍ക്കാരില്‍ നിക്ഷിപ്തമാകുമെന്നുമാണ് 2011 ജനുവരിയില്‍ ഹൈക്കോടതി പുറപ്പെടുവിച്ച വിധിയില്‍ വ്യക്തമാക്കിയിരുന്നത്.

എട്ടംഗ അംഗ ഭരണസമിതി രൂപീകരിക്കുന്നതിനുള്ള ശുപാര്‍ശയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിക്ക് കൈമാറിയത്. 'പദ്മാനാഭ ദാസന്‍' ഭരണ സമിതിയില്‍ അംഗം ആയിരിക്കും എന്ന് സര്‍ക്കാര്‍ ശുപാര്‍ശയില്‍ വ്യക്തമാക്കിയിരുന്നു. അഞ്ച് അംഗങ്ങളെ മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങള്‍ നോമിനേറ്റ് ചെയ്യും. ഇതില്‍ ഒരു വനിതയും, പട്ടിക ജാതി/പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ഒരു അംഗവും ഉണ്ടാകും.

ദേവസ്വത്തിലെ ഒരു ജീവനക്കാരനെ മന്ത്രിസഭയിലെ ഹിന്ദു അംഗങ്ങള്‍ നാമനിര്‍ദേശം ചെയ്യും. മുഖ്യതന്ത്രി എക്‌സ്-ഒഫീഷ്യോ മെമ്പര്‍ ആകും. തൊട്ട് കൂടായ്മയില്‍ വിശ്വസിക്കുന്നവരെയും ഹിന്ദുമത വിശ്വാസികള്‍ അല്ലാത്തവരെയും ഭരണസമിതിയിലേക്ക് നാമനിര്‍ദേശം ചെയ്യില്ല. സര്‍ക്കാര്‍ ജീവനക്കാരെയും നാമനിര്‍ദേശം ചെയ്യില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
Join WhatsApp News
Adv.SriJith perumana 2020-07-13 10:29:26
മതവും, ദൈവവും ഉൾപെട്ട വാർത്തയായതിനാൽ പലരും മൗനബുജികളാകും എന്നറിയാം. എങ്കിലും പറഞ്ഞുതന്നെ ആകണം 🚩 22 ബില്യൺ അഥവാ 16,61,77,00,00,000.00 രൂപ മൂല്യമുള്ള 1179340.16 കിലോ ഗ്രാം അഥവാ 1300 ടണ്ണിൽ കൂടുതൽ സ്വർണ്ണ നിക്ഷേപമുള്ള ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് എന്ന് വാർത്ത ആത്മരതിച്ചാണ് കൊറോണക്കാലം നമ്മൾ കൊണ്ടാടിയത്.. ഒടുവിലിപ്പോൾ അതേ കൊറോണക്കാലത്ത് തന്നെ ക്ഷേത്രത്തിനുള്ള ഉടമസ്ഥാവകാശം വലിയ പരിധിവരെ രാജാവിന്റെ പിന്മുറക്കാർക്ക് നൽകി പരമോന്നത കോടതി വിളംബരം ചെയ്തിരിക്കുന്നു.. എത്ര ചിന്തനീയമാണ് ഈ വാർത്തകൾ. ❓️ ലോകത്തിലെ പല രാജ്യങ്ങളുടെയും കേന്ദ്ര ബാങ്കുകളിലേതിനേക്കാൾ വലിയ, ഒരു കനത്ത നിധിശേഖരമാണ്, പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിഗൂഡ നിലവറകളില്‍ സൂക്ഷിച്ചിരിക്കുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുള്ള അത്യപൂര്‍വ്വ സ്വര്‍ണ്ണനാണയക്കൂമ്പാരങ്ങള്‍, കിരീടങ്ങള്‍, വൈരം പതിച്ച സ്വര്‍ണ്ണാഭരണങ്ങള്‍, തങ്കത്തകിടുകള്‍, പഞ്ചലോഹ ഉപകരണങ്ങള്‍ മാത്രമല്ല വജ്രങ്ങളുടെ വൈവിധ്യങ്ങളാർന്ന ശേഖരങ്ങളും അവിടെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഇവയുടെ കാരറ്റ് മൂല്യം മാത്രം കണക്കിലെടുത്താല്‍, ഈ പറഞ്ഞ ഇരുത്തിരണ്ടിൽ കൂടുതൽ ബില്യണ്‍ ഡോളര്‍ വിലവരുമെന്നാണ് കണക്ക്. എന്നാല്‍ പൌരാണിക മൂല്യത്തിനു വിധേയമായി, ഇവ ലേലത്തിനോ മറ്റോ ഉപയോഗിച്ചാൽ പ്രവചിക്കാൻ സാധിക്കുന്നതിലും വലിയ സമ്പത്ത് ലഭിക്കും. തിരുവിതാംകൂർ രാജ വംശത്തിനോ കൊട്ടാരത്തിലോ പണം കായ്ക്കുന്ന മരങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല, ഭൂമി കുഴിച്ചുള്ള ശാസ്ത്രീയ മാർഗ്ഗങ്ങളും വശമില്ലായിരുന്നു. ഈ നിധിയുടെ പിന്നാമ്പുറ കഥകൾ ചികയുമ്പോൾ മനസിലാകുന്നത് ഇങ്ങനെ.., പാവപ്പെട്ട ജനങ്ങളിൽനിന്നും പ്രത്യേകിച്ച് ചോവന്റെയും ഹരിജനങ്ങളുടെ കയ്യിൽനിന്നും മുലക്കരം പുരക്കരം ഭൂമിക്കരം തുടങ്ങിയ വകയിൽ ശൂദ്രപ്പട്ടാളം പിരിച്ചെടുത്തു കൊട്ടാരത്തിൽ വച്ചിരുന്ന ധനം ആണത് അതായത് സാധാരണക്കാരനനായ അരപ്പട്ടിണിക്കാരനും മുഴുപ്പട്ടിണിക്കാരനും നികുതി അടച്ച പണം.. വെള്ളക്കാർ രാജ്യം ഭരിക്കുമ്പോൾ അത് അവർ മോഷ്ടിക്കാതിരിക്കാനായി അമ്പലത്തിൽ രഹസ്യ നിലവറ ഉണ്ടാക്കി അവിടെ ഒളിപ്പിക്കുന്നു. ഇതിൻറെ പൂർണ്ണവിവരം രാജ വംശത്തിനു അറിയാതെ പോകുന്നു.. ക്ഷേത്രത്തിലെ കൽപ്രതിമയായ പ്രതിഷ്ഠ സ്വർണം കഴിക്കില്ല അല്ലെങ്കിൽ അദ്ദേഹത്തിന് അരച്ച് കൊടുക്കാമായിരുന്നു. സ്വർണ്ണം കക്കുന്ന തിരുവിതാംകൂർ രാജരാജ തമ്പുരാക്കന്മാരുടെ കഥകൾ... കളവുകൾ കണ്ടെത്തിയ ശുദ്രന്മാരുടെ ശവം കുളത്തിൽ പൊങ്ങുന്നതുമെല്ലാം പഴങ്കഥകൾ... ബി നിലവറ തുറക്കരുത് എന്ന് പറഞ്ഞതിന് പിന്നിലെ ദുരുദ്ദേശങ്ങൾ അരിഭക്ഷണം കഴിക്കുന്നവർ മനസിലാക്കിയിട്ടുണ്ട്... ആചാര മര്യാദകളും പഴമകളും പാലിക്കണം എന്ന പതിവ് ഉഡായിപ്പുകളുമായി കലവറ തുറക്കുന്നതിനെതിരെ കോടതിയെ സമീപിച്ച തമ്പുരാക്കാൻമാരുടെ ഉദ്ദേശങ്ങളും ദൈവകാര്യമെന്ന പേരിൽ ചർച്ച ചെയ്യാതെ പോയി. നാട്ടിലെ സാധാരണക്കാരൻ നികുതിയിലൂടെയും മറ്റും നൽകുന്ന പണം ഉപയോഗിച്ചാണ് ഇനിയും തുറക്കാത്ത നിധി ശേഖരത്തിന് സർക്കാർ കാവൽ നിൽക്കുന്നത്.... കൊറോണയും മഹാമാരിയും വന്ന് മനുഷ്യരാശിയുടെ നിലനിൽപ്പുപോലും ത്രിശങ്കുവിൽ നിൽക്കുമ്പോഴും ലക്ഷക്കണക്കിന് ആളുകൾ പട്ടിണികൊണ്ട് മരിച്ചു വീഴുമ്പോഴും കണക്കില്ലാത്ത സമ്പത്തും അറയിൽ വെച്ച് ദൈവം സർക്കാർ കാവലിൽ കഴിയുന്നത് എത്രകണ്ട് വിരോധാഭാസമാണ്. വിശ്വാസികളുടെയോ ഹിന്ദുക്കളുടെയോ കാര്യം അവിടെ നിക്കട്ടെ ഈ l പറഞ്ഞതുപോലെ ക്ഷേത്രം പരിപാലിക്കുന്ന ആളുകൾക്ക് വേണ്ടിയെങ്കിലും ഈ സമ്പത്ത് ഉപയോഗപ്പെടുന്നില്ല എന്നത് എത്ര ലജ്ജാകരമാണ്. ലോകത്തിലെ ഏറ്റവും സമ്പന്മമായ ക്ഷേത്രം സാമ്പത്തിക പ്രതിസന്ധിയിൽ എന്ന വാർത്ത അക്ഷരാർത്ഥത്തിൽ ലോകത്തിനു മുൻപിൽ തുണി പൊക്കി കാണിക്കുന്നതിന് തുല്യമാണ് എന്ന് പറയാതെ വയ്യ.. .. ഞങ്ങളുടെ ദൈവമാണ്‌, ക്ഷേത്രത്തെക്കുറിച്ച് നിന്റെ ഉപദേശം വേണ്ട. ഒരുത്തനും ഹിന്ദുവിന്റെ സ്വത്ത് കൊടുക്കില്ല എന്നൊക്കെയുള്ള ആരോപണങ്ങളും, ആക്ഷേപങ്ങളുമായി വരുന്ന വെട്ടുകിളികൾക്ക് നല്ല നമസ്കാരം. വിധി പകർപ്പ് പൂർണ്ണമായും ലഭ്യമായില്ല എങ്കിലും വിധിയുടെ ഓപ്പറേറ്റിവ് ഭാഗത്ത് നിന്നും മനസിലാക്കുന്ന കാര്യങ്ങളിൽ സുപ്രീംകോടതി വിധിയോട് കടുത്ത വിയോജിപ്പ്. തെറ്റായ നിയമ വ്യാഖ്യാനമാണ് നടന്നിട്ടുള്ളത്. സംസ്ഥാന സർക്കാർ കേസിൽ റിവ്യൂ ഹർജ്ജി നൽകണം. ആചാരപരമായി രാജകുടുംബങ്ങൾക്ക് അധികാരം നൽകുന്നതിനെ അനുകൂലിക്കുന്നു. എന്നാൽ ഒരു പൊതു ക്ഷേത്രത്തെ ആരുടെയെങ്കിലും സ്വകാര്യസ്വത്തായി എഴുതി നൽകുന്നത് ജനാധിപത്യത്തിനും, ഭരണഘടനയ്ക്കും നന്നല്ല. ©️അഡ്വ ശ്രീജിത്ത്‌ പെരുമന
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക