Image

വിധുവിന്റെ പ്രൊജക്ടിന്റെ ഭാഗമാകാന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു'; വിവാദത്തില്‍ വിശദീകരണവുമായി നടി പാര്‍വതി

Published on 13 July, 2020
വിധുവിന്റെ പ്രൊജക്ടിന്റെ ഭാഗമാകാന്‍ കഴിയില്ലെന്ന് അറിയിച്ചിരുന്നു'; വിവാദത്തില്‍ വിശദീകരണവുമായി നടി പാര്‍വതി
കൊച്ചി: സംവിധായിക വിധു വിന്‍സെന്റ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി നടി പാര്‍വതി തിരുവോത്ത്.

സ്റ്റാന്‍ഡ് അപ് സിനിമയുമായി ബന്ധപ്പെട്ട് പാര്‍വതിയെ സമീപിച്ചിരുന്നെന്നും എന്നാല്‍ ഒരു മറുപടി പോലും തരാനുള്ള മാന്യത പാര്‍വതിയുടെ ഭാഗത്തു നിന്ന് ഉണ്ടായില്ലെന്നും ആയിരുന്നു വിധുവിന്റെ പരാമര്‍ശം. 

എന്നാല്‍, വിധുവിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് പാര്‍വതി. വിധു തന്റെ സ്ക്രിപ്റ്റ് റൈറ്ററേയും കൂട്ടി ഉയരെയുടെ സെറ്റില്‍ വരികയും താന്‍ സ്ക്രിപ്റ്റ് കേള്‍ക്കുകയും ചെയ്തിരുന്നെന്നും സ്ക്രിപ്റ്റ് കേട്ട ശേഷം അത് തനിക്ക് ചെയ്യാന്‍ ആകുമെന്ന് കരുതുന്നില്ലെന്ന് അവരോട് വിനയപൂര്‍വം പറഞ്ഞിരുന്നെന്നും മറുപടിയില്‍ പാര്‍വതി വ്യക്തമാക്കുന്നു. 

പാര്‍വതി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വിശദീകരണ കുറിപ്പ്,

'ഇതിനു മുന്‍പ് ഒരിക്കലും സോഷ്യല്‍ മീഡിയയില്‍ എന്തെങ്കിലും എഴുതാനിരിക്കുന്നത് എന്നെ ഇത്രയധികം അസ്വസ്ഥയാക്കിയിട്ടില്ല. ലോകം മുഴുവനും ഒരു മഹാമാരിയെ നേരിടാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഈ സമയത്ത്, ഇങ്ങനെ ഒരു കുറിപ്പ് എഴുതേണ്ടി വരുന്നത് ദൗര്‍ഭാഗ്യകരം തന്നെയാണ്. ഞാനും വിധുവും തമ്മില്‍ പരസ്പരം സംസാരിച്ച്‌ വ്യക്തത വരുത്താമായിരുന്ന ഒരു വിഷയമായിരുന്നിട്ടും, വിധു തന്റെ കത്ത് പരസ്യമാക്കിയതോടെയാണ് ഇങ്ങനെ ഒരു തുറന്ന പ്രസ്താവന എനിക്കും നടത്തേണ്ടി വരുന്നത്.

എന്റെ സഹപ്രവര്‍ത്തകയും സഹയാത്രികയുമായ വിധുവിന്റെ ആരോപണത്തിന് സമൂഹ മാധ്യമത്തിലൂടെ ഒരു മറുപടി നല്‍കണോ എന്ന്, ഒരുപാടാലോചിച്ച ശേഷമാണ് ഞാന്‍ ഒരു തീരുമാനമെടുത്തത് . ഇതിനു രണ്ടു കാരണങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന്; വിധുവിന്റെ ചില പരാമര്‍ശങ്ങള്‍ WCC എന്ന സംഘടനയെ കുറിച്ചാണ്; അത് ആദ്യം അഭിസംബോധന ചെയ്യപ്പെടണം എന്നെനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു- കാരണം ഈ കളക്ടീവും, അതുള്‍ക്കൊള്ളുന്ന മൂല്യങ്ങളും, കൊണ്ടുവരാന്‍ ശ്രമിക്കുന്ന മാറ്റങ്ങളും, എനിക്കത്രയും പ്രധാനപ്പെട്ടതാണ്. 

രണ്ടാമതായി, വിധു WCCയിലെ മറ്റ് ചില അംഗങ്ങള്‍ക്കെതിരെ ഉയര്‍ത്തിയ വ്യക്തിപരമായ ആരോപണങ്ങളാണ്. ഇതില്‍ എന്നെ കുറിച്ച്‌ വന്ന പരാമര്‍ശങ്ങള്‍ക്കുള്ള എന്റെ വ്യക്തിപരമായ പ്രതികരണമാണിത്. വിധു WCCക്ക് അയച്ച കത്തില്‍ ഞാന്‍ അവരുടെ ഓഫറിനോടും സ്ക്രിപ്റ്റിനോടും പ്രതികരിക്കുക പോലും ചെയ്യാതെ അവരെ അപമാനിച്ചു എന്ന് എടുത്തു പറയുന്നുണ്ട്. അതില്‍ പറഞ്ഞ സംഭവങ്ങളുടെ ക്രമത്തില്‍ വ്യക്തത വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

2018 മെയ് മാസത്തില്‍, 'കൂടെ', 'മൈ സ്റ്റോറി', എന്നീ സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയായിരുന്നെങ്കിലും, ആ സമയത്ത് ഞാന്‍ നേരിട്ട് കൊണ്ടിരുന്ന നിരന്തരമായ ഹേറ്റ് ക്യാമ്ബെയിനുകളും, ഭീഷണികളും, മാനസികമായി എന്നെ ഒരുപാട് തളര്‍ത്തിയിരുന്നു. എന്റെ ഡോക്ടറുടെ നിര്‍ദേശ പ്രകാരം ജോലിയില്‍ നിന്നും, അത് സംബന്ധിച്ച എല്ലാ കമ്മ്യൂണിക്കേഷനുകളില്‍ നിന്നും താല്‍ക്കാലികമായ ഒരു ഇടവേള ഞാന്‍ എടുത്തിരുന്നു. 

'ഉയരെ' യുടെ ചിത്രീകരണത്തിനായി 2018 നവംബറിലാണ് ഞാന്‍ ജോലി പുനരാരംഭിച്ചത്. 2018 ഡിസംബറില്‍, 'ഉയരെ'യുടെ ഷൂട്ടിംഗ് സമയത്ത് നടന്ന WCCയുടെ മീറ്റിംഗില്‍, ഞാന്‍ അവരുടെ കാസ്റ്റിംഗ് ഓഫറിന് പ്രതികരിച്ചില്ല എന്ന് വിധു പരാമര്‍ശിച്ചിരുന്നു. 

ഇതറിഞ്ഞ ഉടനെ തന്നെ വിധുവിനെ വിളിക്കുകയും, മെസേജ് ചെയ്യുകയും, ഇതിനായി മുന്‍പ് വിധു അയച്ച മെസ്സേജ് കാണാതെ പോയതിന് ക്ഷമ ചോദിക്കുകയും ചെയ്തു. ഒരു ഇടവേളയിലായിരുന്നെനും, വിധുവിന്റെ പ്രോജെക്ടിനെക്കുറിച്ച്‌ അറിയില്ലായിരുന്നുവെന്നും ഞാന്‍ അവരോട് പറഞ്ഞു. വാട്സാപ്പിലാണ് താന്‍ മെസ്സേജ് അയച്ചിരുന്നെതെന്ന് വിധു പറഞ്ഞപ്പോള്‍, അതൊന്നു കൂടി എനിക്കയക്കാന്‍ ഞാന്‍ അവരോട് റിക്വസ്റ്റ് ചെയ്തത് പ്രകാരം, 2018 മെയ് മാസം, 30ആം തീയതി അവരെനിക്കയച്ച മെസ്സേജ് വിധു വീണ്ടും അയച്ചു തന്നു. സിനിമയുടെ ഒരു പാരഗ്രാഫ് മാത്രം വരുന്ന രത്‌നച്ചുരുക്കം ആയിരുന്നു ആ മെസ്സേജ്. 

വീണ്ടും ക്ഷമ ചോദിച്ച ശേഷം ആ റോളിനായി എന്നെ അപ്പോഴും പരിഗണിക്കുന്നുണ്ടോ എന്ന് ഫോളോ അപ്പ് മെസേജിലൂടെ ചോദിച്ചിരുന്നു.
 വിധു തന്റെ താല്പര്യം അറിയിക്കുകയും, 'ഉയരെ'യുടെ സെറ്റില്‍ വെച്ച്‌ കാണാം എന്ന് തീരുമാനിക്കുകയും ചെയ്തു. ഒരു പ്രൊഫഷണല്‍ പ്രാക്ടീസ് എന്ന രീതിയില്‍, സാധാരണ ഗതിയില്‍, മറ്റൊരു സിനിമയുടെ സെറ്റില്‍ വെച്ച്‌ സ്ക്രിപ്റ്റ് നറേഷനുകള്‍ ഞാന്‍ ചെയ്യാറില്ല. എന്നിരുന്നാലും, ഇതിനായി വിധു ഇനിയും കാത്തിരിക്കരുത് എന്നുള്ള തീരുമാനത്തിലാണ് ഇങ്ങനെ ഒരു മീറ്റിംഗ് ഫിക്സ് ചെയ്തത്. അതെ സമയം, നടന്ന സംഭവങ്ങളില്‍ എനിക്കുണ്ടായ വിഷമം ഒരു തുറന്ന കത്തിലൂടെ, വിധു ഉള്‍പ്പെടുന്ന ഫൗണ്ടിങ് മെമ്ബേഴ്സിനെ എല്ലാം ഞാന്‍ അറിയിച്ചിരുന്നു. 
അത് വരെ ചര്‍ച്ച ചെയ്യാത്ത സെന്‍സിറ്റിവും പഴ്സണലും ആയ എന്റെ ആരോഗ്യ വിവരങ്ങള്‍ ആ ഇമെയിലില്‍ ഉള്‍പ്പെട്ടിരുന്നു. 

അത്രമാത്രം ഓണ്‍ലൈനില്‍ വന്നു കൊണ്ടിരുന്ന ഹേറ്റ് ക്യാമ്ബെയിനുകളും വ്യക്തിഹത്യകളും എന്നെ ബാധിച്ചിരുന്ന സമയമായിരുന്നു അത്. അവരെല്ലാവരും എന്റെ അപ്പോഴത്തെ മാനസികവും ശാരീരികവും ആയ ആരോഗ്യനില മനസ്സിലാക്കുമെന്നുള്ള പൂര്‍ണ ബോധ്യത്തിലും പ്രതീക്ഷയിലുമാണ് ഞാന്‍ ആ ഇമെയില്‍ അയച്ചത്. ജോലിയില്‍ നിന്നും വിട്ടു നിന്ന സമയത്ത് എന്റെ ഭാഗത്തു നിന്നും വന്നിട്ടുള്ള മനഃപൂര്‍വമല്ലാത്ത എല്ലാ വീഴ്ചകളും പരിഹരിക്കുമെന്നും ഞാന്‍ അതില്‍ എഴുതിയിരുന്നു.

അധികം വൈകാതെ തന്നെ വിധു തന്റെ സ്ക്രിപ്റ്റ് റൈറ്ററേയും കൂട്ടി ഉയരെയുടെ സെറ്റില്‍ വരികയും ഞാന്‍ സ്ക്രിപ്റ്റ് കേള്‍ക്കുകയും ചെയ്തു. സ്ക്രിപ്റ്റ് കേട്ട ശേഷം അത് എനിക്ക് ചെയ്യാന്‍ ആകുമെന്ന് കരുതുന്നില്ലെന്ന് അവരോട് വിനയപൂര്‍വം പറഞ്ഞു. മുന്നേ കമ്മിറ്റ് ചെയ്ത രണ്ടു സിനിമകളുടെ ഷൂട്ടിംഗ് നടക്കാനിരുന്നതിനാല്‍ സമയ പരിമിതി ഒരു പ്രധാന പ്രശ്നമായിരുന്നു എന്ന് വധുവിനെ അറിയിച്ചു. 

അതിലെ ക്യാരക്ടര്‍ ഒരു സ്റ്റാന്‍ഡ് അപ്പ് കൊമേഡിയന്‍ ആയതിനാല്‍, തയ്യാറെടുപ്പിനു വേണ്ടി കുറച്ചധികം സമയം വേണ്ടി വന്നേക്കാം എന്നുള്ള വസ്തുത, പ്രോജെക്ടിനെ ബാധിക്കാന്‍ സാധ്യതയുള്ളത് കൊണ്ട്, എനിക്ക് വേണ്ടി കാത്തു നില്‍ക്കുന്നത്, പ്രാക്ടിക്കല്‍ ആയ ഒരു തീരുമാനം ആവില്ലെന്ന് അവരോട് ഞാന്‍ പറഞ്ഞു. ഇതൊക്കെ കണക്കിലെടുത്തു കൊണ്ടും, പ്രൊജക്ടില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റുള്ളവരുടെയും ഡെയ്റ്റ് അവൈലബിലിറ്റി ഒക്കെയായി, ഇത് വിധുവിനു ബുദ്ധിമുട്ടാകും എന്നായിരുന്നു എന്റെ ആശങ്ക. വിധുവിന്റെ നിര്‍ബന്ധപ്രകാരം ഒരിക്കല്‍ കൂടി ആലോചിച്ച ശേഷം 10 ദിവസങ്ങള്‍ക്കുള്ളില്‍ ഒരു തീരുമാനം പറയാമെന്ന് ഞാന്‍ അവരെ അറിയിച്ചു.

 അത് പ്രകാരം, കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അവരെ വിളിച്ച്‌ , ആ പ്രോജക്ടിന്റെ ഭാഗമാകാന്‍ എനിക്ക് സാധിക്കില്ലെന്ന് അറിയിച്ചിരുന്നു. എന്റെ ആശങ്കകളും തീരുമാനവും മനസ്സിലാക്കുന്നുവെന്ന് പറയുകയും, പ്രോജെക്ടിനെക്കുറിച്ചുള്ള പൊതുവായ വിവരങ്ങള്‍ ഞാന്‍ അന്വേഷിച്ചപ്പോള്‍ വിധു അത് പങ്കുവെക്കുകയും ചെയ്തു. സൗഹാര്‍ദപരമായാണ് ആ സംഭാഷണം അവസാനിച്ചത്. 'ഉയരെ' പൂര്‍ത്തിയാക്കി 'വൈറസിന്റെ' ലൊക്കേഷനിലേക്കും, പിന്നീട് 'ഉയരെ'യുടെ ഡബ്ബിങ്ങിനുമായി മാര്‍ച്ച്‌ അവസാനം വരെ ഞാന്‍ തിരക്കിലായിരുന്നു. 

ജോലിയില്‍ പൂര്‍ണമായും മുഴുകിയിരുന്ന ആ സമയത്ത്, ഞാന്‍ തീര്‍ത്തും 'നോ' പറഞ്ഞ ശേഷവും, തിരക്കഥയുടെ ഡ്രാഫ്റ്റ് വിധു ഇമെയില്‍ അയച്ചത്, അപ്രതീക്ഷിതമായിരുന്നു. അത് കഴിഞ്ഞു 30-40 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നിമിഷ സജയനെ വെച്ചുള്ള സ്റ്റാന്‍ഡ് അപ്പിന്റെ പോസ്റ്റര്‍ പുറത്തിറങ്ങി. നിമിഷയെ പോലെ ശക്തയായ ഒരു പെര്‍ഫോര്‍മര്‍ ആ റോള്‍ ഏറ്റെടുത്തത് കണ്ടപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക