Image

രാജഭക്തർ വായിച്ചാട്ടേ, പ്ലീസ്  (വിനയരാജ് .വി.ആർ)

Published on 14 July, 2020
രാജഭക്തർ വായിച്ചാട്ടേ, പ്ലീസ്  (വിനയരാജ് .വി.ആർ)

ഏഴ, കോഴ, തപ്പ്, പിഴ, പുരുഷാന്തരം, പുലയാട്ടുപെണ്ണു്, കാഴ്ച്ച, ദത്തുകാഴ്ച്ച, പൊന്നരിപ്പു്, അറ്റാലടക്കു്, ചേരിക്കൽ, അയ്മുല, മുമ്മുല, ചെങ്കൊമ്പു്, കൊമ്പു്, കുറവു്, വാലുതോലി, ആനപിടി, ഉടഞ്ഞ ഉരുക്കൾ, തലപ്പണം, മുലപ്പണം, മാർക്കപ്പണം, രക്ഷാഭോഗം, പേരാമ്പേരു്, ചങ്ങാതം, തിരുമുൽക്കാഴ്ച്ച, ആണ്ടക്കാഴ്ച്ച, കെട്ടുതെങ്ങു്, പൊളിച്ചെഴുത്തു്, പാശിപാട്ടം, അങ്ങാടിപ്പാട്ടം, തറിക്കടമൈ, കൊടിക്കടമൈ, കാട്ടുഭോഗം, ഉലാവുകാഴ്ച, ചെക്കിറൈ, പാകുടം, ചാവുകാണിക്ക, അടിമപ്പണം, ആയപ്പണം, പട്ടിവാരം, കോട്ടൈപ്പണം, അഞ്ചാലി, മാറ്റാല്പ്പണം, മേട്ടുകാവല്‍, നാട്ടുസ്ഥാനം, പടപ്പണം, അങ്കം, ചുങ്കം, ചങ്ങാതം, മീശക്കാഴ്ച, മേനിപ്പൊന്ന്, ഏണിക്കരം, വലക്കരം, വണ്ടിക്കരം-  

രസമുള്ള വാക്കുകൾ - ഇതൊക്കെ തിരുവിതാംകൂർ രാജ്യത്തെ ഒരിക്കൽ നിലനിന്നിരുന്ന നികുതികളുടെ പേരുകളാണ്. 

ഇവയിൽ ചിലത് എന്തെന്നറിയേണ്ടതാണ്. ആണ്ടക്കാഴ്ച എന്നാൽ മുക്കുവർ, ചോവന്മാർ, കണക്കർ മുതലായവർ തങ്ങൾക്കു തൊഴിൽ ചെയ്യാനും തൊഴിൽപ്പരമായ സ്ഥാനങ്ങൾ നിലനിർത്താനും വേണ്ടി പ്രതിവർഷം അടക്കേണ്ടുന്ന നികുതിയായിരുന്നു.

 
വലിപ്പച്ചറുപ്പങ്ങളില്ലാതെ ഓരോ പ്രജയും കൊട്ടാരത്തിലേക്ക് അടക്കേണ്ട തലവരിപ്പണമായിരുന്നു തലപ്പണം അഥവാ തലക്കരം. കുട്ടികൾ ജനിച്ചാൽ അമ്മമാർ തമ്പുരാനു് ഈ കാഴ്ച കൊടുത്തുവന്നു. ഇതുകൂടാതെ, കൊട്ടാരത്തിലെ ബന്ധുക്കളോ അടിയാന്മാരോ കുടിയാന്മാരോ മാർക്കത്തിൽ ചേർന്നാലും (മാർഗ്ഗം മാറി ക്രിസ്തുമതത്തിൽ ചേരുക) ഇതുപോലെ തലവരിപ്പണം നൽകണമായിരുന്നു.
 
നാട്ടു രാജാക്കന്മാർ തമ്മിൽ ഉണ്ടായിരുന്ന സ്വരച്ചേർച്ചയില്ലായ്മമൂലം പലപ്പോഴും പരസ്പരം ആക്രമിക്കാറുണ്ട്. ഇത്തരത്തിൽ ബലഹീരായ അയൽ രാജാക്കന്മാരുടെ നാട്ടിൽ കയ്യേറി എടുക്കുന്ന ദ്രവ്യമാണു ഏഴ. 

താഴ്ന്ന ജാതിക്കാരുടെ ശരീരത്തിനും അവയവങ്ങൾക്കും ഉപകരണങ്ങൾക്കും വരെ കരം ഈടാക്കിയിരുന്നു.
 
പുരുഷൻമാരിൽനിന്ന് ഈടാക്കിയിരുന്ന നികുതിക്ക് തലക്കരമെന്നും, തിരുവിതാംകൂർ രാജ്യത്ത് സ്ത്രീകളിൽ നിന്നുള്ളതിന് മുലക്കരം എന്നും പറഞ്ഞിരുന്നു. ഈഴവർ മുതൽ താഴോട്ടുള്ള ജാതികളിൽ നിന്നാണ് ഇത്തരം കരങ്ങൾ പിരിച്ചിരുന്നത്.

കണ്ണിൽക്കണ്ടതിനെല്ലാമുണ്ടായിരുന്നു നികുതി. അധ്വാനിക്കുന്ന ജനവിഭാഗം പാടുപെട്ട് എന്തെങ്കിലുമുണ്ടാക്കിയാൽ അത് തട്ടിയെടുക്കുന്നതിന് എല്ലാ വിശേഷാവസരങ്ങളും ഉപയോഗിക്കാറുണ്ടായിരുന്നു എന്ന് ഇത്തരം നികുതികളെക്കുറിച്ച് ശാമുവൽ മറ്റിയർ രേഖപ്പെടുത്തിയിട്ടുണ്ട്. പതിനാറിനും മുപ്പത്തിഅഞ്ചിനും ഇടയിലുള്ള അവർണ്ണർ ഈ കരം കൊടുക്കണമായിരുന്നു. ഇത്തരം നികുതികളെ പൊതുവിൽ തലവര എന്നാണ് പറഞ്ഞിരുന്നത്.
 
രാജകുടുംബത്തിലുണ്ടാകുന്ന ജനനം, മരണം, കല്യാണം, ഗൃഹപ്രവേശം, തുടങ്ങിയ അടിയന്തരങ്ങൾക്ക് കുടിയാന്മാർ സമ്മാനമായും അല്ലാതെയും കൊടുക്കുന്ന ദ്രവ്യമോ, വസ്തുക്കളോ ആണു കാഴ്ച. ഉദ്യോഗങ്ങളിൽ നിയമിക്കപ്പെടുമ്പോഴും, സ്ഥാനമാനങ്ങൾ നൽകുമ്പോഴും കാഴ്ചവെക്കണം.
 
ദേശവാഴികൾ, സ്ഥാനികൾ, മാനികൾ എന്നിവർ മരിച്ചാൽ അടുത്ത അവകാശി കൈയേൽക്കുമ്പോൾ ഈടാക്കുന്ന മരണനികുതിയാണു പുരുഷാന്തരം. പുരുഷാന്തരത്തിന്റെ തോത് രണ്ട് മുതൽ ആയിരത്തി ഇരുന്നൂറു പണം വരെയായിരുന്നു.

കരംപിരിക്കുന്ന ഉദ്യോഗസ്ഥരുടെ ശല്യം സഹിക്കാതായപ്പോൾ, ചേർത്തലത്താലൂക്കിലെ ഒരു കണ്ടപ്പന്റെ ഭാര്യ “നങ്ങേലി’’, അവരുടെ രണ്ടു മുലകളും ഛേദിച്ചുകളഞ്ഞ്, ഇനി മുലക്കരം തരേണ്ടതില്ലല്ലോയെന്ന് ചോദിച്ചതായി പറയപ്പെടുന്നു.
 
വൈകുന്നേരത്തോടെ നങ്ങേലി രക്തം വാർന്ന് മരിച്ചു എന്നാണ് കഥ. നങ്ങേലിയുടെ ശവദാഹം നടന്നുകൊണ്ടിരിക്കേ കത്തിയമർന്ന ചിതയിലേക്ക് എടുത്തുചാടി ഭർത്താവായ കണ്ടപ്പനും രക്തസാക്ഷിയായി.
 
 
Join WhatsApp News
Saji Karimpannoor 2020-07-14 19:16:07
Informative Article...
Josukuty 2020-07-15 02:00:32
അറിയേണ്ടിയ വിവരങ്ങളടങ്ങിയ നല്ലൊരു ലേഖനം. അതായതു ഇന്ന് ശ്രീ പദ്മനാഭൻറെ നിലവറയിൽ ഉള്ള സമ്പത്തു മുഴുവനും ഇത് പോലത്തെ പല നികുതികളിൽ കൂടി ഖജനാവിലേക്ക് സ്വരുക്കൂട്ടിയ പാവപ്പെട്ടവൻറെ വിയർപ്പാണെന്നും രാജ കുടുംബാംഗങ്ങളുടെ അധ്വാന ഫലമല്ലെന്നും ചുരുക്കം. ശ്രിമതി ഇന്ദിര ഗാന്ധി നിറുത്തലാക്കിയ മണി പേഴ്‌സ് ,സോറി പ്രിവി പേഴ്‌സ് കൂടി രാജാക്കന്മാർക്ക് തിരിച്ചു കൊടുക്കണം എന്നു അഭ്യർത്ഥിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക