Image

കോവിഡിനെതിരേ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഫ്‌ളോറിഡ (ജോയി കുറ്റിയാനി)

Published on 14 July, 2020
കോവിഡിനെതിരേ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഫ്‌ളോറിഡ (ജോയി കുറ്റിയാനി)
മയാമി: ഫ്‌ളോറിഡയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന കൊറോണ വൈറസ് മയാമിയെ "പാന്‍സെമിക്കിന്റെ പ്രഭവകേന്ദ്രമായി' മാറ്റുന്നുവെന്ന് ഫ്‌ളോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റി എപ്പി സെമിയോളജിസ്റ്റുകള്‍ വിലയിരുത്തുന്നു.

ഫ്‌ളോറിഡയില്‍ ഞായറാഴ്ച 15000-ലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ റിക്കോര്‍ഡാണ്.

തിങ്കളാഴ്ച ഗവര്‍ണര്‍ റോണ്‍ സിസാന്റിസ് മയാമിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കോവിഡിനെതിരേ ശക്തമായ മുന്‍കരുതലുകള്‍ എടുക്കുവാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.

കോവിഡിന്റെ വ്യാപനം സംസ്ഥാനം ഒട്ടുക്ക് ഉണ്ടെങ്കിലും തെക്കന്‍ ഫ്‌ളോറിഡ, മയാമി ഡേഡ്, ബ്രോവാര്‍ഡ്, പാംബീച്ച് കൗണ്ടികളിലാണ് കൂടുതല്‍ കേസുകള്‍ വന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ ജനസംഖ്യയുടെ നാലിലൊനന് ഈ കൗണ്ടികളിലാണ്.

ജനങ്ങള്‍ കൂട്ടംകൂടുന്നത് പരമാവധി ഒഴിവാക്കുകയും, പൊതു സ്ഥലങ്ങളില്‍ സാമൂഹ്യ അകലം പാലിക്കുകയും, മാസ്കുകള്‍ ധരിക്കുകയും ചെയ്യണമെന്ന് അധികൃതര്‍ ഓര്‍മ്മിപ്പിക്കുന്നു.

സിഡിസിയുടെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ജനങ്ങള്‍ പാലിക്കാതതും, ഉചിതമായ മുന്‍കരുതലുകള്‍ എടുക്കാത്തതും മൂലമാണ് ഇത്രയധികം രോഗവ്യാപനത്തിനു ഇടയാക്കിയതെന്ന് മയാമി ഡേഡ് കൗണ്ടി മേയര്‍ കാര്‍ലോസ് ഗിമെനസ് കുറ്റപ്പെടുത്തി.

മയാമി ജാക്‌സണ്‍ ഹെല്‍ത്ത് സിസ്റ്റത്തിന്റെ പരമാവധി ശേഷി വിനിയോഗിച്ചിരിക്കുകയാണ്. ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും മുഴുവന്‍ മെഡിക്കല്‍ ടീമും 24 മണിക്കൂറും ഇതിനായി പ്രവര്‍ത്തിക്കുന്നുവെന്നു രോഗ പ്രതിരോധ വിഭാഗം തലവന്‍ ഡോ. ലിലിയാന്‍ ആബോ പറഞ്ഞു. എന്നാല്‍ ഇതിനകം ആശുപത്രിയിലെ അനേകം ജീവനക്കാര്‍ക്ക് രോഗം പിടിപെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വെറ്ററന്‍സിന്റെ ചികിത്സയ്ക്കായി മാത്രമുള്ള വി.എ ഹോസ്പിറ്റല്‍ ഞായറാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരിക്കുകയാണ്.  ഫ്‌ളോറിഡയിലെ 48 ഹോസ്പിറ്റലുകളില്‍ ഐ.സി.യു ബെഡ് പോലും ലഭ്യമല്ലായിരിക്കുകയാണെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ബ്രോവാര്‍ഡ് കൗണ്ടിയിലെ ക്ലീവ് ലാന്‍ഡ് ക്ലിനിക്കല്‍ ഹോസ്പിറ്റലിലെ 230 കിടക്കകളിലെ 10 ശതമാനം മാത്രമാണ് തീവ്രപരിചരണത്തിനായി മാറ്റിവച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് ഡോ. റോസോള്‍ഫോ ബ്ലാന്‍ഡന്‍ പറഞ്ഞു. നഴ്‌സുമാരുടെ അപര്യാപ്തത പരിഹരിക്കാന്‍ മറ്റു സ്റ്റേറ്റുകളില്‍ നിന്നു ഇവിടെ എത്തിച്ചിരിക്കുകയാണ്.

രോഗികളുടെ വര്‍ധന മൂലം ബ്രോവാര്‍ഡ് കൗണ്ടിയിലെ മെമ്മോറിയല്‍ ഹെല്‍ത്ത് സിസ്റ്റം, ബ്രോവാര്‍ഡ് ജനറല്‍ ഹോസ്പിറ്റല്‍ തുടങ്ങിയ ആശുപത്രികളുടെ പരമാവധി ശേഷി വര്‍ധിപ്പിച്ച് രോഗികളെ പരിചരിക്കുകയാണ്.

മെയ് മാസത്തില്‍ നിയന്ത്രണങ്ങളോടുകൂടി ആരംഭിച്ച ഹോട്ടല്‍/റെസ്റ്റോറന്റുകള്‍, ബാറുകള്‍ എന്നിവയ്ക്ക് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ബ്രോവാര്‍ഡ് കൗണ്ടി വെള്ളിയാഴ്ച (ജൂലൈ 10) മുതല്‍ രാത്രി 10 മുതല്‍ 5 മണി വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.

ഫ്‌ളോറിഡയില്‍ കൊറോണ വൈറസിന്റെ വ്യാപനം ആശങ്കപ്പെടുത്തുന്നവിധം വളരുമ്പോഴും, രോഗത്തിന്റെ കാഠിന്യം കുറഞ്ഞുകാണുന്നത് പ്രതീക്ഷ നല്‍കുന്നതാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.



കോവിഡിനെതിരേ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഫ്‌ളോറിഡ (ജോയി കുറ്റിയാനി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക