Image

മൊഡേര്‍ണയുടെ വാക്‌സിന്‍ ഫലപ്രദം; വിദേശ വിദ്യാര്‍ഥികള്‍ക്ക് തുടരാം (റൗണ്ട് അപ്പ്)

Published on 14 July, 2020
മൊഡേര്‍ണയുടെ വാക്‌സിന്‍ ഫലപ്രദം; വിദേശ വിദ്യാര്‍ഥികള്‍ക്ക് തുടരാം (റൗണ്ട് അപ്പ്)

ബയോടെക്ക് കമ്പനി മൊഡേര്‍ണയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണം വിജയം. 45 പേരില്‍ വാക്‌സിന്‍ കുത്തിവച്ചപ്പോള്‍ എല്ലാവരിലും കോവിഡിനെ ചെറുക്കുന്ന ആന്റിബഡി രൂപം കൊണ്ടതായി കണ്ടേത്തി.
ഇതേത്തുടര്‍ന്ന് മൊഡേര്‍ണയുടെ ഓഹരി വില ഗണ്യമായി ഉയര്‍ന്നു.

നാല്പത്തഞ്ചു പേരിലും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ കണ്ടില്ല. പകുതി പേര്‍ക്ക് കുത്തിവച്ച സ്ഥലത്ത് ചെറിയ പ്രശ്‌നങ്ങള്‍ കണ്ടു. പക്ഷെ അത് ഒരു ദിവസം കഴിഞ്ഞപ്പോള്‍ ഇല്ലാതായി.

ഡോ. ആന്തണി ഫൗച്ചിയുടെ നേത്രുത്വത്തിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്‍ഡ് ഇന്‍ഫെക്ഷ്യസ് ഡിസീസിന്റെ ധനസഹായത്തോടെ ആയിരുന്നു മൊഡേര്‍ണയുടെ ഗവേഷണം. ഒരു ശുഭവാര്‍ത്ത ഉണ്ടെന്നു വെബിനറില്‍ നേറത്തെ ഫൗച്ചി പറയുകയും ചെയ്തിരുന്നു.

പരീക്ഷണം ഇനി കൂടുതല്‍ പേരില്‍ നടത്തും. അടുത്ത വര്‍ഷം 500 മില്യന്‍ ഡോസ് വാക്‌സിന്‍ ലഭ്യമാക്കുകയാണു ലക്ഷ്യം.

ഇതേ സമയം വിവാദ മെഡിസിന്‍ ഹൈഡ്രോക്ലോറോക്‌സിന്‍ അടിയന്തര ഘട്ടത്തില്‍ രോഗികള്‍ക്ക് നല്കാന്‍ ആശുപത്രികള്‍ക്ക് വീണ്ടും അനുമതി നല്കണമെന്നുഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്റ്റ്രേഷനോട് വൈറ്റ് ഹൗസ് അഭ്യര്‍ഥിച്ചു. മലേറിയക്കുള്ള ഈ മരുന്നു കോവിഡ് രോഗികള്‍ക്ക് നല്കാന്‍ നേരത്തെ എഫ്.ഡി.എ. അനുമതി നല്കിയിരുന്നു. എന്നാല്‍ അതു കൊണ്ട് ഗുണത്തേക്കാളേറെ ദോഷമെന്നു കണ്ട് ആശുപത്രികളില്‍ നല്‍കുന്നത് വിലക്കുകയായിരുന്നു. ആദ്യം മുതല്‍ പ്രസിഡന്റ് ട്രമ്പ് ഈ മരുന്നിനു വേണ്ടി വാദിച്ചിരുന്നു.

വിദേശ വിദ്യാര്‍ഥികള്‍ക്ക് തുടരാം

കോവിഡ് മൂലം ക്ലാസുകള്‍ ഓണ്‍ലൈനില്‍ മാത്രമാവുമ്പോള്‍ വിദേശ വിദ്യാര്‍ഥികള്‍ രാജ്യം വിടണമെന്നും അല്ലാത്ത പക്ഷം ഡീപ്പോര്‍ട്ട് ചെയ്യുമെന്നുമുള്ള കിരാതമായ ഉത്തരവ് ട്രമ്പ് ഭരണകൂടം പിന്വലിച്ചു. ഉത്തരവിനെതിരെ ഹാര്‍വര്‍ഡ്, എം.ഐ.ടി അടക്കം യൂണിവേഴ്‌സിറ്റികളും സ്റ്റേറ്റുകളും കോടതിയെ സമീപിച്ചതോടേയാണു മനം മാറ്റം.

എന്നാല്‍ അമേരിക്കയിലേക്കു വരാന്‍ കാത്തിരിക്കുന്ന്വര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസിനായി വരാനാവില്ല.

കോളജുകള്‍ പെട്ടെന്നു തുറക്കുക ലക്ഷ്യമിട്ടായിരുന്നു ഈ ഉത്തരവെന്നു കരുതുന്നു. പക്ഷെ അത് തിരിച്ചടിച്ചു. ഇന്ത്യാക്കാരടക്കം ഒരു മില്യനോളം വിദേശ വിദ്യാര്‍ഥികള്‍ക്ക് ഉത്തരവ് റദ്ദാക്കിയത് ആശ്വാസമായി.

ന്യു യോര്‍ക്ക്
കോവിഡ് ബാധയും മരണവും കുറഞ്ഞു കൊണ്ടിരിക്കുന്ന ന്യു യോര്‍ക്കില്‍ 4 സ്റ്റേറ്റുകളില്‍ നിന്നു വരുന്നവര്‍ക്ക്കൂടി 14 ദിവസത്തെ സെല്ഫ് ക്വാറന്റൈന്‍ ഉത്തരവിട്ടു. മിനസോട്ട, ന്യു മെക്‌സിക്കോ, ഒഹായൊ, വിസ്‌കോണ്‍സിന്‍ എന്നീ സ്റ്റേറ്റുകള്‍ കൂടി ആയതോടെ 22 സ്റ്റേറ്റുകളില്‍ നിന്നുള്ളവര്‍ക്ക് ക്വാറന്റയിന്‍ നിര്‍ബന്ധമായി. ഡെലവേറിലെ സ്ഥിതി മെച്ചപ്പെട്ടതിനാല്‍ അത് ഒഴിവാക്കുകയും ചെയ്തു.

മറ്റു സ്റ്റേറ്റുകള്‍ ഇവയാണ്: അലബാമ, അര്‍കന്‍സാ, അരിസോണ, കാലിഫൊര്‍ണിയ, ഫ്‌ലൊറിഡ, ജോര്‍ജിയ,അയോവ, ഐഡഹൊ, കാന്‍സസ്, ലൂയിസിയാന, മിനെസൊട്ട, ന്യു മെക്‌സിക്കൊ, നെവഡ, നോര്‍ത്ത് കരൊലിന, ഒഹയോ, ഒക്ലഹൊമ, സൗത്ത് കരൊലിന, ടെന്നസ്സീ, ടെക്‌സസ്, യൂട്ടാ, വിസ്‌കൊന്‍സിന്‍.

വിമാനത്താവളങ്ങളിലും സ്റ്റേറ്റ് ഹെല്ത്ത് അധിക്രുതര്‍ യാത്രക്കാരുടെ വിവരം ശേഖരിക്കുന്നു. ബന്ധപ്പെടാനുള്ള വിവരം നല്കാത്തവര്‍ക്ക് 2000 ഡോളര്‍ പിഴ അടക്കാന്‍ സമന്‍സ് വരും. രോഗബാധ കൂടുതലുള്ള സ്റ്റേറ്റുകളില്‍ നിന്നു വരുന്നവര്‍ 14 ദിവസം വീട്ടിലിരിക്കാതെ കറങ്ങി നടന്നാല്‍ നടപടി ഉണ്ടാവും. ആവര്‍ത്തിച്ചു കുറ്റം ചെയ്താല്‍ 10,000 ഡോളര്‍ വരെ ശിക്ഷ കിട്ടാം. മറ്റു സ്റ്റേറ്റുകളില്‍ നിന്നു തിരിച്ചു വരുന്ന ന്യു യോര്‍ക്ക്കാര്‍ക്ക് ക്വാറന്റയിനു സൗകര്യമില്ലെങ്കില്‍ ഹെല്ത്ത് ഡിപ്പാര്‍ട്ട്‌മെന്റിനെ വിളിക്കാം.

സ്റ്റേറ്റില്‍ ഇപ്പോള്‍ കോവിഡ് ചികില്‍സക്ക് 820 പേര്‍ ആശുപത്രിയിലുണ്ട്. 60000 പേരെ ടെസ്റ്റ് ചെയതപ്പോല്‍ 900-ല്‍ പരം പേര്‍ക്ക് രോഗം കണ്ടു-1.5 ശതമാനം.

ഹെല്ത്ത് ഇന്‍ഷുറന്‍സ് ഇല്ലാത്ത ന്യു യോര്‍ക്കുകാര്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതിയാന്‍ ജൂലൈ 15 (ഇന്ന്).

ഫിലഡല്ഫിയ
ഫിലഡല്ഫിയയില്‍ 50 പേരില്‍ കൂടുതല്‍ പങ്കെടുക്കുന്ന പൊതുപരിപാടികള്‍ മേയര്‍ അടുത്ത വര്‍ഷം ഫെബ്രുവരി വരെ നിരോധിച്ചു. സ്വകാര്യ പരിപാടികള്‍ക്ക് ഇളവുണ്ട്.
ഇതോടെ സെപ്റ്റംബറില്‍ ഫോമാ കണ്വഷന്‍ അവിടെ നടക്കുമോ എന്ന് സംശയമുണര്‍ന്നു

തോക്കിനു വേണ്ടി നെട്ടോട്ടം
ടോയിലറ്റ് പേപ്പറിനും ഹാന്‍ഡ് സാനിറ്റയിസറിനും കടിപിടി കൂടീയ ജനം തോക്കിനു വേണ്ടിയും നെട്ടോട്ടമോടുന്നു. കൊറോണയും ജോര്‍ജ് ഫ്‌ലോയിഡ് വധത്തിനെതിരായ പ്രതിഷേധവും കാരണം തോക്കു വാങ്ങുന്നവരുടെ എണ്ണം ഇരട്ടിയിലധികമായി. ഈ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ എഫ്.ബി.ഐ. തോക്കു വാങ്ങാന്‍ 5.4 മില്യന്‍ പേരുടേ ബാക്ക്ഗ്രൗണ്ട് പരിശോധന നടത്തുകയുണ്ടായി. കഴിഞ്ഞ വരഷം ഇതെ കാലത്തേക്കാള്‍ ഇരട്ടി.

ന്യു യോര്‍ക്ക്, ഇല്ലിനോയി, ഒക്ലഹോമ തുടങ്ങിയ സ്റ്റേറ്റുകളില്‍ തോക്ക് അപേക്ഷകരുടെ എണ്ണം ഇരട്ടിയിലധികമായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക