Image

കുമിള (കവിത: ഷുക്കൂർ ഉഗ്രപുരം)

Published on 16 July, 2020
കുമിള (കവിത: ഷുക്കൂർ ഉഗ്രപുരം)
സ്‌മൃതിയിൽ നോവിൻ
കുമിളകൾ നുരഞ്ഞ്
പൊങ്ങുന്നത്
വ്യർത്ഥാനുരാഗത്തിൻ
സ്മൃതിയുടെ മീഴിനീർ
ധമനികളിൽ
അഗ്നിത്തുളകൾ
വീഴ്ത്തുമ്പോഴാണ്.
മസ്തിഷ്ക്ക മുകളിൽ
മുളക്കുന്ന കുമിളകളെ
വിചാര ലേപനം
പുരട്ടി കരിക്കാൻ
നിനക്കുമ്പോൾ
അവ പൊട്ടിച്ചിതറി
തലച്ചോറിലെ
ധമനികളെ 
കുത്തിക്കീറി
രക്തത്തിൽ
കുതിർക്കുന്നു.
ചോരയുടെ ഗന്ധം
നാസികയുടെ
രക്തകൂപങ്ങളെ
കൊത്തിക്കീറി
മുൻ നെറ്റിയിൽ
ഇരുമ്പാണിയായി
തറക്കുന്ന നോവ്
പെയ്തിറങ്ങുമ്പോൾ
ശമനത്തിനായി
പുരട്ടുന്ന ലേപനം
നീയെന്ന അവീൻ
പുഷ്പ ഗന്ധവും
നിൻ വിശുദ്ധ
സ്മൃതിയുമാണ്.
എൻ തൂലികയിലെ
റൂമിയും തത്തയും
പുല്ലാങ്കുഴലും
ഷെഹനായിയും
വീണയും
രാവും നദിയും
വീഞ്ഞും തേനും
പൊയ്കയും
മീട്ടുന്ന ഗസലിൻ
വരികൾ  നിൻ         
ഉദ്യാനത്തിലെ
പുഷ്പങ്ങളെ കുറിച്ച്
മാത്രമാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക