Image

ലോക്ക് ഡൗണ്‍ കാലത്ത് കണ്ട മികച്ച ചിത്രങ്ങളിലൊന്നാണ് 'കപ്പേള';: വിജയ് സേതുപതി

Published on 16 July, 2020
ലോക്ക് ഡൗണ്‍ കാലത്ത് കണ്ട മികച്ച ചിത്രങ്ങളിലൊന്നാണ് 'കപ്പേള';: വിജയ് സേതുപതി
 

അന്ന ബെന്‍, ശ്രീനാഥ് ഭാസി, റോഷന്‍ മാത്യു തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച കപ്പേളയ്ക്ക് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച പ്രതികരണമാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം തീയേറ്ററുകളില്‍ എത്തിയിരുന്നെങ്കിലും കൊവിഡ് ഭീതിയില്‍ തീയേറ്ററുകള്‍ അടച്ചതോടെ പിന്‍വലിക്കുകയായിരുന്നു. ശേഷം നെറ്റ്ഫ്‌ലിക്‌സില്‍ ചിത്രം എത്തുകയുണ്ടായി. അതിനുശേഷം മികച്ച അഭിപ്രായമാണ് ചിത്രം നേടിയിരിക്കുന്നത്. ഇപ്പോഴിതാ തമിഴ് സിനിമാ ലോകത്തെ ശ്രദ്ധേയ നടനായ വിജയ് സേതുപതി ചിത്രത്തെ കുറിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

അഭിനേതാവ് കൂടിയായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്തിരിക്കുന്നതാണ് ചിത്രം. അടുത്തിടെ സംവിധായകനും നടനുമായ അനുരാഗ് കശ്യപ് 'കപ്പേള'യെ പ്രശംസിച്ചുകൊണ്ട് സോഷ്യല്‍മീഡിയയില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ 'കപ്പേള'യെകുറിച്ചുള്ള തന്റെ അഭിപ്രായം പറഞ്ഞിരിക്കുകയാണ് 'മക്കള്‍ സെല്‍വന്‍' വിജയ് സേതുപതി

ചിത്രം തന്നെ ഏറെ സ്വാധീനിച്ചുവെന്നും ഈ ലോക്ക് ഡൗണ്‍ കാലയളവില്‍ താന്‍ കണ്ട മികച്ച ചിത്രങ്ങളിലൊന്നാണ് 'കപ്പേള' എന്നും വിജയ് സേതുപതി കഴിഞ്ഞ ദിവസം സിനിമ വികടന്‍ എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. മലയാളത്തിലെ എല്ലാ പ്രധാന റിലീസുകളും താന്‍ കാണാറുണ്ടെന്നും വിജയ് സേതുപതി അഭിമുഖത്തില്‍ പറയുകയുണ്ടായി. ലോകം മുഴുവന്‍ ശ്രദ്ധ നേടിയ മണി ഹീസ്റ്റും താന്‍ കണ്ടുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്. അതോടൊപ്പം തന്റെ പുതിയ ചിത്രമായ തുഗ്ലക് ദര്‍ബാറിനെ കുറിച്ചുള്ള വിശേഷങ്ങളും അദ്ദേഹം പറയുകയുണ്ടായി. ചിത്രത്തില്‍ രാഷ്ട്രീയക്കാരനായാണ് താന്‍ എത്തുന്നതുള്‍പ്പെടെ അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
കപ്പേളയുടെ തെലുങ്ക് റീമേക്ക് അവകാശങ്ങള്‍ അടുത്തിടെ വിറ്റിരുന്നു. അല്ലു അര്‍ജുന്‍ അഭിനയിച്ച ബ്ലോക്ക്ബസ്റ്റര്‍ 'അല വൈകുണ്ഠപുരമല്ലോ' എന്ന ചിത്രത്തിന്റെ നിര്‍മാതാക്കളായ സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ് മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത 'കപ്പേള'യുടെ തെലുങ്ക് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. പ്രേമം, അയ്യപ്പനും കോശിയും ഇവയുടെ റീമേക്കും ഇവരാണ് നേടിയിരുന്നത്. 'കപ്പേള'യുടെ നിര്‍മ്മാതാവ് വിഷ്ണു വേണു തന്റെ ഒഫീഷ്യല്‍ സോഷ്യല്‍ മീഡിയാ പ്രൊഫൈലിലൂടെയാണ് തെലുങ്ക് റീമേക്കിന്റെ കാര്യം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നത്.</p>
2020ല്‍ ഏറെ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ മലയാളം സിനിമയാണ് കപ്പേള. 2020 മാര്‍ച്ചില്‍ ചിത്രം റിലീസ് ചെയ്തിരുന്നു എങ്കിലും കോവിഡ് ഭീഷണി കാരണം തിയെറ്ററുകള്‍ അടച്ചുപൂട്ടിയപ്പോള്‍ ചിത്രം പിന്‍വലിക്കേണ്ടി വരികയായിരുന്നു. ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ എത്തിയതിന് ശേഷം ഹിന്ദി, തമിഴ്, കന്നഡ, മറാത്തി എന്നിവയുള്‍പ്പെടെ മറ്റ് പല ഭാഷകളില്‍ നിന്നുള്ള ചില പ്രമുഖ പ്രൊഡക്ഷന്‍ ബാനറുകള്‍ കപ്പേളയുടെ റീമേക്ക് അവകാശങ്ങള്‍ നേടാന്‍ താല്‍പ്പര്യമറിയിച്ചതായാണ് അനൗദ്യോഗികമായ റിപ്പോര്‍ട്ട്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക