Image

കലണ്ടര്‍ (കവിത: മിത്ര.എസ്.റാം)

Published on 16 July, 2020
കലണ്ടര്‍ (കവിത: മിത്ര.എസ്.റാം)
കലണ്ടര്‍ ഒരു കണ്ണാണ്-
പഴമയുടെ ഗന്ധം പേറും ഓര്‍മ്മകളിലേക്ക്,
ചുവടു തെറ്റിയാടും
നാളെയുടെ നിഴല്‍ചിത്രങ്ങളിലേക്ക്,
വിയര്‍പ്പിന്‍ ലവണഗന്ധമേറും
പകലുകളിലേക്ക്,
ചാപല്യങ്ങളിണ ചേരും
ഉഷ്ണ രാത്രികളിലേക്ക്-
തുറന്നു വച്ചിരിക്കുന്ന ഒരു കണ്ണ്.
കലണ്ടര്‍ ഒരു ഓര്‍മ്മപ്പെടുത്തലാണ്-
നഷ്ടദിനങ്ങളുടെ ചിറകടിയൊച്ചയിലും,
അസ്തിത്വത്തെ ചീന്തിയെടുക്കാത്ത
വിധിയുടെ ഓര്‍മ്മപ്പെടുത്തല്‍-
അഗ്നികെട്ടണഞ്ഞു
ചിന്തകളാറി തണുക്കവേ,
തേഞ്ഞു തീരാത്ത ചിന്തകള്‍
യാന്ത്രികമായി ചലിക്കവേ,
കലണ്ടര്‍ ഒരു ആവര്‍ത്തനമാണ്-
ഓരോ വര്‍ഷാന്ത്യത്തിലും,
വര്‍ഷാരംഭത്തിലും,
നഷ്ടങ്ങളുടെ
ആവര്‍ത്തന വിരസതയില്‍
ഇനിയും കിട്ടാത്തതെന്തിനെയോ
വ്യഥാ തിരയുന്നതിന്റെ
ജീര്‍ണാവശിഷ്ടമാണ് കലണ്ടര്‍


കലണ്ടര്‍ (കവിത: മിത്ര.എസ്.റാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക