Image

വിത്തുകൾ (രാജൻ കിണറ്റിങ്കര)

Published on 16 July, 2020
വിത്തുകൾ (രാജൻ കിണറ്റിങ്കര)
ജീവിതം
മുളയ്ക്കാനിട്ട
വിത്തുകൾ പോലെയാണ്
ഇടയ്ക്കിടെ മണ്ണ്
ചികഞ്ഞ് നോക്കരുത്
മുള പൊട്ടിയോ എന്ന്
ഭൂതകാലങ്ങളെ
ഓർമ്മയുടെ
കമ്പുകൾ കൊണ്ട്
ചികയും പോലെ
വെള്ളമൊഴിച്ചു
കൊണ്ടിരിക്കണം
പ്രതീക്ഷയോടെ
മൺപരപ്പിൽ
പ്രവചിക്കാനാവാത്ത
നാളെയുടെ ചലനമുണ്ട്
ആ മിടിപ്പിൽ
പ്രതീക്ഷയുടെ ഒരു നാമ്പ്
മണ്ണിളക്കി പുറത്തു വരാം
ഉച്ചവെയിലിൽ
വാടികരിഞ്ഞെന്ന് തോന്നാം
പുലർമഞ്ഞിൽ പക്ഷെ
തളിർത്തു നിൽക്കും
ഇല്ലെങ്കിലും
എന്തിന് നിരാശ?
ഒരു വിത്തിൽ നിന്നല്ലേ
ഒരു മരമുണ്ടാകുന്നത്
ശിഖരമുണ്ടാകുന്നത്
പൂവും കായുമുണ്ടാകുന്നത്
പക്ഷെ, മരത്തിലെ
കായ്കളെയല്ലാതെ
ജന്മം നൽകിയ വിത്തിനെ
ആരോർക്കുന്നു
മണ്ണോടു ചേരാൻ
മാത്രം വിധിച്ച
പ്രതീക്ഷയുടെ വിത്തുകൾ
ജീവിതം പോലെ
ജീവിതചക്രം പോലെ

Join WhatsApp News
റഫീക്ക് അഹമ്മദ് 2020-07-20 09:11:35
മഴ കൊണ്ടു മാത്രം മുളയ്ക്കുന്ന വിത്തുകള്‍ ചിലതുണ്ട് മണ്ണിന്‍ മനസ്സില്‍.. പ്രണയത്തിനാല്‍ മാത്രമെരിയുന്ന, ജീവന്റെ തിരികളുണ്ടാത്മാവിനുള്ളില്‍....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക