Image

നീലച്ചിറകുള്ള മൂക്കുത്തികള്‍ - 22 - സന റബ്സ്

Published on 18 July, 2020
നീലച്ചിറകുള്ള  മൂക്കുത്തികള്‍ - 22 - സന റബ്സ്
ദാസിന് താഴേക്ക്‌പോകേണ്ടി വന്നില്ല. മിലാന്‍ അപ്പോഴേക്കും മുകളിലെത്തിയിരുന്നു. “നീ വരില്ലെന്ന് കരുതി. എന്തായാലും നന്നായി. അമ്മ മാത്രമല്ല , എന്‍റെയൊരു പഴയ സുഹൃത്തുമുണ്ട് മുറിയില്‍. നീ അറിയുമായിരിക്കും. നിരഞ്ജന്‍ റെഡ്ഡി. ഫ്രം ഡെന്മാര്‍ക്ക്.”

“അറിയാം. പക്ഷെ വിദേതിന്റെ ഫ്രെണ്ടാനെന്നറിഞ്ഞില്ല. നന്നായി.  ലുക്ക്‌ വിദേത്, ഇത്രയും വൈകി വന്നത് എന്തിനായിരിക്കും എന്നമ്മ ഓര്‍ക്കുമോ?”

“എന്തിന്? നീ അമ്മയെ കാണാന്‍ തന്നെയാണ് വന്നതെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ, വരൂ..”

മിലാന് അല്പം വല്ലായ്മ  തോന്നാതിരുന്നില്ല. പാതിരാത്രിയില്‍ ഒരു സംഗമം. അതും തന്‍റെ ഭാഗത്ത്‌നിന്നും താന്‍ ഒറ്റയ്ക്ക്. മിലാന്‍ മുറിയിലേക്ക്കയറിച്ചെന്നപ്പോള്‍  താരാദേവി എഴുന്നേറ്റു നില്‍ക്കുകയായിരുന്നു. അവര്‍ പുഞ്ചിരിച്ചുകൊണ്ട് മിലാന്‍റെ നേര്‍ക്ക്‌ കൈനീട്ടി. അല്പം സങ്കോചത്തോടെ പതുക്കെ നടന്നടുത്ത മിലന്റെയും അമ്മയുടേയും നേരെ ചിരിയോടെ നിരഞ്ജന്‍ നോക്കി. “ഇതെന്താ സ്ലോ മോഷന്‍? സിനിമയിലൊക്കെ കാണുന്ന പോലെ? പേടിക്കേണ്ട മിലാന്‍, ഈ കാണുന്ന പത്രാസ് മാത്രമേയുള്ളൂ. അമ്മയൊരു വെറും ചീറ്റപ്പുലി പോലെ പാവമാണ്.” 

“നീ പോടാ, ആ കുട്ടിയെ പേടിപ്പിക്കാതെ...” താരാദേവി നിരന്ജനെ ശാസിച്ചു. “മോളിങ്ങ് വാ, ഞാനൊന്ന് കാണട്ടെ.”
മിലാനെ താരാദേവി മാറോടു ചേര്‍ത്തു. അവളുടെ മുടിയിഴകള്‍ മാടിയൊതുക്കി അവളോട്‌ വളരെ പതുക്കെ അവര്‍ ചോദിച്ചു. “അപ്പോള്‍ നീയാണല്ലെ എന്‍റെ പ്രിയപ്പെട്ട വജ്രം കട്ടെടുത്തത്‌?”

അമ്പരന്ന മിലാന്‍ മുഖമുയര്‍ത്തി അവരെ നോക്കി. മനസ്സിലാവാതെ.

“ഈ നില്‍ക്കുന്ന എന്‍റെ വജ്രത്തെ?” അവര്‍ ദാസിനു നേരെ മിഴികളുയര്‍ത്തി.
 കൈകള്‍കെട്ടി അവരെത്തന്നെ നോക്കിനില്‍ക്കുകയായിരുന്നു ദാസ് ചിരിച്ചു. 
എല്ലാവരും പരസ്പരം  സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍  മിലാനെയും ദാസിനെയും തന്‍റെ അരികിലേക്ക് താരാദേവി ചേര്‍ത്തിരുത്തി.  “ഇരിക്ക്, ഇവിടെ എന്റെയടുത്തിരിക്ക് രണ്ട് പേരും...”  താരാദേവി രണ്ടു കൈകള്‍കൊണ്ടും അവരെ ചേര്‍ത്തുപിടിച്ചു. 
“വിദേത്, നിനക്കോര്‍മ്മയുണ്ടോ എന്നറിയില്ല. നിന്റെ അച്ഛനാണ് അവസാനമായി എന്നെയും നിന്നെയും ഇങ്ങനെ ചേര്‍ത്ത്പിടിച്ചത്. ശേഷം പലതരം ജീവിതങ്ങള്‍ കണ്ടപ്പോഴും നിന്നില്‍ ഒരു കുടുംബത്തെ ചേര്‍ത്ത് പിടിക്കാവുന്ന ശക്തി ഞാന്‍ കണ്ടിട്ടില്ല. നീയെപ്പോഴുംഎണ്ണയെപ്പോലെയായിരുന്നു; നിന്റെ കുടുംബം വെള്ളവും. എണ്ണ എപ്പോഴും വെള്ളത്തില്‍ കലരാതെ നിന്നു. എങ്ങനെ കലര്‍ത്താന്‍ നോക്കിയാലും പിന്നെയും നീ വെറെയെവിടെയോ ചേക്കേറുമായിരുന്നു.”

അവരൊന്ന് നിറുത്തി പിന്നീടു നിരന്ജനോടായി പറഞ്ഞു. “നീനു, നിനക്കറിയാമോ...  മേനക പോയതിനു ശേഷം ആ വീട് മൂകമാണ്. മകളുണ്ട്, ശരിതന്നെ,അവള്‍കൂടി ഇല്ലായിരുന്നെങ്കിലോ? പിന്നീടും ഇവന്‍ വിവാഹിതനായി; പക്ഷേ ജീവിക്കാനും പിരിയാനുമെടുത്ത സമയം വളരെ കുറവായിരുന്നു. ഇവന്‍റെ അച്ഛനുമായി വിവാഹം  നടന്നു നാലുവര്‍ഷം കഴിഞ്ഞാണ് അമ്മ എനിക്ക് ഈ മൂക്കുത്തി നല്‍കിയത്. ആ നാല് വര്‍ഷത്തിനിടയില്‍ കച്ചവടം തളരുകയും ജീവിതം പരുക്കനാവുകയും ചെയ്തു. അദ്ദേഹം കുറേക്കാലം വീട്ടില്‍ വന്നതുപോലുമില്ല.  ഈ മൂക്കുത്തി നല്‍കുമ്പോള്‍   അമ്മ പറഞ്ഞ പറഞ്ഞ ഒരു കാര്യമുണ്ട്. ‘കഷ്ടപ്പാടിലും വിരഹത്തിലുമല്ലാതെ  സ്നേഹവും പ്രണയവും അതിന്‍റെ ആഴം അറിയുന്നില്ല’ എന്ന്. 

അല്‍പസമയം  അവിടെയൊരു മൂകത  നിറഞ്ഞു. ആരും ഒന്നും സംസാരിച്ചില്ല.

 “ഇപ്പൊ നീയും ഇവിടെയുള്ളത് നന്നായി. എന്റെ കുടുംബം  മുഴുവനോടെ എന്റെയരികില്‍ ഉള്ളതായി തോന്നുന്നു. ഈ കുട്ടിയുടെ കണ്ണുകളില്‍ ഇവന് വെളിച്ചം കാണിക്കാനുള്ള പ്രകാശം ഞാന്‍ കാണുന്നുണ്ട്.  വിദേതിന് ഇപ്പോഴും വിരഹത്തിന്‍റെയും ജീവിതത്തിന്റെയും  ആഴമറിയുമോ എന്നെനിക്ക് സംശയമുണ്ട്‌. എങ്കിലും  മിലാന്‍ എന്‍റെ മകന്‍റ കുടുംബജീവിതം  പ്രകാശിപ്പിക്കും എന്ന് ഞാനാഗ്രഹിക്കുന്നു.  നിങ്ങള്‍ പിരിയാനിടയുണ്ടാകരുത്.”

“വീട്ടില്‍ എല്ലാവരും സുഖമാണോ മോളെ? അമ്മ എന്ത് പറയുന്നു?”  അല്പം കഴിഞ്ഞ് താരാദേവി ചോദിച്ചു.  “അമ്മയെയും അച്ഛനെയും കാണാന്‍ ഞാന്‍ അങ്ങോട്ട്‌ വരുന്നുണ്ട്. അവരോടു ഇനി കാത്തിരിക്കേണ്ട എന്ന് പറയാന്‍. നിങ്ങളെ രണ്ട് പേരെയും  ഇനിയും ഇങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ....” അവളുടെ മുടിയില്‍ തഴുകിക്കൊണ്ട് അവര്‍ പറഞ്ഞു.

മിലാന്‍റെ കണ്ണുകളില്‍ നാണമോ അഭിമാനമോ അവകാശമോ എന്ന് തിരിച്ചറിയാനാവാത്ത ഒരു വെളിച്ചം മിന്നിത്തിളങ്ങിനിന്നു.  ഗൂഢമായി തന്നെത്തന്നെ ദാസ്‌ നോക്കുന്നത് അയാളുടെ മുഖത്ത് നോക്കിയില്ലെങ്കില്‍ പോലും മിലാന്‍ കാണുന്നുണ്ടായിരുന്നു.

“മോള്‍ ഒറ്റയ്ക്കല്ലേ വന്നത്? എങ്കില്‍ വൈകേണ്ട. വിദേത്, നീ മോളെ കൊണ്ടാക്കിയിട്ട് വരൂ. ഇപ്പോഴേ വളരെ വൈകി. ഡ്രൈവറെ മാത്രം വിടേണ്ട.” താരാദേവി നിര്‍ദ്ദേശിച്ചു. എല്ലാവരും പോകാനായി എഴുന്നേറ്റു. ഒരു വട്ടം കൂടി ആ അമ്മയെ കെട്ടിപ്പിടിക്കുമ്പോള്‍ മിലാന്‍ അറിയുന്നുണ്ടായിരുന്നു ദാസിന് വേണ്ടി താരാട്ടുപാടിയ ആ നെഞ്ചിന്റെ മിടിപ്പുകള്‍. മക്കള്‍ എത്ര വലുതായാലും എത്ര ഉന്നതരായാലും അമ്മയുടെ നെഞ്ചിലെപ്പോഴും അവരുടെ നിശ്വാസങ്ങളുടെ താളം  വളരെ മൃദുവാണെന്ന്... 

തിരികെയിറങ്ങിയപ്പോള്‍ ദാസ്‌ തിരിഞ്ഞു മിലാനോട് ചോദിച്ചു.  “കുറച്ച് കഴിഞ്ഞുപോയാലോ? എന്തായാലും ഞാന്‍ കൊണ്ട് വിടെണ്ടേ..” 
അയാളുടെ കണ്ണുകളിലെ കള്ളത്തരം ഒരു ഞൊടികൊണ്ടവള്‍ ഉടച്ചുകളഞ്ഞു. “നടപ്പില്ല മോനെ, വേഗം കൊണ്ടാക്കിത്തരൂ... ഇല്ലേല്‍ ഞാനിപ്പോ അമ്മയെ വിളിക്കും.”

“നീയങ്ങനെ അമ്മയെ കാണിച്ചെന്നെ  ഭീഷണിപ്പെടുത്തേണ്ട, ഒരു ഭീഷണിയിലും വീഴാത്തവനാണ് നിന്‍റെ പ്രിയനെന്ന് നിനക്ക് അറിഞ്ഞുകൂടാത്തതില്‍ ഞാന്‍ ഖേദിക്കുന്നു ബേബീ...” മിലാന്‍റെ കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക്  ദാസ്‌ കയറിയിരുന്നപ്പോള്‍ അയാളുടെ ബോഡി ഗാര്‍ഡുകളുടെ ഒരു കാറും  അവരെ പിന്തുടര്‍ന്നു.

 ചില തെരുവുകള്‍ ഉറക്കം പിടിച്ചിരുന്നു. ഇരുട്ടും നിഴലും വിളക്കുകളും ഇടകലര്‍ന്ന വഴിയിലൂടെ കാര്‍ ഓടി. മിലാന്‍ ദാസിനോട് ചേര്‍ന്നിരുന്ന് ഒരു കൈ തന്‍റെ കൈകള്‍ക്കുള്ളിലാക്കി. “നോക്ക് വിദേത്, നല്ല രസമില്ലേ ഇങ്ങനെ വിജനമായ റോഡിലൂടെ നമ്മള്‍ മാത്രം സഞ്ചരിക്കുന്നത്? വളരെ സ്പീഡില്‍ ഓടിച്ചോടിച്ച്‌ പോണം...”

“ഉം... പോയേക്കാം...” അയാളുടെ മനസ്സും ശാന്തമായിരുന്നു. ജലത്തിന് മുകളിലൂടെ ഒഴുകുന്നപോലുള്ള   തണുത്ത മനസ്സും ചിന്തകളും.  അല്പംകൂടി മുന്നോട്ട് നീക്കി വഴിയോരത്ത് കാറൊതുക്കി അയാള്‍ അവളെ നോക്കി. “നടക്കാം കുറച്ച്? പകല്‍ ഒരിക്കലും നമുക്കിത് സാധ്യമല്ല.”

ഡ്രൈവിംഗ് സീറ്റില്‍ നിന്നിറങ്ങി ഇപ്പുറത്ത് വന്നു  അവള്‍ക്കു ഡോര്‍ തുറന്നു കൊടുത്തുകൊണ്ട് മുഖത്തോട് കൈ അടുപ്പിച്ചു അയാള്‍ അവള്‍ക്ക് സലാം നല്കുംപോലെ ഒരാന്ഗ്യം കാണിച്ചു. “മിസ്‌ മുംബൈ ഇറങ്ങിയാലും...”
മിലാന്‍ ചിരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി. “ഒഹ്, ഈ ആത്മാവിന്റെ ആലിംഗനം സ്വീകരിച്ചിരിക്കുന്നു പ്രിയനേ...”

ഇരുള്‍ നല്‍കിയ വെളിച്ചത്തിലൂടെ ദാസും മിലാനും നടന്നു. തെരുവോരങ്ങളിലെ  ചില കടകള്‍ അപ്പോഴും ഉണര്‍ന്നിരുന്നു. മിലാന്‍ വളരെ സന്തോഷത്തിലാണെന്ന് ദാസിന് മനസ്സിലായി. കുട്ടിയെപ്പോലെ അവള്‍ നിമിഷങ്ങള്‍ ആസ്വദിക്കുന്നു.  പലനിറങ്ങളില്‍ പാവകളും ബലൂണുകളും നിറഞ്ഞ ഒരുചെറിയകടറോഡിനരികില്‍ കണ്ടിടത്തേക്ക് മിലാന്‍ അയാളുടെ കൈയ്യും പിടിച്ച് ഓടിച്ചെന്നു. 

“നിനക്കെന്തെങ്കിലും വേണോ ഇവിടെനിന്ന്?” ദാസ്‌ ചോദിച്ചപ്പോള്‍ മിലാന്‍ തലയാട്ടി.
 “എനിക്ക് വേണം, പക്ഷെ വിദേത് സെലക്ട്‌ ചെയ്യണം.”
“ഓക്കേ, പക്ഷെ ഇവിടെ പാവകള്‍ മാത്രമേ ഭംഗിയോടെ ചിരിക്കുന്നുള്ളൂ, ചെറുതാണോ വലുതാണോ വേണ്ടത്?”
“അതാണ്‌ പറഞ്ഞത്, വിദേത് സെലക്റ്റ് ചെയ്യണം എന്ന്...”

പത്തുമിനിറ്റ് തിരഞ്ഞ് സാമാന്യം വലുപ്പമുള്ള ഒരു റ്റെഡിബിയര്‍  എടുത്ത് അവള്‍ക്കു കൊടുക്കുമ്പോള്‍ കുസൃതിയോടെ അയാള്‍ പറഞ്ഞു. “ഞാനില്ലാത്തപ്പോള്‍ നിനക്കൊരു കൂട്ടായി. എന്നോട് തോന്നുന്ന എല്ലാം ഇങ്ങോട്ട് കാണിക്കേണ്ട, പാവം കരടിക്കുട്ടന്‍ വലഞ്ഞുപോകും, സൊ ബി കെയര്‍ഫുള്‍...” 

 ചിരിച്ചും ചിരിപ്പിച്ചും  കൈകള്‍ കോർത്തുപ്പിടിച്ചവര്‍  മുന്നോട്ട് മുന്നോട്ടുപോയി. മതിലുകള്ക്കരികില്‍  ആ വലിയ പാവയോട്കൂടി ചാരിനിന്ന്  ആകാശം കണ്ടു.

 മിലാന്‍  സാരിയുടെമനോഹരമായ പല്ലു വിടർത്തി   മുന്നിലേക്കെടുത്ത്  സാരിയുടെ സുതാര്യതയിലൂടെ നക്ഷത്രങ്ങളെനോക്കി.  കര്‍വാചൗഥ്‌ വ്രതംനോറ്റവര്‍  മറയിലൂടെ തന്റെ പുരുഷന്റെ മുഖം നോക്കുമ്പോലെ അവള്‍ അയാളുടെ മുഖം കണ്ണാടി നോക്കി.
“അല്പം മുന്പും ഈ നക്ഷത്രങ്ങള്‍ നമ്മെ യൂണിവേഴ്സിറ്റിയില്‍ നിന്ന് കണ്ടതാണ്. അവര്‍ അനുഗ്രഹിക്കുന്നുണ്ടാവുമോ ഇവരിങ്ങനെ എന്നും അനുരാഗത്തോടെ നോക്കിനില്ക്കണമെന്ന്...”

“വെറുതെ നോക്കിനില്ക്കാന്‍ അനുഗ്രഹിച്ചാല്‍ പോരല്ലോ...” അവളെ കരവലയത്തിലിടുമ്പോള്‍ അയാള്‍ പൂരിപ്പിച്ചു. “ബാക്കിയും കൂടി അനുഗ്രഹിക്കാന്‍ പറ അവരോട്...” 

ചിന്തകളുടേയും പ്ലാനിംഗുകളുടെയും ഭാരമില്ലാതെ  തിരക്കുകളെപ്പറ്റി  ഓര്‍ക്കുകപോലും ചെയ്യാതെ, കുഞ്ഞുങ്ങളുടെ മനസ്സുമായി തെരുവോരക്കച്ചവടങ്ങളില്‍ നിന്ന് എന്തൊക്കെയോ വാങ്ങിക്കഴിച്ചും വിലപേശിയും തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിച്ചും..... ഭൂമിയില്‍ നഗ്നപാദരായി നടക്കുന്ന ആ രണ്ട് മനുഷ്യരെ കൊല്ക്കൊത്താ തെരുവുകള്‍ നോക്കിനിന്നു,

“പിന്നെ വിദേത്, ആ കടയിലെ പാവകള്‍ കണ്ടപ്പോള്‍ ഞാന്‍ പെട്ടെന്ന് ഓര്‍ത്തത്‌ എന്തെന്നോ?”
പറയൂ എന്നര്‍ത്ഥത്തില്‍ അയാള്‍ തലകുലുക്കി.
 “ഈ  തെരുവുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഉള്ള പാവകള്‍ അവിടെ ഉണ്ടല്ലോ എന്ന്. പാവം! ഈ കുട്ടികള്‍ ഒരിക്കലും ഇത്തരം പാവകളുടെ മൃദുത്വവും സന്തോഷവും അറിയുന്നില്ല.”

“മിലാന്‍, നീ ഓര്‍ത്തത്‌ മറ്റൊന്നാവും എന്നായിരുന്നു ഞാന്‍ വിചാരിച്ചത്. “

“എന്താണെന്ന്....”

“ഏയ്... ഒന്നുമില്ല. ചുമ്മാ ഒരു സില്ലി കാര്യം. അത് നിന്റെയീ ചിന്തയുടെ മുന്നില്‍ വളരെ ചെറുതാണ്.”

“ വിദേതിന് ഇഷ്ടപ്പെട്ടില്ലേ?”

“ആയ്, അതല്ല, അങ്ങനെയല്ല ഉദ്ദേശിച്ചത്. ലീവ് ഇറ്റ്‌... വരൂ....” അയാളവളുടെ കൈ  പിടിച്ചു.  വലിയ പാവയും പിടിച്ചു അവര്‍ തിരികെ  കാറില്‍ വന്ന്കയറി. 

വീടിനരികില്‍ എത്തിയപ്പോഴേ ഹാളില്‍ വെളിച്ചം കണ്ടു. അമ്മയും അച്ഛനും ഉറങ്ങിയിട്ടില്ലെന്ന് മിലാന്‍ ദാസിനെ ചൂണ്ടികാണിച്ചു. “നിന്‍റെ അമ്മ നിര്‍ബന്ധിക്കയാനെങ്കില്‍ ഇന്ന് നിന്‍റെ ബെഡ്ഡില്‍ അഡ്ജസ്റ്റ്ചെയ്യാന്‍ എനിക്കൊരു വിഷമവുമില്ല മിലാന്‍...” ദാസ്‌ അവളെ നോക്കി കണ്ണിറുക്കി.

“അമ്മയോട് ഞാന്‍ ചോദിക്കാം. അമ്മയുടെ ബെഡ്ഡില്‍ അല്പം ഇടം കൊടുക്കുമോ എന്ന്. അച്ഛന്‍  സമ്മതിച്ചാല്‍ ഐ ഹാവ് നോ ഒബ്ജ്ക്ഷന്‍... കുട്ടി അവിടെപ്പോയി കിടന്നോളൂ...” 
“ഓഹോ...” അവളുടെ തമാശ കേട്ട് അവളെ അയാള്‍ നെഞ്ചിലേക്ക് വലിച്ചടുപ്പിച്ചു.

 കാറില്‍ നിന്നിറങ്ങും മുന്നേ രണ്ടുപേരും ആലിംഗനബദ്ധരായി മിനിട്ടുകളോളം ഇരുന്നു. “പോകാന്‍ തോന്നുന്നില്ല.” മിലാനായിരുന്നു ഇത്തവണ അയാളുടെ കാതിലിത്  മന്ത്രിച്ചത്.

“നോക്ക് മിലാന്‍... അന്ന് അമേരിക്കയില്‍ ഹെലികോപ്റ്റര്‍ റൈഡ് നടന്നപ്പോള്‍  എന്റെയുള്ളില്‍ മുഴുവനും നീയായിരുന്നു. അന്ന് ഉണ്ടായതിനേക്കാള്‍ എത്രയോ ഇരട്ടി സന്തോഷമാണ് ഈ തെരുവിലൂടെ,  ഈ ഇരുട്ടിലൂടെ നാം നടന്നപ്പോള്‍ എനിക്ക് കിട്ടിയതെന്നോ?  അയാം ഹാപ്പി മൈ ഏയ്‌ഞ്ചല്‍...വളരേ...”

“വിദേത് നേരത്തെ ചിന്തിച്ചത് എന്തെന്ന് ഞാന്‍ പറയട്ടെ? ആ ഷോപ്പിലെ പാവയെ കണ്ടപ്പോള്‍....” 
“ഉം, പറ...”
“നമ്മുടെ കുഞ്ഞിന് വേണ്ടി ഈ പാവകള്‍ നിറയെ വീട്ടില്‍ വേണം എന്നല്ലേ, എല്ലാ മുറികളിലും പല വർണ്ണത്തിലുള്ളവ  നിറയ്ക്കണം എന്നല്ലേ?” അവളുടെ വാക്കുകള്‍ കൊടുത്ത  ഊർജ്ജത്താല്‍ ആ കൈകള്‍ വീണ്ടും മുറുകി. നിനക്കത് മനസ്സിലായല്ലേ... അതേ..അതേ... 

ശാരികയും സഞ്ജയും ദാസിനെക്കണ്ട് ഉടനെ വെളിയിലേക്കിറങ്ങി വന്നു. അയാളും കാറില്‍ നിന്നിറങ്ങി സംസാരിച്ചു.  അവര്‍ നിര്ബന്ധിച്ചെങ്കിലും ദാസ് വീട്ടില്‍ കയറിയില്ല. സ്നേഹാനേഷണങ്ങള്‍ നടത്തി യാത്രപറഞ്ഞു കാര്‍ തിരിച്ചു ഗേറ്റ് തിരിയുമ്പോള്‍ അയാള്‍ തിരിഞ്ഞുനോക്കി. വലിയ കരടിക്കുട്ടനെയും  താങ്ങി മിലാന്‍ മുറ്റത്ത്‌തന്നെ നില്ക്കുന്നുണ്ടായിരുന്നു.

യാത്രയുടെ ക്ഷീണവും അസ്വസ്ഥതയും ചുമയും കൂടിച്ചേര്ന്നു  താരാദേവിക്ക് ഉറക്കം വരുന്നില്ലായിരുന്നു. വാഷ്‌റൂമില്‍ പോയി തിരികെവന്ന അവര്‍ ലൈറ്റ് ഓഫ്‌ ചെയ്യും വിദേത് വന്നോ എന്നറിയാന്‍  അയാളുടെ ഫോണില്‍ വിളിച്ചു. റേഞ്ച് ഇല്ല എന്ന മറുപടിയായിരുന്നു ഫോണ്‍ പറഞ്ഞത്! അവര്‍ സാമിയുടെ നമ്പര്‍ ഡയല്‍ ചെയ്തു.

“ഏതു മുറിയിലാണ് വിദേത്? നമ്പര്‍ ഏതാണ്?
“സാബ് അറുപത്തിഒന്നിൽ  ആണ്. അറുപത്തിരണ്ടിൽ  നിരഞ്ജന്‍ സാറും.”

തന്റെ മൊബൈല്‍ എടുത്തു വാതില്‍ ലോക്ക് ചെയ്തു താരാദേവി പുറത്തേക്കിറങ്ങി. താഴെ നിലയിലെ റൂം നമ്പറുകള്‍ നോക്കി  പോകുന്നതിനിടയില്‍ പതിനഞ്ചാമത്തെ റൂം കഴിഞ്ഞു പതിനാറിലെത്തിയപ്പോള്‍  നമ്പര്‍ പതിനാറ് എന്നെഴുതിയതിലെ ‘ഒന്ന്’ എന്നത് വാതിലിന് മുകളില്‍ ഇല്ലായിരുന്നു. കരോലിന്‍ നീറ്റാ എന്ന പേര് വായിച്ചുകൊണ്ട് അവര്‍ ലിഫ്റ്റിൽ കയറി.  വിദേത് എത്തിയില്ല എന്നറിഞ്ഞ അവര്‍ പത്തൊമ്പതില്‍ നിരഞ്ജന്റെ വാതിലില്‍ മുട്ടി.

“എന്താ അമ്മ ഉറങ്ങിയില്ലേ? എന്താണ് വന്നത്? വിളിച്ചാല്‍ മതിയായിരുന്നല്ലോ...?” ആ ചോദ്യത്തിന് താരാദേവി ചിരിച്ചതേയുള്ളൂ. “ഒന്നുമില്ല, കിടന്നിട്ടും ഉറക്കം വരുന്നില്ല.സാരമില്ല. നീ കിടന്നോളൂ...”
“വേണ്ട, അങ്ങോട്ട്‌ ഞാനും വരാം...” മുറി പൂട്ടി നിരന്ജനും കൂടെയിറങ്ങി. ലിഫ്റ്റില്‍ മുകളിലേക്ക് കയറി മുറിയുടെ അടുത്തെത്തിയ അവര്‍ ഒന്ന് നിന്നു. “നോക്ക് നീനു, ഈ ഹോട്ടലുകാർക്ക്  തീരെ റെസ്പോന്സിബിലിറ്റി ഇല്ല. ദാ, കണ്ടോ,  നമ്പര്‍  പതിച്ചത്  ഇളകി നിൽക്കുന്നത്? നിന്റെ മുറിയുടെ അടുത്ത് ഒരു നമ്പര്‍ താഴെ വീണു കിടക്കുകയായിരുന്നു.”

“ഹോട്ടലുകളില്‍ പലപ്പോഴും പല വർക്കുകള്‍ ഒരുമിച്ചായിരിക്കും അമ്മെ ചെയ്യുക. അതാണ്‌.” നിരഞ്ജന്‍ അവരെ സമാധാനിപ്പിച്ചു. ലിഫ്റ്റില്‍ അവരുടെ കൂടെ കയറിയ റൂം ബോയ്‌ ഫുഡ്‌ട്രേയുമായി  അവരുടെ അരികിലേക്ക് വന്നു. ട്രോളി  തള്ളികൊണ്ടുവന്ന് അരികില്‍ നിറുത്തിയപ്പോള്‍ താരാദേവി ചോദിച്ചു. “ആർക്കാണ്?
“മേം,  ഈ മുറിയിലേക്ക്  ഓർഡര്‍ ഉണ്ടായിരുന്നു.”
“ഈ മുറിയില്‍ നിന്നോ? ആര് ഓർഡര്‍ ചെയ്തു?”
“മേം....” ഒന്ന് പരുങ്ങി റൂം ബോയ്‌ തുടർന്നു.  “റായ്സാറിന്റെ  റൂമിലേക്ക്‌ ഓർഡര്‍ ഉണ്ടാരുന്നു.”
“ഒഹ്, അതാണോ, അവന്‍ ഈ മുറിയിലല്ല, താഴെയാണ്. അറുപത്തിയൊന്നിൽ  .” അവര്‍  പറഞ്ഞപ്പോള്‍ റൂം ബോയ്‌   ട്രേയുമായി പിന്തിരിഞ്ഞു.
“അവന്‍ ഒന്നും കഴിച്ചിരിക്കില്ല. പക്ഷെ ഇപ്പോള്‍ ഏകദേശം മൂന്നായി. ഈ നേരത്ത് അവന്‍ ആഹാരം കഴിക്കുമോ... ആരാണിത് ഓർഡർ  ചെയ്തതാവോ? 
“സാമിയായിരിക്കും...” നിരഞ്ജന്‍ ആലോചനയോടെ പറഞ്ഞു. “വിദേത് വിളിച്ചു പറഞ്ഞിരിക്കും.”

താരാദേവിയെ മുറിയിലാക്കി  താഴേക്ക്‌ മടങ്ങുമ്പോള്‍ ദാസിന്റെ ഫോണിലേക്ക് നിരഞ്ജന്‍ ഒന്നുകൂടി വിളിച്ചുനോക്കി. മടങ്ങുകയാണെന്ന മറുപടി കിട്ടിയപ്പോള്‍ അയാള്‍ മുറിയിലേക്ക് നടന്നു. 
ദാസിന്റെ മുറിയെ കടന്നുപോയപ്പോഴും  റൂംബോയ്‌ കൊണ്ടുവെച്ച ട്രേയോ ആഹരമോ റൂമിന് വെളിയില്‍ ഇല്ലായിരുന്നു എന്നത് നിരഞ്ജന്‍ ശ്രദ്ധിച്ചു.  നമ്പര്‍ പ്ലേറ്റ് ഇളകിയ അടുത്ത റൂമിന്റെ  വാതില്ക്കലേക്ക് നോക്കാനും മറന്നില്ല. ഉറക്കക്ഷീണംകൊണ്ട് കൂടുതല്‍ ആലോചിക്കാതെ നിരഞ്ജന്‍ വാതിലടച്ചു. ആ വാതിലടഞ്ഞ ഉടനെ ഫുഡ്‌ ട്രോളിയുമായി  റൂം ബോയ്‌ വരികയും അത് ദാസിന്റെ  മുറിയുടെ മുന്നില്‍ ഓരത്തായി വെച്ച് മടങ്ങുകയും ചെയ്തത് അയാള്‍ കണ്ടില്ല.
                                                                                  (തുടരും)
നീലച്ചിറകുള്ള  മൂക്കുത്തികള്‍ - 22 - സന റബ്സ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക