Image

ചിലങ്കയിട്ട കൈകൾ (കഥ : സ്‌മിത പ്രമോദ് രാമപുരം)

Published on 20 July, 2020
ചിലങ്കയിട്ട കൈകൾ (കഥ : സ്‌മിത പ്രമോദ് രാമപുരം)
പൊടിപിടിച്ച ആ ചിലങ്കയ്ക്ക്  ഏറെ പറയാനുണ്ടായിരുന്നു. വാചാലയായിരുന്ന അവളുടെ അധരങ്ങളെക്കാൾ! വഴിവിളക്കിന്റെ ചുവട്ടിൽനിന്നു മങ്ങിയ വെളിച്ചത്തിലേക്ക് നീട്ടിപ്പിടിച്ച വിറയാർന്ന കൈകളിലിരുന്ന ആ ചിലങ്കയിലേയ്ക്ക് ഇറ്റുവീണതു കണ്ണീരായിരുന്നില്ല.

ഒരു ജന്മ തപസ്യയായിരുന്നു.

നീതിപീഠത്തിന്റെ നിശ്ശബ്ദതക്കോ, കറുത്ത കോട്ടിനുള്ളിലെ വാചാലതക്കോ അവളെ കേൾക്കാനായില്ല.

അവളൊരു ഊമയെന്നൊരു പക്ഷം.
ഇന്നലെവരെ അവൾക്കു നാവുണ്ടായിരുന്നെന്നു മറ്റൊരു പക്ഷം.
ഇന്നിനു ചേർച്ച മൗനമെന്നു അവളുടെ പക്ഷം.
സ്വപ്നങ്ങളുടെ ഭാരമാണോ, നഷ്ടങ്ങളുടെ കണക്കു കൂട്ടലുകളാണോ അവളെയൊരു സ്റ്റാച്യൂ  ഓഫ് ലിബർട്ടി  പോലെയാക്കിയതെന്നു  മറ്റൊരു പക്ഷം.

സംഘാടക മികവിനെ എടുത്തു കാണിച്ച കമ്മിറ്റി മെമ്പറുടെ വാക്കുകളുടെ കസർത്തും, കഷായവും , കുഴമ്പും ഇഴകലർന്ന തെക്കിനിയിലെ അച്ഛന്റെ ഗന്ധവും, കരിപുരണ്ട അടുക്കളയിലെ അമ്മയുടെ നെടുവീർപ്പും ഒരിക്കൽകൂടി ചിലങ്കയണിയിച്ചപ്പോൾ മനസ്സിൽ തെളിഞ്ഞത് സമ്പന്നതയുടെ തൊട്ടിലല്ല. വിശപ്പാറുവോളം ഒരൂണ്, പരസഹായമില്ലാതെ നടക്കുന്ന അച്ഛൻ, നിറയാത്ത കണ്ണോടെ അമ്മ.

" കോടതിയോട് എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ ?"- സാക്ഷി വിസ്താരങ്ങളുടെ അകമ്പടിക്കെട്ടെന്നോണം കറുത്ത കോട്ടിന്റെ ശബ്ദം .


പ്രോഗ്രാം ബുക്ക് ചെയ്തപ്പോഴേ തന്നത് പതിനായിരത്തിന്റെ ഒരു കെട്ട്. ആദ്യമായാണ് ഇല്ലത്തിന്റെ പടിപ്പുര കടന്ന് ഇത്രയും കാശ് ഒന്നിച്ചു വരുന്നത്.

വണ്ടിയിലെ എസിയുടെ തണുപ്പിലൂടെ അരിച്ചുവന്ന കൈകൾ ചൂടിനായി ശരീരം മുഴുവൻ പരതുമ്പോൾ, നിർവികാരതയായിരുന്നു.ചെവിയിൽ പതിഞ്ഞ അംഗോപാംഗ പുകഴ്ത്തലിൽ ആസ്വാദനമായിരുന്നില്ല,

പിന്നെ,  അമ്മയുടെ നെടുവീർപ്പായിരുന്നു. കഴുത്തിലൊരു താലിയണിയിച്ച് ഒപ്പം കൂട്ടാം എന്ന വാഗ്ദാനത്തിൽ മാത്രം എവിടെയോ ഒരു പ്രതീക്ഷയുണർന്നു. ആ പ്രതീക്ഷയിൽ എപ്പോഴോ ഒന്ന് മയങ്ങി. ഉണർന്നപ്പോൾ അപരിചിതമായ ഏതോ സ്ഥലം

പരിചിതവും അപരിചിതവുമായ ശബ്ദകോലാഹലങ്ങൾ... മദ്യത്തിന്റെ രൂക്ഷഗന്ധം. ദേഹമാസകലം നീറ്റൽ. കിടന്ന കിടപ്പിൽനിന്ന് ഒന്ന് അനങ്ങാൻ പോലും ആകുന്നില്ല. തുറക്കുന്നതിലും വേഗത്തിൽ അടയുന്ന കണ്ണുകൾ...

ഒരു നേർത്ത മുണ്ടുകൊണ്ടു ഒന്ന് പുതച്ചതൊഴിച്ചാൽ ദേഹത്തൊരു നൂൽബന്ധം പോലുമില്ല.

അവർ അന്ന് കൊന്നത് എന്നെയല്ലേ ?എന്നോടൊപ്പം മറ്റു രണ്ടു ജീവനെയും!

ഇവിടെ വിസ്തരിക്കപ്പെടുന്ന ഞാനൊരു കൊലപാതകിയാണത്രെ!

അന്ന് മുറിയിൽനിന്ന് പുറത്തുപോയവരിൽ നീതിപാലകരും, നിയമപാലകരും ഉണ്ടായിരുന്നല്ലോ?

അർധ ബോധാവസ്ഥയിൽ അവരെന്നെ കൊന്നു തിന്നതിന്റെ വീഡിയോ ക്ലിപ്പുമായി ഇല്ലത്തിന്റെ പടിപ്പുര കയറി വന്നപ്പോൾ ആ നിയമപാലകനെ കൊല്ലുകയല്ലാതെ ഞാൻ മറ്റെന്തു ചെയ്യും?

നിശ്ശബ്ദത തളം കെട്ടിയ മൂടുപടം അണിഞ്ഞിരിക്കുന്ന  കോടതിയോട് സാക്ഷിയോ, വക്കീലോ ഇല്ലാത്ത ഞാൻ മൗനം കൊണ്ടല്ലാതെ മറ്റെന്തു മറുപടി പറയാൻ.

ഒരു രാത്രികൊണ്ട് മൂന്നു ജീവനെ കൊലപ്പെടുത്തി. നിയമപാലകർ കൈവിലങ്ങു വെച്ച് കൊണ്ടുപോകുമ്പോൾ ഞാൻ ആ വിലങ്ങ് ഒരു ചിലങ്കയായി മനസ്സിൽ അണിയട്ടെ.


ചിലങ്കയിട്ട കൈകൾ (കഥ : സ്‌മിത പ്രമോദ് രാമപുരം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക