Image

ചുഴികൾ ( കഥ: രമണി അമ്മാൾ )

Published on 21 July, 2020
ചുഴികൾ ( കഥ: രമണി അമ്മാൾ )
അന്നൊരു തിങ്കളാഴ്ചയായിരുന്നു.
പതിവുപോലെ സംഗീത പഠനവും കഴിഞ്ഞു ടൗൺവഴി കറങ്ങിയാണ്  ഓഫീസിലേക്കു പോയത്.

ഒരു ദിവസത്തിന്റെ മുഴുവൻ സമയവും  കൃത്യമായി വീതം വച്ചുകൊണ്ടുളള പ്രവൃത്തികൾ..
എവിടെയെങ്കിലും ഒരു ചെറിയ വ്യതിയാനം സംഭവിച്ചാൽ  നേരെയാവുന്നതുവരെ ഒരു സമാധാനക്കേട്.
പത്തുമണിക്കുതന്നെ ഓഫീസിലെത്തുകയെന്ന
തും ചിട്ടപ്പെടുത്തിയ സമയ ക്രമീകരണങ്ങളിൽ മുഖ്യം.
അവിചാരിതമായ, അപ്രതീക്ഷിതമായ  കാര്യങ്ങൾ
ഇടങ്കോലുമായി ഇടയ്ക്കു കയറിവന്നില്ലെങ്കിൽ 
എല്ലാം ചിട്ടപ്പടിതന്നെ നടന്നുപോകും..

ഒന്പതിനും പത്തിനുമിടയിലുളള സമയത്ത്
റോഡിൽ വാഹനങ്ങളുടെ തിക്കും  തിരക്കും താതമേന്യ കൂടുതലാണ്.
പ്രത്യേകിച്ചു തിങ്കളാഴ്ച ദിവസങ്ങളിൽ.
തന്റെ ഹോണ്ട ആക്ടീവ  ഏതു തിരക്കിനിടയിലൂടെയും
എങ്ങനെയെങ്കിലും നുഴഞ്ഞുകേറും..
മുന്നിലോടുന്ന  വണ്ടികളെ ഓവർടേക്കു ചെയ്തു പാഞ്ഞുപോകുന്നത് ചിലപ്പോഴല്ലാം ഒരു ഹരമാണ്.

ഈ പ്രായത്തിൽ, അല്പം  സംഗീതം അഭ്യസിച്ചുകളയാമെന്നുവച്ചു..
പാട്ടിനോടുളള ഇഷ്ടം ഓർമ്മവെച്ചനാൾ മുതലേയുണ്ട്.
ഇഷ്ടം
മനസ്സിൽ കൊണ്ടു നടക്കാനേ നിവൃത്തിയുണ്ടായിരുന്നുളളു.
പ്രാരാബ്ധങ്ങളുടെ നടുവിൽ 
ജീവിതം മുന്നോട്ടുന്തിക്കൊണ്ടു
പോകാൻ
പാടുപെടുമ്പോഴോ പാട്ടും കൂത്തും...ഓടിക്കും അമ്മ. 
തയ്യൽമെഷീനിൽ ജീവിതം
കരുപ്പിടിപ്പിക്കുമെന്നു സ്വപ്നം കാണുന്ന ചെറിയമ്മയുടെ  പതിഞ്ഞ ശബ്ദത്തിലുളള പാട്ടുകൾ,
ശോകഗാനങ്ങൾ മിക്കതും  അതിമനോഹരമായിട്ടു പാടുന്ന ചെറിയമ്മയ്ക്ക് പഴയ സിനിമകളിലെ പാട്ടുകൾ മിക്കതും അറിയാം...
പാട്ടിനോടുളള ആരാധന ഊട്ടിയുറപ്പിച്ചത് ചെറിയമ്മയാണ്...
സന്ധ്യക്ക്  നാമംചൊല്ലാനിരിക്കുമ്പോഴാണ്, തന്റെ സംഗീതപാടവം മുഴുവൻ പുറത്തെടുക്കാറ്.. ഏതെങ്കിലും പാട്ടിന്റെ  ഏതെങ്കിലും വരികളിൽ കൃഷ്ണനെന്നോ ശിവനെന്നോ, അല്ലെങ്കിൽ മറ്റു ദേവീദേവന്മാരുടേയോ പേരുകളുണ്ടായിരുന്നാൽ
മതി, അതും ഭക്തിഗാനങ്ങളുടെ പട്ടികയിൽ പെടുത്തി പാടി തകർക്കുമായിരുന്നു..

സംഗീതം അല്പം പഠിച്ചേക്കാമെന്ന ഈ മോഹം..
കുട്ടികൾ പാട്ടു പഠിക്കാൻ തുടങ്ങിയതു മുതലാണ്..
അവരെ ശങ്കരൻമാഷ് വീട്ടിൽ വന്നു പഠിപ്പിക്കും..
ചിട്ടയോടെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതിനിടയ്ക്കു താനും കൂടി അവരുടെ കൂട്ടത്തിൽ ശരിയാവില്ല..
"ഈ പ്രായത്തിലിനി പാട്ടുപഠിച്ചിട്ടെന്തു ചെയ്യാനാ..കച്ചേരി നടത്താനുളള വല്ല ഉദ്ദേശവുമുണ്ടോ." ഭർത്താവിന്റെ 
കളിയാക്കൽ അനുവാദമായിട്ടു തോന്നി.
സംഗീതം പഠിക്കാനുളള രാജിയുടെ താല്പര്യംകൂടി അറിഞ്ഞതോടെ, രണ്ടു പേരുംകൂടി ഒരുമിച്ചു
പാട്ടുപഠിക്കാൻ തീരുമാനിക്കുകയായിരുന്നു.
ടൗണിൽ, യൂണിയൻ ക്ളബിനടുത്ത്, പാർവ്വതി 
ടീച്ചറുടെയടുത്ത്.
മക്കൾ സ്കൂളിലേക്കും ഭർത്താവ് ഓഫീസിലേക്കും  ഇറങ്ങുന്നമുറയ്ക്ക് 
താനും അവർക്കു പിന്നാലെ
ഒരുങ്ങിയിറങ്ങുകയായി.
ട്രഷറി ഉദ്യോഗസ്ഥയായ രാജി നേരെ അങ്ങോട്ടു വന്നോളും..
ആഴ്ചയിൽ മൂന്നുദിവസം
എട്ടരയ്ക്കും ഒൻപതിനുമിടയിൽ ടീച്ചർക്ക് 
ഞങ്ങൾ രണ്ടു  സംഗീതവിദ്യാർത്ഥിനികൾ മാത്രം.

പത്തുമണിയാവാൻ തുടങ്ങുന്നതേയുളളു.    മെയിൻ റോഡിൽ, ഗുരുമന്ദിരത്തിനടുത്തെത്തുമ്പോൾ ഇടത്തോട്ടു
തിരിഞ്ഞുളള ആദ്വ വളവു കഴിഞ്ഞാൽ വിശാലമായ ഓഫീസ് കോമ്പൗണ്ടിന്റെ
തുടക്കമായി.. 
സ്റ്റാഫ് ക്വാർട്ടേഴ്സുകൾ  കഴിഞ്ഞാണ് ഓഫീസ് കെട്ടിടം. 
പ്രദീപ് രാജിന്റെ  ബൈക്ക്  ഓഫീസ് ഗേറ്റു കടന്നിറങ്ങിവരുന്നു...
എന്നെക്കണ്ട് ഒന്നു കൈവീശി. ക്വാർട്ടേഴ്സിലാണു താമസം.
എന്തെങ്കിലും എടുക്കാൻ മറന്നു കാണും...
ഇന്ന് എല്ലാവരും പ്രസന്റാണല്ലോ.
മഴയൊന്നുമില്ലാത്ത ഒരു തെളിഞ്ഞ പ്രഭാതം..
പത്തരയ്ക്കു തന്നെ  അറ്റൻഡൻസ് ക്ളോസ്ചെയ്ത് ഓഫീസറുടെ മേശപ്പുറത്തെത്തിച്ചു.. 
ഇനി ഉച്ചവരെ തിരക്കിട്ട ജോലിയാണ്..
ചടപടാന്നു ഫയലുകൾ നോക്കിത്തീരണം..
വീട്ടിലായാലും ഓഫീസിലായാലും അടുക്കിലും ചിട്ടയിലും കാര്യങ്ങൾ നടക്കണമെന്നുളള നിർബന്ധബുദ്ധി
ചിലപ്പോഴൊക്കെ ഏറെ മാനസിക സംഘർഷങ്ങൾക്കു വഴിവെക്കാറുണ്ട്...
പെട്ടെന്ന് ഓഫീസ് അന്തരീക്ഷത്തിൽ ആകെയൊരു മാറ്റമനുഭവപ്പെട്ടു .
അടക്കം പറച്ചിലുകൾ..
സീറ്റിലിരുന്നു ജോലി ചെയ്തു കൊണ്ടിരുന്നവർ  പുറത്തിറങ്ങിപ്പോയിട്ടു കയറിവരുന്നു.
"എന്താ..എന്തുപറ്റി..?"
"മാഡം..നമ്മുടെ പ്രദീപ്  രാജ്.."
"പ്രദീപ്  രാജ്...ഞാൻ അരമണിക്കൂർ മുൻപ് കണ്ടതാണല്ലോ..ഇവിടെ, ഓഫീസിൽ വന്നിട്ടു തിരിച്ചിറങ്ങിപ്പോകുന്നത്. "
"ട്രെയിൻ തട്ടി മരിച്ചു മാഡം.."
ദൈവമേ എന്നെ വിഷ് ചെയ്തുപോയ ആ പോക്ക് മരണത്തിലേക്കായിരുന്നെന്നോ?..
നിറഞ്ഞ ചിരിയായിരുന്നല്ലോ
ആ മുഖത്തപ്പോൾ..
എവിടെവച്ച് ?..എങ്ങനെ?.."

."മാഡം ഇവിടെ കവലയ്ക്കടുത്ത് വിജനമായ സ്ഥലത്തെ വളവിൽവച്ച് ട്രയിൻ വരുമ്പോൾ മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു പോലും. ബൈക്കു സൈഡിൽ ഒതുക്കി വച്ചിട്ട്.
പാന്റ്സിന്റെ പോക്കറ്റിൽ കിടന്ന ഐഡന്റിറ്റി കാർഡിൽ
നിന്ന് ആളെ തിരിച്ചറിഞ്ഞ്
ആരോ ഇവിടെവന്നറിയിച്ചതാണ്..
വീട്ടിലറിയിക്കുവാൻ
പോയിട്ടുണ്ട്."

പറക്കമുറ്റാത്ത മൂന്നു കുട്ടികളാണ് പ്രദീപിന്.
രണ്ടാണ്മക്കൾക്കു ശേഷം ഒരു പെൺകുട്ടി, അതിന് കഷ്ടിച്ച് ഒരു വയസ്സുകാണും..

പ്രദീപിന് ഓഫീസിലെ ആരുമായിട്ടും പ്രത്യേകിച്ചൊരടുപ്പവുമുളളതായി തോന്നിച്ചിട്ടില്ല. അളന്നുമുറിച്ചുളള സംസാരം
അത്യാവശ്യകാര്യങ്ങൾക്കുവേണ്ടി മാത്രം..
അടങ്ങിയൊതുങ്ങിയിരുന്നു ജോലിചെയ്യും...
ഉച്ചയ്ക്ക് ക്വാർട്ടേഴ്സിൽ പോയി ആഹാരം കഴിച്ചിട്ടു വന്നാലും സീറ്റിൽ അതേ ഇരിപ്പ്..
സ്കൂൾ വിട്ട് പിള്ളേർ നേരെ ഓഫീസിലേക്കാണു വരുന്നത്..
കുറച്ചുനേരം അവന്മാർ അങ്ങോട്ടുമിങ്ങോട്ടുമോടിനടക്കും. അഞ്ചാവുമ്പോൾ അച്ഛനും മക്കളുംകൂടി  ഒരുമിച്ചു ക്വാർട്ടേഴ്സിലോട്ടു പോകും.  
.വൈഫ് സർക്കാർ സർവീസിൽ നഴ്സ്..കുറച്ചു ദൂരെയെവിടയോ..
രാവിലെ നേരത്തെ ഇറങ്ങും.. ഡ്യൂട്ടികഴിഞ്ഞു വീടെത്തുമ്പോൾ മിക്കവാറും സന്ധ്യ കഴിയും.
ഇളയ കുഞ്ഞിനെ നോക്കാൻ ആരെയോ നിർത്തിയിട്ടുണ്ടായിരുന്നു..
ക്രിക്കറ്റ് ഭ്രാന്ത് കലശലായിരുന്നു പ്രദീപ് രാജിന്..
ടിവിയിൽ കളിയുണ്ടെങ്കിൽ ആളു ക്വാർട്ടേഴ്സിനു പുറത്തിറങ്ങില്ല. ലീവുമെടുത്തിരുന്നു കളികാണും..
ആൺമക്കൾക്ക് 
രണ്ടുപേർക്കും..ക്രിക്കറ്റർമ്മാരുടെ പേരുകളാണിട്ടിരിക്കുന്നത്..
സച്ചിനെന്നോ
സഞ്ജുവെന്നോ മറ്റോ..
പെങ്കൊച്ചിനെന്തു പേരിടുമെന്ന് അന്ന് ആരോ ചോദിച്ചതോർക്കുന്നു. 

ഞങ്ങൾ സഹപ്രവർത്തകർ വീട്ടുവിശഷങ്ങളും, നാട്ടു  വിശേഷങ്ങളുമൊക്കെ  തമ്മിലങ്ങോട്ടുമിങ്ങോട്ടും പറയും.
പ്രദീപ് രാജ് ആ സംഭാഷണങ്ങളൊന്നും ശ്രദ്ധിക്കാറില്ലായിരുന്നു.

ബോഡി, പോസ്റ്റുമാർട്ടം കഴിഞ്ഞിപ്പോഴെത്തും...
ഓഫീസിൽ പ്രദർശനത്തിന്..
എനിക്കു കാണാൻ വയ്യ..
അവസാനമായി യാത്ര പറഞ്ഞത് തന്നോടായിരിക്കുമല്ലോ.....

കുറച്ചു ദിവസം ഓഫീസ് അന്തരീക്ഷമാകെ മ്ളാനതയിലായിരുന്നു..
ഒഴിഞ്ഞു കിടക്കുന്ന കസേര,  ചിട്ടയോടെ അടുക്കിവച്ച ഫയലുകൾ...
തന്റെ മേശപ്പുറം ക്ളീനാക്കിയിടാൻ വേണ്ടിയാവുമോ മരണയാത്രക്കുമുൻപ്
ഓഫീസിൽ കയറിയിട്ടുപോയത്?
എന്തിനിങ്ങനെ സ്വയം ഇല്ലാതായി? 
സാധാരണ വീടുകളിലെല്ലാമുളളതുപോലെയുളള ഇണക്കങ്ങളും
പിണക്കങ്ങളുമേ അവരു ഭാര്യാഭർത്താക്കന്മാർ തമ്മിലുണ്ടായിരുന്നുളളുവെന്നാണ് അടുത്ത ക്വാർട്ടേഴ്സിലെ താമസക്കാർ 
പറയുന്നത്..
ഒച്ചവെച്ചുളള ഒരു സംസാരംപോലും അവരാരും
ആ ക്വാർട്ടേഴ്സിൽ നിന്ന് 
കേട്ടിട്ടില്ലെന്ന്...

ഇന്നും,  ടൗൺ ചുറ്റി  ഓഫീസിലേക്കു വരുന്ന ദിവസങ്ങളിൽ   പ്രദീപ് രാജിന്റെ  ബൈക്ക് തനിക്കെതിരെ
ഓഫീസ് ഗേറ്റു കടന്നു വരുന്നതായും  കയ്യുയർത്തിക്കാണിക്കുന്നതായും തോന്നാറുണ്ട്..

ഒരു കാരണവുമില്ലാതെ വിലപ്പെട്ട സ്വന്തം ജീവനെ ഒരാൾക്ക് എങ്ങനെയാണ് ഇല്ലാതാക്കാൻ കഴിയുന്നത്...

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക