Image

മരണവും ഭീതിയും (കവിത- അഷ്റഫ് കാളത്തോട്)

അഷ്റഫ് കാളത്തോട് Published on 22 July, 2020
മരണവും ഭീതിയും (കവിത- അഷ്റഫ് കാളത്തോട്)
നിസ്സഹായതയുടെ
നിലവിളികളായ്
ഇലക്കണ്ണുകളിലെ ഇരുട്ടായ്
മരണവും ഭീതിയും
അകാലത്തിലേറ്റെടുക്കുന്നു
ഭയവും നിയമവും
വിജനമാക്കിയ
പൊഴിഞ്ഞ തെരുവുകള്‍!
വ്യാപാരമില്ലാത്ത വേശ്യാലയങ്ങളുടെ
പാതഞരക്കങ്ങളില്‍
പരിദേവനം കൊള്ളുന്ന യുവത
മക്കള്‍ക്കൊരച്ഛനും ഭാര്യക്ക് പതിയും
ഭവനങ്ങളത്രയും സജനമായ്  
മാറ്റത്തിന്റെ പുതു സൂര്യനായ്
കദനത്തിന്റെ കറുത്ത പിശാചായ്
ജീവിതമെടുക്കുന്നതിന്റെ പെരുക്കത്തില്‍
ജീവിതം നല്‍കുന്നതിന്റെ  മഹാശ്ചര്യത്തില്‍
ഇരുട്ട് കൊത്തിത്തിന്ന കവലയില്‍
നായ്ക്കളും കാലിക്കൂട്ടങ്ങളും  
പട്ടിണിയായ മനുഷ്യര്‍ക്കൊപ്പം വിതുമ്പുന്നു!
വലുപ്പ ചെറുപ്പങ്ങളില്ലാതെ
നൊടിയിടയില്‍ റൂഹിനെപ്പിടിക്കുന്ന മാലാഖ!
പിഞ്ഞിക്കീറിയ മണ്ണിന്നു
വളമാക്കിമാറ്റുവാന്‍ പോലും 
വെറുക്കപ്പെടുന്ന വ്യാധി
ചെറ്റക്കുടിലും രാജകീയ കൊട്ടാരങ്ങളും
സമ്പന്ന ഗേഹങ്ങള്‍ സൂക്ഷിപ്പ് ശാലകള്‍
ഒന്നൊഴിയാതെ കൊളുത്തി രോഗം!
ചരാചരമാകെ ചുടല ഭദ്രേ
നിന്റെ രക്തദാഹി നൃത്തം!
പരമാണുവിന്റെ ഉദ്ധത നൃത്തം.
മതി.. പാന്‍ഡമിക്കിന്റെ  ജൈത്രയാത്ര ..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക