Image

നിശ്വാസം (കഥ- മിനി സുരേഷ്)

മിനി സുരേഷ് Published on 23 July, 2020
നിശ്വാസം (കഥ- മിനി സുരേഷ്)
ഉച്ചയുറക്കം കഴിഞ്ഞു വേണുട്ടന്‍ കണ്ണു തുറന്നപ്പോള്‍ നേരം സന്ധ്യയാകാറായിരുന്നു.
ഉറങ്ങണമെന്നു വിചാരിച്ചു കിടന്നതല്ല ലോക് ഡൗണ്‍ എല്ലാ ചിട്ടകളും രീതികളും തെറ്റിച്ചു.
          
വീട്ടിലെ ജനാലകളും,ഫര്‍ണ്ണിച്ചറുമൊക്കെ വെറുതെ ഒരു രസത്തിനു പെയിന്റ്അടിക്കാന്‍
തുടങ്ങിയതാണ്.മുന്‍വശത്തെ ഭാഗം മാത്രമേ ആദ്യം ഉദ്ദേശിച്ചിരുന്നുള്ളൂ.

' മോനേ.. അടുക്കളേടെ ഇരുമ്പഴീലൂടെ ഇത്തിരി ചായം തേച്ചു കൊടുക്ക്' ' മക്കളേ ആ തകരപ്പെട്ടിയിലൂടെ കുറച്ച് കറുപ്പങ്ങ് പൂശിയേര്.'
    
അമ്മ അങ്ങനെ പറഞ്ഞു,പറഞ്ഞു വീട്ടിലെ മൊത്തം ജനാലകളും,ഫര്‍ണ്ണിച്ചറും ചായത്തില്‍ മുങ്ങിക്കഴിഞ്ഞിരുന്നു.

'ചേട്ടന്‍ കോടതിയില്‍ പോണേലും പ്രയോജനംവീട്ടിലിരിക്കുമ്പോഴാണൂട്ടോ...'

അനുജന്റെ ഭാര്യയാണ്. അല്ലറ ചില്ലറ സഹായങ്ങളൊക്കെ ചെയ്തു കിട്ടുന്നതു കൊണ്ട്
അവര്‍ക്കുല്‍സാഹമാണ്.
 
കൂട്ടിയിട്ട സാധനങ്ങളെല്ലാമൊതുക്കി പഴയ ഉരല്‍പ്പുര അടുക്കി വച്ചതും,ദിവസവും രാവിലെ വീടെല്ലാം തൂത്തു തുടച്ച് വിളക്കു കൊളുത്തുന്നതുമാക്കെ പുള്ളിക്കാരിക്ക് 'ക്ഷ' പിടിച്ച മട്ടാണ്.പോരാത്തതിന് ഇത്തിരി പച്ചക്കറി കൃഷിയും
കൂടി തുടങ്ങിയപ്പോള്‍ ലോക്ക് ഡൗണ്‍ മടുപ്പിക്കുന്നില്ല.
  
വല്ലാതെ വിയര്‍ത്തിരിക്കുന്നു.തോര്‍ത്തെടുത്ത്മു ഖവും, പുറവും തുടച്ചു.അമ്മ നാമജപത്തിന്കേറിക്കഴിഞ്ഞിരിക്കുന്നു. അനുജന്റെ ഭാര്യ ടി.വി കാണാനും, ആരേയും ബുദ്ധിമുട്ടിക്കണ്ട.
 
അടുക്കളയില്‍ കയറി ഒരു ചായയുണ്ടാക്കി ഉമ്മറത്തു വന്നിരുന്നു.
സന്ധ്യയുടെ നിറം മാറി വരുന്നു.ഇപ്പോള്‍ മീനുമോള്‍ അടുത്തുണ്ടായിരുന്നെങ്കില്‍. എപ്പോഴും 'അച്ഛാ ,അച്ഛാ എന്നു വിളിച്ചു കൊഞ്ചുന്ന മകള്‍.

അവളെന്തു ചെയ്യുകയായിരിക്കും? ഒരു പക്ഷേ മാലിനി നിര്‍ബന്ധിച്ചിരുത്തി പഠിപ്പിക്കുകയായിരിക്കും ഫോണ്‍ ബ്ലോക്ക് ചെയ്ത വച്ചിരിക്കുന്നതിനാല്‍
അവളെയൊന്നു വിളിക്കാന്‍ പോലും പറ്റുന്നില്ല. കുഞ്ഞിനെ സങ്കടപ്പെടുത്തേണ്ട എന്നു കരുതിയാണ് കോടതിയില്‍ പോകാത്തത്. അച്ഛനമ്മമാരുടെ വാശികളില്‍ കുരുങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങളുടെ സങ്കടം എത്രയോ വിവാഹമോചന
ക്കേസുകളില്‍ ദിവസവും കാണാറുള്ളതാണ്. മാലിനിക്ക് ഒരു മാതിരി പിടിവാശിയാണ്.
കഴിഞ്ഞയാഴ്ചയും താനവളുടെ വീട്ടില്‍ ചെന്നതാണ്.തന്റെ അടുത്തേക്ക് ഓടി വന്ന
മീനു മോളെ പിടിച്ചു വലിച്ചു കൊണ്ടു പോയി.

'എനിക്കച്ഛന്റെ കൂടെ പോകണം.അച്ഛമ്മേടെ കഥ കേള്‍ക്കണേ...അവളുടെ കരച്ചില്‍ ഇന്നും മനസ്സില്‍ നിന്നും മാഞ്ഞു പോയിട്ടില്ല.
 
എല്ലാത്തിനും ചരടു വലിക്കുന്നതു മാലിനിയുടെ അമ്മയാണ്. ഒറ്റമോളായതിനാല്‍ അവിടെ ചെന്നു താമസിക്കണമെന്ന്.

വിവാഹത്തിനു മുന്‍പ് അങ്ങനെയൊരു വ്യവസ്ഥയൊന്നുമില്ലായിരുന്നു. നായരുടെ രീതികള്‍ അനുസരിച്ച് ഭാര്യവീട്ടില്‍ കഴിയുന്നതില്‍ അഭിമാനപ്രശ്‌നമൊന്നുമില്ല.പക്ഷേ അവിടെ ചെന്നു നില്‍ക്കാമെന്നു കരുതിയാല്‍ എപ്പോഴും കൊള്ളി
വാക്കുകളാണ്.

'നിന്റെ കേസില്ലാ വക്കീലു.. ഇതുവരെ എഴുനേറ്റില്ലേടീ മാലിനിയേ..'
'ആ പശുവിനെ തൊഴുത്തിലേക്കു മാറ്റിക്കെട്ടാന്‍ കേസില്ലാ വക്കീലിനു ഇനി ഫീസ് കൊടുക്കണോ..'

ഒരു പക്ഷേ തന്റെയും ഈഗോ ആയിരിക്കും. ഭര്‍ത്താവിനെ ക്ഷമയോടെയും ,സ്‌നേഹത്തോടെയും പരിചരിക്കുന്ന ഒരമ്മയെ കണ്ടു വളര്‍ന്നതിനാലുമാവാം. ഏതായാലും ഇനി വയ്യ,കുഞ്ഞിന്റെ ഭാവി,അതിനു വേണ്ടി കുറച്ചു വിട്ടു വീഴ്ച കാണിക്കണം.കാണിച്ചേ മതിയാവൂ. അമ്മ നാമം ചൊല്ലിത്തീര്‍ന്നെന്ന് തോന്നുന്നു.
'അമ്മേ ഞാന്‍ ഒളശ്ശയ്ക്കു താമസം മാറ്റാന്‍ പോകുവാ'.
'നീയല്ലേടാ മക്കളേ പറഞ്ഞത് പുരുഷനു ഏറ്റവും
പ്രധാനം അഭിമാനമാണെന്ന്'

'അതൊക്കെ ശരിയാണമ്മേ ,ഞാനങ്ങോട്ടു പോകുന്നതു അഭിമാനം പണയം വച്ചല്ല.ആദ്യം
മാലിനിയുടെ അമ്മ പറയുന്നതു അനുസരിക്കും.
പിന്നെ അവരെ എന്റെ ചൊല്‍പ്പടിക്കു കൊണ്ടുവരും.'
 
അമ്മ കുറെ സമയം ഒന്നും മിണ്ടിയില്ല.

പിന്നെ അവന്റെ തലയില്‍ മെല്ലെ തലോടിക്കൊണ്ട് പറഞ്ഞു.'നന്നായി മക്കളേ, അമ്മയുടെ കാലം കഴിഞ്ഞാല്‍ ഈ വീട്ടില്‍ നിനക്കെന്താ സ്ഥാനം.

രമേശന്റെ ഭാര്യ നല്ല വളായതു കൊണ്ട് മുറുമുറുപ്പൊന്നും കാണിക്കുന്നില്ല. പക്ഷേ മോനെ
നീ അവിടം സ്വന്തം വീടായി കാണണം. മാലിനിയുടെ അമ്മയെ സ്വന്തം അമ്മയായും.

'അമ്മേ , അമ്മയുടെ മനസ്സിന്റെ നന്മ വെളിച്ചം മനസ്സിലാക്കാനുള്ള കഴിവൊന്നും അവിടുള്ളവര്‍ക്കില്ലമേമ, ചിലരങ്ങനെയാണ് എത്ര ശ്രമിച്ചാലും മാറാത്തവര്‍.

അയാള്‍ ഒരു കൊച്ചു കുട്ടിയെപ്പോലെ അമ്മയുടെ മടിയിലേക്ക് തലചായ്ച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക