Image

കൂട്ടുകാര്‍ (ചെറുകഥ- ദീപ നായര്‍ )

ദീപ നായര്‍ Published on 23 July, 2020
കൂട്ടുകാര്‍ (ചെറുകഥ- ദീപ നായര്‍ )
ചില കൂട്ടുകാര്‍ ഒഴുകുന്ന പുഴ പോലെയാണ് . അതിലുള്ള അടിയൊഴുക്കുകള്‍ ചിലപ്പോള്‍ അറിയാന്‍ കഴിഞ്ഞെന്നു വരില്ല അവയുടെ ശാന്തമായുള്ള ഒഴുക്കു കണ്ടാല്‍. കുഞ്ഞലകള്‍ തെന്നിച്ചു കൊണ്ടുള്ള ആ ജലപ്പരപ്പ് കണ്ടിരിക്കാന്‍ തന്നെ ഇഷ്ടം തോന്നും. അവരോടൊപ്പം  നടക്കുമ്പോള്‍ നമ്മുടെ മനസും ശാന്തമായൊഴുകുന്ന ആ പുഴ പോലെ സുന്ദരമാകും.
           
ചില പ്രത്യേക സമയങ്ങളില്‍  ഒരിടവപ്പാതിയിലെ പെരുമഴയില്‍ കലങ്ങിമറിഞ്ഞവര്‍ ,സര്‍വതും തകര്‍ത്തെറിഞ്ഞ് കലി പൂണ്ട് സംഹാര രൂപരായി നമ്മെ നിശബ്ദരാക്കും. ഇതുവരെ കണ്ടിട്ടില്ലാത്ത ആ മാറ്റം കാണുമ്പോള്‍ അരുതാത്തതെന്തോ ഭവിച്ചതു പോലെ നാമവരെ തുറിച്ചു  നോക്കും.ഒന്നും മിണ്ടാതെ ...
               
ചില നേരത്ത്  അപ്രതീക്ഷിതമായെത്തുന്ന നോവിന്റെ കൊടുങ്കാറ്റില്‍ നാമാടിയുലയുമ്പോള്‍ ചേര്‍ത്തുപിടിക്കുന്ന കൂട്ടുകാര്‍, പിന്നീട് വഴിമാറി ഒഴുകാറുണ്ടെന്നു തോന്നും, തീര്‍ത്തും അപരിചിതരെപ്പോലെ. ആത്മാര്‍ത്ഥത കൂടിപ്പോയതിന്റെ പേരില്‍ ആരുമല്ലാതാകുന്ന കൈവരികളെപ്പോലെയുള്ള കൂട്ടുകാരുമുണ്ട്. സങ്കടങ്ങള്‍ കേള്‍ക്കുമ്പോള്‍ ,അതിലൊന്നും ഒരു കാര്യവുമില്ലെന്ന് പറഞ്ഞ്  ശാസിക്കുന്ന കൂട്ടുകാരുമുണ്ട്. എന്തു വന്നാലും നമ്മള്‍ ഒറ്റക്കെട്ടെന്ന് പറയുമ്പോള്‍  കണ്ണില്‍ തെളിയുന്ന ആ സ്‌നേഹം, ആ ഉറപ്പ് വളരെ വലുതാണ്. 
                
അസ്ഥിരമായ ഈ ജീവനില്‍, സ്ഥിരമായുണ്ടെന്ന് ഉറപ്പിക്കാവുന്ന വിരലിലെണ്ണാവുന്ന കൂട്ടുകാര്‍ കണ്ണീരു പോലെ നേര്‍ത്ത ജലമൊഴുകുന്ന തോടുപോലെ സുന്ദരമാണ്. വഴിയില്‍ ഉപേക്ഷിക്കില്ലെന്ന് തീര്‍ച്ച.സ്‌നേഹം വാക്കുകളിലൂടെ പ്രകടിപ്പിക്കുവാന്‍ പലപ്പോഴും കഴിയാത്തവര്‍,പക്ഷേ ഉള്ളില്‍ ഒരു കടലുപോലെ സ്‌നേഹം സൂക്ഷിക്കുന്നവര്‍. കടുത്ത വേനലിലും ഉറവ വറ്റാത്തവര്‍. അങ്ങനെയൊരു കൂട്ടുകാരന്‍ / കൂട്ടുകാരി നിങ്ങള്‍ക്കുണ്ടെങ്കില്‍ വിട്ടുകളയരുത്,ഒരിക്കലും .കാരണം അത്രയും സ്‌നേഹം മറ്റാരും നിങ്ങള്‍ക്ക് തരില്ല....

ബന്ധങ്ങളൊക്കെയും സ്വാര്‍ത്ഥതയില്‍ മുങ്ങിക്കുളിച്ചിരിക്കുമ്പോള്‍ പ്രതീക്ഷയരുത് ഒന്നിലും. കേട്ടിട്ടില്ലേ, പ്രതീക്ഷകള്‍ക്ക് മനസിനെ ആഴത്തില്‍ മുറിവേല്‍പ്പിക്കാന്‍ കഴിയും. അതുപോലെയാണ് വിശ്വാസവും. മനുഷ്യരിലൊളിഞ്ഞിരിക്കുന്ന പൈശാചിക രൂപങ്ങള്‍ പല രൂപത്തില്‍ മുന്നില്‍ പ്രത്യക്ഷപ്പെടാം, അത് അസൂയ കൊണ്ടാകാം, അംഗീകരിക്കാനുള്ള മടിയാകാം , അനാവശ്യ ഇടപെടലുകളാകാം എന്തുമാകട്ടെ... അത്തരക്കാരില്‍ നിന്നും അകന്നിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം....
Join WhatsApp News
രാജു തോമസ് 2020-07-23 09:53:21
ഇഷ്ടമായി . ആ കൈവരിയുടെ ബിംബവും, ഇതിൽ ആഴത്തിലുളള ചിന്തയുണ്ട് . വായന ഒരു തെളിനീരരുവി ഒഴുകുന്നപോലായിരുന്നു. എന്നാൽ, ഇതൊരു കഥയായില്ല! കഥാസന്ദർഭം എന്നു പറയുന്നതിൻറെ ഒരു തരിപോലുമില്ല. Why so?
Vayanakkaaran 2020-07-23 21:51:15
അമേരിക്കൻ മലയാളസാഹിത്യത്തിൽ മൂരികൾ മുക്രയിടുന്നു എന്ന പ്രത്യേകത കാലഹരണപ്പെടുന്നില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക