Image

കവിതയുടെ കണ്ണുകള്‍ (കവിത, സുനില്‍ മംഗലത്ത്)

സുനില്‍ മംഗലത്ത് Published on 25 July, 2020
കവിതയുടെ കണ്ണുകള്‍ (കവിത, സുനില്‍ മംഗലത്ത്)
കവിതയുടെ കണ്ണുകള്‍ തലച്ചോറിന്റെ കടലിടുക്കുകളില്‍ സുവര്‍ണ്ണ മത്സ്യങ്ങളായി പുളഞ്ഞ് നീന്തി.

രാത്രിയില്‍ നിലാവ് മാഞ്ഞ് പോയ
വന്‍കരയില്‍ വെച്ച് അവരുടെ ആയുധങ്ങള്‍ കൂട്ടിമുട്ടി.

ഇന്നലെ രാത്രിയില്‍ ഞാന്‍ ഉറങ്ങിയതേയില്ല
പുറത്തേക്കെത്തി നോക്കുമ്പോള്‍
പച്ചമരത്തിന്റെ ശിഖരങ്ങളില്‍ നിന്ന്
അനേകമനേകം പറവകള്‍ പറന്നു.

സ്വകാര്യതയില്ലാത്തതിന്റെ പേരില്‍
അവര്‍ അനേകര്‍
ഒറ്റക്കൊടി കീഴില്‍ ചേര്‍ന്ന് നിന്നവര്‍ മുഖരിതരായി

കാടുകളുടെ തണുപ്പ് 
എന്റെയുള്ളില്‍ പീത പുഷ്പങ്ങള്‍ പൊഴിയുന്ന ശിശിരകാലത്തെ പിടിച്ചിട്ടു.

പേരില്ലാത്തയെനിക്ക്
സ്വന്തം പേര് കൊണ്ട് ഉത്തരം പറയാനാവില്ലായിരുന്നു.
കണ്ണ്കള്‍ കൊണ്ടും
കവിതകള്‍ കൊണ്ടും ഞാന്‍ തിരഞ്ഞെടുത്തത് നിങ്ങളെയായിരുന്നു.
അപരന് മേല്‍വിലാസമായിരുന്നു ആവശ്യം

എന്റെ വെളുത്ത മുറിയിലേക്ക്
അവര്‍ ചുവന്ന കണ്ണുകളും
ഖഡ്ഗവുമായി ആര്‍ത്തിരച്ച് വന്നു.

ഞാന്‍ പുസ്തകങ്ങളുടെയും
കുഞ്ഞുങ്ങളുടെയും ഇടയില്‍
മയില്‍പ്പീലി പോലെ തളര്‍ന്നിരുന്നു.

ഉജ്ജ്വല വചനങ്ങളുടെ
കുതിരകളെ പ്രതീക്ഷിച്ച്
രക്തരൂക്ഷിതമായ ഒറ്റ രാത്രി കൊണ്ട്
നമ്മള്‍ തെരുവിലേക്കാനയിക്കപ്പെട്ടു.
കൊടുംഭീകരതയുടെ ഇടവഴികളില്‍ ചോരയുടെ ഉറവകളിലേക്ക് ഉന്മത്തരാക്കപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക