Image

പട്ടടയിൽനിന്നൊരു പാട്ട് (ഓൺലൈൻ സാഹിത്യാവിഷ്കാരം-രചന, ആലാപനം --മഞ്ജുള ശിവദാസ്)

Published on 25 July, 2020
പട്ടടയിൽനിന്നൊരു പാട്ട് (ഓൺലൈൻ സാഹിത്യാവിഷ്കാരം-രചന, ആലാപനം --മഞ്ജുള ശിവദാസ്)
 
വെറുപ്പിന്‍ കനല്‍നോട്ട-
മെയ്തെന്നെ നോവിച്ച-
കണ്ണുകളിലെന്തിനി-
ന്നനുതാപ നീരുറവ?
 
 
ഇന്നോളമെന്നിലറപ്പു-
ദര്‍ശിച്ചവര്‍,ഇന്നെന്‍റെ-
മൃത്യുവുറപ്പാക്കി -
മാപ്പിരക്കുന്നുവോ?
 
ഉയിരുള്ള കാലത്തു-
ഭ്രഷ്ടുകല്‍പ്പിച്ചവര്‍-
ഇന്നെന്‍റെ ചത്തദേഹത്തെ-
യുടപ്പിറപ്പാക്കുവോര്‍!!
 
നിര്‍ലജ്ജമിനിയുമീ-
പാഴ്മൊഴികളുരചെയ്തു-
പരിഹസിക്കാതെന്‍റെ-
മൃതശരീരത്തെയും.
 
ഇനിയെന്നെപ്പിൻതുടര്‍-
ന്നീടരുത്,,നിങ്ങളെ-
ന്നാത്മാവിനെങ്കിലും-
ശാന്തിതരികാ…
 
അവസാന പട്ടിണി-
ക്കോലമല്ലീഞാന്‍-
അനീതികള്‍ക്ക-
വസാനയിരയുമല്ലാ…
 
ഉച്ചനീചത്വങ്ങളതിരിട്ടകറ്റിയ,-
സ്വപ്നങ്ങളില്ലാത്ത നരജാതികള്‍ക്കായ്,
ഇനിയുംമരിക്കാത്തവര്‍ക്കു ജീവിക്കുവാന്‍-
ഉയിരിന്നു കൂട്ടായ പാട്ടുകെട്ടീടുക.
 
 
(മഞ്ജുള ശിവദാസ്, സൗദി അറേബ്യയിലെ റിയാദിൽ കുടുംബവുമൊന്നിച്ച് 15വർഷത്തെ പ്രവാസജീവിതത്തിനുശേഷം  ഇപ്പോൾ സ്വദേശമായ തൃശ്ശൂരിൽ സ്ഥിരതാമസം. കവിതകൾ എഴുതുകയും ചൊല്ലുകയും ചെയ്യാറുണ്ട്. ഓൺലൈൻ മാധ്യമങ്ങളിലും,  അച്ചടി മാധ്യമങ്ങളിലുമായി നിരവധി കവിതകൾ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭർത്താവ് ശിവദാസ്, മക്കൾ അശ്വതി, അനശ്വര.)
 
Join WhatsApp News
2020-07-25 10:37:47
ഇതാ ഒരു നല്ല കവിത. മഞ്ജുളയുടെ ഒരു കഥ 'ഒരു കഥയായില്ല' എന്നെഴുതിയത് അതിൽ കഥ ഇല്ലാത്തതുകൊണ്ടാണ് . അതിൽ ഏതോ 'വായനക്കാരൻ' എന്തിനു പരിഭവിക്കുന്നു? എന്നാൽ ഇതാ നല്ലൊരു കവിത. വിഷ്വൽസും നന്നായിട്ടുണ്ട്. തന്റെ മറ്റു കവിതൾകൂടി നോക്കുമ്പോൾ കവനത്തിൽ വൈവിധ്യമുണ്ടുതാനും. മഞ്ജുളയുടെ കവിതകൾ ഇത്ര ലക്ഷണമൊത്തതാകുന്നത് അവരുടെ സ്വാംശീകരണശേഷിയും ഭാവനാവൈഭവവുംകൊണ്ടുമാത്രമല്ല, ഭാഷാസ്വാധീനവുംകൊണ്ടാണ്. അതൊക്കെ തെളിഞ്ഞു വെളിവാകുന്നത് അവർ കവിത ചൊല്ലുമ്പോഴാണ് . സ്ഫുടതയും ശുദ്ധിയുമുള്ള ഉച്ചാരണം, ആപാതമധുരമായ സ്വരം! മലയാളത്തിന്റെ സൗന്ദര്യവും ശക്തിയും സാധ്യതകളും അറിയുന്നൊരു കവി ഇതാ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക