Image

അതിജീവനത്തിന്റെ കനല്‍വഴി (രാജന്‍ കിണറ്റിങ്കര)

Published on 26 July, 2020
അതിജീവനത്തിന്റെ കനല്‍വഴി (രാജന്‍ കിണറ്റിങ്കര)
നാല് മാസമായി ഈ അടച്ചിരിക്കല്‍ . ഇനി എന്ന് വാതില്‍ തുറന്ന് മോചിതരാവും എന്ന് ഒരു നിശ്ചയവുമില്ല. സെന്‍സക്‌സ് പോലെ ഓരോ ദിവസവും കൂടിയും കുറഞ്ഞും ഇരിക്കുന്ന രോഗികളുടെ ഇന്‍ഡക്‌സ് നോക്കി നമ്മള്‍ നെടുവീര്‍പ്പിടുന്നു. ഹാഫ് ഡേ ലീവ് ചോദിച്ചാല്‍ നെറ്റി ചുളിച്ചിരുന്ന മുതലാളിമാര്‍ ഇങ്ങോട്ട് വരേണ്ട വീട്ടിലിരുന്നാല്‍ മതി എന്ന്  പറയുന്നു.

പ്രധാനമന്ത്രിയുടെ മാര്‍ച്ച് 24ന് രാത്രിയിലെ ലോക്ക് ഡൗണ്‍ ആഹ്വാനത്തിന് 4 ദിവസം മുന്നേ തന്നെ വീട്ടിലിരുപ്പായവരാണ് പലരും  അഭയാര്‍ത്ഥികളെപ്പോലെ എല്ലാം ഓഫീസില്‍ ഉപേക്ഷിച്ച് ഒരു തയ്യാറെടുപ്പും നടത്താതെയുള്ള പലായനമായിരുന്നു.

മഹാമാരികളും പ്രകൃതിദുരന്തങ്ങളും ഒരു പാട് കണ്ടും കേട്ടും അനുഭവിച്ചും അതിജീവിച്ചവരാണ് നമ്മള്‍ .. പക്ഷെ അനന്തമായ ഒരു തടങ്കലില്‍ നമ്മള്‍ തളയ്ക്കപ്പെടുമെന്ന് ആരും സ്വപ്‌നേപി വിചാരിച്ചിരിക്കില്ല.

മഹാനഗരത്തെ സംബന്ധിച്ചിടത്തോളം ഭീകരാക്രമണങ്ങളില്‍ നഗരം വിറച്ചപ്പോള്‍ പിറ്റേന്ന് ഒന്നും സംഭവിക്കാത്തത് പോലെ ചങ്കുറപ്പോടെ ലക്ഷ്യത്തിലേക്ക് നടന്ന വരാണ് നമ്മള്‍.  വര്‍ഗ്ഗീയ ലഹളയില്‍ നഗരം കത്തുമ്പോള്‍ അതിനിടയിലൂടെ കൂസാതെ  ജോലിക്ക് പോയവരാണ് നമ്മള്‍  .. ബോംബ് സ്ഥോടനങ്ങളില്‍ നഗരം കിടുങ്ങിയപ്പോള്‍ തൊട്ടപ്പുറത്തെ ബില്‍ഡിംഗില്‍ ഒന്നുമറിയാത്തതു പോലെ ജോലി ചെയ്തവരാണ് ഞങ്ങള്‍ .. മഹാനഗരം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ കിട്ടാവുന്ന മാര്‍ഗ്ഗങ്ങളിലൂടെ സഞ്ചരിച്ച് ഓഫീസിശലെത്തിയവരാണ് നമ്മള്‍.

അവധി എന്നത് മഹാനഗരത്തിന്റെ നിഘണ്ടുവില്‍ ഉണ്ടായിരുന്നില്ല.  8 മണിയ്ക്കുള്ള സ്വന്തം വിവാഹ റിസപ്ഷന് 6 മണിക്ക് ഓടി പിടിച്ച് ഓഫീസിലെ ബാത്ത് റൂമില്‍ വന്ന് ഡ്രെസ് മാറിയിരുന്ന ഒരു ചെറുപ്പക്കാരനെയും ഓര്‍മ്മ വരുന്നു. അതായിരുന്നു മുംബൈ മഹാനഗരം. വ്യക്തിപരമായ യാതൊന്നിനും പ്രസക്തിയില്ലാത്ത ഓഫീസിലെ കമ്പ്യൂട്ടറില്‍ മിടിക്കുന്ന ഹൃദയം ഉപേക്ഷിച്ച് വൈകീട്ട് ഇറങ്ങി പോരുന്നവര്‍. പിറ്റേന്ന് ഓഫീസിലെത്തുംവരെ അവന്‍ നിര്‍ജീവനാണ് ..

ഒരു പകല്‍ യാത്രയുടെ ആലസ്യത്തില്‍ നഗരം വിരല്‍ നുണഞ്ഞുറങ്ങാന്‍ തുടങ്ങുമ്പോള്‍ വി.ടി സ്റ്റേഷനില്‍ നരനായാട്ടിനിറങ്ങിയ കസബിനെ കണ്ട് ''ചല്‍ ഗാഡി മിസ് ഹൊ ജായേഗ' എന്ന് പറഞ്ഞ് സുഹൃത്തിന്റെ കൈ പിടിച്ച് ഓടിയിട്ടുണ്ട് നമ്മള്‍ പലരും.  നഗരത്തിന്റെ ജീവവായു ചലനമാണ്. നഗരത്തിന് ചലിക്കാതിരിക്കാന്‍ ആവില്ല. ചലനം നിലച്ച മഹാനഗരം അടച്ചിരിപ്പിനേക്കാള്‍ വീര്‍പ്പുമുട്ടുന്നു.

ട്രാക്കില്‍ സിഗ്‌നല്‍ കിട്ടാതെ നില്‍ക്കുന്ന ലോക്കല്‍ ട്രെയിനിലെ യാത്രക്കാരെ പോലെയാണ് നമ്മള്‍  .. എപ്പോള്‍ വണ്ടി നീങ്ങും എന്ന് ഒരു നിശ്ചയവുമില്ല.. ഓരോ നിമിഷവും ചിന്തിക്കുന്നത് ദാ ഇപ്പോള്‍ യാത്ര തുടരാം എന്നാണ്.  മണിക്കുറുകള്‍ കഴിഞ്ഞ് നോക്കുമ്പോള്‍ കൂടെയുള്ളവരെല്ലാം ഇറങ്ങി പോയിരിക്കുന്നു -  ആദ്യമേ ഇറങ്ങാമായിരുന്നു എന്ന ചിന്ത അപ്പോഴാണ്.  15 ദിവസം നീട്ടി നീട്ടി നാല് മാസത്തില്‍ എത്തിയ ലോക്ക് ഡൗണ്‍ പോലെ .

മുന്നില്‍ തോക്കു ചൂണ്ടി നില്‍ക്കുന്നവന്റെയും തോളത്ത് തട്ടി പുഞ്ചിരിച്ചു നടന്നു പോകുന്നതാണ് മുംബൈയുടെ സംസ്കാരം . ഭീതിയില്ലാത്ത നഗരത്തില്‍ പക്ഷെ ശത്രു അദൃശ്യനായതുകൊണ്ടു മാത്രം ഞങ്ങള്‍ ഒന്ന് പതറിയതാണ്. അത് കൊണ്ടു മാത്രം.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക