Image

ഓസ്‌ട്രേലിയയില്‍ തീപൊള്ളലേറ്റ് മരിച്ചവര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ നിരവധിയാളുകള്‍ എത്തി

Published on 01 June, 2012
ഓസ്‌ട്രേലിയയില്‍ തീപൊള്ളലേറ്റ് മരിച്ചവര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ നിരവധിയാളുകള്‍ എത്തി
മെല്‍ബണ്‍: ജൂണ്‍ ഒന്നിന് (വെള്ളി) പുലര്‍ച്ചെ തീപ്പൊള്ളലേറ്റ് മരിച്ച മുണ്ടക്കയം ചിറ്റടിയിലെ മലയില്‍ ജോര്‍ജിന്റെ ഭാര്യ അനിത (37) മക്കളായ ഫിലിപ്പ് (10), മാത്യു (ആറ്) എന്നിവരുടെ മൃതദേഹങ്ങള്‍ ഒരു നോക്കു കാണുവാന്‍ നൂറുകണക്കിനാളുകളാണ് രാവിലെ മുതല്‍ സംഭവസ്ഥലത്ത് എത്തിയത്. 

മെല്‍ബണിലെ ക്ലേയ്റ്റണ്‍ സൗത്തിലെ മെയിന്‍ റോഡ് 30-ലാണ് ഈ കുടുംബം താസിച്ചിരുന്നത്. രാത്രിയില്‍ ഒന്നിന് തീകത്തുന്നത് കണ്ട് അയല്‍വാസികളാണ് ആദ്യം എത്തിയത്. അപകടം നടന്ന സമയത്ത് ഭര്‍ത്താവ് ജോര്‍ജ് ഫിലിപ്പ് ജോലി സംബന്ധമായി കാനഡയില്‍ പോയിരുന്നു. അവിടെനിന്നും ഇന്ത്യ വഴി ജൂണ്‍ രണ്ടിനേ എത്തൂ.

മരണത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും ഉണെ്ടങ്കിലും അന്വേഷണം നടന്നുവരുകയാണെന്ന് വാര്‍ത്താകുറിപ്പില്‍ ചാനല്‍, മാധ്യമ സംഘത്തെ അറിയിച്ചിട്ടുണെ്ടന്ന് ഒഐസിസി നേതാവ് ജോസ് എം. ജോര്‍ജ് പറഞ്ഞു. 

കുട്ടികള്‍ രണ്ടുപേരും ക്ലേയ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. സംഭവം അറിഞ്ഞ ഉടന്‍ ജോര്‍ജ് ഫിലിപ്പിന്റെ ബന്ധുകൂടിയായ തോമസ് ടൗണില്‍ താമസക്കാരനായ റോണിയും ഭാര്യ സ്മിതയും എത്തിയിരുന്നു.

മെല്‍ബണിലെ സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. പീറ്റര്‍ കാവുംപുറത്തിന്റെ നേതൃത്വത്തില്‍ മരിച്ചവര്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ഥന നടത്തി. ട്രസ്റ്റിമാരായ ഡോ. ഷാജു കുഞ്ഞനാവള്ളിയും തോമസ് വാതപ്പള്ളിയും സജി മുണ്ടയ്ക്കല്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് നാട്ടിലുള്ള മന്ത്രിമരായ കെ.എം. മാണി, പി.ജ. ജോസഫ്, ജോസ് കെ. മാണി എംപി, ചീഫ് വിപ്പ് പി.സി. ജോര്‍ജ് എന്നിവരുമായി ബന്ധപ്പെട്ട് ആശയവിനിമയം നടത്തി.

ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി, ഫാ. വിന്‍സെന്റ് മഠത്തിപ്പറമ്പില്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ആഗോള വൈസ് പ്രസിഡന്റ് ഫ്രിഡ ഡേവിഡ്, മുന്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ഹിറ്റ്‌ലര്‍ ഡേവിഡ്, ഒഐസിസി വൈസ് പ്രസിഡന്റ് സി.പി. സാജു, ഒഐസിസി ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ ഹൈനസ് ബിനോയി, പ്രവാസി കേരള കോണ്‍ഗ്രസ് മെല്‍ബണ്‍ ഘടകം പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജയിക്കബ്, ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് രാജന്‍ ബേബി, മലയാളി അസോസിയേഷന്‍ ഓഫ് വിക്‌ടോറിയ പ്രസിഡന്റ് വര്‍ഗീസ് പൈനാടത്ത്, കാത്തലിക് സൊസൈറ്റി പ്രസിഡന്റ് തോമസ് ജോണ്‍, വൈസ് പ്രസിഡന്റ് ജിജിമോന്‍ കുഴിവേലി, സൂര്യ ക്ലേയ്റ്റന്‍ ഭാരവാഹികള്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

മരിച്ചവര്‍ കനേഡിയന്‍ സിറ്റിസണ്‍സ് ആയതിനാല്‍ തുടര്‍നടപടികളെക്കുറിച്ച് പിന്നീട് ആലോചിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. 

മരിച്ച അനിതയുടെ പിതാവ് സി.കെ. മാത്യുവും സഹോദരന്‍ സി.ഒ. ജേക്കബും, മാത്യു ഫിലിപ്പും ഉടന്‍തന്നെ മെല്‍ബണില്‍ എത്തുവാനുള്ള തുടര്‍നടപടികള്‍ ആരംഭിച്ചു. 

മരിച്ച അനിതയുടെ തേവരയിലെ ചേലപ്പിള്ളിയിലെ വസതിയിലെത്തിയ ഒഐസിസി സിഡ്‌നി പ്രസിഡന്റ് ജോസ് വാരാപ്പുഴയും സംഘവും കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക