Image

തിരികെ വാങ്ങേണ്ട വെള്ളി കാലുകൾ (ബ്ലെസ്സൻജി ഹ്യൂസ്റ്റൻ)

Published on 28 July, 2020
തിരികെ വാങ്ങേണ്ട വെള്ളി കാലുകൾ (ബ്ലെസ്സൻജി ഹ്യൂസ്റ്റൻ)
"3 വയസുള്ള തന്റെ കുട്ടിയുടെ 17 വയസുള്ള മാതാവിനെ വിവാഹം ചെയ്യാൻ കോടതി അനുവദിക്കണം"

14 വയസ്സ് പോലും പ്രായം ഇല്ലാത്ത ഒരു പാവം പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ഒരു കുഞ്ഞിന് ജന്മം നൽകിയ ശേഷം ആ പെൺകുട്ടിയുടെ അപ്പനാണ് അതിനു കാരണക്കാരൻ എന്ന് കോടതിയിൽ പറയിപ്പിച്ച മഹാനുഭാവൻ. ഒരു ജീവിതം മുഴുവൻ ദൈവവേലക്ക് വേണ്ടി സമർപ്പിക്കപ്പെട്ട, സാധാരണ മനുഷ്യരെ പാപപങ്കിലമായ ജീവിതത്തിൽ നിന്നും തിരികെ കൊണ്ടുവന്നു ക്രിസ്തുവിൽ ആ ക്കുവാനുള്ള ദൗത്യം ജീവിതത്തിൽ ഏറ്റെടുത്ത ഒരു മനുഷ്യൻ, ബൈബിളിനെ വിശദമായി പഠിച്ചും മറ്റു മതങ്ങളെയും കാര്യമായിത്തന്നെ പഠിച്ച ഒരു വൈദികനായി വേഷം കെട്ടിയ ഒരു നരാധമന്റെ വാക്കുകളാണ് മുകളിൽ കുറിച്ചിട്ടത്. അതെ അദ്ദേഹം കോടതിയിൽ താൻ പീഡിപ്പിച്ചു ഗർഭിണിയാക്കി  പ്രസവിച്ച ആ പെൺകുട്ടിയെ വിവാഹം കഴിച്ചു ജീവിച്ചുകൊള്ളാം എന്ന് അപേക്ഷിച്ചിരിക്കുന്നു. പോലീസിന്റെ സമയോചിതമായ  ഇടപാട് ഇല്ലായിരുന്നുവെങ്കിൽ ഇന്ന് സഭയുടെ ചിലവിൽ കാനഡയിൽ സുഖവാസം അനുഷ്ഠിക്കേണ്ടിയിരുന്ന  മനുഷ്യൻ. നല്ല നിലയിൽ നടത്തിക്കൊണ്ടു പോയിരുന്നു സഭയുടെ പത്രം മറ്റൊരാൾക്ക് വിറ്റ്, വലിയ സാമ്പത്തിക തിരിമറികൾ നടത്തിയ ഒരു വ്യക്തി. മറ്റു പല സ്ത്രീവിഷയങ്ങൾ പരാതി ഉണ്ടായിട്ടും സഭ പൊതിഞ്ഞു സൂക്ഷിച്ച ഒരു വ്യക്തി. അങ്ങനെയുള്ള ഒരാളാണ് റോബിൻ. ഇരയെ വേട്ടക്കാരൻ സംരക്ഷിച്ചു കൊള്ളാം എന്നു പറയുന്നത് ഒരു തമാശയ്ക്ക് വേണ്ടി ചിന്തിക്കാം എങ്കിലും, പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം കഴിച്ചുകൊള്ളാം എന്ന് പറയുന്നതിന്റെ ലോജിക് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. അനേകം  വിവാഹ കൂദാശകൾ നടത്തിക്കൊടുത്ത റോബിൻ ഉൾപ്പെടെയുള്ള സഭാ മേലാളന്മാരോടു ഒരു ചോദ്യം ; അപ്പോൾ ഭാര്യാഭർതൃബന്ധം എന്നതുകൊണ്ടു നിങ്ങൾ ഉദ്ദേശിക്കുന്നത് എന്താണ്..?
 ഇത് ഒരു റോബിനെപ്പറ്റിയുള്ള ചിന്ത അല്ല. ഇയാളെ പോലെയുള്ള അനേകം ആഭാസന്മാരെ പൊതിഞ്ഞു സൂക്ഷിക്കുന്ന ഒരു ആത്മീയ ശൃംഖലയോടാണ്. ഒരു അപരിഷ്കൃത സമൂഹത്തിലുള്ള മാനുഷിക മൂല്യങ്ങൾക്ക് പോലും മനസ്സിലാകാത്ത ആവശ്യവുമായി സഭയുടെ പിൻബലത്തോടെ ഇതൊക്കെ ആവശ്യപ്പെടുമ്പോൾ ലോകത്തെ ഏറ്റവും അംഗബലമുള്ള ഒരു ക്രൈസ്തവ സമൂഹം അതിന്റെ അന്തസത്തയെ ചോദ്യം ചെയ്യപ്പെടുന്നു എന്ന സത്യം പറയാതെ വയ്യ.

 കഴിഞ്ഞ കുറേ വർഷങ്ങളായി ഫ്രാങ്കോ മുതൽ അനേകം പുരോഹിതർ അത് എല്ലാ സഭാ വിഭാഗത്തിലും ഉള്ളവർ. അതുമാത്രമല്ല മേമ്പൊടിക്ക് കുറെ പാസ്റ്റർമാരും....! സ്ത്രീപീഡനം മാത്രമല്ല വിവാഹേതരബന്ധങ്ങളും വലിയ സാമ്പത്തിക ക്രമക്കേടുകളും സഭയെയും വിശ്വാസത്തെയും വെറും കച്ചവടച്ചരക്കായി മാറ്റിയെടുത്തു കള്ള പ്രവചനവും കരിസ്മാറ്റിക്ക് മുതൽ വിസ കച്ചവടവും,വസ്തു കച്ചവടവും വരെ നടത്തുന്ന ആത്മീയ നേതൃത്വം. ആത്മീയത എന്നത് അവർക്ക് ഇരകളെ വലയിൽ വീഴ്ത്തുവാൻ വേണ്ടിയുള്ള ഒരു ചൂണ്ട മാത്രം ആണ്. അനേകം നിഷ്കളങ്ക ജീവിതങ്ങൾ . ഈ ചൂണ്ടയിൽ കൊത്തി പിടഞ്ഞു തീർന്ന ജീവിതങ്ങൾ....!

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ജീവിച്ചിരുന്ന വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ എന്ന പ്രശസ്തമായ കഥയിൽ, വിശന്നുവലഞ്ഞ തന്റെ സഹോദരിയുടെ മക്കൾക്ക് വേണ്ടി ഒരു കഷണം റൊട്ടി മോഷ്ടിച്ച കുറ്റത്തിനും പിന്നീട് ജയിൽചാടാൻ ശ്രമിച്ചു എന്ന കുറ്റത്തിനും ശിക്ഷയായി 19 വർഷക്കാലം ജയിൽശിക്ഷ കഴിഞ്ഞ് ക്ഷീണിച്ചു വലഞ്ഞ് ആരും സഹായിക്കാനില്ലാതെ തളർന്ന് ഒരു ബെഞ്ചിൽ ഇരിക്കവേ, വഴിയേ പോയ ഒരു സ്ത്രീ അവിടെയുള്ള  ബിഷപ്പ് നിങ്ങളെ സ്വീകരിക്കുമായിരിക്കുമെന്ന ഒറ്റ വാക്കിന്റെ വിശ്വാസത്തിൽ ജീൻവാൽജിൻ എന്ന കഥാപാത്രം ബിഷപ്പിനെ കാണുവാൻ പോകുന്നു. താനൊരു ജയിൽപുള്ളി ആണ് എന്നൊക്കെ പറയുവാൻ ശ്രമിക്കുന്ന ജീൻവാൽജീനിന്റെ  ആ കഥകളൊന്നും കേൾക്കുവാൻ വലിയ താല്പര്യം ഒന്നുമില്ലാതെ ഒരു അതിഥിയെപ്പോലെ ആനയിച്ച് അകത്തിരുത്തി വേണ്ട പരിചരണം എല്ലാം കൊടുത്തു. തന്റെ സഹോദരിയോട് നല്ല ഭക്ഷണം പാചകം ചെയ്യുവാൻ ഏൽപ്പിച്ചു. നല്ല അത്താഴം വിളമ്പി കൊടുത്തു ,
 മെത്തയിൽ കിടത്തി ശുശ്രൂഷിച്ചു ഉറക്കി. രാത്രിയുടെ ഏതോ യാമത്തിൽ ഉണർന്ന ജീൻവാൽ അപരിചിതനും ജയിൽപ്പുള്ളിയും ആയിരുന്ന തന്നെ ഒരു ദൈവദൂതനെപ്പോലെ കൈകൊണ്ട് ശുശ്രൂഷിച്ച നന്മ ഒന്നും ഓർക്കാതെ ഒരു കുറ്റവാളിയുടെ പ്രാകൃത ചിന്തയിൽ ബിഷപ്പിന്റെ മുറിയിൽ നിന്നും വെള്ളിപ്പാത്രങ്ങൾ മോഷ്ടിച്ചു കൊണ്ട് മതിൽ ചാടി ഓടിപ്പോയി. ഇതൊന്നും അറിയാതെ രാവിലെ ഉണർന്ന്, തന്നോടു പറയാതെ ജിൻവാൽ  പോയല്ലോ എന്നോർത്ത് കുണ്ഠിതപ്പെട്ടു. പിന്നീട് സഹോദരി വെള്ളിപ്പാത്രങ്ങൾ സൂക്ഷിച്ചിരുന്ന കുട്ട മതിലിന് അരികിൽ നിന്നും കണ്ടെടുക്കുകയും സഹോദരനായ ബിഷപ്പിനോട് പറയുകയും ചെയ്യുന്നു. അപ്പോൾ ബിഷപ്പ് പറയുന്നു അത് അവൻ കൊണ്ടുപോയി കൊള്ളട്ടെ.... എന്തായാലും അത് പാവങ്ങൾ ഉള്ളതാണല്ലോ.
 നമ്മൾ അത് ഇവിടെ വെറുതെ സൂക്ഷിച്ചു എന്നേയുള്ളൂ എന്ന് പ്രതിവചിക്കുന്നു.  ബിഷപ്പും സഹോദരിയും അന്ന് വൈകിട്ട് അത്താഴം കഴിച്ചു കൊണ്ടിരിക്കുമ്പോൾ വാതിലിൽ മുട്ടു കേൾക്കുന്നു. വാതിൽ തുറന്ന് ബിഷപ്പിന്റെ മുന്നിലേക്ക് മൂന്ന് പോലീസുകാർ ജീൻവാൽജിനെ കഴുത്തിനു പിടിച്ച് കൊണ്ടുവന്നിരിക്കുന്നു. നിങ്ങളുടെ വെള്ളിപ്പാത്രം മോഷ്ടിച്ച ജീൻവാൽജിൻ ഇതാ എന്നു പറയുമ്പോൾ, കള്ളനെയും തൊണ്ടിമുതലും ആയി വന്ന പൊലീസുകാരെയും ജീൻവാൽജീൻനേയും സഹോദരിയേയും ഞെട്ടിച്ചുകൊണ്ട്,
 " അയ്യോ അത് ഞാൻ അദ്ദേഹത്തിന് കൊടുത്തതാണല്ലോ, ഈ മെഴുകുതിരി വെക്കുന്ന രണ്ട് വെള്ളി കാലുകൾ കൂടി എന്തേ താങ്കൾ കൊണ്ടുപോകാൻ മറന്നുപോയി " എന്ന് ചോദിക്കുന്ന ബിഷപ്പ്. ചോദ്യം കേട്ട് അമ്പരപ്പോടെ മിഴിച്ചു നിൽക്കുന്ന ജീൻവാൽജീനിന്റെ മുന്നിൽ അബദ്ധം പറ്റിയ പോലീസുകാർ മടങ്ങിപ്പോകുന്നു.

ക്രൈസ്തവ ദർശനം ഇത്ര മനോഹരമായി വരച്ചുകാട്ടിയ മറ്റൊരു കലാസൃഷ്ടി ഉണ്ടോ എന്ന് സംശയമാണ്. ദീർഘനാൾ ജയിലിൽ കിടന്ന അപരിചിതനെ ഒരു ഉറ്റ മിത്രത്തെപ്പോലെ തന്റെ ഭവനത്തിൽ കൈക്കൊള്ളുകയും അതിഥി സേവ ചെയ്തത്  അന്തിയുറങ്ങാൻ ഇടം കൊടുക്കുകയും ചെയ്തു. അങ്ങനെ സൽക്കരിച്ചിട്ടും തന്റെ വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളയുന്ന ഒരു കള്ളനെ നോക്കി ഞാൻ ഈ വെള്ളിക്കാലുകൾ ഇവിടെ എടുത്തു വച്ചിട്ടും നിങ്ങൾ എന്തേ മറന്നു പോയത്. ? എന്ന് ചോദിച്ച ബിഷപ്പ് ഒരു കാലഘട്ടത്തിന്റെ ആത്മീകതയുടെ പ്രതീകമാണ്. വെറുപ്പിന്റെ കണിക ലവലേശം പോലും ഇല്ലാതെ സ്നേഹിക്കുവാൻ മാത്രം പഠിപ്പിക്കുന്ന ബിഷപ്പ് ഒരു കുറ്റവാളിയുടെ ഹൃദയത്തിൽ യഥാർത്ഥമായും ജീവന്റെ വിത്തുകൾ വിതറുന്ന ഒരു ബിഷപ്പ്. അതായിരിക്കണം അന്ന് വിക്ടർ ഹ്യൂഗോ തന്റെ കഥാപാത്രങ്ങളിലൂടെ നമ്മളോട് പറയുവാൻ ശ്രമിച്ചത്. എന്നാൽ അതിൽ മറഞ്ഞിരിക്കുന്ന ഒരു മർമ്മം ആ വെള്ളിപ്പാത്രങ്ങൾ മോഷ്ടിച്ചു കൊണ്ടു പോകുന്നതിനു പുറമേ ആ വെള്ളി മെഴുകുതിരി കാലുകൾ കൂടി ആ കള്ളനെ ഏൽപ്പിക്കുമ്പോൾ, തന്റെ ഹൃദയത്തിലുള്ള ദയയും ക്രിസ്തുവിലുള്ള വിശ്വാസവും ക്രൈസ്തവ ഭക്തിയുടെ നിർമ്മലതയും ക്രിസ്തു പഠിപ്പിച്ച സ്നേഹവും മറ്റുള്ളവർക്കു വേണ്ടി ത്യാഗം സഹിക്കുവാനും നഷ്ടപ്പെടുവാൻ ഉള്ള മനസ്ഥിതിയും എല്ലാം ആ ബിഷപ്പ് എടുത്തു കൊടുക്കുകയായിരുന്നോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം ഇന്നത്തെ ആത്മീക നേതൃത്വങ്ങളെയും നേതാക്കന്മാരെയും നോക്കിയാൽ തനിക്കുള്ള എല്ലാ ക്രൈസ്തവ മനോഭാവങ്ങളും കള്ളനെ ഏൽപ്പിച്ചതോടുകൂടി ഇന്ന് അവരുടെ മനസ്സിൽ ഇരുട്ടും കാപട്യവും ധനത്തോടുള്ള തന്റെ ഇച്ഛയും  തന്റെ കാമ പൂർത്തിക്കായി കുഞ്ഞുങ്ങളെ മുതൽ വിശ്വാസികളുടെ ഭാര്യമാരെവരെ ഭോഗിക്കുവാനും ക്രിസ്തുവിന്റെ മണവാട്ടി എന്ന, ജീവിതം സമർപ്പിച്ച കന്യാസ്ത്രീകളെ ഭോഗിക്കുകയും കൊന്നു കിണറ്റിൽ തള്ളുകയും,  അന്യരുടെ മുതൽ അപഹരിക്കുകയും സഭയുടെ സ്വത്തുക്കൾ വിറ്റ് ധനം സമാഹരിക്കുകയും ലോകപരമായ മറ്റെല്ലാ  കുൽസിത കാര്യങ്ങൾക്കും കൂട്ടുനിൽക്കുകയും അടിമ മനോഭാവത്തോടെ കുഞ്ഞാടുകളെ കാണുകയും ചെയ്യുന്ന ഒരു ആത്മീയ നേതൃത്വം. നിങ്ങളിലുള്ള ക്രിസ്തുവിന്റെ ഭാവം എന്നേ പോയിരിക്കുന്നു. ഒരു സാധാരണ വിശ്വാസികളെ ക്കാളും ആത്മീയമായി തരംതാണവരണോ വിശ്വാസികളെ പ്രബോധിപ്പിച്ചു രക്ഷയിലേക്ക് നയിക്കുവാൻ നിയോഗിക്കപ്പെട്ടവർ.

തിന്ന് തൃപ്തനായി നിന്നെ അനുഗ്രഹിക്കേണ്ടതിന്നു  വേട്ട ഇറച്ചി കൊണ്ടുവന്ന് പാചകം ചെയ്ത് എനിക്ക് തരിക എന്ന് ഏശാവിനോട് പറഞ്ഞപ്പോൾ, അത് കേട്ട് മാതാവ് കൗശലപൂർവ്വം തന്റെ ഇളയ മകനെ വിട്ട് അനുഗ്രഹം എല്ലാം കൈക്കലാക്കുന്നു. പിതാവിന്റെ വാക്ക് വിശ്വസ്തതയോടെ കേട്ടു, വേട്ട ഇറച്ചി പാചകം ചെയ്ത് കൊണ്ടുവന്ന യേശാവിനോട്, അയ്യോ മകനെ എന്റെ അനുഗ്രഹം എല്ലാം നിന്റെ അനുജനു ഞാൻ കൊടുത്തുപോയല്ലോ എന്ന് പറയുമ്പോൾ, വിശ്വസ്തനും നീതിമാനും ആയ ഏശാവ് വാവിട്ട് നിലവിളിക്കുന്നു. അവൻ ചോദിക്കുന്നു അപ്പാ എന്നെയും കൂടി അനുഗ്രഹിക്കണമേ.... എനിക്കു വേണ്ടി നീ ഒന്നും വച്ചിട്ടില്ലയോ....? നിൻറെ പക്കൽ ഇനി അനുഗ്രഹങ്ങൾ ഒന്നും ഇല്ലയോ....? എന്ന് ചോദിക്കുന്നത് പോലെ. ഇന്ന് വിശ്വാസ സമൂഹം നേതാക്കന്മാരെ നോക്കി ചോദിക്കുന്നു അയ്യോ നിങ്ങളിലുള്ള നന്മ എല്ലാം കൊടുത്തു പോയോ....
 ഇനി ഒന്നും നിങ്ങളിൽ അവശേഷിക്കുന്നില്ലയോ.... പ്രസംഗം അല്ല ഞങ്ങൾക്ക് വേണ്ടത് പ്രവർത്തിയാണ്. അതുകൊണ്ട് ക്രിസ്തുവിലുള്ള മനോഭാവം എല്ലാം കൊടുത്തു തീർത്തുവോ...? എന്ന് നെടുവീർപ്പിടുന്നു.
 അതുകൊണ്ട് പ്രിയ ആത്മിക നേതാക്കന്മാരെ, നിങ്ങൾ കൊടുത്തുവിട്ട ആ വെള്ളി വിളക്കു കാലുകൾ നിങ്ങൾ തിരികെ വാങ്ങണം....! അങ്ങനെ ക്രിസ്തുവിലുള്ള മനോഭാവം വീണ്ടെടുക്കണം....!
 അത് ഈ സമൂഹത്തിന് നന്മയായി ഭവിക്കേണം.... അങ്ങനെ ഒരു നല്ല മാതൃകയുള്ള ക്രൈസ്തവ സമൂഹം ഉയർത്തപ്പെട്ടേ....
Join WhatsApp News
SudhirPanikkaveetil 2020-07-28 15:48:38
വളരെ നല്ല ലേഖനം. ക്രൈസ്തവ ദർശനങ്ങളും സിദ്ധാന്തങ്ങളും ഇപ്പോൾ സ്വാർത്ഥ തല്പരർ വിട്ടു കാശാക്കി കൊണ്ടിരിക്കുന്നു.അപ്പോൾ പിന്നെ മൂല്യച്യുതി നിശ്ചയം. നിങ്ങൾ ആശയാവിഷ്കരണം വിശ്വസനീയമാം (convincing) വിധം ചെയ്തു. പരിഹാരമില്ലാത്ത ഒരു പ്രശ്നമാണിത്. കഴിഞ്ഞകാലങ്ങൾ കഴിഞ്ഞപ്പോലെ വരും കാലങ്ങളും കഴിഞ്ഞുപോകും. നന്മകൾ നേർന്നുകൊണ്ട്.
Anamika 2020-07-28 16:59:52
What is the credential of these "scholars" with superficial knowledge to make comments about Cristian beliefs & principles?
2020-07-28 17:06:01
പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്ന മട്ടില്‍ ആണ് സഭ. ബില്യന്‍ കണക്കിനു ആസ്തിയുള്ള വന്‍ കോര്‍പ്പരേഷന്‍ ആണ് ക. സഭ. എത്ര കണ്ടാലും കണ്ടില്ല എന്നും, എത്ര കേട്ടാലും കേട്ടില്ലെന്നും, എത്ര അനുഭവിച്ചാലും സഭ വിട്ടുപോകാത്ത അടിമകള്‍ ആണ് വിശ്വാസി ആടുകള്‍. വിഡ്ഢികള്‍ ആയ വിശ്വാസികള്‍ ആണ് സഭയുടെ മറ്റൊരു മുതല്‍. താങ്കള്‍ എഴുതിയ ഇ ലേഘനം വായിച്ച് ഒരു കുഞ്ഞാട് എങ്കിലും സഭയുടെ അടിമത്തത്തില്‍ നിന്നും മോചനം പ്രാപിക്കട്ടെ എന്ന് ആശംസകള്‍ അര്‍പ്പിക്കുന്നു. -andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക