Image

ഇഷ്ടച്ചൻ ( കഥ: രമണി അമ്മാൾ )

Published on 29 July, 2020
ഇഷ്ടച്ചൻ ( കഥ: രമണി അമ്മാൾ )
ബസേലിയോസ് കോളേജിന്നടുത്തുളള
ബുക്കുസ്റ്റാളിൽ നില്ക്കുമ്പോൾ പെട്ടെന്നാണ്  
റോഡുമുറിച്ചു കടന്നുവരുന്ന ഫാദർ ശ്രദ്ധയിൽ പെട്ടത്. 
എവിടെയോ കണ്ടു മറന്ന മുഖം..
ഇട്ടിയവിരയച്ചന്റെ മുഖം.
നന്നേ വയസ്സായ രൂപം.
പതിറ്റാണ്ടുകൾ മുമ്പേ
കണ്ടതാണ്.. 
പള്ളിയിലെ അച്ഛൻ, പളളിവക സ്കൂളിലെ അദ്ധ്യാപകനും..
എല്ലാ വിഷയങ്ങളും പഠിപ്പിക്കുമെങ്കിലും 'കണക്കാ'യിരുന്നു മുഖ്യം. 
അടുത്തേയ്ക്കു  ചെന്നു വഴിമുടക്കി നിന്നു കൈകൂപ്പി...
നരച്ച കണ്ണുകളിലെ ചോദ്യഭാവത്തിലുപരി
ആ തിളക്കം...
തീഷ്ണത....അനുകമ്പ  എല്ലാം 
ഒറ്റനിമിഷത്തിൽ ദർശിക്കാൻ കഴിഞ്ഞു..
ഒരിക്കൽ കൂടി ഒന്നു കാണാൻ പറ്റിയിരുന്നെങ്കിലെന്നാഗ്രഹിച്
രൂപം.

"ഫാദർ....ഞാൻ"
തന്റെ മുഖത്തേക്കദ്ധേഹം സൂക്ഷിച്ചു നോക്കി..
ഒരു പളളീലച്ചൻ, അദ്ധ്യാപകൻ, നൾവഴികളിൽ, എത്രയോ പരിചിത  മുഖങ്ങളുണ്ടാവും....
അവയെല്ലാം ഓർത്തെടുക്കുവതെങ്ങനെ? 
എങ്കിലും അദ്ദേഹം  ഓർമ്മയിൽ തന്നെ ചികയുകയാണ്.
പ്രായം ശരീരത്തിൽ കരവിരുതൽ കാണിച്ചുകൊണ്ടിരിക്കുമ്പോൾ  രൂപമാറ്റം അനിവാര്യമാണല്ലോ..
പക്ഷേ 
ഭാവം തനതായിരിക്കും.
ബാല്യവും കൗമാരവും യൗവ്വനവും കഴിഞ്ഞ് വാർദ്ധക്യത്തിന്റെ
ചവിട്ടുപടി ആയാസപ്പെട്ടു കയറാൻ തുടങ്ങുകയല്ലേ..
ദശാസന്ധികളിലൂടെ മല്ലടിച്ചു കടന്നുപോന്ന പിൻവഴികളിലൂടെ.

ഇട്ടിയവിരയച്ചനെ ഞങ്ങൾ 'ഇഷ്ട്ടച്ചൻ" എന്നു ലോപിച്ചേ
വിളിക്കൂ...
മായ്ച്ചാലും മായാത്ത ഒരു മുറിപ്പാട്.
ചൂരൽ വടിയുടെ അറ്റം ഒടിഞ്ഞുകേറിയുണ്ടായ ഒരു നീണ്ട മുറിപ്പാട്.
കാലങ്ങൾ കഴിഞ്ഞിട്ടും അതേ തെളിവോടെയിന്നുമുണ്ട്.
തിരിച്ചറിയൽ രേഖയിൽ ഒന്ന്, ഇടതു തളളവിരലിലെ നീളമുളള തടിച്ച മുറിപ്പാട്.

"ഫാദർ, ഞാൻ, പൈവഴി മർത്തോമ്മാ 
ഹൈസ്കൂളിലെ അഞ്ചാം ക്ളാസിലുണ്ടായിരുന്ന...

 ജസീന്ത..."
ചുറുചുറുക്കുളള സുമുഖനായ ചെറുപ്പക്കാരനച്ചനിലേക്ക് ഒരുനിമിഷം അദ്ദേഹം ഇറങ്ങി 
വന്നപോലെ..

"നീ...നീ... .....നിന്റെ കയ്യല്ലേ അന്നു ഞനടിച്ചു പൊട്ടിച്ചെന്നും പറഞ്ഞ്
പൊല്ലാപ്പുണ്ടായത്. 

"അന്നു 
കണക്കിനു മണ്ടിയായ നിന്നെ ഒന്നടിച്ചപ്പോൾ
വടി പറ്റിച്ച പണിയായിരുന്നു".

"അറിയാമായിരുന്നു ഫാദർ.. കയ്യുമുറിഞ്ഞു ചോരചീറ്റിയപ്പോൾ അടുത്തിരുന്ന കുട്ടികളും പേടിച്ചു..
ചോര നിൽക്കാൻ    തണുത്തവെളളം കുടിപ്പിച്ചു
തന്നതും ഫാദറായിരുന്നു.
ഒരു നിമിഷം  ആ രംഗങ്ങൾ ഇരുവരുടേയും ഓർമ്മകളിൽ ഒരേസമയം മിന്നി.

വെയിലിനു നീളം വയ്ക്കാൻ തുടങ്ങിയിരുന്നു.. 
ഫാദറിന്റെ അല്പം നരച്ച വലിയ കാലൻകുടയുടെ തണൽ എനിക്കും കൂടി  അദ്ദേഹം പങ്കിട്ടു..

"ഫാദർ ഇവിടെ..?."
:ഇവിടെ സെമിനാരിയിൽ ഒരു സുഹൃത്തിനെ  കാണാൻ വന്നതാ.
തിരിച്ചു പോകാൻ, ട്രെയിൻ ഒരുമണിക്കുണ്ട്.."
നീ ഇവിടെയാണോ..?കുടുംബം ?കുട്ടികൾ..."?
പറഞ്ഞു.
ഫാദറിനു  രണ്ട് മക്കൾ, ആൺമക്കൾ, രണ്ടുപേരും 
അമേരിക്കൻ പൗരന്മാർ..
രണ്ടു വർഷം കൂടുമ്പോൾ നാട്ടിൽ വന്നുപോകും.
അച്ഛനും മസ്ക്കിയാമ്മയുംകൂടി
അങ്ങോട്ടും പോകുമായിരുന്നു പോലും..
"അവളു കഴിഞ്ഞ വർഷം
കർത്താവിൽ നിദ്രപ്രാപിച്ചു.
ഞാനിവിടെ ഒറ്റയ്ക്ക്
പള്ളിയും കുർബാനയുമൊക്കെയായിട്ടു കഴിയുന്നു...
അവളൊപ്പമില്ലാതെ മക്കളുടെ അടുത്തേക്കു പോകുവാൻ തോന്നുന്നില്ല."

"ഫാദർ  നമുക്കോരോ ചായ ..." മടിച്ചുമടിച്ചായിരുന്നു ചോദ്യം...
"അതിനെന്താ... ഇരുന്നു സംസാരിക്കുകയുമാവാമല്ലോ.

ഉച്ചയോടടുക്കുന്ന സമയം,
ബേക്കറിയിൽ ഒട്ടും തിരക്കില്ല.
അദ്ധേഹം വാച്ചിലേക്കു നോക്കി. 
റയിൽവേ സ്റ്റേഷൻ അടുത്തുതന്നെ..സമയമുണ്ട്.

പഠിക്കാൻ, ഒട്ടും താല്പര്യം തോന്നാത്ത വിഷയമായിരുന്നു തനിക്കന്നു കണക്ക്.  
ഫാദറിന്റെ 
കണക്കു ക്ളാസു
ശ്രദ്ധിക്കുകയേയില്ല..
ഗൃഹപാഠം  ചെയ്തുകൊണ്ടു വരുന്നത് മിക്കപ്പോഴും 
പൊട്ടത്തെറ്റായിരിക്കും..

ഇഷ്ട്ടച്ചൻ ക്ളാസിൽ വരുന്നതേ കൂട്ടികളെ തല്ലാനാണെന്നു തോന്നും.
വായുവിൽ പുളയുന്ന കനം കുറഞ്ഞ നീണ്ട ചൂരൽവടി ഫാദറിന്റെ സന്തത സഹചാരിയാണ്..

വടിപ്രയോഗമല്ലാതെ കുട്ടികളെ
നുളളിനോവിച്ചു രസിക്കുന്ന പരിപാടിയും ഫാദറിന്റെ  വിനോദമായിരുന്നു..
എന്തുകൊണ്ടോ പെൺകുട്ടികളോടാ കസർത്തില്ലായിരുന്നു.
വടി മേശപ്പുറത്തു വച്ചിട്ടു 
കുറ്റവാളികളായ  ആൺകുട്ടികളെ .
ഓരോരുത്തരെയായി അടുത്തേക്കു വിളിക്കും.. 
അച്ഛന്റെ കൈവാക്കനുസരിച്ച്  തുടയുടെ വണ്ണഭാഗത്തു നഖമാഴ്ത്തി ഒരു തിരിക്കലാണ്..
വേദനകൊണ്ടു പുളഞ്ഞ്  കുട്ടിയുടെ കാലുമേലോട്ടുയരും..സൈക്കിളിൽ കയറാനെന്നപോലെ..
ആ പ്രയോഗത്തിനു കുട്ടികളിട്ട പേരാണ്  "സൈക്കിൾ കേറ്റം"
അടിച്ചേ പഠിപ്പിക്കുകയുളളുവെങ്കിലും 
കുട്ടികളുടെ ഇഷ്ടച്ചനായിരുന്നു അദ്ദഹം.. സ്കൂളുവിട്ടുകഴിഞ്ഞ് ഒരുമണിക്കൂർ  അച്ഛനും കുട്ടികളും കൂടി ഗ്രൗണ്ടിൽ പന്തുകളി പതിവായിരുന്നു.

അന്നു 
ഗൃഹപാഠം ചെയ്യാതെ   പത്തുപേരോളമുണ്ടായിരുന്നു
ക്ളാസിൽ ..

രണ്ടാമത്തെ ബഞ്ചിൽ  താനുൾപ്പടെ നാലുപേർ
അടിയുടെ ഊഴവും കാത്തു 
നിൽക്കുന്നു.
പാവാടയിൽ
അമർത്തിത്തുടച്ച കൈ നീട്ടിപ്പിടിച്ചുകൊണ്ട്.
അടിവന്നു വീഴാൻ നേരം കൈ പിന്നിലേക്ക് അറിയാതെ   വലിച്ചുപോയി..ഒന്നല്ല, രണ്ടു വട്ടം.
ഇഷ്ട്ടച്ചന്റെ ദേഷ്യം ഇരട്ടിച്ചു. ഒന്നിനു പകരം മൂന്നടി. മൂന്നാമത്തെ അടി അറിയാതെ തടസ്സം പിടിക്കിനാഞ്ഞ
ഇടതുകൈക്കാണു കൊണ്ടത്.
അടിയുടെ ഊക്കിൽ 
വടിയൊടിഞ്ഞ്, അറ്റം തളളവിരലിൽ തുളഞ്ഞുകേറി
രക്തം ചീറ്റിയൊഴുകാൻ തുടങ്ങി.
വേദനയെടുത്തിട്ടല്ല, രക്തം കണ്ടു പേടിച്ചുളള തന്റെ  നിലവിളി..
രാവിലത്തെ പതിനൊന്നുമണി സമയമായതുകൊണ്ടാ രക്തം ചീറ്റുന്നതെന്ന് ഏതോ കുട്ടി തന്റെ അറിവു വിളമ്പി.

."ഇഷ്ട്ടച്ചൻ  ഒരു കുട്ടീടെ കയ്യടിച്ചുപൊട്ടിച്ചു..".
മറ്റു ക്ളാസുകളിൽ,  വാർത്ത പരന്നു...
അടുത്ത ദിവസം അമ്മയുംകൂടി തന്നോടൊപ്പം  സ്കൂളിലേക്കു വന്നു. 
ഫാദറിനെ നേരിൽക്കണ്ടു നാലു
വർത്തമാനം പറയാൻ..
.പക്ഷേ എന്തുകൊണ്ടോ ഫാദറന്നു അവധിയായിരുന്നു..
ഹെഡ്മാസ്റ്ററെക്കണ്ടു.  
." എന്റെ കൊച്ചിനെ IAS കാരിയാക്കാനൊന്നുമല്ല സാറേ, അവളെ തല്ലിപ്പഠിപ്പിക്കേണ്ടെന്നു 
ഫാദറിനോടു പറഞ്ഞേക്കണം".

എല്ലാദിവസവും രാവിലെ
രണ്ടാമത്തെ പീരിയഡ് കണക്കിനുളളതാണ്.
ഫാദർ  ക്ളാസിലെത്തും, 
തകൃതിയായ പഠിപ്പിക്കൽ തുടരും.
താനിരിക്കുന്ന ഭാഗത്തേക്കു ദൃഷ്ടി അറിയാതെ പോലും പായിക്കാതെ.  
കണക്കു തെറ്റിക്കുന്നവർക്കുളള ശിക്ഷ
മാറ്റമില്ലാതെ  തുടർന്നും പോന്നു. 
ചോദ്യങ്ങൾക്കു ശരിയുത്തരം പറയാത്തവർ ചൂരൽ പ്രഹരത്തിനു കൈനീട്ടുമ്പോൾ താനും നീട്ടും.
"നിന്നെ അടിച്ചാൽ നിന്റെ കൈ പൊട്ടും"  
അടികൊളളാതെ രക്ഷപ്പെടുന്നെങ്കിലും ഫാദറിന്റെ അവഗണന എന്നെ വേദനിപ്പിച്ചു. ചിന്തിപ്പിച്ചു...
എല്ലായ്പ്പോഴും
കണക്കു തെറ്റിക്കുന്നതുകൊണ്ടല്ലേ അടികിട്ടുന്നത്...
മറ്റു വിഷയങ്ങളിൽ ഒന്നാമതും രണ്ടാമതുമൊക്കെ നില്ക്കുമ്പോൾ കണക്കിനു തോറ്റു തുന്നം പാടുന്നു..

ക്ളാസിൽ ശ്രദ്ധിക്കുവാൻ തുടങ്ങി..
ഒരിക്കലും വഴങ്ങില്ലായെന്നു കരുതി, തഴഞ്ഞ കണക്ക് 
കയ്യിൽ വഴങ്ങുന്നുവെന്ന തോന്നൽ..ആഹ്ളാദവും സന്തോഷവും..
ഫാദറിന്റെ ഒരു ശ്രദ്ധ എപ്പോഴും തന്നിലുണ്ടായിരുന്നു..
ബോർഡിൽ, സ്ഥിരമായി 
കണക്കുകൾ ചെയ്യിപ്പിക്കുന്നതു തന്നേക്കൊണ്ട്.  
തെറ്റിക്കാതെ ചെയ്യുമ്പോൾ 
അഭിനന്ദനങ്ങൾ.
കണക്കു പരീക്ഷയിൽ എപ്പോഴും തോറ്റുപോവാറുളള താൻ 
മുഴുവൻ മാർക്കും വാങ്ങുന്ന
മിടുക്കിയായി..

ചില വ്യക്തികൾ,    സംഭവങ്ങൾ,
കാലമെത്ര കഴിഞ്ഞാലും 
എന്നെങ്കിലുമൊരിക്കൽ
അവിചാരിതമായി കൺമുന്നിൽ, 
ഒരു നിമിത്തം പോലെ
പ്രത്യക്ഷപ്പെടുകതന്നെചെയ്യും.
ഇട്ടിയവിരയച്ചന്റെ ചൂരലടിയുടെ പാട് 
നാലുപതിറ്റാണ്ടുകൾക്കു ശേഷവും മാഞ്ഞിട്ടില്ല...
ഒരുനിമിഷം തന്നെ എത്രയോവട്ടമാണ് ആ മുറിപ്പാടിന്റെ ഉത്ഭവകഥ
കൺമുന്നിലൂടെ കടന്നുപോകുന്നത്.
ഞാൻ എന്നെ
തിരിച്ചറിയുന്ന രേഖ..!.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക