Image

വ്യാഴാഴ്ച മെറിന്റെ പിറന്നാളും വിവാഹവാര്‍ഷികവും

Published on 29 July, 2020
വ്യാഴാഴ്ച  മെറിന്റെ പിറന്നാളും വിവാഹവാര്‍ഷികവും
ഇരുപത്തിയഞ്ചാം പിറന്നാള്‍ ദിനത്തിലായിരുന്നു മെറിന്റെ വിവാഹം. 2017 ജൂലൈ 30ന്. നാളെ മൂന്നാം വിവാഹ വാര്‍ഷികമായിരുന്നു. ഒപ്പം പിറന്നാളും. രണ്ട് വര്‍ഷം പിന്നിട്ടതോടെ ദാന്പത്യജീവിതത്തില്‍ ആരംഭിച്ച കല്ലുകടി ഒടുവില്‍ കൊലപാതകത്തിലെത്തി. അതും ഭാര്യയുടെ ജീവന്‍ ഭര്‍ത്താവിന്റെ കൈകളാല്‍ ഇല്ലാതാക്കപ്പെട്ടു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് മെറിനും ഭര്‍ത്താവ് നെവിനും മകളും ഒരുമിച്ചാണ് നാട്ടിലെത്തിയതെങ്കിലും അമേരിക്കയിലേക്കുള്ള മടക്കം ഒരുമിച്ചായിരുന്നില്ല. നെവിന്റെ ചങ്ങനാശേരിയിലെ വീട്ടിലേക്കാണ് വിദേശത്തുനിന്ന് മെറിന്‍ ഭര്‍ത്താവിനൊപ്പമെത്തിയതെങ്കിലും ജനുവരിയില്‍ നെവിന്‍ തനിയേ അമേരിക്കയിലേക്ക് മടങ്ങുകയായിരുന്നു.

നെവിന് പിന്നാലെ മെറിന്‍ ജുനവരി 29ന് തനിയെ അമേരിക്കയിലേക്ക് മടങ്ങി. തൊടുപുഴ മുട്ടം സ്വദേശിനിയുടെ കുടുംബത്തോടൊപ്പമായിരുന്നു മെറിന്‍ താമസിച്ചിരുന്നത്. ഈ വീട്ടില്‍ നിന്നാണ് ജോലിക്ക് പോയിരുന്നത്. മറ്റൊരിടത്തായിരുന്നു നെവിന്റെ ജോലിയും താമസവും.

കഴിഞ്ഞ ഡിസംബറില്‍ നാട്ടിലെത്തിയ മെറിനും നെവിനുമായി ദാന്പത്യപ്രശ്‌നങ്ങള്‍ ഉണ്ടായതോടെ വിവാഹബന്ധത്തില്‍ നിന്ന് വേര്‍പിരിയാനുള്ള നിയമനടപടികളിലായിരുന്നു ഇവരെന്ന് മെറിന്റെ പിതാവ്.

വീട്ടില്‍വെച്ച് ഉപദ്രവിച്ചതിനെ തുടര്‍ന്ന് ചങ്ങനാശേരി പോലീസില്‍ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചിരുന്നതായും നടപടികള്‍ പുരോഗമിക്കുകയായിരുന്നുവെന്നും മെറിന്റെ പിതാവ് ജോയി പറയുന്നു.

മെറിന്‍ നിലവില്‍ ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ നിന്ന് അടുത്തദിവസം മാറാനിരിക്കുകയായിരുന്നു. മറ്റൊരിടത്ത് ജോലി ലഭ്യമായ സാഹചര്യത്തിലായിരുന്നു മാറ്റമെന്നും ജോയി പറയുന്നു. വര്‍ഷങ്ങള്‍ അമേരിക്കയില്‍ താമസിച്ചുള്ള പരിചയവും ജോയിക്കുണ്ട്.

പിറവം മരങ്ങാട്ടില്‍ കുടുംബാംഗമായ ജോയി വര്‍ഷങ്ങളായി അമ്മവീടായ മോനിപ്പള്ളി ഊരാളിലാണ് താമസം.

പാലാ പാറപ്പള്ളില്‍ കുടുംബാഗം മേഴ്‌സിയാണ് മെറിന്റെ മാതാവ്. ബിഎസ്എസ് നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മീര ഏക സഹോദരിയാണ്.

അമേരിക്കയില്‍ ജനിച്ച് നാട്ടില്‍ വളരുന്ന മുത്തുമണിയെന്ന നോറയ്ക്ക് അമ്മയുമായുള്ള കണ്ടുമുട്ടല്‍ വീഡിയോ കോളിലൂടെയായിരുന്നു. ഇന്നലേയും അമ്മ മെറിന്‍ മകളെ വിളിച്ചിരുന്നു. എല്ലാദിവസവും വിളിക്കുന്ന പതിവാണ് മെറിന് .

ഇനിയൊരിക്കലും അമ്മ വിളിക്കില്ലെന്ന് നോറയ്ക്ക് അറിയില്ല. രണ്ടു വയസ് പിന്നിട്ട നോറയ്ക്ക് തന്റെ അമ്മ യാത്രയായെന്നും അറിയില്ല. കഴിഞ്ഞ മാസമായിരുന്നു നോറയുടെ രണ്ടാം പിറന്നാള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക