Image

അരണ്യകാണ്ഡം (ശ്രീമദ് വാല്മീകി രാമായണം പതിനഞ്ചാം ദിനം: ദുർഗ മനോജ്)

Published on 30 July, 2020
അരണ്യകാണ്ഡം (ശ്രീമദ് വാല്മീകി രാമായണം പതിനഞ്ചാം ദിനം: ദുർഗ മനോജ്)
നാൽപ്പത്തി ഏഴാം സർഗം മുതൽ അറുപത്തിനാലു വരെ.

സീതാപഹരണവും, ജടായുവിന്റെ ആക്രമണവും, രാമവിലാപവുമാണ് ഇന്നത്തെ പ്രതിപാദ്യം.

വന്നിരിക്കുന്ന ബ്രാഹ്മണനെ യഥാവിധി പൂജിച്ച സീതയോട്, 'ആരു നീ കന്യകേ' എന്ന് രാവണൻ ചോദിച്ചു. അതിനു  ജനകാത്മജ, ഒന്നു ചിന്തിച്ച ശേഷം വിശദമായി മറുപടി പറഞ്ഞു. അതിനുശേഷം, അങ്ങീ കൊടുങ്കാട്ടിൽ ഒറ്റക്കു സഞ്ചരിക്കുന്നതെന്ത് എന്നു സീത ചോദിച്ചു. മറുപടിയായി രാവണൻ, താൻ ദേവാസുരമാനുഷലോകങ്ങളെ കിടുകിടാ വിറപ്പിക്കുന്ന ദശമുഖൻ, രാവണനാണെന്നറിയിച്ചു. കൂടാതെ സീതയിൽ കാമമുദിക്കയാൽ ഭാര്യയാക്കുവാൻ നിശ്ചയിച്ചു വന്നതാണെന്നും അറിയിച്ചു.

അതുകേട്ടു കോപം കൊണ്ട ജനകജ, അവനോട്, രാമന്റെ ഭാര്യയായ തന്നോട്  ഈ വിധം പറയുവാൻ എങ്ങനെ ധൈര്യം വന്നുവെന്നും, തുണികൊണ്ട് കത്തിക്കാളുന്ന തീയ് കോരുവാൻ ശ്രമിക്കുന്ന മൂഢനാണു നീയെന്നും മറുപടി പറഞ്ഞു.

അതുകേട്ടു രാവണൻ അവന്റെ  ഉലകപ്രതാപം വർണ്ണിച്ചു തുടങ്ങി. എന്നാൽ അതിലൊന്നും സീത ലവലേശം കുലുങ്ങിയില്ല. എന്നുമാത്രമല്ല, നിന്റെ അന്ത്യമടുത്തു രാവണാ, എന്നെ തൊട്ടാൽ പിന്നെ അമൃതു സേവിച്ചിട്ടും കാര്യമില്ലെന്നു പറഞ്ഞു.

സീതാവാക്യം കേട്ടവൻ വിപ്രരൂപം വെടിഞ്ഞു സ്വന്തം രാക്ഷസരൂപം കൈക്കൊണ്ടു. അവൻ, വാനിൽ ബുധൻ രോഹിണിയെയെന്നപോലെ സീതയെ പിടിച്ചു. ഇടതുകൈ കൊണ്ടു കാർകൂന്തലിലും വലംകൈ കൊണ്ടു തുടകളിലും പിടികൂടി അവന്റെ  എളിയിലിരുത്തി. അപ്പോഴേക്കും കഴുതകളെ പൂട്ടിയ തേർ ആകാശത്തു കാണാറായി. അവൻ അതിലേറി വാനിലുയർന്നു.

സീത അഴലിലാണ്ട്, രാമാ, രാമാ എന്നിങ്ങനെ ആർത്തുവിളിച്ചു. 'ഹാ ലക്ഷ്മണാ, മഹാബാഹോ, എന്നെ കാമരൂപിയായ രാക്ഷസൻ അപഹരിക്കുന്നതു നീ കാണുന്നില്ലേ'എന്നു കരഞ്ഞു. 'പൂത്തുലഞ്ഞ കൊന്നമരങ്ങളേ, രാമനെ അറിയിക്കുവിൻ, രാവണൻ സീതയെ അപഹരിച്ചുവെന്ന്...' എന്നവൾ വിലപിച്ചു. ഈ സമയം ഉറക്കത്തിലാണ്ട ജടായുവിനെ സീത കണ്ടു. സീതയുടെ നിലവിളി കേട്ടുണർന്ന ജടായു അപ്പോൾ തന്നെ രാവണരഥത്തിനു മുന്നിൽ പറന്നെത്തി. രാവണനോടു സീതയെ വെറുതേ വിടൂ എന്നു പറഞ്ഞ്, രാവണനെ പോരിനു വിളിച്ചു. ഞാൻ വൃദ്ധനായിരിക്കാം എന്നിരുന്നാലും ഞാൻ നോക്കി നിൽക്കേ സീതയുമായി നീ മുന്നോട്ടു പോകില്ലെന്നു ജടായു പ്രഖ്യാപിച്ചു.

ജടായുവിന്റെ ഈ വാക്കുകൾ കേട്ട് രാക്ഷസരാജാവ് സീതയെ താഴെ നിർത്തി യുദ്ധത്തിനൊരുങ്ങി. ജടായുവിന്റെ ആക്രമണത്തിൽ രാവണന്റെ വില്ലുകൾ ഒന്നൊന്നായി ഒടിക്കപ്പെട്ടു, അവൻന്റെ രഥം നശിച്ചു, തേരാളിയും കഴുതകളും ചത്തുമലച്ചു. രാവണന്റെ ശരവർഷത്തിനിടയിലും ആ വലിയ പക്ഷി അവന്റെ ശരീരം, കൊക്കുകൊണ്ടും കൂർത്ത നഖങ്ങൾ കൊണ്ടും കീറി മുറിച്ചു.

ക്രുദ്ധനായ രാവണൻ, ജടായുവിന്റെ  രണ്ടു ചിറകുകളും ഛേദിച്ചു നിലത്തിട്ടു. എന്നിട്ട്  മുറിവേറ്റുവീണ ജടായുവിനടുത്തേക്കു വലിയവായിൽ  നിലവിളിച്ചുകൊണ്ടു പാഞ്ഞു ചെന്ന സീതയെ മുടിക്കെട്ടിൽ പിടികൂടി അവൻ വാനിലേക്കുയർന്നു.

ഇതുകണ്ടു പിതാമഹൻ രാവണന്റെ  നാശമടുത്തുവെന്നു പറഞ്ഞു.

വാനത്തേയ്ക്കുയരുന്ന അവനെക്കണ്ട് പേടിച്ചു ജനകനന്ദിനി കോപത്തോടെ രാവണനോടു പറഞ്ഞു, "നീചാ രാവണാ, നിനക്കു നാണമില്ലേ? ഭീരൂ, നീ പേർ ചൊല്ലി പോരാടിയിട്ടല്ലല്ലോ എന്നെ  തട്ടിയെടുത്തത്. വിജനത്തിൽ പരനാരിയെ അപഹരിക്കുക! ലജ്ജയില്ലേ നിനക്ക്?"

ആരുടേയും സഹായം കിട്ടാതുഴറിയ സീത, ഒരു മലയുടെ മുകളിൽ അഞ്ചു വീരവാനരന്മാരെ കണ്ടു. അവരുടെ നടുവിലേക്ക് തന്റെ ഉത്തരീയവും ആഭരണങ്ങളും ഇട്ടു കൊടുത്തു.

രാവണൻ സീതയുമൊത്ത് അതിവേഗം ലങ്കയിലെത്തി, അവിടെ ലങ്കയുടെ എല്ലാ പ്രതാപവും അവളെ കാട്ടിക്കൊടുത്തു.

പിന്നെപ്പറഞ്ഞു, സീതേ, മുപ്പത്തിരണ്ടു കോടി വരുന്ന രാക്ഷസന്മാർക്കധിപനാണു ഞാൻ. എൻ്റെ ഓരോ കാര്യം നടത്തുവാനും ആയിരം പേരുണ്ട്. എൻ്റെ അന്തപുരത്തിൽ അനേകം ഉത്തമ സ്ത്രീകളുണ്ട്. അവർക്കൊക്കെ ഈശ്വരിയാകുക നീ .എൻ്റെ വാക്കു കേൾക്കുക.എന്നിൽ കനിയുക."
അവൻ തുടർന്നു , " ദേവീ, നിന്റെ ധർമലോപം കൊണ്ടു തോന്നുന്ന ലജ്ജ മതിയാക്കു. ഈ മിന്നുന്ന കാലിണയിൽ ഞാൻ തല മുട്ടിച്ചു കുമ്പിടുന്നു, എന്നിൽ കനിഞ്ഞാലും. മറ്റൊരു നാരിയേയും രാവണൻ ഈ മട്ട്  വണങ്ങിയിട്ടില്ല." ഈവിധം ജനകനന്ദിനിയോടു പറയുമ്പോഴും അവൻ കരുതി സീത അവന്റേതാണെന്ന്.

അതുകേട്ടു സീത, ഒരു പുല്ല് ഇടയിൽ വച്ചു രാവണനോടു പറഞ്ഞു "ദശരഥ പുത്രനാം രാമന്റെ കൺമുന്നിൽ വച്ചാണു നീ എന്നെ പിടികൂടാൻ ശ്രമിച്ചതെങ്കിൽ ആ നിമിഷം നിനക്കും ഖരന്റെ ഗതി വന്നു ചേർന്നേനെ. നിനക്കു നാശമടുത്തിരിക്കുന്നു. നീ പറഞ്ഞ ഘോരന്മാരും കരുത്തന്മാരുമായ രാക്ഷസരൊക്കെ രാമനിൽ നിർ വിഷങ്ങളാണ്. ഓളങ്ങൾ ഗംഗയുടെ കരകളെ എന്നപോലെ നിൻ്റെ ശരീരത്തെ തകർക്കും രാമബാണങ്ങൾ.

ഇതുകേട്ടു രാവണൻ സീതയോട് പറഞ്ഞു, " മൈഥിലീ, എന്റെ വാക്കു കേൾക്ക്. നിനക്കു ഞാൻ പന്ത്രണ്ടു മാസം തരുന്നു. അതിനുള്ളിൽ നീയെന്നെ പ്രാപിക്കുന്നില്ലെങ്കിൽ പിന്നെ എന്റെ പാചകർ നിന്നെ പ്രാതലിനു വെട്ടി നുറുക്കും."

അതിനു ശേഷം അവൻ ഘോരരൂപിണികളായ രാക്ഷസികളോട് സീതയെ അശോകവനികയിൽ പാർപ്പിച്ചു മനം മാറ്റുവാൻ ആവശ്യപ്പെട്ടു.

കപട മൃഗരൂപിയായ മാരീചനെ കൊന്നു രാമൻ വേഗം മടങ്ങിപ്പോന്നു. സീതയെക്കാണുവാൻ വെമ്പൽ പൂണ്ടു മടങ്ങിയ രാമനു ദുർലക്ഷണങ്ങൾ കാണാറായി. അപ്പോൾ മുന്നിലെത്തിയ ലക്ഷ്മണനോട്, ചെയ്തതു തീരെ ശെരിയായില്ലെന്നു രാമൻ കുപിതനാവുകയും ചെയ്തു. അതുകേട്ടു ലക്ഷ്മണൻ തന്നോടു ദേഷ്യം തോന്നരുതെന്നും സീതയുടെ പരുഷവാക്യം കേട്ടാണു താൻ അപ്രകാരം ചെയ്തതെന്നും ഖിന്നനായി പറഞ്ഞു.ആശ്രമത്തിലും പരിസരത്തിലും രാമനും ലക്ഷ്മണനും സീതയെത്തേടി അലഞ്ഞു.

സീതയെ തേടിത്തളർന്ന രാമൻ ആർത്തനായ് കേണു. ലക്ഷ്മണന്റെ  വാക്കുകൾക്കു രാമനെ സമാധാനിപ്പിക്കുവാനായില്ല. ഒടുവിൽ മൃഗങ്ങൾ ഓടി മറഞ്ഞതെക്കുദിക്കുനോക്കി സീതയെ അന്വേഷിച്ചു നടന്നുതുടങ്ങി. ഞെരിഞ്ഞമർന്ന കാടും, മണ്ണിലെ കനത്ത കാലടിയും കണ്ട്  സീതയെ അപഹരിച്ചത് ഒരു രാക്ഷസൻ തന്നെയെന്നുറപ്പിച്ച രാമൻ കോപം കൊണ്ടുവിറച്ചുകൊണ്ട് ശരമെടുത്തു വില്ലിൽ തൊട്ട്  ഈവിധം പറഞ്ഞു.

"എപ്രകാരം ജരയും മരണവും കാലനും വിധിയും ലോകത്തിൽ ഒരു ജീവിക്കും ഒരിക്കലും തടയാനാവില്ലയോ, അപ്രകാരം അനിവാര്യനാണ് കോപമാണ്ട ഞാൻ, സംശയമില്ല. തിരിച്ചു തരായ്കിൽ, ദേവഗന്ധർവ്വ മനുഷ്യ പന്നഗലൈയുക്തമായ ജഗത്തിനെ ഞാൻ കീഴ്മേൽ മറിക്കും.

ഇന്നു പതിനഞ്ചാം ദിനത്തിൽ കരയുന്ന സീതയും ശോകാർത്തനായ രാമനും നമുക്കു മുന്നിൽ കടന്നു വരുന്നു.ഒപ്പം നിസ്സഹായനായ ലക്ഷ്മണന്നും.
സീതയുടെ ലക്ഷ്മണനോടുള്ള പരുഷ വാക്കുകൾക്കുള്ള ഫലം രാവണൻ്റെ കൈകൾക്കുള്ളിൽ പെടുന്ന നിമിഷത്തിൽ സീത തിരിച്ചറിയുന്നുണ്ട്.രാമനും ആപത്തു ശങ്കിക്കുന്നു. ഇതു മുൻകൂട്ടി അറിഞ്ഞതു ലക്ഷ്മണൻ മാത്രമാണ്. മായാമൃഗ ദർശന വേളയിൽത്തന്നെ ഇതു മായാവി മാരീചനെന്നു ലക്ഷ്മണൻ കാണുന്നുണ്ട്. സീത, പറഞ്ഞയക്കുമ്പോൾ ഇനി കാണാനാകുമോ ഭവതിയെ എന്ന ആശങ്ക തുറന്നു പറയുന്നുമുണ്ട്.

ചിലത് അനിവാര്യമാണ്. അതു സംഭവിക്കുവാൻ കാരണം ഒരുക്കപ്പെടുന്നു. അതിലൂടെ കടന്നു പോകേണ്ടി വരുന്നു.
പതിനഞ്ചാം ദിനം സമാപ്തം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക