Image

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ആദ്യശനിയാഴ്ച ധ്യാനവും ആരാധനയും ഓഗസ്റ്റ് ഒന്നു മുതല്‍

Published on 31 July, 2020
 ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ആദ്യശനിയാഴ്ച ധ്യാനവും ആരാധനയും ഓഗസ്റ്റ് ഒന്നു മുതല്‍

ബെര്‍മിംഗ്ഹാം: പരിശുദ്ധ ദൈവമാതാവിന്റെ ഫാത്തിമ രഹസ്യത്തിനു പ്രത്യുത്തരമായി ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ആദ്യശനിയാഴ്ച ധ്യാനത്തിന് തുടക്കമാകുന്നു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് ഒന്നു (ശനി) മുതല്‍ എല്ലാ ആദ്യശനിയാഴ്ചകളിലും രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയാണ് ആരാധനയും ധ്യാനവും.

വിശുദ്ധ കുര്‍ബാന, തിരുമണിക്കൂര്‍ ആരാധന, കരുണക്കൊന്ത, ജപമാല, ദൈവവചനപ്രഘോഷണം എന്നിവ ശുശ്രൂഷകളുടെ ഭാഗമായിരിക്കും.

പുതുതലമുറയുടെ ആത്മീയ വളര്‍ച്ചയില്‍ വിമലഹൃദയ ഭക്തിക്കുള്ള പ്രാധാന്യം കണക്കിലെടുത്ത് ഇംഗ്‌ളീഷിലായിരിക്കും ശുശ്രൂഷകള്‍ നടക്കുക. ബെര്‍മിംഗ്ഹാം സെന്റ് തെരേസ ദേവാലയത്തില്‍ നിന്നും തത്സമയം സംപ്രേഷണം ചെയ്യുന്ന പരിപാടി രൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലും ഫേസ്ബുക് പേജിലും ലഭ്യമായിരിക്കും.

മാര്‍ ജോസഫ് സ്രാന്പിക്കലിനൊപ്പം ഫാ. ആന്റണി പറങ്കിമാലില്‍ വിസി , ഫാ. ജോയ് ചെഞ്ചേരില്‍ എംസിബിഎസ് എന്നിവരും ശുശ്രൂഷയില്‍ പങ്കുചേരും.

ഫാത്തിമരഹസ്യങ്ങളോട് ചേര്‍ന്നുനിന്നുകൊണ്ട് ലോകസമാധാനത്തിനും ആത്മാക്കളുടെ രക്ഷക്കുമായി പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തില്‍ അഭയം തേടുവാന്‍ ശനിയാഴ്ച നടക്കുന്ന ഈ ശുശ്രൂഷയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അറിയിച്ചു.

ശുശ്രൂഷകള്‍ തത്സമയം കാണുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: www.youtu.be/aCp4V79CGcQ

റിപ്പോര്‍ട്ട്: ഫാ. ടോമി എടാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക