Image

ഗായത്രി (ചെറുകഥ: സാംജീവ്)

Published on 31 July, 2020
ഗായത്രി (ചെറുകഥ: സാംജീവ്)
“എന്റെ മുല്ലത്തായ് വരുന്നു; ഇന്ത്യയിൽനിന്ന്. നാളെ ന്യൂയോർക്കിലെത്തും.”
“സാറയുടെ ഭാഗ്യം.” എമിലി ചിരിച്ചുകൊണ്ടു പറഞ്ഞു.
“എന്റെ മുല്ലത്തായ് വരുന്നു. നാളെ എന്റെ വീട്ടിലെത്തും. അതുകൊണ്ട് നാളെ ഞാൻ അവധിയായിരിക്കും.”
“സാറയുടെ ഭാഗ്യം.” ജൂലി ചിരിച്ചു.
“എത്രനാൾ നിന്റെ മുല്ലത്തായ് നിന്റെ വീട്ടിലുണ്ടാവും?” ജൂലി ആരാഞ്ഞു.
“ആറുമാസമെങ്കിലും.” സാറ പറഞ്ഞു.
“എന്റെ ദൈവമേ! ആറുമാസം. ഞാൻ ആറുദിവസം എന്റെ അമ്മാവിയമ്മയെ എന്റെ വീട്ടിൽ താമസിപ്പിക്കുകയില്ല.” ജൂലി പറഞ്ഞു.
സാറയുടെ മുഖം വാടി. സാറയുടെ യഥാർത്ഥ നാമധേയം സരസ്വതിയമ്മാൾ എന്നാണ്. ചെന്നൈയിൽ ജനിച്ചുവളർന്ന ഒരു മുല്ലങ്കാർ പെൺകുട്ടിയാണവൾ. മുല്ലങ്കാർ പെൺകുട്ടികൾ ഭർത്തൃമാതാവിനെ മുല്ലത്തായ് എന്നാണു വിളിക്കുക. ന്യൂയോർക്കിൽ യൂണിവേഴ്സൽ സൊല്യൂഷൻസിൽ സോഫ്റ്റുവെയർ എഞ്ചിനിയറായി ജോലിചെയ്യുകയാണ് സാറാ എന്ന സരസ്വതിയമ്മാൾ. 
മുല്ലത്തായ് വന്നു. ഒരുപെട്ടിനിറയെ മധുരപലഹാരങ്ങൾ അവർ കൊണ്ടുവന്നു.
മധുരപലഹാരങ്ങൾ നുണഞ്ഞുകൊണ്ട് മേരിജോൺ ചോദിച്ചു.
“സാറാ, നിന്റെ മുല്ലത്തായ് കയ്പും മധുരവും കൊണ്ടുവന്നു, അല്ലേ?”
മേരിജോൺ കൊച്ചീക്കാരിയാണ്; തവിട്ടുനിറമുള്ള സോഫ്റ്റുവെയർ എഞ്ചിനിയർ.
“സാറാ, നീ പാവമായിപ്പോയി. ഞാനാണെങ്കിൽ എന്റെ അമ്മാവിയമ്മയെ ഒരുദിവസം നിറുത്തുകയില്ല. ഒരു മരുമകളും അമ്മാവിയമ്മയെ സ്നേഹിക്കകയില്ല. സ്നേഹം ഭാവിക്കും; അത്രമാത്രം. നീ നോക്കിയും കണ്ടും നില്ക്കണം. ആറുമാസം നീ ആ തള്ളയെ സഹിക്കണമല്ലോ എനിക്കു നിന്നോടു സഹതാപം തോന്നുന്നു.”
“മേരി, നാം അമേരിക്കയിലാണെങ്കിലും ഇന്ത്യാക്കാരല്ല? നമ്മുടെ സംസ്ക്കാരം മറക്കാനൊക്കുമോ? ശ്രീക്കുട്ടന്റെ അമ്മയല്ലേ? താലികെട്ടിയ പുരുഷന്റെ അമ്മ.”
“അതേ, അതുകൊണ്ടെന്താണ്? താലി നുകച്ചരടാണോ? നമുക്കും വ്യക്തിത്വമുണ്ട്. നമ്മളും ജോലിചെയ്തു ജീവിക്കുന്നു.”
“ഇവിടെ പുരുഷനും സ്ത്രീയും തമ്മിലെന്തു വ്യത്യാസം? ആറുമാസം മുമ്പ് ആ തള്ളച്ചിയെ കെട്ടുകെട്ടിക്കാൻ നോക്ക്.. അതു നിന്റെ ചുണ.”
മേരി ജോൺ പ്രസംഗം തുടർന്നു.
“നിങ്ങളുടെ വീട് നിങ്ങളുടേതു മാത്രമായിരിക്കണം; നിന്റെയും നിന്റെ ഭർത്താവിന്റെയും. അവിടെ അമ്മാവിയമ്മയ്ക്കു സ്ഥാനമില്ല. അവർ കടന്നുകയറാൻ അനുവദിക്കരുത്. അമ്മാവിയമ്മ നിന്റെ ആരുമല്ല.”
“മേരി, ശ്രീക്കുട്ടന് അമ്മയെന്നാൽ ജീവനാണ്. അവർ പട്ടിണികിടന്നും നെല്ലുകുത്തിയും അന്യഗൃഹങ്ങളിൽ ഊഴിയവേല ചെയ്തുമാണ് ശ്രീക്കുട്ടനെ വളർത്തിയത്, പഠിപ്പിച്ചു വലുതാക്കിയത്.”
“സാറാ, നീ ഇത്ര പാവമായിപ്പോയല്ലോ. അതിനു നിനക്കെന്താണ്? ശ്രീക്കുട്ടന് അമ്മയോട് കടപ്പാടുകാണും. അതിന് ശ്രീക്കുട്ടൻ കാശയച്ചുകൊടുക്കട്ടെ. തള്ള നാട്ടിൽ താമസിക്കട്ടെ. ഒരുമിച്ചു നുകം ചുമക്കാൻ നീ വണ്ടിക്കാളയാണോ? എത്രയുംപെട്ടെന്ന് ശത്രുവിനെ ഒഴിവാക്കാൻ നോക്ക്. മുറിവേല്പിച്ചോ, അല്ലാതെയോ..”
സാറയുടെ മുഖം മ്ലാനമായി. ആ സുന്ദരമുഖത്ത് കരിനിഴൽ പടർന്നു.

മുല്ലത്തായ്ക്കു ചില നിഷ്ഠകളുണ്ട്. സന്ധ്യയ്ക്കും പ്രഭാതത്തിലും നിലവിളക്ക് വെയ്ക്കണം. ഗായത്രി ചൊല്ലണം. ഗായത്രി മന്ത്രങ്ങളുടെ മന്ത്രമാണ്.
“ഓം ഭൂ ഭുവത് സ്വാഹി
തത് സവിതൃ വരേണ്യെം
ഭര്ഗോ ദേവസ്യ ധീമഹി
ദിയോ യോന പ്രചോദയത്.”
തുടർച്ചയായി 24 തവണ പ്രഭാതത്തിൽ ചൊല്ലണം. ഗായത്രി ചൊല്ലുന്ന ഭവനത്തിൽ ഐശ്വര്യമുണ്ടാകും.

മുല്ലങ്കാർക്ക് ഗോത്രങ്ങളുണ്ട്. ശ്രീക്കുട്ടൻ ദേവരഥഗോത്രത്തിൽ ജനിച്ചവനാണ്. വിശ്വാമിത്രനാണ് കുലഗുരു. വിശ്വാമിത്രനാണ് ഗായത്രീമന്ത്രത്തിന്റെ ഉപജ്ഞാതാവ്. വിശ്വാമിത്രകുലത്തിൽ ജനിച്ചവർ ഗായത്രിചൊല്ലിയാൽ ഫലം കൂടും. ശ്രീക്കുട്ടന്റെ ഉപനയനത്തിന് ഗായത്രി ആയിരം തവണ ഉരുവിട്ടതാണ്. അതുകൊണ്ടെന്താ? ഗുണമുണ്ടായില്ലേ? ഇപ്പോൾ അവൻ ഡോളർ വാരുന്നത് കണ്ടില്ലേ?
സാറാ നൈരുഥി ഗോത്രക്കാരിയാണ്. ഭൃഗുമഹർഷിയാണ് കുലഗുരു. സാറാ ഗായത്രി ചൊല്ലാറില്ല. അതിന്റെ കുറവ് ഭവനത്തിലുണ്ട്. രാവിലെ മുല്ലങ്കാർപെൺകുട്ടികൾ കുളിച്ചു കുറിതൊടണം. മുല്ലപ്പൂമാല തലയിൽ ചൂടണം. മുല്ലങ്കാർപെൺകുട്ടികളുടെ നടപ്പിനു ഒരു ശാലീനതയും അന്തസ്സുമുണ്ട്. പെരുമാറ്റത്തിൽ കുലീനത്തം വേണം. ഇപ്പോൾ അതില്ല.
മുല്ലങ്കാർഗൃഹങ്ങൾക്കു മുമ്പിൽ കോലം വരയ്ക്കണം. അതു ഭവനത്തിന് ഐശ്വര്യമുണ്ടാക്കും. നനഞ്ഞ അരിപ്പൊടികൊണ്ടുവേണം കോലം വരയ്ക്കാൻ. ഇപ്പോൾ ചില പെണ്ണുങ്ങൾ ചോക്ക് കൊണ്ട് വരയ്ക്കുന്നുപോലും. അശ്രീകരം!
അമേരിക്കൻഭവനങ്ങളിൽ എവിടെ കോലം വരയ്ക്കും?
കാർഗരാജിൽ കോലം വരയ്ക്കാമല്ലോ.
കാർ പിന്നെ എവിടെയിടും?
ഡ്രൈവുവേയിൽ ഇടാമല്ലോ.

മാർകഴിമാസം വിശേഷമാണ്. മാർകഴിമാസത്തിൽ കോലം വരച്ചിരിക്കണം.
മുല്ലത്തായയുടെ നിർദ്ദേശം സാറ അംഗീകരിച്ചില്ല.
സാറ നിഷേധിയാണ്.
അല്ല നോക്കണേ. വിവാഹംകഴിഞ്ഞ് അഞ്ചുകൊല്ലമായി. ഒരു ഉണ്ണിയെ കാണാൻ ഇതുവരെ കഴിഞ്ഞില്ല.
അതെങ്ങനെയാണ്? നിഷേധിക്കു പരദേവതകൾ തുണനില്ക്കുമോ? എല്ലാത്തിനും ഗുരുത്വം വേണം.
വേഷംതന്നെ നോക്ക്. അതിലൊരു ശ്രീത്വം ഉണ്ടോ? ആൺപെൺ വ്യത്യാസമില്ല. എല്ലാത്തിനും ജീൻസും ഷർട്ടും.
പേരുപോലും മാറ്റിയിരിക്കുന്നു. മുല്ലങ്കാർപെൺകുട്ടികളെ സാറ എന്നു വിളിക്കുമോ? അത് അഹിന്ദുക്കളുടെ നാമധേയമല്ലേ?
കാൽമുട്ടുവരെ ഇറങ്ങിക്കിടന്ന മുടി കത്രിച്ചുകളഞ്ഞിരിക്കുന്നു, ചട്ടക്കാരികളെപ്പോലെ.
പെൺപിള്ളാരായാൽ അടക്കവും ഒതുക്കവും വേണം.
ഭൂമി കുലുക്കിയാണ് നടപ്പ്.
മരുമകൾ നിഷേധിയാവുന്നു.
കാരണവന്മാർ പടുത്തുയർത്തിയ നിഷ്ഠകളെല്ലാം തകരുന്നു.
ഇല്ല; പാടില്ല.
ഇവളെ നിയന്ത്രിക്കണം.
ശ്രീക്കുട്ടന് ഇതിലൊന്നും ശ്രദ്ധയില്ല. അവനും മാറിപ്പോയി. ഇപ്പോളവൻ മത്സ്യമാംസാദികൾ കഴിക്കുമ്പോലും!
ഈശ്വരാ....! പരദേവതകൾ സഹിക്കുമോ?

ശ്രീക്കുട്ടന് ദോശയും തേങ്ങാച്ചമ്മന്തിയും ഇഷ്ടമായിരുന്നു. അവന്റെ ഇഷ്ടമനുസരിച്ച് എല്ലാം ഉണ്ടാക്കിക്കൊടുത്തിരുന്നു. അത് അന്തക്കാലം.
തന്തയില്ലാത്ത ദുഃഖം അറിയാതെയാണ് അവനെ വളർത്തിയത്. അവന്റെ ഇഷ്ടമനുസരിച്ച് എന്തെങ്കിലും ഉണ്ടാക്കിക്കൊടുക്കാമെന്നു വിചാരിച്ചാൽ അതും നടക്കില്ല. ഇവിടുത്തെ യന്ത്ര അടുപ്പുകൾ കൈകാര്യംചെയ്യാനുള്ള    വിദ്യ അറിയില്ല.
വല്ല അപകടവും പറ്റിയാലോ?
പലതും ഓർത്തുകിടന്നു, മുല്ലത്തായ്. ഉറങ്ങിയപ്പോൾ പാതിരാ കഴിഞുകാണും.

ബാത്ത്റൂമിലെ ശബ്ദം കേട്ടാണുണർന്നത്. മരുമകൾ ഉണർന്നിരിക്കുന്നു. അവൾക്ക് അതിരാവിലെ ജോലിക്കു പോകണം..
മുല്ലത്തായ് അടുക്കളയിലേയ്ക്കു ചെന്നു.
പ്രാതലൊന്നും ഉണ്ടാക്കിയിട്ടില്ല.
നിലവിളക്ക് കത്തിച്ചിട്ടില്ല. ഗായത്രി ചൊല്ലിയിട്ടില്ല.
നിഷേധി....
മുല്ലത്തായ് മുഖം കറുപ്പിച്ചു. പലതും മുല്ലത്തായ്ക്കു ഇഷ്ടപ്പെട്ടില്ലെന്നു മരുമകൾ മനസ്സിലാക്കട്ടെ. പക്ഷേ സാറ മുല്ലത്തായെ കണ്ടതായി ഭാവിച്ചില്ല.
അവൾ ജീൻസ് വലിച്ചുകയറ്റി, ഷർട്ടിട്ടു.
ചുണ്ടിൽ ചായംതേച്ചു. തോൾവരെമാത്രം നീളമുള്ള സമൃദ്ധിയായ മുടിപടലം ബ്രഷ്ചെയ്തു.
ഹാൻഡ്ബാഗ് തോളിൽതൂക്കി ഗരാജിലേയ്ക്കു ആഞ്ഞുനടന്നു.

“ഇല്ല, ഇവളെ ഇങ്ങനെ വിടാൻ പറ്റില്ല. രണ്ടുവാക്ക് പറഞ്ഞിട്ടുതന്നെ കാര്യം.” മുല്ലത്തായ് ഗരാജിലേയ്ക്കു ഓടി.
ഭദ്രകാളിയെപ്പോലെ ഉറഞ്ഞുതുള്ളുന്ന മുല്ലത്തായിയെ കണ്ട് സാറാ ഒരുനിമിഷം പകച്ചുനിന്നു.
മേരി ജോണിന്റെ വാക്കുകൾ ഓർത്തു.
“ശത്രുവിനെ തിരിച്ചയയ്ക്കുക, പരിക്കേല്പിച്ചോ അല്ലാതെയോ.”
സാറാ എന്ന സരസ്വതിയുടെ ബലിഷ്ഠമായ കൈകൾ ഉയർന്നു..

“തായെ  നമിക്കുന്നതഭിരാമമല്ലി
പെറ്റ തായെ വണങ്ങുന്നതഭികാമ്യമല്ലി?”
പെട്ടെന്ന് എവിടെനിന്നോ ഒരു തമിഴ്സംഗീതം ഒഴുകിവരുന്നു. എവിടെ നിന്ന്? സാറാ ചുറ്റും നോക്കി.
ശ്രീക്കുട്ടൻ എഴുനേറ്റിട്ടില്ല. ആരാണ് പാടുന്നത്?
“പതിറ്റാണ്ടു ജന്മങ്ങൾ വാഴ്ന്താലും ഭജിച്ചാലും
തായ്തന്നയൻപിൻ നികരാകുമോ?”
പണ്ടെങ്ങും കേട്ടിട്ടുള്ള ഗാനമല്ലല്ലോ. ആയിരംപേർ ഒരുമിച്ചു പാടുന്നതു പോലെ. പക്ഷേ ആരാണു ഇപ്പോൾ ഇത്ര മധുരമായി പാടുന്നത്?
“ഈ സംഗീതം എന്റെ ആത്മാവിന്റെ ഉള്ളിൽ നിന്നും ഒഴുകി വരികയാണോ?” സാറാ സന്ദേഹിച്ചു..
“ആത്മാവ് പാടുമോ? ദേവതകൾ പാടുമോ? പരദേവതകൾ സംഗീതത്തിലൂടെ മുന്നറിയിപ്പ് നല്കുമോ? ഇതു ദേവസംഗീതമാണോ? മാലാഖമാർ പാടുമെന്ന് ഒരിക്കൽ മേരിജോൺ പറഞ്ഞിട്ടുണ്ട്.”
സാറ ഭയന്നു.
സാറ അമ്പരന്നു.
സാറ വിയർത്തു.
സാറയുടെ ഉയർന്നകൈകൾ താനെ താണു.
 
ആരോ കർണ്ണപുടങ്ങളിൽ മന്ത്രിക്കുന്നു.
“നീ എമിലിയല്ല.
നീ മേരിജോണല്ല.
നീ സാറയല്ല.
നീ സരസ്വതിയാണ്.”

“തായ്താനെ ദൈവം, തായ് താനെ ശക്തി
തായെ നമിപ്പൂ, അതു താനെ പുണ്യം
തായെ വണങ്ങുന്നതഭിമാനമല്ലി!
പൈൻതങ്കം മലർവാടി സുധരാഗം വെണ്മുത്തും
അവർ തന്നയൻപിൻ  നികരാകുമോ
പെറ്റ തായെ വണങ്കാതെ അൻപില്ലവേ
ഉൻ  തായെ നമിക്കാതെ ഉയിരില്ലവേ”
ഒരു സംഘം മാലാഖമാർ താളമേളങ്ങളോടെ ആലപിക്കുന്നു. ഏതോ ആത്മാവ് ആത്മാവോട് സംവദിക്കുന്നു, മുന്നറിയിപ്പ് നല്കുന്നു.

സാറയുടെ ബലിഷ്ഠമായ കൈകൾ വിറച്ചു. ആ കൈകൾ മെലിഞ്ഞ രണ്ടു കൈകളെ കൂട്ടിപ്പിടിച്ചു.
“അമ്മേ, മാപ്പ്.”
അമ്പരന്നുനില്ക്കുന്ന മുല്ലത്തായുടെ കാല്ക്കൽ സാറ എന്ന സരസ്വതി വീണു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക