Image

രാമായണ ആവിർഭാവം (രാമായണ ചിന്തകൾ-18-കോമളവല്ലി കൊമ്പിലാത്ത്)

Published on 01 August, 2020
രാമായണ ആവിർഭാവം (രാമായണ ചിന്തകൾ-18-കോമളവല്ലി കൊമ്പിലാത്ത്)
വാൽമീകി മഹർഷി  തൻ്റെ ശിഷ്യനായ ഭാരദ്വാജമുനിയോടൊപ്പം സന്ധ്യാവന്ദനത്തിനായി ചെന്നപ്പോൾ കണ്ട ശോകകരമായ ഒരു അവസ്ഥ ശ്ലോക രൂപത്തിൽ പരിണമിച്ചതാണ് രാമായണ കഥ രചിക്കാനുണ്ടായ സാഹചര്യം.
ശ്ലോകം ഇവിടെ ഉദ്ധരിക്കട്ടെ ."
 "മാ  നിഷാദ! പ്രതിഷ്ഠാം ത്വ
മഗമഃ ശാശ്വതീ സമാ:
യത് ക്രൗഞ്ചമിഥുനാ ദേക
മവധീ: കാമമോഹിതം."

മാനിഷാദ! അരുത് കാട്ടാളാ..
ത്വം ശാശ്വതീ സമാഃപ്രതിഷ്ഠാം അഗമ:  
നിനക്ക് ഈ ലോകത്തിൽ ശാശ്വതമായ പ്രതിഷ്ഠ നിലനിൽപ്പ് ഇല്ലാതെ പോകട്ടെ. എന്തുകൊണ്ടന്നാൽ  കാമമോഹിതം ക്രൗഞ്ചമിഥുനാത് ഏകം അവധീ
പരസ്പരം കാമമോഹിതയായിരിക്കുന്ന ക്രൗഞ്ചപക്ഷികളിൽ ഒന്നിനെ നീ അമ്പെയ്ത് വീഴ്ത്തി. അതുകൊണ്ട് തന്നെ നിനക്ക് ഈ ലോകത്തിൽ ശാശ്വതമായ നിലനിൽപ്പ് ഇല്ലാതെ പോകട്ടെ എന്ന ശാപവാക്കുകൾ വീട്ടിൽ പോയി  ചിന്താമഗ്നനായ മഹർഷി വീണ്ടും വീണ്ടും ഇതിനെക്കുറിച്ച് ആലോചിച്ചു. ഇങ്ങനെയാണ് രാമായണ കഥയുടെ ആവിർഭാവം.

എന്നാൽ വേറൊരു പക്ഷത്തിൽ ചിന്തിച്ചാൽ (രാമപക്ഷത്തിൽ)
 മാ- മഹാലക്ഷ്മി പ്രവഹിക്കുന്നവനായ  അല്ലയോ ശ്രീരാമ  നിനക്ക് ശാശ്വതീ സമാ: _ അനേകം വർഷങ്ങൾ ശാശ്വതമായ നിലനിൽപ്പ്  ഉണ്ടാവട്ടെ എന്നും  ധ്വനി ഈ ശ്ലോകത്തിൽ അടങ്ങിയിരിക്കുന്നു.
ദീന ദീനം വിലപിക്കുന്ന ക്രൗഞ്ചപക്ഷി വിലപിക്കുന്നത് കണ്ട മഹർഷിയുടെ  മനസ്സിൻ്റെ വിലാപം, ശ്ലോക രൂപത്തിൽ മാറിയതാണ് രാമായണം. എന്തു തന്നെ ആയാലും  ഈ ലോകത്തിൽ
"യാവത് സ്ഥാസ്യന്തി ഗിരയ:
സരിതശ്ച മഹീതലേ  
താവദ് രാമായണ കഥാ ലോകേഷു പ്രചരിഷ്യതി"

അതായത് ഭൂമിയിൽ പർവതങ്ങളും നദികളും നിലനിൽക്കുന്നിടത്തോളം കാലം രാമായണകഥ ലോകത്തിൽ പ്രചരിച്ചു കൊണ്ടേ ഇരിക്കും. രാമായണം ഏക ശ്ലോകത്തിൽ ഇവിടെ ചേർക്കുന്നു.
"പൂർവം രാമതപോവനാദിഗമനം
ഹത്വാമൃഗം കാഞ്ചനം
വൈദേഹീ ഹരണം, ജടായു മരണം സുഗ്രീവസംഭാഷണം
ബാലീ നിഗ്രഹണം, സമുദ്രതരണം
ലങ്കാപുരീ ദാഹനം
പശ്ചാത് രാവണ കുംഭകർണ്ണനിധനം
ഏതദ് ഹി രാമായണം".

ക്രൗഞ്ചപക്ഷിയുടെ ദീന വിലാപം മനസ്സിൽ മായാതെ കിടക്കുന്ന വാൽമീകി താൻ എന്തിനാണ് ഇങ്ങനെ ദു:ഖിക്കുന്നത് എന്ന് ഓർത്തു കൊണ്ടിരിക്കുമ്പോൾ അവിടെ നാരദമഹർഷി പ്രത്യക്ഷപ്പെടുന്നു." നാരദമഹർഷിയോട്  "കോന്വസ്മിൻ സാമ്പ്രതം ലോകേ ഗുണവാൻ കശ്ച വീര്യവാൻ?" അല്ലയോ മഹർഷേ! ഇപ്പോൾ ലോകത്തിൻ ഗുണവാനും വീര്യവാനും ആയിട്ട് ആരാണുള്ളത്? എന്ന ചോദ്യത്തിനുത്തരമായി നാരദർ മറുപടി പറയുന്നു "ഈക്ഷ്വാകു വംശ പ്രഭവോ രാമ : നാമ: ജനൈ ശ്രുത: " രാമനെന്ന ജനങ്ങളാൽ അറിയപ്പെടുന്ന  മഹാനാണ് ഏറ്റവും ഗുണവാനും വീര്യവാനും എന്നു അരുളിചെയ്ത് നാരദൻ അപ്രത്യക്ഷനാകുന്നു.

അങ്ങനെയാണ് വാത്മീകി രാമൻ്റെ അയനം ( യാത്ര) രാമകഥ എഴുതിയത് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക