Image

അയോധ്യ ക്ഷേത്ര നിര്‍മ്മാണം ആഘോഷിക്കാന്‍ ടൈംസ് സ്‌ക്വയര്‍ വിട്ടു നല്കരുതെന്ന് സെക്കുലര്‍ സംഘടനകള്‍

Published on 02 August, 2020
അയോധ്യ ക്ഷേത്ര നിര്‍മ്മാണം ആഘോഷിക്കാന്‍ ടൈംസ് സ്‌ക്വയര്‍ വിട്ടു നല്കരുതെന്ന്  സെക്കുലര്‍ സംഘടനകള്‍
ന്യു യോര്‍ക്ക്: ഓഗസ്റ്റ് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ അയോധ്യയില്‍ രാമ ക്ഷേത്രത്തിനുള്ള ഭൂമി പൂജ നടക്കുമ്പോള്‍ ന്യു യോര്‍ക്ക് സിറ്റിയിലെ ടൈംസ് സ്‌ക്വയറില്‍ പടുകൂറ്റന്‍ പരസ്യ ബോര്‍ഡുകളില്‍ രാമക്ഷേത്രത്തിന്റെയും രാമന്റെയും 3 ഡി ഛായാചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുവാനുള്ള ഹൈന്ദവ സംഘടനകളൂടെ നീക്കത്തിനെതിരെ സെക്കുലര്‍-മുസ്ലിം-പുരോഗമന ഹിന്ദു സംഘടനകള്‍ രംഗത്ത്. ഇതിനു അനുമതി നല്കരുതെന്ന് ഈ സംഘടനകള്‍ മേയര്‍ ബില്‍ ഡി ബ്ലാസിയോക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. (see PDF below)

ഒറ്റ നോട്ടത്തില്‍ ഇത് നിരുപദ്രവവും മതപരവുമായ കാര്യമെന്നു തോന്നാം. എന്നാല്‍ വെറുപ്പിന്റെയും ഇസ്ലാമോഫൊബിയയുടെയും അഘോഷമാണു ടൈംസ് സ്‌ക്വയറില്‍ നടക്കുക. 500 വര്‍ഷം പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ത്ത സ്ഥാനത്താണു ക്ഷേതം പണിയുന്നത്. ഇന്ത്യയിലെ പൗരാവകാശങ്ങളും ജനാധിപത്യവും ജുഡീഷ്യറിയുടെ സ്വാതന്ത്യവും തകര്‍ക്കുകയും കാഷ്മീരില്‍ ഭരണഘടനക്കെതിരായ നടപടികളെടുക്കുകയും അവിടെ വന്‍ തോതില്‍ പട്ടാളത്തെ നിയോഗിക്കുകയും ചെയ്തത് ആഘോഷിക്കുന്നവരാണു ഈ പരസ്യങ്ങള്‍ക്ക് പിന്നിലും.

സ്വാതന്ത്ര്യത്തിനും മതനിരപേക്ഷതക്കും വേണ്ടി ശക്തമായ നിലപാട് എടുക്കുന്ന ന്യു യോര്‍ക്ക് നഗരം ഇത്തരം ശക്തികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ വിട്ടുകൊടുക്കരുതെന്ന് കത്തില്‍ അഭ്യര്‍ഥിച്ചു.

ചരിത്രപരമായി തെറ്റായ പ്രചാരണ പരിപാടിയാണിത്. ബാബരി മസ്ജിദ് തകര്‍ത്ത ശേഷം കൂടുതലായി കൊല്ലപ്പെട്ട മുസ്ലിം സമൂഹത്തോടുള്ള കടുത്ത ഏറ്റുമുട്ടലാണിത്. കാഷ്മീരിന്റെ സംസ്ഥാന പദവി എടുത്തു കളഞ്ഞ ദിവസം തന്നെയാണിതെന്നതും ശ്രദ്ധേയമാണ്.

ഫാസിസത്തിനെതിരായ സഖ്യം (സിഎഫ്ഐ), ഗ്ലോബല്‍ ഇന്ത്യന്‍ പ്രോഗ്രസീവ് അലയന്‍സ് (ജിപിഎ), ഹിന്ദുസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് (എച്ച്എഫ്എച്ച്ആര്‍), ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലിം കൗണ്‍സില്‍ (ഐഎഎംസി), ഇന്ത്യന്‍ സിവില്‍ വാച്ച് ഇന്റര്‍നാഷണല്‍ (ഐസിഡബ്ല്യുഐ) തുടങ്ങിയവ കത്തില്‍ ഒപ്പിട്ട സംഘടനകളില്‍ പെടുന്നു

ഓഗസ്റ്റ് 5-നു കൂറ്റന്‍ നാസ്ഡാക്ക് സ്‌ക്രീനും 17,000 ചതുരശ്രയടി വലിപ്പത്തില്‍ എല്‍ഇഡി ഡിസ്പ്ലേ സ്‌ക്രീനും ഒരുക്കുവാനാണു ഹിന്ദു സംഘടനകള്‍ ഒരുങ്ങുന്നത് .

അഞ്ചിന് രാവിലെ എട്ടു മുതല്‍ രാത്രി പത്തു വരെ ഹിന്ദിയിലും ഇംഗ്ലിഷിലും 'ജയ് ശ്രീറാം' ടൈംസ് സ്‌ക്വയറില്‍ മുഴങ്ങും. വീഡിയോ ഡിസ്പ്ലേയില്‍ രാമന്റെ ഛായാചിത്രങ്ങളും വിഡിയോകളും, ക്ഷേത്ര രൂപകല്‍പ്പനയുടെ ദൃശ്യങ്ങളും പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകരായ അമേരിക്കന്‍ ഇന്ത്യ പബ്ലിക്ക് അഫയേഴ്‌സ് കമ്മിറ്റി (എ.ഐ.പി.എ.സി) വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ ആഘോഷമായിരിക്കും ടൈംസ് സ്‌ക്വയറില്‍.

ബദരീനാഥ് അടക്കമുള്ള പുണ്യനഗരങ്ങളിലെ മണ്ണും, ഗംഗയും അളകനന്ദയും അടക്കമുള്ള പുണ്യനദികളിലെ ജലവും രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ചുകൊണ്ട് ക്ഷേത്രഭൂമിയില്‍ അഭിഷേകം ചെയ്യുന്നതിനായി ഉപയോഗിക്കും. രാമകഥകള്‍ ചിത്രരൂപത്തില്‍ അയോധ്യയിലെ വീഥികളില്‍ നിറയുകയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും അടക്കമുള്ള ഇരുനൂറോളം പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. അയോധ്യയിലേക്കുള്ള എല്ലാ വഴികളും പോലീസും സുരക്ഷാ സേനകളും ഇതിനകം തന്നെ അടച്ചുകഴിഞ്ഞു.
അയോധ്യ ക്ഷേത്ര നിര്‍മ്മാണം ആഘോഷിക്കാന്‍ ടൈംസ് സ്‌ക്വയര്‍ വിട്ടു നല്കരുതെന്ന്  സെക്കുലര്‍ സംഘടനകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക