Image

ശ്രീമദ് വാല്മീകി രാമായണം പത്തൊമ്പതാം ദിനം സംഗ്രഹം: (ദുർഗ മനോജ്)

ദുർഗ മനോജ് Published on 02 August, 2020
ശ്രീമദ് വാല്മീകി രാമായണം പത്തൊമ്പതാം ദിനം സംഗ്രഹം: (ദുർഗ മനോജ്)

കിഷ്കിന്ധാകാണ്ഡം
നാൽപ്പത്തിമൂന്നാം സർഗം മുതൽ അറുപത്തിയേഴു  വരെ.
 
സുഗ്രീവാനുശാസന പ്രകാരം വാനരപ്രമുഖർ നാലു ദിക്കുകളിലേക്കും സീതയെ അന്വേഷിച്ചു നടപ്പായി. ഏവരിലും സുഗ്രീവനു വിശ്വാസം ഹനുമാനിൽ ആയിരുന്നു. ആയതിനാൽ സീതയെക്കണ്ടെത്തുക എന്ന ഉത്തരവാദിത്വം ഹനുമാൻ തന്നെ വേണ്ട വിധം നടത്തണമെന്ന് ആവശ്യപ്പെട്ടു.ഒപ്പം രാമൻ തൻ്റെ അംഗുലീയം ഹനുമാനു നൽകി, അതു സീതയെക്കണ്ടാൽ അടയാളമായി കാണിക്കുവാൻ ആവശ്യപ്പെട്ടു.ആ വാനരോത്തമൻ അതു സ്വീകരിച്ചു ജനകപുത്രിയെത്തേടി പെരുത്ത സേനയോടൊത്തു യാത്ര തുടങ്ങി.
നാലുപാടും അന്വേഷണം തുടങ്ങിയ വാനര വീരന്മാർ ഓരോ ദിക്കുകളിൽ നിന്നും നിരാശരായി മടങ്ങി വന്നു തുടങ്ങി.അംഗദനോടൊത്തു തെക്കു ദിക്കിലേക്കു യാത്രയാരംഭിച്ച ഹനുമാനും സംഘവും കാടായ കാടൊക്കെ അരിച്ചുപെറുക്കി നിരാശരായി.
ഗജൻ, ഗവാക്ഷൻ, ഗവയൻ, ശരഭൻ, ഗന്ധമാദനൻ, മൈന്ദൻ, ദ്വിവിദൻ, ജാംബവാൻ, യുവരാജാവ്അങ്ഗദൻ, വനവാസി താരൻ, പിന്നെ ഹനുമാൻ ഇവർ നയിക്കുന്ന പട, ഒടുവിലൊരു വലിയ ഗുഹാമുഖത്ത് എത്തിച്ചേർന്നു. ഏവരും അതിൽ പ്രവേശിച്ചു. കുറേ നടന്ന് ഒടുവിൽ ഒരു വെളിച്ചം കണ്ടെത്തി.സ്വപ്ന സദൃശങ്ങളായ താമരപ്പൊയ്കകളും, ഹംസങ്ങളും, പലതരം ഭക്ഷണ പദാർത്ഥങ്ങളും ഒക്കെ ഉണ്ടായ അവിടെ ഒരു താപസിയെ കണ്ടെത്തി.അവരാണ് സ്വയം പ്രഭ. അവർ ആ ഗുഹയുടെ കഥ പറഞ്ഞു. ദാനവ ശില്പിയായ മയൻ പണിത താണ് ഈ ഗുഹയിലെ ഭവനം. മയൻ ഹേമയെന്ന അപ്സരസിൽ മോഹിതനായി. അതിനാൽ ഇന്ദ്രൻ മയനെ വധിച്ചു. എന്നിട്ട് മയൻ പണിത കൊട്ടാരം ഹേമയ്ക്കു നൽകി. മേരുസാവർണ്ണിയുടെ മകളായ സ്വയം പ്രഭ എന്ന പേരായ അവർ ഹേമയുടെ ഈ ഭവനം കാത്തുരക്ഷിക്കുന്നു. പാനോ പചാരങ്ങൾ നൽകി ഏവരേയും സ്വീകരിച്ചു. സുഗ്രീവൻ നൽകിയ ഒരു മാസ സമയം ഗുഹയിൽ അവസാനിച്ചു കഴിഞ്ഞു. സീതയെ കണ്ടെത്താതെ തിരിച്ചു സുഗ്രീവനടുത്തേക്കു തിരിച്ചു പോയാൽ മരണ ദണ്ഡമാണു കാത്തിരിക്കുന്നത്. ഒന്നുകിൽ സ്വയംപ്രഭ കാക്കുന്ന ബിലത്തിൽ പ്രവേശിച്ചു മറ്റുള്ളവരിൽ നിന്നും മറഞ്ഞു ജീവിക്കുക. അല്ലെങ്കിൽ പ്രാണ ത്യാഗം ചെയ്യുക. ഒടുവിൽ ഏവരും ദക്ഷിണ കടൽത്തീരത്തു തെക്കോട്ടു തല വച്ചു കിടന്നു മരിക്കുവാൻ നിശ്ചയിച്ചു.
 
ഈ സമയം കടൽത്തീരത്തോടു ചേർന്ന പർവ്വത പ്രദേശത്തു ജടായുവിൻ്റെ ജേഷ്ഠൻ സമ്പാതി വാർദ്ധക്യം കൊണ്ട് അവശനായി, പറക്കുവാനാകാതെ വല്ലപ്പോഴും മുന്നിൽ കിട്ടുന്ന ഇരകളെ ഭക്ഷിച്ചു ജീവിച്ചു വന്നിരുന്നു.കടൽത്തീരത്തു നിരന്നു കിടക്കുന്ന കുരങ്ങന്മാരെക്കണ്ട് സമ്പാതിക്ക് അതിശയമായി. അവൻ കാതോർത്തു.ഹനുമാൻ തങ്ങൾക്കു വന്നു പെട്ട ദുര്യോഗവും ജടായുവിൻ്റെ വീരമൃത്യുവും ഒക്കെ വർണ്ണിക്കുന്നതു കേട്ട സമ്പാതി, അതു തൻ്റെ പ്രിയപ്പെട്ട അനുജനാണല്ലോ എന്നോർത്തു വ്യാകുലപ്പെട്ട്, പർവ്വത മുകളിൽ നിന്നും തന്നെ താഴെ ഇറക്കിത്തരണമെന്ന് അപേക്ഷിച്ചു.ആദ്യമൊന്നുമടിച്ചെങ്കിലും, അങ്ഗദൻ സമ്പാതിയെ താഴെ എത്തിച്ചു.പിന്നെ, കഥകൾ മുഴുവൻ പറഞ്ഞു കേൾപ്പിച്ചു.
സമ്പാതി തനിക്കു ചിറകു നഷ്ടമായ കഥ ഏവരോടും പറഞ്ഞു. ഒരിക്കൽ സഹോദരൻ ജടായുവും താനും സൂര്യനെ ലക്ഷ്യമാക്കിപ്പറന്നു. കുറേ കഴിഞ്ഞപ്പോൾ സൂര്യതാപത്താൽ ജടായുവിൻ്റെ ചിറകു കരിയുമെന്നു തോന്നിയപ്പോൾ ഞാൻ അവനു മുകളിലേക്ക് ഉയർന്നു പറന്നു അവൻ്റെ ജീവൻ രക്ഷിച്ചു. ഞാൻ ചിറകുകൾ കരിഞ്ഞ് ഈ പർവ്വത മുകളിലും പതിച്ചു. ജടായു നിലംപതിച്ചത് ജന സ്ഥാനത്തും. ഞാൻ പതിച്ചതു വിന്ധ്യനിലും. സൂര്യകിരണങ്ങളേറ്റു കാഴ്ച നശിക്കുകയും.ഈ കഥകളൊക്കെ ഞാൻ നിശാകാര മുനിയോടു പറഞ്ഞു. അദ്ദേഹം  നിനക്കു വേറെ വൻ ചിറകുകളും ചെറു ചിറകുകളും ഉണ്ടാകും കണ്ണുകളും പ്രാണനും ബലവും കിട്ടുമെന്നും അനുഗ്രഹിച്ചു. വരും കാലത്തു ദശരഥ പുത്രനായ രാമൻ വനവാസത്തിനു പോവുകയും അവിടെ വച്ചു രാവണനാൽ രാമ പത്നി അപഹരിക്കപ്പെടുകയും ചെയ്യും. അവൾ രാവണൻ നൽകുന്ന യാതൊന്നും ഭക്ഷിക്കുകയില്ല. അതറിഞ്ഞു ഇന്ദ്രൻസീതക്കു അമൃതാന്നം നൽകും. അതിൽ അഗ്രഭാഗം രാമനും ലക്ഷ്മണനും എവിടുണ്ടെങ്കിലും അമരത്വം വരട്ടെ എന്നു പറഞ്ഞ് സീത സമർപ്പിക്കും. അങ്ങനെയുള്ള സീതയെത്തേടി രാമദൂതന്മാരായ വാനരന്മാർ വരുമ്പോൾ രാവണനെക്കുറിച്ചും സീതയെക്കുറിച്ചും അവരെ ധരിപ്പിക്കുക. ആ സമയത്ത് മുനിയുടെ അനുഗ്രഹപ്രകാരം സമ്പാതിക്കു ചിറകുകൾ മുളയ്ക്കുകയും കണ്ണുകൾക്കു കാഴ്ച കിട്ടുകയും ചെയ്തു.
 
 
സമ്പാതിയുടെ നിർദ്ദേശപ്രകാരം വാനരർ തെക്കേ തീരത്തു നിരന്നു. പക്ഷേ സമുദ്രം തരണം ചെയ്യണം. പലർക്കും കുറേ ദൂരം വരെ ചാടാനാകും പക്ഷേ ലങ്ക വരെ എത്താനാകുമെന്ന് ഉറപ്പില്ല. അങ്ങനെ വിഷാദിച്ചിരുന്ന വാനരന്മാരെക്കണ്ട് ജാംബവാൻ ഹനുമാനെ അരികിൽ വിളിച്ചു. പണ്ട്, കുഞ്ഞായിരിക്കുമ്പോൾ സൂര്യനെ പിടികൂടാൻ കുതിച്ചുയർന്ന നിനക്ക് ഈ സമുദ്ര തരണം അസാധ്യമല്ലെന്നറിയുക എന്നുപദേശിച്ചു. ഹനുമാനു സ്വന്തം ശക്തിയെക്കുറിച്ച് ഓർമ്മ വന്നു.അങ്ങനെ ജാംബവൻ്റെ ഉപദേശപ്രകാരം ഹനുമാൻ വാനോളം ഉയർത്തിൽ വളർന്നു ലങ്കയെ ലക്ഷ്യമാക്കി പ്രയാണമാരംഭിച്ചു
 
പത്തൊമ്പതാം ദിനം നിരാശയുടേയും പ്രതീക്ഷയുടേയും ദിവസമാണ്. സുഗ്രീവാജ്ഞ പ്രകാരം നാടു മുഴുവൻ സീതയെ തേടിപ്പോയവരിൽ തെക്കു ദിക്കിൽ നിന്നൊഴികെ ഉള്ളവർ തിരികെ എത്തുമ്പോഴും തെക്കു ദിക്കിലേക്കു പോയ ഹനുമാനും കൂട്ടരുമാകട്ടെ ഒരു വലിയ ഗുഹയ്ക്കുള്ളിൽ പെട്ട് നിർണ്ണായക സമയം നഷ്ടപ്പെഴുത്തുകയും ചെയ്തു .ഇനി എന്ത് എന്ന ചോദ്യത്തിനുത്തരമായി ജീവത്യാഗം എന്ന ഉത്തരത്തിലാണ് എത്തുന്നത്. എന്നാൽ എല്ലാം തീർന്നു എന്നു കരുതുന്ന ആ നിമിഷത്തിൽ സമ്പാതി അവരെ സീതയെക്കുറിച്ചുള്ള അറിവു പകർന്നു മുന്നോട്ടു പോകുവാൻ സഹായിക്കുന്നു.
ജീവിതം വഴിമുട്ടി നിൽക്കുമ്പോൾ പ്രത്യാശ നൽകുന്നതാണ് ഇന്നത്തെ പാഠം
 
കിഷ്കിന്ധാകാണ്ഡം സമാപ്തം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക