Image

ട്രഷറി തട്ടിപ്പ്: ബിജുലാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

Published on 03 August, 2020
ട്രഷറി തട്ടിപ്പ്: ബിജുലാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

തിരുവനന്തപുരം:  വഞ്ചിയൂര്‍ സബ്ട്രഷറിയിലെ സീനിയര്‍ അക്കൗണ്ടന്റ് എം.ആര്‍. ബിജുലാല്‍, രണ്ടുകോടി രൂപ ട്രഷറിയില്‍ നിന്ന് തട്ടിയ സംഭവത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാവും. 


ജില്ലാ ട്രഷറി ഓഫീസറെയും ടെക്‌നിക്കല്‍ കോ-ഓര്‍ഡിനേറ്ററെയും സസ്‌പെന്‍ഡ് ചെയ്യും. ട്രഷറി ബുക്ക് ക്ലോസ് ചെയ്തപ്പോള്‍ രണ്ട് കോടിയുടെ തട്ടിപ്പ് കണ്ടെത്താന്‍ കഴിയാഞ്ഞത് ഉന്നത ഉദ്യോഗസ്ഥരുടെ ഗുരുതര വീഴ്ച്ചയാണെന്നാണ് ധന വകുപ്പിന്റെ വിലയിരുത്തല്‍.



വിരമിച്ച ഉദ്യോഗസ്ഥന്റെ യൂസര്‍നെയിമും പാസ്‌വേഡും ഇല്ലാതാക്കാഞ്ഞത് ടെക്നിക്കല്‍ വിഭാഗത്തിന്റെ പിഴവാണ്. മറ്റ് ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരിയാണ്. 


ബിജുലാലിന്റെ ഭാര്യ സിമിയുടെ അക്കൗണ്ടിലേക്കും പണം മാറ്റിയിരുന്നതായി കണ്ടെത്തിയതിന് പിന്നാലെ ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കുന്നുണ്ട്. തട്ടിപ്പ് സംബന്ധിച്ചും ട്രഷറിയിലെ വീഴ്ചകളെക്കുറിച്ചും അന്വേഷിക്കുന്നത് ധനവകുപ്പ് മേധാവി ആര്‍.കെ. സിങ്ങാണ്.


അതേ സമയം, കേസില്‍ പ്രതിയായ ബിജുലാല്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് അപേക്ഷ നല്‍കിയത്


 കേസ് അന്വേഷിക്കുന്ന വഞ്ചിയൂര്‍ പോലീസ് പ്രതിയെ സഹായിക്കുന്ന നിലപാടെടുക്കുന്നതായി ആക്ഷേപം ഉയരുന്നുണ്ട്. പ്രതി ഒളിവിലാണെന്നാണ് വഞ്ചിയൂര്‍ പോലീസിന്റെ വാദം


ബിജുലാലിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ഇതിന് നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിന്റെ സഹായം തേടും. തട്ടിയെടുത്ത പണം ബിജുലാല്‍ സ്വകാര്യ ബാങ്കുകളിലെ അഞ്ച് അക്കൗണ്ടുകളിലേക്ക് കൈമാറിയെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി.


തട്ടിയെടുത്ത രണ്ടു കോടിയില്‍ 61 ലക്ഷം രൂപ ബിജുലാല്‍ തന്റെ രണ്ട് ട്രഷറി അക്കൗണ്ടുകളില്‍ നിന്ന് അഞ്ച് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് മാറ്റിയിരിക്കുന്നത്. ഭാര്യയുടെയും സഹോദരിയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയത്. 


ബാക്കി ഒരു കോടി മുപ്പതു ലക്ഷത്തിലേറെ രൂപ ബിജുലാലിന്റെ ട്രഷറി അക്കൗണ്ടുകളില്‍ തന്നെ കണ്ടെത്തി. ഇതേസമയം പണം തട്ടിപ്പില്‍ വഞ്ചിയൂര്‍ പൊലീസ് എടുത്ത കേസില്‍ ട്രഷറി ജീവനക്കാരുടെ മൊഴി ഇന്നെടുക്കും. 


മറ്റ് അക്കൗണ്ടുകളിലേക്കും പണം നിക്ഷേപിച്ചോ എന്നും പരിശോധിക്കും. ബിജുലാലിനും ഭാര്യ സിമിക്കും എതിരെ വഞ്ചനാകുറ്റത്തിനും രേഖകളില്‍ തിരിമറി നടത്തിയതിനുമാണ് പൊലീസ് കേസ്. ഐ.ടി ആക്‌ട് പ്രകാരവും കേസെടുത്തു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക