Image

ന്യൂയോര്‍ക്ക്‌ ഇന്ത്യന്‍ ഫിലിം ഫെസ്‌റ്റിവെലില്‍ മലയാളത്തിന്റെ അഭിമാനമായി 'മൂത്തോന്‍ '

സിൽജി ജെ ടോം Published on 03 August, 2020
   ന്യൂയോര്‍ക്ക്‌ ഇന്ത്യന്‍ ഫിലിം ഫെസ്‌റ്റിവെലില്‍ മലയാളത്തിന്റെ  അഭിമാനമായി  'മൂത്തോന്‍ '


ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവെലില്‍ മലയാള സിനിമയുടെ അഭിമാനമായി,  ഗീതു മോഹൻദാസ് സംവിധാനം ചെയ്ത 'മൂത്തോന്‍' പുരസ്‌കാര നിറവിൽ. മികച്ച നടനും മികച്ച  ചിത്രവും ഉള്‍പ്പടെ മൂന്ന് അംഗീകാരങ്ങളിലാണ് മൂത്തോന്‍ മുത്തമിട്ടത്.

 മികച്ച നടനുള്ള അംഗീകാരം നിവിന്‍ പോളിയ്ക്ക് ലഭിച്ചപ്പോള്‍  മൂത്തോനില്‍ മുല്ലയെ അവതരിപ്പിച്ച സഞ്ജന ദിപു മികച്ച ബാലതാരമായി.

 'റണ്‍ കല്യാണി' എന്ന സിനിമയിലെ അഭിനയത്തിന് മലയാളത്തിൽ നിന്ന് ഗാര്‍ഗി ആനന്ദന്‍ മേളയിലെ  മികച്ച നടിയായതും  സിനിമാപ്രേമികള്‍ക്ക് ആവേശമായി. രണ്ട് വനിതാ സംവിധായകരിലൂടെയാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മലയാളത്തിന് പ്രധാന പുരസ്‌കാരങ്ങള്‍ കിട്ടിയത് എന്നതും ശ്രദ്ധേയം.  ജെ ഗീതയാണ് റണ്‍ കല്യാണിയുടെ സംവിധായിക. ഫിപ്രസ്‌കി മികച്ച ഇന്ത്യന്‍ ചിത്രമായും റണ്‍ കല്യാണി തെരഞ്ഞെടുത്തിരുന്നു. ഗമക്ഖര്‍ എന്ന ചിത്രമൊരുക്കിയ അചല്‍ മിശ്രയാണ് മികച്ച സംവിധായകന്‍. 

ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 2വരെ ഓണ്‍ലൈന്‍ വഴി നടത്തിയ മേളയില്‍ 14 ഭാഷകളില്‍ നിന്നായി 40 സിനിമകളും നാല് ഡോക്യുമെന്ററികളും 30 ഹ്രസ്വചിത്രങ്ങളുമാണ് പ്രദര്‍ശിപ്പിച്ചത്. കോവിഡ് പ്രതിസന്ധിക്കിടെ ഓണ്‍ലൈന്‍ സ്ട്രീമിങ് വഴിയായിരുന്നു അവാര്‍ഡു പ്രഖ്യാപനവും. 

ഗീതു മോഹന്‍ദാസിനൊപ്പം പ്രശസ്ത ഹിന്ദി സംവിധായകനായ അനുരാഗ് കശ്യപും ചേര്‍ന്നാണ് മൂത്തോന് തിരക്കഥ ഒരുക്കിയത്. 

ശാന്തമായ ലക്ഷദ്വീപിലെ ഒരു കൂട്ടം കുട്ടികളിൽ നിന്നാണ് 'മൂത്തോൻ'  ആരംഭിക്കുന്നത്.  അതിലൊരാളായ മുല്ലയുടെ  (സഞ്ജന ദീപു)   മൂത്ത സഹോദരനെ(അക്ബർ) തേടിയുള്ള  യാത്രയാണ് കഥയെ മുന്നോട്ട് നയിക്കുന്നത്.  മൂത്തവന്‍ എന്ന അര്‍ഥത്തിൽ, മൂത്തസഹോദരനെ ലക്ഷദ്വീപിലുള്ളവര്‍ മൂത്തോന്‍ എന്നാണ് വിളിക്കുന്നത്.  സമാന്തരമായി അക്ബര്‍ ലക്ഷദ്വീപ് വിടേണ്ടി വന്നതിന്‍റെ കാരണവും അക്ബറിന്റെയും അമീറിന്റെയും  ബന്ധവുമൊക്കെ ഏച്ചുകെട്ടലില്ലാതെ ചിത്രം പറഞ്ഞുവെക്കുന്നു.

സിനിമ തുടങ്ങുന്നത് ദ്വീപിൽ ആണെങ്കിലും വൈകാതെ  മുംബയ് എന്ന മഹാനഗരത്തിലേക്കും അവിടുത്തെ കുപ്രസിദ്ധമായ കാമാത്തിപുരയിലേക്കും ക്യാമറ സഞ്ചാരം തുടങ്ങും.  എരിവും പുളിവും ചേർന്ന മസാല സിനിമകളെക്കാളുപരി ഒരുപക്ഷേ,​ വളരെ കുറച്ചുപേർക്ക് മാത്രം അറിയാവുന്ന കാമാത്തിപുര  ചുവന്ന തെരുവിലെ ജീവിതത്തെ ശക്തമായി അടയാളപ്പെടുത്തുന്നുണ്ട് സിനിമ.  

 ഗീതു മോഹൻ‌ദാസിന്റെ സംവിധാനവും സ്ക്രിപ്റ്റും പ്രേക്ഷകരുടെ പ്രതീക്ഷയെല്ലാം തെറ്റിക്കുന്ന തരത്തിൽ മികച്ചു നിൽക്കുന്നു എന്നതു തന്നെയാണ് ചിത്രത്തെക്കുറിച്ചു എടുത്തു പറയേണ്ടത്.  ശാന്തമായ ലക്ഷദ്വീപിനെയും കലുഷിതമായ കാമാത്തിപ്പുരയെയും പച്ചയായി ആവിഷ്കരിക്കുന്ന എഴുത്ത്. മൂൻകൂട്ടി കാണാൻ കഴിയാത്ത ചില ട്വിസ്റ്റുകളും അപ്രതീക്ഷിതമായെത്തുന്ന  വൈകാരിക നിമിഷങ്ങളും ചിത്രത്തെ വേറിട്ട് നിർത്തുന്നു. ലിംഗഭേദത്തിലും ലൈംഗികതയിലുമടക്കമുള്ള വിവിധ സാമൂഹിക വിലക്കുകളെക്കുറിച്ച്  സിനിമ സംസാരിക്കുന്നുണ്ട്.


നിവിൻ പോളി എന്ന നടനെക്കുറിച്ചുള്ള പതിവ്  സങ്കല്പങ്ങളെ തിരുത്തിയെഴുതുന്നു, തന്റെ സെയ്ഫ് സോൺ വിട്ടു വന്നു  രണ്ട് വ്യത്യസ്ത എക്സ്ട്രീമുകളിലുള്ള പ്രകടനം കാഴ്ച വെക്കുന്ന  'മൂത്തോനി'ലെ നിവിൻ.  വടക്കൻ സെൽഫി, പ്രേമം എന്നീ ചിത്രങ്ങളിൽ കണ്ട ചോക്ലേറ്റ് പയ്യനല്ല, ആക്‌ഷൻ ഹീറോ ബിജു, മിഖായേൽ, കൊച്ചുണ്ണി എന്നിവയിൽ കണ്ട ആക്‌ഷൻ താരവുമല്ല, കണ്ണുകളും  ശരീരഭാഷയും  കൊണ്ട്  വൈകാരിക സംവേദനം നടത്തുന്ന  മൂത്തോനിലെ  നിവിൻ.  

പാടെ വ്യത്യസ്തമായ ശരീരം, ശരീരഭാഷ, ചലനങ്ങൾ ആണ്  സിനിമയിലെ രണ്ട് കാലങ്ങൾക്കും. കരിയർ ബെസ്റ്റ്  എന്ന് വിളിക്കാവുന്ന അഭിനയത്തിലൂടെ രണ്ടു ടോണിലാണ് നിവിൻ പോളിയുടെ ചിത്രത്തിലെ പകർന്നാട്ടം, ചിത്രത്തിന്റെ  മൂഡ് പോലെ തന്നെ. ലക്ഷദ്വീപിലെ ഏവർക്കും പ്രിയങ്കരനായ അക്ബറും മയക്കുമരുന്നിനും ലഹരിക്കും അടിമയായ കാമാത്തിപുരയിലെ ഭായിയും രണ്ടു തലങ്ങളിൽ നിൽക്കുന്ന കഥാപാത്രമാണ്.  ഭായിയുടെ കഥാപാത്രം വളരെ  പരുക്കനായാണ് സ്‌ക്രീനിൽ എത്തുന്നത്.

 മഹാനഗരത്തില്‍ തന്റെ സ്വത്വത്തിന് മറയിട്ട്, ലഹരിയുടെയും ഹിംസയുടെയും ലോകത്ത് കഴിയുന്ന സ്വയം മറന്ന് പോയൊരു മനുഷ്യനാണ് ഭായി.ഒ രു വേള  ഭൂതകാലത്തിലൂടെ അയാള്‍ക്ക് ഓര്‍ത്തെടുക്കേണ്ടതും അയാൾ  ചേര്‍ത്തുവയ്ക്കുന്നതും ചിതറിയകന്നുപോയ അയാളെ തന്നെയാണ്. ദ്വീപിലെ അക്ബറാവട്ടെ  കണ്ണില്‍ പ്രണയമുള്ള,കളങ്കമില്ലാത്ത  കുത്ത് റാത്തീബിന്റെ ലഹരി ആഘോഷിക്കുന്ന മറ്റൊരാളാണ്.  ഈ കഥാപാത്രത്തെ ഗംഭീരമാക്കിയിട്ടുണ്ട് നിവിന്‍.

സ്വവർഗലൈംഗികതയെ പോലും സിനിമ ആഘോഷിക്കുന്നു..  

സംസാരശേഷിയില്ലാത്ത അമീറിന്റെ വേഷം ചെയ്ത റോഷൻ മാത്യുവാണ് ഞെട്ടിക്കുന്ന മറ്റൊരു കഥാപാത്രം.  മുല്ലയായി എത്തുന്ന സഞ്ജന ദ്വീപു, ഹിജഡയായി വേഷമിടുന്ന സുജിത് ശങ്കർ, സലീമായി എത്തുന്ന ശശാങ്ക് അറോറ, മൂസയായി അഭിനയിക്കുന്ന ദിലീഷ് പോത്തൻ എന്നിവരെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ആമീനയ്ക്കും (മെലീസ രാജു) റോസയ്ക്കും (ശോബിത) ശ്രദ്ധേയ വേഷമാണ്. ചെറിയ വേഷങ്ങളിൽ എത്തുന്ന കഥാപാത്രം പോലും   ശക്തമായ, വശ്യമായ അഭിനയ ചാരുത  കാഴ്ച വെക്കുന്നു .  

 ഗീതുവിന്റെ ഭര്‍ത്താവും പ്രശസ്ത ഛായാഗ്രഹകനുമായ   രാജീവ് രവിയുടെ ഛായാഗ്രഹണവും എ‍ഡിറ്റിങ്ങും മികച്ചതാണ്.  ലക്ഷദ്വീപിലെ  ആചാരങ്ങളെയും   മുംബൈയിലെ ഗലികളെയും തനിമയോടെ  പകർത്താൻ രാജീവ് രവിക്കു കഴിഞ്ഞു.

  ഹിന്ദി ചിത്രങ്ങളിലെ  സ്നേഹ ഖൻവർക്കാറും ഗോവിന്ദ് വാസന്തയും ചേർന്നാണ്  
 സംഗീതമൊരുക്കിയിരിക്കുന്നത്.

മിനി സ്റ്റുഡിയോസ്, ജാര്‍ പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ ഗീതു മോഹൻദാസ്, അനുരാഗ് കശ്യപ്, എസ്. വിനോദ് കുമാർ, അജയ് ജി. റായ്, അലൻ മക്അലക്സ് എന്നിവർ ചേർന്നാണ് നിർമാണം.


സിനിമ കണ്ട് തിയേറ്റര്‍ വിട്ടാലും  ഈ ചിത്രം നിങ്ങളുടെ മനസിനെ വേട്ടയാടിയേക്കാം. കാരണം  പ്രണയം , സ്വാര്‍ഥത തുടങ്ങിയ  മാനുഷിക ഭാവങ്ങളിലൂടെ ആഴത്തിൽ കടന്നു ചെല്ലുന്നു  ചിത്രം എന്നത് തന്നെ.   

ഒന്ന് മുതൽ പൂജ്യം വരെ(1986) എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനും  അകലെ (2004)യിലൂടെ മികച്ച നടിക്കുള്ളതുമായ സ്റ്റേറ്റ് അവാർഡുകൾ നേടിയിട്ടുള്ള ഗീതു മോഹൻദാസ് സംവിധാനരംഗത്തേക്ക് കടന്നപ്പോഴും ആ മികവ് കാത്തുസൂക്ഷിച്ചു, വീണ്ടും ഈ അതുല്യ പ്രതിഭയെ അടയാളപ്പെടുത്തുകയാണ് ഈ ചിത്രം. 

 കേൾക്കുന്നുണ്ടോ എന്ന ഹൃസ്വചിത്രവും ലൈയേഴ്‌സ് ഡയസ്‌ എന്ന ഹിന്ദി ഫീച്ചർ സിനിമയും ദേശീയ, അന്തർദേശീയ രംഗത്ത് ഗീതുവിന് നിരവധി പുരസ്‌കാരങ്ങളും   നിരൂപക ശ്രദ്ധയും  നേടിക്കൊടുത്തിരുന്നു. 

നിവിന്റെ മെയ്ക്ക് ഓവർ, ഗീതു മോഹൻദാസിന്റെ സംവിധാനം, അനുരാഗ് കശ്യപ് ഉൾപ്പടെയുള്ള വമ്പൻ സ്രാവുകളുടെ പങ്കാളിത്തം എന്നിവയൊക്കെ കൊണ്ട് മൂത്തോൻ നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു .

അമേരിക്കയിലെ സൺ‌ഡേൻസ് ഫിലിം ഫെസ്റ്റിവലിൽ 2016 ൽ മികച്ച തിരക്കഥയ്ക്കുള്ള അവാർഡ് നേടിക്കൊടുത്ത "ഇൻഷാഹ് അള്ളാ" എന്ന രചനയിൽ നിന്നുമാണ് ഗീതു മൂത്തോനെ രൂപപ്പെടുത്തിയത്. 


   രാജ്യാന്തര മേളകളില്‍  മുൻപും തിളങ്ങിയിരുന്നു  ഗീതു മോഹന്‍ദാസിന്റെ മൂത്തോൻ.  
കാനഡയിലെ  ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആയിരുന്നു മൂത്തോന്റെ വേൾഡ് പ്രീമിയർ. ഇന്ത്യൻ പ്രീമിയർ ആവട്ടെ മുംബൈ ഇന്റർനാഷണൽ ഫെസ്റ്റിവലിൽ ഓപ്പണിംഗ് മൂവി ആയിട്ടും. 
ടൊറോന്റോ മേളയിലടക്കം വിദേശ ചലച്ചിത്ര മേളകളിൽ  സിനിമ   ശ്രദ്ധ നേടിയിരുന്നു. 

വീണ്ടും പുരസ്‌കാരങ്ങളെ  ചേർത്തുപിടിച്ചു മലയാളത്തിന് അഭിമാനമാകുകയാണ് ഗീതുവും നിവിനും മൂത്തോനും . 

 









Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക