Image

മെറിന്റെ നിഷ്ഠൂര കൊലപാതകവും ദാമ്പത്യത്തിലെ താളപ്പിഴകളും (ജെയിംസ് കൂടല്‍)

Published on 03 August, 2020
മെറിന്റെ നിഷ്ഠൂര കൊലപാതകവും ദാമ്പത്യത്തിലെ താളപ്പിഴകളും (ജെയിംസ് കൂടല്‍)
അമേരിക്കന്‍ മലയാളി യുവ നേഴ്‌സ് മെറിന്‍ ജോയിയുടെ ക്രൂരമായ കൊലപാതകം സമൂഹത്തെ ഞെട്ടിക്കുക മാത്രമല്ല നമ്മെയെല്ലാം തീരാദുഖത്തിന്റെ ആഴക്കയങ്ങളിലേക്ക് തള്ളിവിട്ടിരിക്കുകയുമാണ്. അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ഇത് ആദ്യത്തെ സംഭവം അല്ല. എങ്കിലും കൊലപാതകത്തിന്റെ രീതിയും അതിലേക്ക് നയിച്ച സാഹചര്യങ്ങളും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. ഫ്‌ളോറിഡയിലെ കോറല്‍ സ്പ്രിങ്ങ്‌സിലുള്ള ബ്രോവാഡ് ഹെല്‍ത്തിന്റെ പാര്‍ക്കിങ്ങ് ലോട്ടില്‍ മറഞ്ഞിരുന്ന ഭര്‍ത്താവ് നെവിന്‍ മെറിനെ തുരുതുരെ കുത്തിയും വണ്ടി കയറ്റിയും കൊലപ്പെടുത്തുമ്പോള്‍ അനാഥമായത് ഒന്നുമറിയാത്ത രണ്ടുവയസ്സുകാരി നോറ എന്ന അവരുടെ ഏക മകളാണ്.

നരാധമനായ നെവിനെതിരെ ഒന്നാം ഡിഗ്രി കൊലപാതക കുറ്റമാണ് പോലീസ് ചുമത്തിയിരിക്കുന്നതെന്നതിനാല്‍ ഇയാള്‍ക്ക് കടുത്ത ശിക്ഷ തന്നെ ലഭിക്കും. അതേസമയം, മെറിന്റെ മൃതദേഹം നാട്ടിലെത്തിക്കുമെന്ന ബന്ധുമിത്രാദികളുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. മെറിന്റെ മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും മിത്രാദികള്‍ക്കും മെറിനെ അവസാനമായി ഒരുനോക്കു കാണാനോ നോറയെന്ന പിഞ്ചു കുഞ്ഞിന് അമ്മയ്ക്ക് അന്ത്യ ചുംബനം നല്‍കാനോ സാധിക്കാത്തത് ഹൃദയഭേദകമായ സാഹചര്യമാണ്.  

മെറിന്റെ കൊലപാതകം അമേരിക്കന്‍ മലയാളി ദാമ്പത്യ ജീവിതത്തിലെ ഗുരുതരമായ പൊരുത്തക്കേടുകളിലേക്കും ഒരിക്കലും അടങ്ങാത്ത കലഹത്തിലേക്കും വിരല്‍ ചൂണ്ടുന്ന ഒന്നാണ്. വിവിധ സാമൂഹിക സാംസ്‌കാരിക സാമുദായിക സംഘടനകള്‍ അടിയന്തരമായി, കുടുംബ ബന്ധങ്ങളിലെ ഇത്തരം താളപ്പിഴകള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഭാര്യയ്ക്കും ഭര്‍ത്താവിനും ഒരുമിച്ച് ജീവിക്കുവാന്‍ പറ്റാത്ത സാഹചര്യം സംജാതമാകുമ്പോള്‍ നിയമപരമായി വേര്‍പിരിയുന്നതാണ് ഉചിതം. ഒരിക്കലും കൂട്ടിവിളക്കാന്‍ പറ്റാത്ത കണ്ണികളായി തുടരുമ്പോള്‍ കൊലപാതകം ഉള്‍പ്പെടെയുള്ള ക്രൂരകൃത്യങ്ങള്‍ സംഭവിക്കും. പരസ്പര സമ്മതത്തോടെയുള്ള വേര്‍പിരിയലിന് പകരം ഒരു ജീവനെടുക്കാന്‍ ജീവിത പങ്കാളിക്ക് ഒരു തരത്തിലുമുള്ള അവകാശവുമില്ല.

ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം വിവാഹം എന്നത് വലിയൊരു ഉടമ്പടിയാണ്. ആ ഉടമ്പടി ചെയ്യുവാന്‍ പോകുന്ന വധൂവരന്മാര്‍ പരസ്പരം അവരുടെ വലതുകൈ കോര്‍ത്തുപിടിച്ചുകൊണ്ട് ദൈവത്തിന്റെയും തിരുസഭയുടെയും മുമ്പാകെ ഒരു പ്രതിജ്ഞ എടുക്കാറുണ്ട്. ''ഞാന്‍ നിങ്ങളെ എന്റെ-ഭാര്യ/ഭര്‍ത്താവ്-ആയി സ്വീകരിക്കുന്നു. ഈ നിമിഷം മുതല്‍ മരണം നമ്മെ വേര്‍പെടുത്തുന്നതു വരെ സന്തോഷത്തിലും സന്താപത്തിലും സമ്പത്തിലും ദാരിദ്ര്യത്തിലും ആരോഗ്യത്തിലും അനാരോഗ്യത്തിലും വിശ്വസ്തതയോടെ സ്‌നേഹിച്ചും ആദരിച്ചും ഒന്നിച്ചു ജീവിച്ചുകൊള്ളാമെന്ന് വാഗ്ദാനം ചെയ്യുന്നു...'' ഇതാണ് വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന വേളയില്‍ വധൂവരന്മാരെടുക്കുന്ന സുദൃഢമായ ആ പ്രതിജ്ഞ. 

''തിരുസഭയുടെ സമക്ഷം പ്രകടിപ്പിച്ച ഈ പരസ്പര സമ്മതം കര്‍ത്താവ് കരുണാപൂര്‍വ്വം സ്വീകരിച്ച് അനുഗ്രഹാശ്ശിസ്സുകള്‍ കൊണ്ട് നിങ്ങളെ സമ്പന്നരാകട്ടെ. ദൈവം യോജിപ്പിച്ചത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ...'' എന്ന് അപ്പോള്‍ വൈദികന്‍ പറയുന്നു. വിവാഹം എന്ന സ്ഥാപനം പ്രധാനമായും നിയമപരമായ ബന്ധമാണ്. ഒരുമിച്ച് താമസിക്കുന്ന വ്യക്തികളുടെ ജീവനും സ്വത്തിനും അവകാശങ്ങള്‍ക്കും ഇത് നിയമാനുസൃതമായ പരിരക്ഷ നല്‍കുന്നു. പരമ്പരാഗത സമൂഹങ്ങളില്‍ പ്രായപൂര്‍ത്തിയായവര്‍ സമൂഹത്തിന്റെയും ജാതിമതങ്ങളുടെയും മിക്കപ്പോഴും അവരുടെ ബന്ധുജനങ്ങളുടെ അംഗീകാരത്തോടെ ഒന്നിച്ചു ജീവിക്കാന്‍ ആരംഭിക്കുന്നതിന്റെ ചടങ്ങു കൂടിയാണ് വിവാഹം.
 
വിവാഹമെന്നത് വധൂവരന്മാരെ യോജിപ്പിച്ച് ഭാര്യാഭര്‍ത്താക്കന്മാരാക്കുന്ന വിശുദ്ധ ചടങ്ങായി ക്രൈസ്തവ സഭകള്‍ കരുതുന്നു. ദൈവിക സൃഷ്ടി കര്‍മ്മത്തില്‍ പങ്കാളികളാവുകയും പരസ്പരം സ്‌നേഹിക്കുകയും സ്‌നേഹിക്കപ്പെടുകയും ചെയ്തുകൊണ്ട് തങ്ങള്‍ക്കുണ്ടാകുന്ന മക്കളെ പുണ്യമായ മാര്‍ഗത്തില്‍ വളര്‍ത്തി മരണം വരെ വേര്‍പിരിയാന്‍ ആവാത്ത വിധം ബന്ധിപ്പിക്കുന്ന കൂദാശയാകുന്നു ക്രിസ്തീയ വിവാഹം.

മുസ്ലീം വിവാഹം ഒരു ഉടമ്പടിയാണ്. ഒരു സിവില്‍ കരാറിന്റെ രീതിയാണ് മുസ്ലീം വിവാഹത്തിനുള്ളത്. സ്വന്തം ബന്ധത്തിലേയോ മുലകുടിബന്ധത്തില്‍ പെട്ടവരെയോ നിക്കാഹ് ചെയ്യാന്‍ പാടില്ല. ഒന്നില്‍ കൂടുതല്‍ ഭാര്യമാരുമായി നീതി പുലര്‍ത്താന്‍ കഴിയുന്നില്ലെങ്കില്‍ ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാന്‍ പാടില്ല. ഹൈന്ദവ വിവാഹം പല ദേശങ്ങളിലും ജാതികളിലും വ്യത്യസ്തപ്പെട്ടിരിക്കുന്നു. ഹൈന്ദവ വിവാഹം പവിത്രമായ പ്രതിജ്ഞയാണെന്നും അതിനെ ഒരു കരാര്‍ ആയി കരുതാന്‍ ആവില്ലെന്നും ഡല്‍ഹി ഹൈക്കോടതി ഈയിടെ ചൂണ്ടിക്കാട്ടിയിരുന്നു.

ദാമ്പത്യ ജീവിതത്തിന് ഇന്ത്യക്കാര്‍ വലിയ പ്രാധാന്യമാണ് കല്പിച്ച് കൊടുത്തിരിക്കുന്നത്. മരണം വരെ നീണ്ടു നില്‍ക്കുന്ന ഒന്നാണ് മലയാളികളെ സംബന്ധിച്ചിടത്തോളം ദാമ്പത്യ ബന്ധം. എന്നാല്‍ ഇഴ ചേര്‍ക്കാന്‍ ആവാത്ത വിധം ആ ബന്ധം വഷളാകുമ്പോള്‍ നിയമപരമായി വേര്‍പിരിയുന്ന സംഭവങ്ങളും മിക്കപ്പോഴും നടക്കാറുണ്ട്. പരസ്പരം വിട്ടുവീഴ്ചകള്‍ ചെയ്തുകൊണ്ടും അവരവരുടെ തെറ്റുകുറ്റങ്ങള്‍ മനസ്സിലാക്കി തിരുത്തി കലഹം മാറ്റി ജീവിക്കുന്ന ദമ്പതികളെയും നമുക്കിടയില്‍ കാണാം. എന്നാല്‍ ഡൈവോഴ്‌സിന് സമ്മതിക്കാതെ ജീവിത പങ്കാളിയെ നിത്യദുരിതത്തിലാക്കുന്ന കൊടിയ ഗാര്‍ഹിക പീഡനങ്ങളും കൊലപാതകങ്ങളും നിത്യ സംഭവങ്ങളാണ്. ഇത്തരം വിഷയങ്ങളില്‍ നിയമ സംവിധാനം ശക്തമായി ഇടപെടുകയും ചെയ്യും.

എന്നാല്‍ വിവാഹവും തുടര്‍ന്നുള്ള കുടുംബ ജീവിതവും എക്കാലവും സന്തുഷ്ടമായി നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഭൂരിപക്ഷവും. സന്തോഷകരമായ ഈ ജീവിതത്തിന് അവശ്യം വേണ്ട കാര്യങ്ങള്‍ സത്യസന്ധമായും വിശ്വാസപൂര്‍ണ്ണമായും നിര്‍വഹിക്കുന്നുണ്ടോയെന്ന് ഓരോരുത്തരും ആത്മപരിശോധന നടത്തേണ്ടതുണ്ട്. കുടുംബ ജീവിത ബന്ധങ്ങള്‍ ദൃഢമുള്ളതും ജീവസ്സുറ്റതുമാക്കി മാറ്റാന്‍ ഒട്ടേറെ കാര്യങ്ങള്‍ അനുവര്‍ത്തിക്കേണ്ടതായുണ്ട്. ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ ഭാഗത്തു നിന്നുള്ള നിഷേധ മനോഭാവവും വിസമ്മത പ്രകടനങ്ങളും ദാമ്പത്യ ജീവിതത്തെ അധികനാള്‍ മുന്നോട്ടു കൊണ്ടുപോവുകയില്ല.
ജീവിത പങ്കാളികള്‍ തങ്ങള്‍ ഇരുവരുടെയും ഭാഗത്തു നിന്നുള്ള കടമകള്‍ യഥാവിധി ചെയ്താല്‍ മാത്രമേ വിവാഹബന്ധങ്ങള്‍ക്ക് കെട്ടുറപ്പുണ്ടാവുകയുള്ളു. അപ്പോള്‍ മാത്രമാണ് ദമ്പതികള്‍ യുക്തിപൂര്‍വ്വം പെരുമാറുന്നുവെന്ന് കണക്കാക്കാനൊക്കൂ. പങ്കാളികള്‍ തമ്മിലുള്ള പരസ്പര സ്പര്‍ശനം ശരീരത്തില്‍ ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണിനെ തുറന്നുവിട്ടുകൊണ്ട് ബന്ധങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അതുകൊണ്ട് സാധിക്കുമ്പോഴൊക്കെ പങ്കാളികള്‍ തമ്മില്‍ കൈകള്‍ കോര്‍ത്തു പിടിക്കണം. ഹൈന്ദവ വിവാഹത്തിലെ പാണീഗ്രഹണവും ക്രിസ്ത്യന്‍ വിവാഹത്തില്‍ പ്രതിജ്ഞ ചൊല്ലുമ്പോള്‍ കൈകള്‍ പരസ്പരം കോര്‍ത്തു പിടിക്കുന്നതും ഈ ശാസ്ത്ര തത്വത്തിന്റെ അടിസ്ഥാനത്തിലാണ്.

രണ്ടു വ്യത്യസ്ത കുടുംബാന്തരീക്ഷങ്ങളില്‍ നിന്നും ജീവിത സാഹചര്യങ്ങളില്‍ നിന്നും എത്തുന്ന രണ്ടു വ്യത്യസ്ത വ്യക്തികളുടെ കൂടിച്ചേരലാണ് വിവാഹം. ഇരുവരും എല്ലാ കാര്യത്തിലും ഒരുപോലെ ആയിരിക്കണമെന്നില്ല. എങ്കിലും ഇരുവരും തമ്മില്‍ ഒത്തുചേര്‍ന്ന് തങ്ങളുടെ വ്യത്യസ്തതകളെ പരിഗണിക്കാന്‍ പഠിക്കേണ്ടതുണ്ട്. തങ്ങളുടെ പങ്കാളിയുടെ വ്യക്തിത്വത്തെ മാറ്റിയെടുക്കാന്‍ ശ്രമിക്കുന്നത് ഏറ്റവും വലിയ മണ്ടത്തരമാണ്. അതിനു പകരം ഒരാള്‍ മറ്റൊരാളുടെ വ്യക്തിത്വത്തെ മനസ്സിലാക്കുകയും പരിഗണിക്കുകയും ആദരിക്കുകയും ചെയ്യണം. പങ്കാളിയുടെ കഴിവിനെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്താല്‍ ദാമ്പത്യ ബന്ധത്തിലെ വിള്ളലും അകല്‍ച്ചയും ഒഴിവാക്കാനാവും. കിടപ്പറയിലെ മുഷിപ്പും മനസ്സു തുറന്നുള്ള സംഭാഷണങ്ങളുടെ അഭാവവും വിദ്വേഷവും സാധാരണ രോഗലക്ഷണങ്ങള്‍ പോലെ കണക്കാക്കുന്നതു വഴി ഒരിക്കലും സ്വസ്ഥത കൈവരിക്കാന്‍ സാധിക്കാതെ വരുന്നു.

ഭാര്യാഭര്‍തൃ ബന്ധമെന്നത് ആകര്‍ഷണങ്ങളും വികര്‍ഷണങ്ങളുമെല്ലാമുള്ളതു തന്നെയാണ്. പരസ്പരം അടുപ്പിക്കുന്ന, അകല്‍ച്ചയുണ്ടാക്കുന്ന ഘടകങ്ങള്‍ പലതാണ്. ഭര്‍ത്താവിനെ ഭാര്യയിലേക്ക് ആകര്‍ഷിക്കുന്ന, ഭാര്യയെ ഭര്‍ത്താവിലേക്ക് അടുപ്പിക്കുന്ന ഘടകങ്ങള്‍ പലതാണ്. കുടുംബ ജീവിതം ഇടര്‍ച്ചകളില്ലാതെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ദമ്പതികള്‍ക്ക് തുല്യ ഉത്തരവാദിത്വമാണുള്ളത്. അഭിപ്രായ വ്യത്യാസങ്ങള്‍ മാനുഷികമാണ്, സ്വാഭാവികമാണ്. എന്നാല്‍ ഇടര്‍ച്ചയും അകല്‍ച്ചയും ഉമിത്തീ പോലെ നീറിപ്പുകയാന്‍ അനുവദിക്കാതെ യഥാസമയങ്ങളില്‍ കെടുത്തുകയാണ് വേണ്ടത്.

ദാമ്പത്യ ജീവിതത്തിലെ അസഹിഷ്ണുതയും പരസ്പര വിശ്വാസമില്ലായ്മയും പരസ്പരം അംഗീകരിക്കാന്‍ കഴിയാത്തതും ആയ തലത്തില്‍ എത്തിയപ്പോഴാണ് നെവിന്‍ എന്ന കാപാലികന്‍ തന്റെ ഭാര്യയെ യാതൊരു പ്രകോപനവുമില്ലാതെ പരസ്യമായി കൊലപ്പെടുത്തിയത്. അതിദാരുണവും നിര്‍ഭാഗ്യകരവുമായ, മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന ഈ സംഭവം നമ്മുടെ ദാമ്പത്യ ജീവിതത്തില്‍ എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് തിരുത്താന്‍ പര്യാപ്തമാവട്ടെ. മെറിന്റെ വേര്‍പാടില്‍ ആ യുവതിയുടെ കുടുംബത്തിനുണ്ടായ നഷ്ടത്തിലും ദുഖത്തിലും ഞാനും പങ്കു ചേരുകയാണ്. ഒപ്പം ആ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു...

പ്രണാമം...
Join WhatsApp News
JACOB 2020-08-03 16:18:23
Very sad news. Some parents think marriage will take care of their son's mental deficiencies. Wrong approach. That could destroy the other innocent person. Hope Nevin gets life in prison with no parole, if convicted.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക