Image

കാണാറുണ്ടോ? (കവിത- ഷുക്കൂര്‍ ഉഗ്രപുരം)

ഷുക്കൂര്‍ ഉഗ്രപുരം Published on 04 August, 2020
കാണാറുണ്ടോ? (കവിത- ഷുക്കൂര്‍ ഉഗ്രപുരം)
മഴയില്ലാദിനങ്ങളില്‍

ചുവന്ന വാലുള്ള

തുമ്പിയെ

കാണാറുണ്ടോ ?

പറന്നുയരുന്ന

ഈയാമ്പാറ്റയെ

മാങ്കൊമ്പിലിരുന്ന്

ഒറ്റക്കൊത്തിന്

അന്നമാക്കിയിരുന്ന

മഞ്ഞക്കിളിയെ

അടുത്തെങ്ങാനും

കണ്ടിരുന്നോ ?

സ്‌കൂള്‍ പഠന

കാലത്ത്

സന്തോഷ സന്താപം

നല്‍കുന്ന ദൂതനായ്

ഗണിച്ചിരുന്ന

ഇരട്ട മൈനകളെ

നീ കാണാറുണ്ടോ ?

ഭൂമിയിലെന്നും

സായാഹ്നമായിരുന്നു

വെങ്കിലെന്ന് നിനച്ച്

നാം കളിക്കുമ്പോള്‍

കറുകപ്പുല്ലില്‍

നമ്മോടൊത്ത്

തുള്ളിയിരുന്ന

പച്ചപ്പുല്‍ച്ചാടിയെ

കാണാറുണ്ടോ ?

അന്ന് നീ

തീപ്പെട്ടിക്കൂടില്‍

അടച്ചിരുന്ന

തുമ്പച്ചെടിയിലെ

പൊന്നാമയെ ഇപ്പോഴും

കാണാറുണ്ടോ ?

മൂവന്തിയില്‍

പറന്നു വന്ന്

കുലച്ച വാഴയില്‍

 നിന്നും

തേന്‍ നുകരുന്ന

കുഞ്ഞാവല്‍

ഇപ്പോഴുമവിടെ

വരാറുണ്ടോ ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക