Image

ഇന്ത്യയിലെ മികച്ച കോവിഡ് മുക്തി നിരക്ക് ഹരിയാനയില്‍

Published on 04 August, 2020
ഇന്ത്യയിലെ മികച്ച കോവിഡ് മുക്തി നിരക്ക് ഹരിയാനയില്‍
ചണ്ഡീഗഡ്: തലസ്ഥാന നഗരിയായ ഡല്‍ഹിക്ക് പിന്നാലെ രാജ്യത്ത് ഏറ്റവും മികച്ച കോവിഡ് മുക്തി നിരക്ക് ഹരിയാനയില്‍. കോവിഡ് വിതച്ച നാശത്തില്‍നിന്ന് കരകയറുന്ന ഡല്‍ഹിയില്‍ രോഗമുക്തി 89.57 ശതമാനമാണ്. 81.97 ശതമാനം രോഗമുക്തി നിരക്കോടെയാണ് ഹരിയാന രണ്ടാമതുള്ളത്. 65.4 ശതമാനമാണ് നിലവില്‍ ദേശീയതലത്തിലെ രോഗമുക്തി നിരക്ക്.

ഓഗസ്റ്റ് രണ്ടിലെ കണക്ക് പ്രകാരം ഹരിയാനയിലെ മരണനിരക്ക് 1.18 ശതമാനമാണ്. ഡല്‍ഹിയില്‍ ഇത് 2.91 ശതമാനവും ദേശീയ ശരാശരി 2.11 ശതമാനവുമാണ്. ഹരിയാനയുടെ സമീപ സംസ്ഥാനങ്ങളായ പഞ്ചാബില്‍ 2.4 ശതമാനം, രാജസ്ഥാനില്‍ 1.6 ശതമാനം, യു.പിയില്‍ 1.9 ശതമാനം എന്നിങ്ങനെയാണ് മരണനിരക്ക്. അതേസമയം, ഹിമാചല്‍ പ്രദേശില്‍ 0.5 ശതമാനമാണിത്.

ഹരിയാനയുടെ അയല്‍സംസ്ഥാനങ്ങളിലെ രോഗമുക്തി നിരക്കും ഏറെ കുറവാണ്. ഹിമാചല്‍ -57, പഞ്ചാബ്-64.9, യു.പി -57.6, രാജസ്ഥാന്‍ 70.3 എന്നിങ്ങനെയാണ് രോഗമുക്തി നിരക്ക്.

മേഘാലയ-30.21 ശതമാനം, നാഗാലാന്‍ഡ്-31.94 ശതമാനം, ആന്തമാന്‍ നിക്കോബാര്‍ -33.14, ജാര്‍ഖണ്ഡ്-37.28 ശതമാനം എന്നിവയാണ് രോഗമുക്തി നിരക്കില്‍ ഏറെ പിന്നിലുള്ള മേഖലകള്‍.

ഒന്നാംഘട്ട ലോക്ഡൗണ്‍ ഇളവ് മുതല്‍ ഹരിയാനയിലെ രോഗമുക്തി നിരക്ക് കൃത്യമായ ഉയര്‍ച്ചയിലായിരുന്നു. ജൂലൈ 12 മുതല്‍ ഇത് 75 ശതമാനത്തിനും മുകളിലെത്തി.

തിങ്കളാഴ്ച ഹരിയാനയില്‍ 654 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏഴ് മരണവുമുണ്ടായി. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 37,173 ആയും മരണസംഖ്യ 440 ആയും ഉയര്‍ന്നു. 30,470 പേരും രോഗമുക്തി നേടി. 6263 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. കൂടുതല്‍ പരിശോധന നടത്തിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് ഹരിയാന.

രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ നേരത്തെ തിരിച്ചറിയാന്‍ സാധിക്കുന്നതും ആരോഗ്യ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതുമാണ് ഹരിയാനയുടെ മികവിന് പിന്നിലെന്ന് ആരോഗ്യ അഡിഷനല്‍ ചീഫ് സെക്രട്ടറി രാജീവ് അറോറ പറയുന്നു.

കേന്ദ്ര സര്‍ക്കാറിന്‍റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഹരിയാന സര്‍ക്കാര്‍ കര്‍ശനമായി നടപ്പാക്കിയിട്ടുണ്ട്. സാധ്യമാകുന്നിടത്തെല്ലാം വീട്ടില്‍ സമ്പര്‍ക്കവിലക്കില്‍ കഴിയാന്‍ നിര്‍ദേശിക്കുന്നു. കണ്‍ട്രോള്‍ റൂം വഴിയും ആരോഗ്യ സംഘങ്ങളുടെ വീട് സന്ദര്‍ശനങ്ങള്‍ വഴിയും ദിവസേന നിരീക്ഷണം നടത്തുന്നു. കൃത്യമായ മുന്‍കൂര്‍ ആസൂത്രണം നടത്തുന്നു. അടിസ്ഥാന സൗകര്യങ്ങളും ഡോക്ടര്‍മാരെയും ഒരുക്കുന്നു. ക്ലിനിക്കല്‍ മാനേജുമെന്‍റ് ആസൂത്രണത്തിനായി വീഡിയോ കോണ്‍ഫറന്‍സിലൂടെ വിദഗ്ധരുടെ ചര്‍ച്ചകള്‍ നടക്കുന്നു. മെച്ചപ്പെട്ട നിരീക്ഷണത്തിലൂടെയും രോഗികളെ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് വളരെ നേരത്തെ എത്തിക്കുന്നതിലൂടെയും മരണനിരക്ക് കുറയ്ക്കുന്നതിനും രോഗമുക്തി ഉയര്‍ത്തുന്നതിനും ഞങ്ങള്‍ വളരെയധികം ഊന്നല്‍ നല്‍കിയിട്ടുണ്ട് -അദ്ദേഹം വിശദീകരിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക