Image

ശ്രീരാമധർമ്മബോധം കാലത്തിന്റെ ആവശ്യം ( രാമായണ ചിന്തകൾ -21: മൃദുല രമേഷ്)

Published on 04 August, 2020
ശ്രീരാമധർമ്മബോധം കാലത്തിന്റെ ആവശ്യം ( രാമായണ ചിന്തകൾ -21: മൃദുല രമേഷ്)
ഇരുപത്തിനാലായിരം ശ്ലോകങ്ങളുള്ള വാത്മീകി രാമായണത്തിനു 500ൽ പരം വ്യാഖ്യാനങ്ങൾ.   അതിൽ  ഭക്തിക്ക്  പരമപ്രാധാന്യം നൽകിയ തുഞ്ചത്തുരാമാനുജൻ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണമാണ് മലയാളിക്കെന്നും പ്രിയം. രചിച്ചിട്ട് സഹസ്രാബ്ദങ്ങൾ  പിന്നിട്ടിട്ടും ഓരോ വർഷം കഴിയുന്തോറും രാമായണം  ജനമനസ്സുകളിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങുകയാണ്.

രാമന്റെ ജീവിതത്തിലൂടെ അയനം (യാത്ര )ചെയ്യുമ്പോൾ മൂല്യം അറിഞ്ഞു പാരായണം ചെയ്യുന്ന ഒരു വ്യക്തി  ഉത്തമനായ മനുഷ്യനായി മാറുകയാണ്.  ധർമ്മസംരക്ഷണവും,  ധർമ്മപരിപാലനവും ആണ് രാമായണത്തിന്റെ സത്ത. ഒരു മകനും, സഹോദരനും,  ഭർത്താവും, സുഹൃത്തും, രാജാവുമൊക്കെ  എങ്ങിനെയാവണമെന്ന് രാമന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. പുത് എന്നാൽ നരകം. അതിൽ നിന്ന് പിതാവിനെ ത്രാണനം ചെയ്യുന്നവരാണ് പുത്രൻ /പുത്രി.  അച്ഛന്റെ ആജ്ഞ അനുസരിച്ചു എല്ലാ രാജകീയ സുഖങ്ങളും ഉപേക്ഷിച്ചു 14വർഷം  വനവാസത്തിനു പോയ ശ്രീരാമചന്ദ്രൻ ദശരഥമഹാരാജാവിന്റെ പുണ്യം തന്നെ.

 രാമായണത്തിലെ മുഴുവൻ  കഥാപാത്രവും ആധുനിക സമൂഹത്തിന് ഓരോരോ പാഠങ്ങൾ തന്നെയാണ്.  എല്ലാ കഥാപാത്രങ്ങളുടെയും വിശദമായ വിശകലനം ഒരു ചെറുകുറിപ്പിൽ അസാധ്യവും.  ശ്രീരാമന്റെ ധർമ്മസംരക്ഷണത്തോടൊപ്പം തന്നെ  നമുക്ക് പാഠമാകേണ്ട കുറെ കഥാപാത്രങ്ങൾ ഉണ്ട്.  താൻ കൊടുത്ത വാക്ക് പാലിക്കാൻ പ്രാണനേക്കാൾ തനിക്ക് പ്രിയപ്പെട്ട മകനെ വനവാസത്തിനു അയച്ച ദശരഥമഹാരാജാവിന്റെ പ്രവർത്തി  വാക്കിന്റെ വില എന്തെന്നുള്ള വലിയ പാഠം നൽകുന്നു.

 ജേഷ്ഠനുവേണ്ടി തന്റെ കൊട്ടാരവും പത്നിയെയും 14വർഷം ത്യജിച്ചു നിഴലായി കൂടെ നിന്ന ലക്ഷ്മണന്റെ സ്നേഹം ഇന്നും സഹോദരസ്നേഹത്തിന്റെ മകുടോദാഹരണമായി നിൽക്കുന്നു. അധികാരം കിട്ടിയിട്ടും 14വർഷവും ജേഷ്ഠന്റെ ദാസനായി നിന്ന് മാത്രം രാജ്യം ഭരിച്ച ഭരതനാവാൻ  ഈ കാലഘട്ടത്തിൽ ആർക്ക് പറ്റും? ഭഗവാന്റെ ഉത്തമ ദാസനായ ഹനുമൽ ഭക്തിക്ക് മറ്റൊന്നും  പകരമാകില്ല.  രാമ-സുഗ്രീവ ബന്ധം സൗഹൃദത്തിന്റെ അസാധാരണ മാനം തന്നെയാണ്.  വേഷം മാറി വരുന്ന മാരീചൻമാർ എത്രത്തോളം അപകടകരമാണെന്ന സൂചന,  അധർമ്മത്തിന്റെ പക്ഷത്തുള്ള രാവണന് ഒരു സ്ത്രീയെ മോഹിച്ചത് മൂലം  തന്റെ ജീവനും സാമ്രാജ്യവും കുരുതികൊടുക്കേണ്ടി വന്ന അവസ്ഥ,  അനീതിക്ക് സഹോദരനോടൊപ്പം കൂട്ടുനീന്ന കുംഭകർണ്ണന്റെ നാശവും,  ധർമ്മ പക്ഷത്തുനിൽക്കാൻ സഹോദരനെ തള്ളിയ വിഭീഷണന്റെ നേട്ടവുമൊക്കെ  രാമായണം നൽകുന്ന പാഠങ്ങൾ ആണ്.

ചർച്ച ചെയ്യപ്പെടേണ്ട സ്ത്രീകഥാപാത്രങ്ങളും രാമായണത്തിൽ അനവധിയാണ്.  ഭർത്താവിന്  ധർമ്മപരിപാലനം നടത്താൻ സഹായിച്ച (സഹധർമ്മിണി) സീതാദേവി ഭാരതീയ സ്ത്രീവിശുദ്ധിയുടെ ജ്വലിക്കുന്ന പ്രതീകം ആണ്.  ഊർമ്മിളയുടെ ത്യാഗം രാമായണത്തിലെ നീറുന്നവേദനയാണ്.  ഭാരതീയസ്ത്രീ  അബലയെന്നു പറഞ്ഞവർക്ക് നേരെ  ചൂണ്ടിക്കാട്ടാവുന്ന പേരാണ് ഭർത്താവിനോടൊപ്പം  യുദ്ധമുഖത്ത് ഇറങ്ങിയ കൈകേയിയുടേത്.  വീട്ടിൽകയറി ഏറെ പ്രീയപ്പെട്ടവളായി പരദൂഷണം പറഞ്ഞു ഒരു കുടുംബത്തിന്റെ സമാധാനം കളഞ്ഞ മന്ഥര ആരുടെയൊക്കെ വാക്കുകൾ കേൾക്കണം, ആരെയൊക്കെ അകറ്റി നിർത്തണം എന്ന ചിത്രം നൽകുന്നു.

ദുഃഖത്തിലും പ്രതിസന്ധി ഘട്ടത്തിലും സത്യത്തെയും ധർമ്മത്തെയും  കൈവെടിയാത്ത ശ്രീരാമചന്ദ്രനെന്ന മികച്ച ഭരണാധികാരിയുടെ  ജീവിതം  ഏറെ ചർച്ച ചെയ്യേണ്ട കാലഘട്ടത്തിലാണ് ഇന്ന് നാം.
ദശരഥ പുത്രനായി ജനിച്ചു വിഷ്ണുപാദത്തിൽ ലയിച്ച ശ്രീരാമധർമ്മബോധം ഈ കാലഘട്ടത്തെ നയിക്കട്ടെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക