Image

പാര്‍സല്‍ കടത്ത് സി ആപ്റ്റ് വാഹനത്തില്‍, ജലീലിനെതിരെ പുതിയ വിവാദം

Published on 04 August, 2020
പാര്‍സല്‍ കടത്ത് സി ആപ്റ്റ് വാഹനത്തില്‍, ജലീലിനെതിരെ പുതിയ വിവാദം
തിരുവനന്തപുരം: യു.എ.ഇ കോണ്‍സുലേറ്റില്‍നിന്നുള്ള പാര്‍സലുകള്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സി ആപ്റ്റിന്‍െറ വാഹനത്തില്‍ കൊണ്ടുപോയ സംഭവം പുതിയ മാനത്തിലേക്ക്. ചട്ടലംഘനവും സത്യപ്രതിജ്ഞാ ലംഘനവുമാണ് ഇതെന്ന ആക്ഷേപത്തെതുടര്‍ന്ന് വിശദ അന്വേഷണത്തിലാണ് കേന്ദ്ര ഏജന്‍സികളായ കസ്റ്റംസും എന്‍.ഐ.എയും. വിശദാംശങ്ങള്‍ തേടി എന്‍.ഐ.എ സംഘം തിരുവനന്തപുരത്തുണ്ട്.

പാര്‍സലില്‍ മതഗ്രന്ഥമായിരുന്നെന്നാണ് സി ആപ്റ്റ് ജീവനക്കാരുടെ മൊഴി.  വിഷയം മന്ത്രി കെ.ടി. ജലീലിനെതിരായ ആയുധമാക്കി മാറ്റിയിരിക്കുകയാണ് ബി.ജെ.പി കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍, ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു, സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍ എന്നിവര്‍ ജലീലിനെതിരെ പരസ്യ പ്രസ്താവനതന്നെ നടത്തി.

മന്ത്രി ജലീലിന്‍െറ ഇടപെടലിനെതുടര്‍ന്നാണ് കിറ്റ് വിതരണം ചെയ്തത്. കിറ്റുകള്‍ സിആപ്റ്റിന്‍െറ വാഹനത്തിലാണ് മലപ്പുറത്തെത്തിച്ചതെന്നും വ്യക്തമായിട്ടുണ്ട്. ഈ വാഹനങ്ങളിലോ കിറ്റുകളിലോ സ്വപ്‌ന സുരേഷും സംഘവും സ്വര്‍ണം ഒളിപ്പിച്ചു കടത്തിയോ എന്നും അന്വേഷണ സംഘം സംശയിക്കുന്നു.

സി ആപ്റ്റിന്‍െറ ഒരു വാഹനം ബംഗളൂരുവിലേക്ക് പോയെന്നതും സംശയം ഉയര്‍ത്തുന്നു. വാഹനങ്ങളുടെ ലോഗ്ബുക്ക് ഉള്‍പ്പെടെ കസ്റ്റംസ് പരിശോധിച്ചിട്ടുണ്ട്. കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. മന്ത്രി ജലീല്‍ സ്വര്‍ണക്കടത്ത് പ്രതിയായ സ്വപ്ന സുരേഷിനെ ഒമ്പതു തവണ വിളിച്ചതായി കസ്റ്റംസിന് തെളിവ് ലഭിച്ചിരുന്നു. ഇക്കാര്യത്തില്‍ മന്ത്രിയില്‍നിന്ന് മൊഴി ശേഖരിച്ചിരുന്നില്ല. വാഹനങ്ങള്‍ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചെങ്കില്‍ അധികാര ദുര്‍വിനിയോഗമാണെന്നും മന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെ നടത്താനാകുമെന്നും നിയമവിദഗ്ധര്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക