Image

യൂറോ കപ്പ്‌: സന്നാഹ മത്സരത്തില്‍ ജര്‍മനി ഇസ്രയേലിനെ കീഴടക്കി

ജോസ്‌ കുമ്പിളുവേലില്‍ Published on 02 June, 2012
യൂറോ കപ്പ്‌: സന്നാഹ മത്സരത്തില്‍ ജര്‍മനി ഇസ്രയേലിനെ കീഴടക്കി
ലൈപ്‌സിഷ്‌: യൂറോ കപ്പ്‌ സന്നാഹ മത്സരത്തില്‍ ജര്‍മനി ഇസ്രയേലിനെ എതിരില്ലാത്ത രണ്‌ടു ഗോളുകള്‍ക്കു കീഴടക്കി. ബയേണ്‍ മ്യൂണിച്ച്‌ നിരയിലെ ഏഴു പേര്‍ അണിനിരന്നിട്ടും ലോക റാങ്കിംഗില്‍ അന്‍പത്തെട്ടാം റാങ്ക്‌ മാത്രമുള്ള ഇസ്രയേലിനെതിരേ കൂടുതല്‍ മികച്ച പ്രകടനം നടത്താന്‍ ജര്‍മനിക്കു സാധിക്കാത്തത്‌ ആരാധകരെ നിരാശപ്പെടുത്തി.

ആക്രമണ നിരയിലാണ്‌ കൂടുതല്‍ പാളിച്ചകള്‍ കണ്‌ടത്‌. നാല്‍പ്പതാം മിനിറ്റ്‌ വരെ കാത്തിരിക്കേണ്‌ടി വന്നു ആദ്യ ഗോളിന്‌. സ്‌ട്രൈക്കര്‍ മരിയോ ഗോമസ്‌ ആയിരുന്നു സ്‌കോറര്‍. എണ്‍പത്തിരണ്‌ടാം മിനിറ്റില്‍ മാത്രമാണ്‌ അടുത്ത ഗോള്‍ പിറന്നത്‌. ഇത്തവണ നിറയൊഴിച്ചത്‌ സബ്‌സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ ആന്ദ്രെ ഷുര്‍ലെ. രണ്‌ട്‌ ഗോള്‍ നേടി വിജയിച്ചെങ്കിലും ജര്‍മനിയുടെ കോച്ച്‌ ലോവ്‌ ഇപ്പോഴും സംതൃപ്‌തനല്ല എന്ന കാര്യം കളിക്കാര്‍ക്കെല്ലാം അറിയാം. മല്‍സരത്തില്‍ ജര്‍മനിക്ക്‌ മിസ്‌പാസുകളുടെ ഒരു നീണ്‌ട്‌ നിരതന്നെ ഉണ്‌ടായിരുന്നു. പൊഡോള്‍സ്‌കിയുടെ ഷൂഷിംഗ്‌ മിക്കപ്പോഴും ലക്ഷ്യം തെറ്റിയത്‌ ഒരു വീഴ്‌ചതന്നെ ആയിരുന്നു.

കഴിഞ്ഞ ശനിയാഴ്‌ച സ്വിറ്റിസര്‍ലണ്‌ടിനോട്‌ മൂന്നിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ്‌ ജര്‍മനി അടിയറവു പറഞ്ഞത്‌. യൂറോകപ്പില്‍ ജൂണ്‍ 9 ന്‌ ഗ്രൂപ്പ്‌ ബിയില്‍ പോര്‍ച്ചഗലിനോടാണ്‌ ജര്‍മനിയുടെ കന്നിപ്പോരാട്ടം.
യൂറോ കപ്പ്‌: സന്നാഹ മത്സരത്തില്‍ ജര്‍മനി ഇസ്രയേലിനെ കീഴടക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക