Image

സഹോദരീ പ്രണാമം (ലൈസി അലക്‌സ്)

Published on 05 August, 2020
സഹോദരീ പ്രണാമം (ലൈസി അലക്‌സ്)
വിവാഹജീവിതത്തിലെ പ്രശ്‌നങ്ങള്‍ എന്തുതന്നെയായാലും സ്വന്തം ഇണയുടെ ജീവിതമെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. സ്വന്തം ഭര്‍ത്താവിനാല്‍ ക്രൂരമായി കൊലചെയ്യപ്പെട്ട നഴ്‌സ് മെറിന്‍ ജോയിയുടെ ആത്മാവിനു ഫൊക്കാന വിമന്‍സ് ഫോറത്തിന്റെ പേരിലും, ഒരു നഴ്‌സ് എന്ന നിലയില്‍ എന്റെ വ്യക്തിപരമായ പേരിലുമുള്ള അനുശോചനം രേഖപ്പെടുത്തുകയാണ്.

ആ സഹോദരിയുടെ അന്ത്യവാക്കുകള്‍ ചെവിയില്‍ മാറ്റൊലിക്കൊള്ളുകയാണ്. "എന്നെ രക്ഷിക്കൂ, എനിക്കൊരു കുട്ടിയുണ്ട്....' ജീവിക്കാന്‍ അനുവദിച്ചുകൂടായിരുന്നോ ആ സ്ത്രീയെ, അമ്മയെ. ഒരു സ്ത്രീയെന്ന പേരില്‍, ഒരു അമ്മയെന്ന പേരില്‍ ഹീനമായ ഈ പ്രവര്‍ത്തിയെ ശക്തമായി അപലപിക്കുകയാണ്.

പ്രതിക്ക് അര്‍ഹമായ ശിക്ഷ കിട്ടുന്നതിനുവേണ്ടി ആത്മാര്‍ത്ഥമായി ആഗ്രഹിക്കുകയാണ്. ഇപ്പോഴത്തെ ഈ കൊറോണ കാലത്ത് ഗൗണും, ഗ്ലൗസും മാസ്കും ധരിച്ച് രാത്രിമുഴുവന്‍ ജോലി ചെയ്ത്, അതെല്ലാം അഴിച്ചുമാറ്റി ഒന്നു നേരേവണ്ണം ശ്വാസം എടുത്ത്, ക്ഷീണിതയായി വീട്ടില്‍ പോയി ഉറങ്ങാന്‍ ശ്രമിച്ച പാവം ഒരു നഴ്‌സിന്റെ മുഖം എത്ര ശ്രമിച്ചിട്ടും മനസ്സില്‍ നിന്നു പോകുന്നില്ല. അവളെ വഴിയില്‍ കാത്തുനിന്നത്, ഡിട്രോയിറ്റില്‍ നിന്നും ഫ്‌ളോറിഡവരെ യാത്ര ചെയ്ത് കത്തിയും ചുറ്റികയും മുന്‍കൂട്ടി വാങ്ങി കൊലപ്പെടുത്തിയത് സ്വന്തം ഭര്‍ത്താവുതന്നെയാണെന്നുള്ളത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ല.

വിവാഹം, ജീവിതം രണ്ടു വ്യക്തികള്‍ തമ്മിലുള്ള സ്‌നേഹത്തിന്റേയും വിശ്വാസത്തിന്റേയും ബഹുമാനത്തിന്റേയും ഒരു ബോണ്ട് ആണ്. അതിനു പറ്റുന്നില്ലെങ്കില്‍ പരസ്പരം സ്വതന്ത്രരായി ജീവിക്കാനെങ്കിലും അനുവദിക്കൂ...

ലൈസി അലക്‌സ്
ഫൊക്കാന വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക