Image

മന്ത്രി ജലീലിന്റെ വാദം പൊളിയുന്നു, പാര്‍സലില്‍ മതഗ്രന്ഥം വന്നതായി രേഖകളില്ലെന്ന്

Published on 05 August, 2020
മന്ത്രി ജലീലിന്റെ വാദം പൊളിയുന്നു, പാര്‍സലില്‍ മതഗ്രന്ഥം വന്നതായി രേഖകളില്ലെന്ന്
കൊച്ചി: യു.എ.ഇ. കോണ്‍സുലേറ്റുമായുള്ള മന്ത്രി കെ.ടി. ജലീലിന്റെ ബന്ധം ചൂണ്ടിക്കാട്ടി കസ്റ്റംസ് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് അയച്ചതായി റിപ്പോര്‍ട്ട്. ജലീല്‍ സ്വയം വെളിപ്പെടുത്തിയ കാര്യങ്ങളും ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട്. കൂടാതെ, ഇതുവരെ കോണ്‍സുലേറ്റില്‍ വന്ന പാഴ്‌സലുകളില്‍ മതഗ്രന്ഥങ്ങള്‍ വന്നതായി രേഖകളില്ലെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്നും പരാമര്‍ശമുണ്ട്.

കോണ്‍സുലേറ്റുമായുള്ള മന്ത്രിയുടെ ഇടപാടുകളും സഹായധനം സ്വീകരിച്ചതും നിയമലംഘനമാണെന്നും കേന്ദ്രത്തെ അറിയിച്ചു. തിരുവനന്തപുരത്തുനിന്ന് സര്‍ക്കാര്‍സ്ഥാപനമായ സിആപ്റ്റിന്റെ വാഹനത്തില്‍ മലപ്പുറത്തേക്കു കൊണ്ടുപോയത് ഖുര്‍ആന്‍ ആണെന്നാണ് ജലീല്‍ പറയുന്നത്. എന്നാല്‍, കസ്റ്റംസ് കേന്ദ്രത്തിനു നല്‍കിയ റിപ്പോര്‍ട്ട് ഇത് സാധൂകരിക്കുന്നതല്ല. ‘എന്തായാലും അത്രയധികം പുസ്തകങ്ങള്‍ ഒന്നിച്ച് എത്തിച്ചുവെങ്കില്‍, രേഖപ്പെടുത്തിയതിനെക്കാള്‍ കൂടുതല്‍ ഭാരം കാണും. ഇതുവരെ ഒരു മാര്‍ഗത്തില്‍ക്കൂടിയും അത്രയും ഭാരമുള്ള ഒരു ഇറക്കുമതി കാണുന്നില്ല’ ഇങ്ങനെയാണ് റിപ്പോര്‍ട്ടിലുള്ളത്.

വിദേശസഹായ നിയന്ത്രണ നിയമപ്രകാരം അന്വേഷണത്തിന് ഉത്തരവിടണമെന്നാണ് കൊച്ചിയിലെ കസ്റ്റംസ് പ്രീവന്‍റീവ് കമ്മിഷണറേറ്റ് റിപ്പോര്‍ട്ടില്‍ അവശ്യപ്പെടുന്നത്. റിപ്പോര്‍ട്ട് ധനമന്ത്രാലയത്തില്‍ എത്തിയതായാണ് അറിവ്.

ഇ.ഡി.യുടെ കസ്റ്റഡിയിലുള്ള സ്വപ്നയുടെയും മറ്റും സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള പ്രാരംഭനടപടികളായി. വിവിധ ബാങ്കുകളില്‍നിന്ന് ഇവരുടെ ഇടപാടുകളെപ്പറ്റിയുള്ള കാര്യങ്ങള്‍ ശേഖരിച്ചു. എന്‍.ഐ.എ.യുടെ എഫ്.ഐ.ആര്‍. പ്രകാരംതന്നെ ഈ നടപടികള്‍ തുടങ്ങാനാവും.

പ്രതികളുടെ സാമ്പത്തികനേട്ടവും വിദേശനിക്ഷേപം ഉണ്ടോയെന്നതും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷിക്കും. ഇതിന്റെ ഭാഗമായി പ്രതികളായ പി.എസ്. സരിത്ത്, സ്വപ്നാ സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ ഇ.ഡി.യുടെ കസ്റ്റഡിയില്‍ വിട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക