Image

കോവിഡ് മുക്തരില്‍ ശ്വാസകോശ തകരാറുകളും, വീണ്ടും രോഗസാധ്യതയും

Published on 06 August, 2020
കോവിഡ് മുക്തരില്‍ ശ്വാസകോശ തകരാറുകളും, വീണ്ടും രോഗസാധ്യതയും
ബീജിങ്: കോവിഡില്‍നിന്നു രോഗമുക്തി നേടിയ 90% ആളുകള്‍ക്കും ശ്വാസകോശത്തിന് തകരാര്‍ സംഭവിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇവരുടെ പ്രതിരോധ സംവിധാനം പൂര്‍ണമായും സാധാരണനിലയിലേക്കെത്തിയിട്ടില്ലെന്നും പഠനം പറയുന്നു.

ചൈനയിലെ ഴോങ്‌നാന്‍ ഹോസ്പിറ്റലില്‍നിന്നു രോഗമുക്തി നേടിയ രോഗികളില്‍ നടത്തിയ പഠനത്തിലാണ് ഈ പ്രശ്‌നം ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്. ഇവരില്‍ അഞ്ച് ശതമാനം പേര്‍ക്ക് കോവിഡ് ബാധ വീണ്ടും ഉണ്ടായതായും ഇവര്‍ക്ക് ചികിത്സ നല്‍കിയതായും മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നു.

ശരാശരി 59 വയസ്സ് പ്രായമുള്ള രോഗമുക്തി നേടിയവരിലാണ് തുടര്‍നിരീക്ഷണം നടത്തിയത്. ഒരു വര്‍ഷത്തോളം രോഗികളെ നിരീക്ഷിക്കാനാണ് പഠനസംഘത്തിന്റെ തീരുമാനം. ഇതിന്റെ ആദ്യഘട്ടം ജൂലൈ മാസത്തില്‍ പൂര്‍ത്തിയായി. രോഗമുക്തി നേടിയെങ്കിലും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരോഗ്യവാനായ ഒരാളുടതിന് സമാനമായ നിലയിലേക്കെത്തിയിട്ടില്ല. വെന്റിലേഷന്‍ അടക്കമുള്ള പ്രശ്‌നങ്ങള്‍ക്ക് തകരാറ് സംഭവിച്ചിട്ടുണ്ട്.

ആരോഗ്യവാനായ ഒരാള്‍ക്ക് 6 മിനുട്ടിനുള്ളില്‍ 500 മീറ്റര്‍ നടക്കാന്‍ സാധിക്കുമെങ്കില്‍ കോവിഡ് രോഗമുക്തി നേടിയവരില്‍ നടത്തിയ പഠനത്തില്‍ ഇവര്‍ക്ക് ഇത് 400 മീറ്റര്‍ മാത്രമേ സാധിക്കുള്ളൂവെന്ന് പഠനസംഘം പറയുന്നു. രോഗമുക്തി നേടിയെങ്കിലും ശ്വാസതസ്സം നേരിടുന്നവര്‍ ഉണ്ട്. പത്ത് ശതമാനം പേരിലെങ്കിലും വൈറസിനെതിരെ ഉത്പാദിപ്പിക്കപ്പെട്ട ആന്റിബോഡികള്‍ അപ്രത്യക്ഷമായെന്നും പഠനസംഘത്തിലെ ഡോ. ലിയാങ് പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക