Image

മിഷിഗണില്‍ ആദ്യമായി കോവിഡ്-19 വാക്സിന്‍ നല്‍കി

അലന്‍ ചെന്നിത്തല Published on 06 August, 2020
മിഷിഗണില്‍ ആദ്യമായി കോവിഡ്-19 വാക്സിന്‍ നല്‍കി
ഡിട്രോയിറ്റ്: മോഡേര്‍ണ കോവിഡ്-19 വാക്സിന്റെ ആദ്യ കുത്തിവെപ്പ് ഡിട്രോയിറ്റ് ഹെന്റി ഫോര്‍ഡ് ആശുപത്രിയില്‍ ആഷ്ലി വില്‍സണ്‍ എന്ന ഇരുപത്തിനാലുകാരിക്ക് നല്‍കി.

വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണാര്‍ത്ഥംആദ്യ 20 രോഗികള്‍ക്ക് കുത്തിവെയ്പ്പ് നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് ആഷ്ലി വില്‍സണ്‍ എന്ന റിസര്‍ച്ച് അസിസ്റ്റന്റ് കുത്തിവെയ്പ്പ് സ്വീകരിച്ചു ചരിത്രത്തില്‍ സ്ഥാനം പിടിച്ചത്.

ലോകമെമ്പാടും മഹാമാരിയായി പടര്‍ന്ന് 18.8 മില്യണ്‍ ആളുകള്‍ക്ക് രോഗം പടരുകയും 706,000 ആളുകള്‍ മരണപ്പെടുകയും ചെയ്ത കൊറോണ വൈറസിന്റെ പ്രതിരോധ വാക്സിന്‍ നിര്‍മ്മാണം മൂന്നാംഘട്ടത്തില്‍ എത്തി എന്നത് പ്രതീക്ഷയുണര്‍ത്തുന്നു. 2021-ന്റെ തുടക്കത്തോടെ ഏകദേശം 500 മില്യണ്‍ ആളുകള്‍ക്ക് മരുന്ന് ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് നിര്‍മ്മാതാക്കളായ മോഡേര്‍ണ കമ്പനി നല്‍കുന്ന വിവരം.

അമേരിക്കയിലെ 89 ആശുപത്രികളില്‍ കോവിഡ്-19 വാക്സിന്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് മിഷിഗണില്‍ ഹെന്റ്രി ഫോര്‍ഡ് ആശുപത്രിയില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു പരീക്ഷണാര്‍ത്ഥം കുത്തിവെയ്പ്പ് നല്‍കിയത്. അമേരിക്കയിലുടനീളം 30,000 ആളുകളെ കണ്ടെത്തി മരുന്ന് പരീക്ഷിക്കാനാണ് ഉദ്ദേശിക്കുന്നത്.

കോവിഡ്-19 രോഗംമൂലം കൂടുതല്‍ അപകടസാധ്യത ഉള്ളവര്‍ക്കും അറുപത്തഞ്ചു വയസ്സിന് മുകളിലുള്ളവര്‍ക്കും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും മുന്‍ഗണന നല്‍കും. മോഡേര്‍ണ കോവിഡ്-19 വാക്സിന്‍ വളരെ സുരക്ഷിതവും രോഗപ്രതിരോധനത്തിന് സഹായകരവുമായ മികച്ചരീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത് എന്ന് അധികൃതര്‍ അറിയിച്ചു.

ഇരുന്നൂറോളം കോവിഡ്-19 വാക്സിനുകള്‍ നിര്‍മ്മാണത്തിന്റെ വിവിധഘട്ടങ്ങളിലാണ് എന്നാല്‍ ഇതില്‍ 7 വാക്സിനുകള്‍ വളരെ വേഗത്തില്‍ ലഭ്യമാക്കാന്‍ കഴിയുമെന്ന് അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.
മിഷിഗണില്‍ ആദ്യമായി കോവിഡ്-19 വാക്സിന്‍ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക