Image

രാമരാജ്യം (രാമായണ ചിന്തകൾ -23-സ്വപ്ന.കെ.സുധാകരൻ)

Published on 06 August, 2020
രാമരാജ്യം (രാമായണ ചിന്തകൾ -23-സ്വപ്ന.കെ.സുധാകരൻ)
രാവണവധം കഴിഞ്ഞു സീതയോടും , ലക്ഷമണനോടും, വിഭീഷണ - സുഗ്രീവവാനന്തരന്മാരോടുകൂടി ശ്രീരാമൻ അയോദ്ധ്യയിൽ തിരിച്ചെത്തി!  പതിനാലു വർഷം കഴിഞ്ഞുള്ള പ്രഭാതത്തിൽ, ശ്രീരാമനെ കാത്തിരിക്കുന്ന ഒരാളുണ്ട് - ഭരതൻ!  അല്ലെങ്കിൽ, പിറ്റേന്ന് പ്രഭാതത്തിൽ അഗ്നികുണ്ഡത്തിൽച്ചാടി ആത്മഹൂതിചെയുമെന്നാണ് ഭരതശപഥം! യഥാസമയത്തു , ഭരണമാറ്റത്തിന് സർവാത്മനാ തയ്യാറായിരുന്നു എന്നാണ് പ്രതിജ്ഞയുടെ അന്തസ്സാരം! രാമന്റെ അഭാവത്തിൽ, രാമനുവേണ്ടി രാജ്യഭരണം നടത്തുമ്പോഴും ഭരതന്റെ മനസ്സിൽ ഒരിക്കൽ പോലും രാജപദവി ആഗ്രഹിച്ചില്ല! ( ഒരു ബൈ-ഇലക്ഷന് വേണ്ടിവരെ അന്യായചരടുവലി നടത്തുന്ന രാഷ്ട്രീയ നേതാക്കൾ, ഇടക്കാലഭരണം എങ്ങനെയായിരിക്കണമെന്നു, ഭരതനെ കണ്ടു പഠിക്കേണ്ടതുണ്ട്)

രാമനാകട്ടെ, ലക്ഷ്യപ്രാപ്തിയ്ക്കു സഹായിച്ച ആരെയും മറന്നില്ല!  വിഭീഷണനും , സുഗ്രീവനും, ഹനുമാനും മാത്രമല്ല രാമൻ പ്രകീർത്തിച്ചത്! തന്നെ സഹായിച്ച വാനരവീരന്മാരെക്കുറിച്ചു ഭരതനോട് ഈ പ്രകാരം പറയുന്നു -" അവർ പ്രീതരാകുമ്പോൾ, നിശ്ചയം ഞാനും പ്രീതനാകും. എന്നെ ഉള്ളുരുകി പൂജിച്ചതിന് ഫലം നിനക്ക് വന്നുകൂടും കപിവീരന്മാരെ പൂജിച്ചാൽ!"  പാലം (സേതുബന്ധം ) കടക്കുവോളം നാരായണ, അതുകഴിഞ്ഞാൽ കൂരായണ, എന്ന് ചിന്തിക്കുന്ന ഉപകാരസ്മരണയില്ലാത്ത മനുഷ്യജന്മങ്ങൾക്കുള്ള മറുപടിയാണ് ഈ രാമവാക്യം!

വലിയ ആഘോഷങ്ങളോടെ, യഥാവിധിപ്രകാരമുള്ള പട്ടാഭിഷേകം കഴിഞ്ഞു. ഇനി ഭരണം തുടങ്ങണം ! അധർമ്മത്തെ തോൽപ്പിച്ചുള്ള വരവാണ്! പക്ഷേ, അതുകൊണ്ടായില്ലല്ലോ, ധർമ്മത്തെ  നിലനിർത്തണം! നീതിയും ന്യായവുമെന്താണെന്നു ലോകത്തെ കാണിച്ചുകൊടുക്കണം! വലിയ ഉത്തരവാദിത്വമാണ്! അതിലേക്കുള്ളചൂണ്ടുപലകയായിരുന്നു, ശ്രീരാമന്റെ രാജ്യഭരണവ്യവസ്ഥകൾ!!  

രാജ്യത്തെങ്ങും ധാന്യഫലവും സസ്യഫലങ്ങളും സമൃദ്ധയായി നിറഞ്ഞതിനാൽ , അവിടെ ദാരിദ്ര്യമുണ്ടായിരുന്നില്ല! പോഷകഗുണമുള്ള ആഹാരവും, നിലവാരം പുലർത്തുന്ന ജീവിതരീതിയും പ്രദാനം ചെയ്തതിനാൽ ശിശുമരണവും, അകാലമൃത്യുവും ഉണ്ടായിരുന്നില്ല!  ദുശീലങ്ങളില്ലാത്തതിനാൽ പുരുഷജനങ്ങളുടെ ആരോഗ്യം ഭദ്രമായിരുന്നു- അതിനാൽ സ്ത്രീകൾക്ക് വൈധവ്യദുഃഖം അനുഭവിക്കേണ്ടിവന്നില്ലയെന്ന് തന്നെ പറയാം!!

നല്ല ഭരണത്തിൽ മനസ്സു നിറഞ്ഞു ജനങ്ങളും സ്വധർമ്മങ്ങൾ കൃത്യമായ് ചെയ്തു! അവരുടെ കഠിനാധ്വാനവും സഹകരണവും ഉണ്ടായതുകൊണ്ട്, ഓരോ വീട്ടിലും ഐശ്വര്യം നിറഞ്ഞു നിന്നു! ആകയാൽ, അന്യരുടെ മുതൽ സ്വന്തമാക്കാൻ ശ്രമിക്കുകയോ, അന്യസ്ത്രീകളെ പുരുഷന്മാർ ദുഷ്ടവിചാരത്തോടെ നോക്കുകയോ ചെയ്തില്ല! അതിനാൽ രാമരാജ്യം എന്നും വാഴ്ത്തപ്പെട്ടിരുന്നു!
--------------------------------------------
വർഷങ്ങൾക്കുമുമ്പ് അധർമ്മത്തിന്റെ, അടിമത്തത്തിന്റെ രുദ്രതാണ്ഡവം നമ്മളും അനുഭവിച്ചതാണ്! 1600ൽ 'ഈസ്റ്റ് ഇന്ത്യകമ്പനി'യുടെ കച്ചവടതന്ത്രവുമായി ഭാരതത്തിൽ കാലു കുത്തിയ വെള്ളക്കാരിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ അമൃതകുംഭം, തിരികെ കൈക്കലാക്കിയിട്ടിപ്പോൾ 69വർഷം പൂർത്തിയാകുന്നു!
"ഇന്ന് പാതിരാ മണി മുഴങ്ങുമ്പോള്‍ ഇന്ത്യ ഉണര്‍ന്നെഴുന്നേല്‍ക്കും. ഒരു പുതുജീവിതത്തിലേക്കും സ്വാതന്ത്യത്തിലേക്കും. ആ നിമിഷം ഇതാ സമാഗതമാവുകയാണ്. ചരിത്രത്തില്‍ അത്യപൂര്‍വ്വമായി മാത്രം വരുന്ന നിമിഷം. പഴമയില്‍ നിന്ന് നാം പുതുമയിലേക്ക് കാലെടുത്ത് വെച്ചിരിക്കുന്നു. ദീര്‍ഘകാലം അടിച്ചമര്‍ത്തപ്പെട്ട് കിടന്ന ഒരു ജനതയുടെ ആത്മാവിന് ശബ്ദം ലഭിക്കുകയാണ്."
(14 ആഗസ്റ്റ് 1947ലെ അർദ്ധരാത്രി കഴിഞ്ഞപ്പോൾ, സ്വാതന്ത്ര്യദിനത്തിന്റെ പട്ടാഭിഷേകവേളയിൽ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റു നടത്തിയ പ്രസംഗത്തിലെ വാക്യങ്ങളാണിവ!)

ഒരു സ്വാന്ത്ര്യദിനം കൂടെ കടന്നുപോകുമ്പോൾ, എവിടെ രാമരാജ്യം?? ഭരണചക്രമെങ്ങനെ തിരിഞ്ഞാലും, ആര് ഭരിച്ചാലും ഇവിടെയെല്ലാം 'പൊൻതൂവലെന്ന്' ഭരണപക്ഷവും, 'അടിസ്ഥനരഹിതമെന്നു ' പ്രതിപക്ഷവും പറയുന്നു! ഇതിന്റെ തുലാസ്സിൽതൂങ്ങുന്നത് ജങ്ങളിൽ നിന്ന് നികുതിയായി പിരിച്ച പണവും, അവരുടെ സമാധാനവും!
നന്ദനന്മാരെപ്പിതാവു രക്ഷിക്കുന്ന-
വണ്ണം പ്രജകളെ രക്ഷിച്ചു രാഘവൻ!!  

അച്ഛൻ മക്കളെ, പരിപാലിക്കുന്നതുപോലെ ശ്രീരാമൻ തന്റെ പ്രജകളെ സംരക്ഷിച്ചു! നെഞ്ചിൽ വെടിയേറ്റപ്പോൾ ,'ഹേ രാം' എന്നുരുവിട്ടുകൊണ്ടു മരിച്ചുവീണ
, ഒരു രാഷ്ട്രപിതാവുണ്ടായിരുന്നു നമുക്കും- മഹാത്മാ ഗാന്ധി! 

ചെങ്കോട്ടയ്ക്കിപ്പോഴും, ആ ചോരയുടെ മണമുണ്ട്! അവിടെ നാളെ വീണ്ടും പതാകയുയരുമ്പോൾ, അദ്ദേഹം വിഭാവനം ചെയ്ത ആ രാമാരാജ്യമെവിടെ?

(പരീശന്മാരില്‍ ചിലര്‍ യേശുവിനോടു ചോദിച്ചു, “ദൈവരാജ്യം എപ്പോള്‍ വരും?” യേശു മറുപടി പറഞ്ഞു, “ദൈവരാജ്യം വരുന്നത് നിങ്ങളുടെ കണ്ണിനു കാണാനാവുന്ന വഴിയിലൂടെയായിരിക്കില്ല!" (അത്രമേൽ , അനാചാരങ്ങളുടെ അന്ധത ബാധിച്ചിരിക്കുന്നു !)
Join WhatsApp News
2020-08-07 13:01:33
രാമനും രാഷ് ട്രീയവും. അയോദ്ധ്യയിൽ ,രാമ ജന്മഭൂമി എന്ന് പറയപ്പെടുന്ന സ്ഥലത്ത് ഏറ്റവും വലിയ രാമക്ഷേത്രം പണിതുയർത്താൻ ഇൻഡ്യയുടെ പ്രധാനമന്ത്രി, തറക്കല്ലിട്ടു കഴിഞ്ഞു. ബി.ജെ.പിയുടെ രാഷ്ട്രീയ വളർച്ചക്ക്, അവർ ഉപയോഗിച്ച, പ്രധാന അജണ്ടയായിരുന്നു, രാമ ജന്മഭൂമിയിലെ രാമക്ഷേത്രം. എന്തുകൊണ്ട് രാമക്ഷേത്രം എന്ന ചോദ്യം പ്രസക്തമാണ്. ഹിന്ദു ദൈവമായ മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളിലൊന്നാണ് രാമൻ.എപ്പോഴെല്ലാം ധർമ്മം നശിക്കുന്നുവോ, എപ്പോഴെല്ലാം അധർമ്മം തലപൊക്കുന്നുവോ അപ്പോഴെല്ലാം, ശിഷ്ടന്മാരെ രക്ഷിക്കുവാനും ദുഷ്ടന്മാരെ നശിപ്പിക്കുവാനും വേണ്ടി ഞാൻ യുഗംതോറും അവതരിക്കുന്നു, എന്നാണ് ഭഗത് ഗീതയിൽ അവതാരലക്ഷ്യത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. അവതാരങ്ങളിൽ, ഏറ്റവുമധികം ആരാധകരുള്ള ദൈവങ്ങൾ രാമനും കൃഷ്ണനുമാണ്. അവർ രണ്ടും പ്രധാന കഥാപാത്രങ്ങളായുള്ള രണ്ട് ഇതിഹാസങ്ങൾ, രാമായണവും മഹാഭാരതവും ഇന്ത്യയിലുണ്ട്.ഇൻഡ്യൻ സംസ്കാരത്തെ ആഴത്തിൽ സ്വാധീനിച്ച രണ്ട് സാഹിത്യ കൃതികളാണവ. എന്നാൽ എന്തു കൊണ്ടാണ് ഹിന്ദു രാഷ്ട്രവാദികൾ, കൃഷ്ണനെ ഉപേക്ഷിച്ച് രാമനെ മാതൃകയായി ഉയർത്തിപ്പിടിക്കുന്നത് ? അതിന് കാരണമുണ്ട്. മഹാഭാരതത്തിൽ യുദ്ധത്തിലൂടെ രാജ്യവും അധികാരവും പിടിച്ചെടുക്കുന്ന കഥയാണ് പറയുന്നത് .എന്നാൽ അത്, ഒരു ആര്യ ഗോത്രത്തിലെ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള യുദ്ധമാണ്. കൗരവരെ കൊന്നൊടുക്കി പാണ്ഡവർ രാജ്യം പിടിച്ചെടുക്കുന്നു. അതായത്, ആര്യന്മാർക്കിടയിലെ ആഭ്യന്തര യുദ്ധമാണ്. എന്നാൽ, രാമായണത്തിൽ അതല്ല കഥ. ആര്യനായ, രാമൻ ,രാക്ഷസരാജാവായ രാവണനേയും അനുയായികളേയും കൊല്ലുന്ന കഥയാണ് രാമായണം പറയുന്നത്. അസുരൻ, രാക്ഷസൻ എന്നീ പേരുകളിൽ പുരാണേതിഹാസങ്ങളിൽ പറയുന്ന ജനങ്ങൾ ദ്രാവിഡരാണെന്ന് ചരിത്ര കാരന്മാർ ചൂണ്ടിക്കാണിക്കുന്നുണ്ട്. എന്തുകൊണ്ടാണ്, കൃഷ്ണന്റെ ധർമ്മസംസ്ഥാപനത്തേക്കാൾ, രാമന്റെ ധർമ്മസംസ്ഥാപനം, ഹിന്ദു രാഷ്ട്രവാദികൾ മാതൃകയായി സ്വീകരിക്കുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരം വളരെ കൃത്യമായി ഇപ്പോൾ,നമ്മുക്ക് മനസിലാക്കാൻ സാധിക്കുന്നുണ്ട്. അതെ, ആര്യ മേധാവിത്വ രാഷ്ട്രീയ വ്യവസ്ഥയുടെ സംസ്ഥാപനമാണ്, അവരുടെ ആത്യന്തികമായ രാഷ്ട്രീയ ലക്ഷ്യം. കടപ്പാട് - MT Rishi Kumar
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക