Image

കരിപ്പുരില്‍ അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു

Published on 08 August, 2020
 കരിപ്പുരില്‍ അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു

കോഴിക്കോട്: കരിപ്പൂരില്‍ അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെടുത്തു. അപകടം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഡിജിറ്റല്‍ ഫ്‌ളൈറ്റ് ഡേറ്റാ റെക്കോര്‍ഡര്‍ (ഡിഎഫ്ഡിആര്‍), കോക്പിറ്റ വോയിസ് റെക്കോര്‍ഡര്‍ (സിവിആര്‍) എന്നിവ അടങ്ങുന്നതാണ് ബ്ലാക്ക് ബോക്‌സ്.

അപകടം നടക്കുന്ന സമയത്ത് വിമാനം പറന്നിരുന്ന ഉയരം, വിമാനത്തിന്റെ അവസ്ഥ, വേഗത, കോക്പീറ്റില്‍ പൈലറ്റുമാര്‍ തമ്മില്‍ നടത്തിയ സംഭാഷണം എന്നിവയെല്ലാം ബ്ലാക്ക് ബോക്‌സില്‍ റെക്കോര്‍ഡ് ആയിരിക്കും. എയര്‍ ഇന്ത്യ-ഐ.എക്‌സ് 1344 എങ്ങനെ അപകടത്തില്‍പെട്ടുവെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണത്തില്‍ ഇത് ഏറെ നിര്‍ണായകമാണ്. 

അപകടത്തെ കുറിച്ച് സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. എഎഐബി അടക്കമുള്ള ഏജന്‍സികള്‍ അന്വേഷണം നടത്തും. 

റഡാറില്‍ നിന്നുള്ള വിവരമനുസരിച്ച് വിമാനം ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെ പ്രശ്‌നം നേരിട്ടു. രണ്ടാമതും ലാന്‍ഡിംഗിന് ശ്രമിക്കുന്നതിനിടെയാണ് റണ്‍വേയില്‍ നിന്ന് തെന്നിനീങ്ങി 40 ഓളം അടി താഴ്ചയിലേക്ക് വീണത്. ലാന്‍ഡിംഗ് സമയത്ത് വിമാനം പൂര്‍ണ്ണ വേഗതയിലായിരുന്നുവെന്നും നിയന്ത്രണം വിട്ടാതെ വിമാനം താഴേക്ക് പതിക്കുകയായിരുന്നുവെന്നും കരുതുന്നു. 

ദുബായില്‍ കുടുങ്ങിക്കിടന്ന മലയാളികളുമായി വന്ദേ ഭാരത് മിഷന്റെ ഭാഗമായി കോഴിക്കോട്ടെക്ക് വന്നതായിരുന്നു വിമാനം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക