Image

യു.പിയില്‍ സര്‍ക്കാര്‍ ആശുപത്രി വരാന്തയില്‍ കിടന്നുറങ്ങിയ വൃദ്ധയ്ക്കു നേരെ സെക്യുരിറ്റി ജീവനക്കാരന്റെ ക്രൂരമര്‍ദ്ദനം

Published on 08 August, 2020
യു.പിയില്‍ സര്‍ക്കാര്‍ ആശുപത്രി വരാന്തയില്‍ കിടന്നുറങ്ങിയ വൃദ്ധയ്ക്കു നേരെ  സെക്യുരിറ്റി ജീവനക്കാരന്റെ ക്രൂരമര്‍ദ്ദനം

പ്രയാഗ്‌രാജ്: ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ സര്‍ക്കാര്‍ ആശുപത്രി വരാന്തയില്‍ കിടന്നുറങ്ങിയ വൃദ്ധയ്ക്ക് നേരെ സെക്യുരിറ്റി ജീവനക്കാരന്റെ ക്രൂരമര്‍ദ്ദനം. സ്വന്തമായി വീടില്ലാത്തതിനാലാണ് രാത്രി കിടക്കാന്‍ വൃദ്ധ ആശുപത്രി വരാന്തയിലെത്തിയത്. ഇവരെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ ജീവനക്കാരനെ കഴിഞ്ഞ രാത്രി അറസ്റ്റു ചെയ്തു. 

സ്വരൂപ് റാണി നെഹ്‌റു ഹോസ്പിറ്റല്‍ വരാന്തയില്‍ കിടന്ന വൃദ്ധെയാണ് സഞ്ജയ് മിശ്ര എന്ന ജീവനക്കാരന്‍ പല തവണ അടിച്ചത്. അടിയേറ്റ് വൃദ്ധ സഹായത്തിനായി നിലവിളിച്ചു. 80 വയസ്സിനു മേല്‍ പ്രായമുള്ളതാണ് ഇവര്‍. ആശുപത്രിയുടെ ട്രോമ സെന്ററിനു പുറത്താണ് ഇവര്‍ കിടന്നിരുന്നത്. 

നിലത്തുകിടന്ന വൃദ്ധയെ സഞ്ജയ് മിശ്ര നിര്‍ദയം അടിക്കുകയും തൊഴിക്കുകയും ചെയ്തു. വീഡിയോയില്‍ മറ്റ് രണ്ട് പേരെ കൂടി കാണാമെങ്കിലും ഈ മര്‍ദ്ദനം തടയാന്‍ അവര്‍ ശ്രമിക്കുന്നില്ല. 

മര്‍ദ്ദനവിവരം പുറത്തുവന്നതോടെ വൃദ്ധയ്ക്ക് ഇതേ ആശുപത്രിയില്‍ തന്നെ ചികിത്സ നല്‍കി. ഗാര്‍ഡിനെതിരെ കേസെടുത്തു. ഈ ജീവനക്കാരനെ ആശുപത്രിയില്‍ ഡ്യുട്ടിക്ക് അയച്ച സ്വകാര്യ സെക്യുരിറ്റി കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക